പ്രതിയുടെ ഫ്ലാറ്റില്‍ നിന്ന് കൈവിലങ്ങ് കണ്ടെത്തിയ സംഭവം; സ്റ്റേഷനുകളിലെ വിലങ്ങുകളുടെ എണ്ണമെടുക്കുന്നു
Saturday, August 12, 2023 9:35 PM IST
കൊച്ചി: യൂസ്ഡ് കാര്‍ തട്ടിപ്പ് കേസിലെ പ്രതിയുടെ ഫ്ലാറ്റില്‍ നിന്ന് കൈവിലങ്ങ് കണ്ടെത്തിയ സംഭവത്തില്‍ എറണാകുളം ജില്ലയിലെ മുഴുവന്‍ പോലീസ് സ്റ്റേഷനുകളിലെയും കൈവിലങ്ങുകളുടെ രണ്ടാംവട്ട പരിശോധന തുടങ്ങി.
പാലാരിവട്ടം, എളമക്കര പോലീസ് സ്റ്റേഷനുകളിലാണ് പരിശോധന പ്രധാനമായും നടക്കുന്നത്. കഴിഞ്ഞ ദിവസം അന്വേഷണ സംഘം ജില്ലയിലെ മുഴുവന്‍ പോലീസ് സ്റ്റേഷനുകളിലെയും കൈവിലങ്ങുകള്‍ ഒരു തവണ പരിശോധിച്ചിരുന്നു. പരിശോധനയില്‍ ഒരിടത്ത് നിന്നും കൈവിലങ്ങുകള്‍ നഷ്ടപ്പെട്ടിട്ടില്ലെന്നാണ് വിവരമാണ് ലഭിച്ചത്. ഇതില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് രണ്ടാംതവണയും പരിശോധന നടത്തുന്നത്.
വിൽപന നടത്തിത്തരാമെന്ന് വിശ്വസിപ്പിച്ച് കാറുകള്‍ കൈക്കലാക്കിയശേഷം മറിച്ചുവിറ്റ് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ പാലാരിവട്ടം ആലിന്‍ചുവട് എ.ബി. കാർസ് ഉടമ നെയ്യാറ്റിന്‍കര ചെങ്കല്‍ പ്ലാമൂട്ടുകട പേരുംചേരിവീട്ടില് കെ.എസ്. അമല്‍(34), ഇയാളുടെ ഓഫീസ് ജീവനക്കാരായ നെയ്യാറ്റിന്‍കര റിസ്വാന് കോട്ടേജില്‍ തൗഫീഖ്(49), മൂക്കന്നൂര്‍ വാളഞ്ചേരി വീട്ടില്‍ റോഷന് എന്ന വിമല്‍(36)എന്നിവരെയാണ് പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
അമലിന്റെ എളമക്കര താന്നിക്കല്‍ ജംഗ്ഷനിലുള്ള ഫ്ലാറ്റില്‍ പോലീസ് നടത്തിയ പരിശോധനയില്‍ രണ്ട് എയര്‍ പിസ്റ്റളുകളും ഒരു കൈവിലങ്ങും പോലീസ് വാഹങ്ങളില്‍ ഉപയോഗിക്കുന്ന ബീക്കണ്‍ ലൈറ്റും പിടിച്ചെടുത്തിരുന്നു.
കൈവിലങ്ങ് ഏതെങ്കിലും പോലീസ് സ്റ്റേഷനുകളില്‍ നിന്ന് ലഭിച്ചതാകാമെന്ന സംശയമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സ്റ്റേഷനുകളിലെ കൈവിലങ്ങുകളുടെ പരിശോധന നടത്തുന്നത്.
പോലീസ് സ്റ്റേഷനുകളില്‍ നിന്ന് കൈവിലങ്ങ് നഷ്ടപ്പെട്ടിട്ടില്ലെന്ന ആദ്യവട്ട പരിശോധനയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് പ്രതി ഇത് ഓണ്‍ലൈനായി വാങ്ങിയതാകാമെന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്.