വോട്ടുതട്ടിപ്പും അഴിമതിയാണ്
Tuesday, November 19, 2024 12:00 AM IST
ചണ്ഡിഗഡിൽ ബിജെപി അനുകൂലിയായ വരണാധികാരി മേയർ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ അട്ടിമറിച്ചതിനെ വിമർശിച്ചവരാണ് ചേവായൂരിൽ വോട്ടു ചെയ്യാൻപോലും ജനത്തെ അനുവദിച്ചില്ലെന്ന പഴി കേട്ടത്; അന്വേഷിക്കണം.
കോഴിക്കോട് ചേവായൂർ സഹകരണബാങ്ക് തെരഞ്ഞെടുപ്പ് സുതാര്യമായി നടന്നു എന്നു കരുതാൻ ന്യായമൊന്നും കാണുന്നില്ല. തുടക്കം മുതൽ സംഘർഷം കാണാൻ പോലീസുമുണ്ടായിരുന്നു. ഏകദേശം 36,000 എ-ക്ലാസ് മെമ്പർമാർ ഉള്ള ബാങ്കിന്റെ ഭരണസമിതി തെരഞ്ഞെടുപ്പിൽ 8,700ഓളം പേർക്കാണ് വോട്ടു ചെയ്യാനായത്.
ബാക്കിയുള്ളവരിലേറെയും വോട്ടു ചെയ്യാതിരുന്നത് അടി കൊള്ളാൻ താത്പര്യമില്ലാത്തതിനാലാണെന്ന് ആരോപണമുണ്ട്. ഏതായാലും 61 കൊല്ലം ബാങ്ക് ഭരിച്ച കോൺഗ്രസിൽനിന്ന് ജനാധിപത്യ സംരക്ഷണ സമിതി ഭരണം പിടിച്ചെടുത്തു. ജനാധിപത്യത്തെ സംരക്ഷിക്കുകയായിരുന്നോ സംഹരിക്കുകയായിരുന്നോ എന്ന് അന്വേഷണത്തിൽ തെളിയേണ്ടതാണ്.
ജനങ്ങളുടെ നിക്ഷേപം തട്ടിയെടുത്ത് നിരവധി ബാങ്കുകളെയും കുടുംബങ്ങളെയും മുടിപ്പിച്ച രാഷ്ട്രീയം, കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെതന്നെ ഇല്ലാതാക്കുമോയെന്ന സംശയം ബലപ്പെടുകയാണ്. ചേവായൂരിൽ നാലു സിപിഎമ്മുകാരും ഏഴു കോൺഗ്രസ് വിമതരും ഒന്നിച്ചു മത്സരിച്ച പാനൽ 11 സീറ്റുകളും നേടി. വോട്ടെടുപ്പിനിടെ രാവിലെ മുതൽ നടന്ന സംഘർഷത്തിൽ നിരവധി പേർക്കു പരിക്കേറ്റു.
പോലീസ് പക്ഷപാതപരമായി പെരുമാറിയെന്നാരോപിച്ച് ഹർത്താൽ പ്രഖ്യാപിച്ച കോൺഗ്രസ് തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നാണ് അറിയിച്ചത്. 1963ൽ രൂപീകരിച്ച ബാങ്ക് അന്നുമുതൽ ഭരിക്കുന്ന കോൺഗ്രസിനു തമ്മിലടിയാണ് അധികാരം നഷ്ടപ്പെടാനുള്ള പ്രധാന കാരണം. ബാങ്ക് ഭരണസമിതിയും ഡിസിസിയും തമ്മിലുള്ള പോരിനൊടുവിൽ ഔദ്യോഗിക പാനലിനെതിരേ ഭരണസമിതി മത്സരത്തിനിറങ്ങി. സിപിഎം പിന്തുണയും പ്രഖ്യാപിച്ചു.
വോട്ടെടുപ്പ് നടന്ന പറയഞ്ചേരി ഗവ. ഹയർ സെക്കന്‍ഡറി സ്കൂളിനു മുന്നിൽ രാവിലെ പത്തിനു പ്രതിഷേധം തുടങ്ങിയ സിപിഎമ്മുകാരെ മാറ്റാൻ പോലീസിനു കഴിഞ്ഞില്ല. അസിസ്റ്റന്റ് കമ്മീഷണർ എ. ഉമേഷ് സിപിഎം അനുകൂല നിലപാട് സ്വീകരിച്ചെന്ന ആക്ഷേപം കോൺഗ്രസുകാർക്കു മാത്രമല്ല, പോലീസിൽ ഒരു വിഭാഗത്തിനുമുണ്ട്. വോട്ടർമാരുമായി എത്തിയ വാഹനങ്ങൾക്കുനേരേ കല്ലേറുണ്ടായതോടെ പലരും മടങ്ങിപ്പോയി.
സ്കൂൾ കവാടത്തിലേക്ക് എത്താൻപോലും കോൺഗ്രസുകാരെ അനുവദിച്ചില്ലെന്നും വ്യാപകമായി കള്ളവോട്ട് നടന്നെന്നുമാണ് ആരോപണം. എന്തായാലും ജനാധിപത്യ സംരക്ഷണസമിതി വിജയിച്ചെങ്കിലും ജനവും ജനാധിപത്യവും തോറ്റെന്നു പറയേണ്ട സ്ഥിതിയാണ് ചേവായൂരിലുള്ളത്.
ദിവസങ്ങൾ കഴിയുന്തോറും വിശ്വാസ്യത നഷ്ടപ്പെടുന്ന സഹകരണബാങ്കുകളുടെയും സംഘങ്ങളുടെയും മരണമണി മുഴക്കിത്തുടങ്ങിയത് സാന്പത്തിക പ്രതിസന്ധിയോ നിക്ഷേപകരോ അല്ല. മത്സരബുദ്ധിയോടെ നിക്ഷേപം തട്ടിയെടുത്ത ഭരണസമിതികളാണ്. അതിൽ സിപിഎം മുന്നിൽ തന്നെയുണ്ട്.
നിക്ഷേപം നഷ്ടപ്പെട്ടവർ ജീവനൊടുക്കുകയും അവരുടെ കുടുംബങ്ങൾ സാന്പത്തികമായി തകരുകയും ചെയ്ത നിരവധി സംഭവങ്ങളുണ്ടായി. പല ബാങ്കുകളിലും നിക്ഷേപത്തിനു കൊടുത്ത പലിശപോലും ആ പണം ലോൺ കൊടുത്തതിൽനിന്നു ലഭിച്ചിട്ടില്ല. കാരണം നിസാര പലിശയ്ക്കു കോടിക്കണക്കിനു രൂപ വായ്പ തരപ്പെടുത്തിയതിലേറെയും പാർട്ടിക്കാരായിരുന്നു.
പലിശ പോയിട്ട് മുതലുപോലും തിരിച്ചടച്ചുമില്ല. നിരവധി ബാങ്കുകൾ തകർന്നു. അതിൽതന്നെ കുപ്രസിദ്ധമായ തൃശൂർ കരുവന്നൂർ ബാങ്കിലെ അഴിമതി, സംസ്ഥാന സഹകരണമേഖല കണ്ട ഏറ്റവും വലിയ ബാങ്ക് കൊള്ളയാണെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയെ അറിയിച്ചത്. 300 കോടിയോളം രൂപയാണ് കരുവന്നൂരിൽ ബിനാമികൾ വഴി തട്ടിയെടുത്തത്.
അതേസമയം, കെപിസിസി അംഗം കൂടിയായിരുന്ന എം.കെ. അബ്ദുൾ സലാം പ്രസിഡന്റായിരുന്ന കാലത്ത് തൃശൂർ ജില്ലാ സഹകരണബാങ്കിൽ 143 കോടിയുടെ വായ്പാത്തട്ടിപ്പ് നടന്നെന്ന് ഇഡി കണ്ടെത്തിയിരുന്നു. പത്തനംതിട്ട ജില്ലയില്‍ 15 ബാങ്കുകൾ ക്രമക്കേടുകള്‍ നിമിത്തം നിക്ഷേപകർക്ക് പണം തിരിച്ചുനൽകാന്‍ കഴിയാത്ത അവസ്ഥയിലാണെന്നാണ് 2022 ജൂലൈയിൽ സഹകരണ മന്ത്രി നിയമസഭയിൽ പറഞ്ഞത്.
ഇതെല്ലാം തങ്ങളിൽനിന്നു സിപിഎം പിടിച്ചെടുത്ത ബാങ്കുകളാണെന്നാണ് കോൺഗ്രസ് ആരോപിച്ചത്. തിരുവനന്തപുരം നേമം സർവീസ് സഹകരണ ബാങ്കിലെ തട്ടിപ്പ് പുറത്തുവന്നത് ആഴ്ചകൾക്കു മുന്‍പാണ്. 2022-23ലെ ഓഡിറ്റ് റിപ്പോർട്ട് പ്രകാരം അവിടെ നിക്ഷേപകരെ കബളിപ്പിച്ച് ഏതാണ്ട് 62 കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്. 20 കൊല്ലമായി നേമത്ത് സിപിഎമ്മാണ് ഭരിക്കുന്നത്.
സഹകരണബാങ്കുകൾ കേരളത്തിലെ ഗ്രാമീണ സന്പദ്വ്യവസ്ഥയുടെ നട്ടെല്ലാണ്. രാഷ്ട്രീയ താത്പര്യം മാത്രമല്ല, അതിലെ നിക്ഷേപത്തിലും കണ്ണുവച്ചാണ് പാർട്ടികൾ ഭരണം കൈക്കലാക്കാൻ ഏത് അട്ടിമറിയും നടത്തുന്നത്. നിക്ഷേപം തട്ടിയെടുക്കുന്നതു മാത്രമല്ല, തട്ടിപ്പിലൂടെ അധികാരം കൈക്കലാക്കുന്നതും അഴിമതിയാണ്.
ഇവരെ നിലയ്ക്കു നിർത്തിയില്ലെങ്കിൽ ഏറെ വൈകാതെ കേരളത്തിലെ അവശേഷിക്കുന്ന സഹകരണ പ്രസ്ഥാനങ്ങളും കൊള്ളക്കാരുടെ താവളമായി മാറും. ചേവായൂരിൽ വോട്ടുതട്ടിപ്പു നടന്നോയെന്ന് അന്വേഷിക്കണം. ഇക്കഴിഞ്ഞ ജനുവരിയിൽ ചണ്ഡിഗഡിൽ ബിജെപി അനുകൂലിയായ വരണാധികാരി മേയർ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ അട്ടിമറിച്ചതിനെ വിമർശിച്ചവരാണ് ചേവായൂരിൽ വോട്ടു ചെയ്യാൻപോലും ജനത്തെ അനുവദിച്ചില്ലെന്ന പഴി കേട്ടത്. ഈവിധ ജനാധിപത്യ സംരക്ഷകർ ജനത്തിനു ശല്യവും ജനാധിപത്യത്തിനു മഹാഭീഷണിയുമാണ്.