വറചട്ടിയെടുത്ത് ഭാര്യയുടെ തലയ്ക്കടിച്ചു; വിനോദ് കാംബ്ലിക്കെതിരെ കേസ്
Sunday, February 5, 2023 2:33 PM IST
മുംബൈ: ഭാര്യയെ മർദിച്ചതിനു മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിക്കെതിരെ കേസ്. കാംബ്ലിയുടെ ഭാര്യ ആൻഡ്രിയ ഹെവിത് നൽകിയ പരാതിയിൽ ബാന്ദ്ര പോലീസാണ് കേസെടുത്തത്.
മദ്യലഹരിയിൽ വീട്ടിലെത്തിയ കാംബ്ലി വറചട്ടിയെടുത്ത് ആൻഡ്രിയയുടെ തലയ്ക്കടിച്ചെന്നാണ് പരാതി. പരിക്കേറ്റ ആൻഡ്രിയ സമീപത്തെ ആശുപത്രിയിൽ ചികിത്സ തേടി. പിന്നീട് ബാന്ദ്രയിലെ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ഉച്ചയ്ക്ക് ഒന്നിനും 1.30 നും ഇടയിലാണ് സംഭവം നടന്നത്. മദ്യലഹരിയിൽ ബാന്ദ്ര ഫ്ളാറ്റിലെത്തിയ കാംബ്ലി ഭാര്യയെ അസഭ്യം പറഞ്ഞു. ഈ സമയം കാംബ്ലിയുടെ 12 വയസുള്ള മകനും ഇവിടെയുണ്ടായിരുന്നു. ആൻഡ്രിയയുമായി വാക്കേറ്റം ഉണ്ടായതിനെ തുടർന്ന് അടുക്കളയിൽ പോയി കുക്കിംഗ് പാൻ എടുത്തുകൊണ്ടുവന്ന് ആൻഡ്രിയയുടെ തലയിൽ അടിക്കുകയായിരുന്നു.
ഒരു കാരണവുമില്ലാതെയാണ് കാംബ്ലി തന്നെയും മകനെയും ഉപദ്രവിച്ചതെന്ന് ആൻഡ്രിയ പറയുന്നു. കുക്കിംഗ് പാൻ കൊണ്ട് അടിച്ച ശേഷം അയാൾ വീണ്ടും ബാറ്റുകൊണ്ടും അടിച്ചു. പിന്നീട് ഇവിടെനിന്നും രക്ഷപെട്ട് മകനുമായി ആശുപത്രിയിലേക്ക് പോകുകയായിരുന്നെന്നും ആൻഡ്രിയ കൂട്ടിച്ചേർത്തു.