കിളിയെ പറപ്പിച്ചു; ട്വിറ്റര്‍ ഇനിമുതല്‍ "എക്സ്'
Monday, July 24, 2023 3:53 PM IST
സാന്‍ ഫ്രാന്‍സിസ്കോ: മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിന്റെ പേര് ഔദ്യോഗികമായി മാറ്റി. "എക്സ്' എന്നതാണ് പുതിയ പേര്. കമ്പനി ഉടമ ഇലോണ്‍ മസ്ക് ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
വെബ്സെെറ്റിലും മാറ്റമുണ്ടായി. x.com എന്നതാണ് പുതിയ വെബ്സൈറ്റ്. ട്വിറ്റര്‍ ഐക്കണിക് ബേര്‍ഡ് ലോഗോയും നീക്കം ചെയ്തു. "എക്സ്' ഔദ്യോഗിക ലോഗോയായി സ്വീകരിക്കുകയും ചെയ്തു. നീല നിറവും ക്രമേണ ഒഴിവാക്കുമെന്ന് മസ്ക് പറഞ്ഞു.
എക്സിനെ പണമിടപാടും ബ്ലോഗിങ്ങും, മൈക്രോ ബ്ലോഗിങ്ങും, വീഡിയോയും എല്ലാം ചേരുന്ന ഒരു സൂപ്പര്‍ ആപ്പാക്കി മാറ്റാനാണ് മസ്ക് പദ്ധതിയിടുന്നത്. ചൈനയിലെ വീ ചാറ്റ് ആപ്പാണ് മസ്ക് മാതൃകയാക്കുന്നത്.
എക്സ് എന്നതിനോട് ഇലോണ്‍ മസ്കിന് ഒരു പ്രത്യേക ഇഷ്ടം മുമ്പും ഉണ്ട്. 1997ല്‍ ഇലോണ്‍ മസ്ക് ആരംഭിച്ച കമ്പനിയുടെ പേര് എക്സ് എന്നായിരുന്നു. പിന്നീടിത് പേയ്പാല് ആയി മാറി. അടുത്തിടെ അദ്ദേഹം സ്ഥാപിച്ച ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് കമ്പനിക്ക് നല്കിയ പേര് "എക്സ് എഐ' എന്നായിരുന്നു.
നിലവില്‍ ട്വിറ്റര്‍ എന്ന കന്പനിയും "എക്സ് കോര്‍പ്പിന്റെ' കീഴിലാണ്. ആപ്പുകളിലും ട്വിറ്ററിന് പകരം "എക്സ്' എത്തിക്കുക എന്ന ശ്രമകരമായ കാര്യമാണ് മസ്ക്കിന് മുന്നില്‍ ഇനിയുള്ളത്.
പേര് മാറ്റത്തില്‍ ഭൂരിഭാഗം ട്വിറ്റര്‍ ഉപയോക്താക്കളും അതൃപ്തരാണെന്നാണ് സര്‍വേകള്‍ പറയുന്നത്.