മിലൻ മിന്നിച്ചു
Thursday, November 28, 2024 1:54 AM IST
ലക്നോ: 68-ാമത് ദേശീയ സ്കൂൾ ഗെയിംസിന്റെ രണ്ടാംദിനം കേരളത്തിന്റെ അക്കൗണ്ടിൽ സ്വർണമെത്തിച്ച് മിലൻ സാബു.
അണ്ടർ 17 വിഭാഗം ആണ്‍കുട്ടികളുടെ പോൾവോൾട്ടിലൂടെയാണ് മിലൻ സാബു സ്വർണമണിഞ്ഞത്. 4.10 മീറ്റർ ഉയരം ക്ലിയർ ചെയ്തായിരുന്നു മിലന്റെ സുവർണ നേട്ടം. പാലാ സെന്റ് തോമസ് എച്ച്എസ്എസിലെ വിദ്യാർഥിയാണ്.
പെണ്‍കുട്ടികളുടെ ഹൈജംപിൽ കേരളത്തിനായി സി.പി. അഷ്മിക വെങ്കലം സ്വന്തമാക്കി. 1.54 മീറ്റർ ഉയർന്നു ചാടിയായിരുന്നു അഷ്മികയുടെ മെഡൽ നേട്ടം.
എല്ലാം അമ്മയ്ക്ക്
കാൻസർ ബാധിതയായ അമ്മ ഷീജയുടെ മനംനിറയ്ക്കാനാണ് മിലന്റെ ഓരോ ചാട്ടവും. ജീവിക്കാനായി പെട്രോൾ പന്പിൽവരെ ഇതിനോടകം മിലൻ ജോലി ചെയ്തെന്നതും യാഥാർഥ്യം.
എറണാകുളത്തു നടന്ന കേരള സ്കൂൾ കായിക മേളയിൽ ജൂണിയർ ആണ്‍കുട്ടികളുടെ പോൾവോൾട്ടിൽ മിലനായിരുന്നു സ്വർണം.
നാലു മീറ്ററായിരുന്നു ക്ലിയർ ചെയ്തത്. എന്നാൽ, കോട്ടയം റവന്യു ജില്ലാ കായികമേളയിൽ കുറിച്ച 4.10 മീറ്റർ എറണാകുളത്തു ക്ലിയർ ചെയ്യാൻ സാധിച്ചില്ല. 4.06 മീറ്ററായിരുന്നു സംസ്ഥാന റിക്കാർഡ്. ലക്നോയിലെത്തിയപ്പോൾ 4.10 മീറ്ററുമായി മിലൻ വീണ്ടും സ്വർണത്തിൽ.
‘മിലനു പ്രായം പതിനഞ്ചു മാത്രമാണ്. അതുകൊണ്ടുതന്നെ കൂടുതൽ പ്രസിംഗ് ചെയ്യുന്നത് ശരിയല്ല. അവന്റെ പ്രായത്തിനേക്കാൾ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത് ’- പാലാ ജംപ്സ് അക്കാഡമിയിലെ പരിശീലകനും മിലന്റെ ഗുരുവുമായ കെ.പി. സതീഷ്കുമാർ ദീപികയോടു പറഞ്ഞു.