ഔദ്യോഗിക രഹസ്യങ്ങൾ നിരോധിത സംഘത്തിനായി ചോർത്തി; പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
Saturday, September 23, 2023 10:04 AM IST
കോട്ടയം: നിരോധിത ഭീകരസംഘടനയുടെ നേതാക്കൾക്ക് ഔദ്യോഗിക രഹസ്യങ്ങൾ ചോർത്തിനൽകിയ പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. കോട്ടയം ജില്ലാ പോലീസ് ആസ്ഥാനത്ത് സേവനം ചെയ്യുന്ന എസ്ഐ പി.എസ്. റിജുമോനെതിരെയാണ് നടപടി.
സൈബർസെൽ ഗ്രേഡ് എസ്ഐ ആയ റിജുമോൻ, ഭീകരസംഘടനയുടെ നേതാക്കൾക്ക് പോലീസിലെ രഹസ്യവിവരങ്ങൾ ചോർത്തിനൽകിയെന്ന് എൻഐഎ നേരത്തെ കണ്ടെത്തിയിരുന്നു.
കേരളത്തിന് പുറത്തുനിന്ന് എൻഐഎ പിടികൂടിയ ഭീകരരുടെ പക്കൽനിന്നാണ് റിജുമോന്റെ "ചോർത്തൽ' നീക്കം വെളിപ്പെട്ടത്. എൻഐഎ നിർദേശപ്രകാരം എറണാകുളം റേഞ്ച് ഡിഐജി ആണ് റിജുമോനെതിരെ സസ്പെൻഷൻ നടപടി സ്വീകരിച്ചത്.
സംഭവത്തിൽ എൻഐഎയും കേരള പോലീസ് രഹസ്യാന്വേഷണ വിഭാഗവും പ്രത്യേകം അന്വേഷണം ആരംഭിച്ചുകഴിഞ്ഞു.