കേരളമാകെ പെരുകുന്ന ചാത്തൻവീടുകൾ.!!
ഏബ്രഹാം കുര്യൻ (ലിവിംഗ് ലീഫ് ആൻഡ് ഗംഗോത്രി, മൂന്നാർ)
Thursday, November 28, 2024 11:08 AM IST
കോട്ടയത്ത് ഏഴു വർഷമായി അടഞ്ഞുകിടന്നിരുന്ന ഒരു വീട് കഴിഞ്ഞദിവസം തുറന്നു. എട്ടു മുറികളുള്ള വലിയൊരു വീട്. വീടിനുചുറ്റും കാടുപിടിച്ചനിലയിൽ ഒരേക്കറോളം റബർത്തോട്ടം. അധ്യാപക ദമ്പതികളുടെ ഉടമസ്ഥതയിലുള്ളതാണു വീടും പുരയിടവും. കോട്ടയത്തു മാത്രമല്ല, എറണാകുളത്തും ഇവർക്കു ഫ്ലാറ്റും വില്ലകളും വേറെയുണ്ട്. മക്കൾ രണ്ടുപേരും വിവാഹം കഴിച്ച് കാനഡയിൽ. റിട്ടയർ ചെയ്തപ്പോൾ മാതാപിതാക്കളും കാനഡയിലെത്തി.
അധ്യാപക ദമ്പതികളുമായുള്ള പരിചയം വച്ച് കോട്ടയത്തെ വീട് വാടകയ്ക്ക് എടുക്കാനാണു തുറന്നു പരിശോധിച്ചത്. അകത്തുകയറിയപ്പോൾ സങ്കടം തോന്നി. വീടും അതിനകത്തെ സാധനങ്ങളുമെല്ലാം പൊടി മൂടി ദ്രവിച്ചു തുടങ്ങിയിരിക്കുന്നു. മുറിക്കകത്തുണ്ടായിരുന്ന രണ്ടു ഭീമൻ ഉടുമ്പുകൾ ആളനക്കം കേട്ടപ്പോൾ പുറത്തേക്കു ചാടി.
വീട്ടിൽ ആരോ വന്നെന്നു കണ്ടപ്പോൾ അയൽക്കാർ ഓടിവന്നു. കാടു പിടിച്ചുകിടക്കുന്ന പറന്പിൽ മുള്ളൻപന്നി, കുറുക്കൻ, ഉടുമ്പ്, കാട്ടുപന്നി... തുടങ്ങിയ കാട്ടുജീവികൾ നിരവധിയുണ്ടെന്നും ഇവ മൂലം ജീവിക്കാൻ പറ്റാതായെന്നും അവർ പരാതിപ്പെട്ടു.
കോട്ടയത്തും പത്തനംതിട്ടയിലും മാത്രമല്ല, കേരളമാകെ ഇത്തരം ചാത്തൻ വീടുകൾ പെരുകുകയാണ്. പുതുതലമുറ നാടുവിടുന്നു. പിറകെ അവരുടെ മാതാപിതാക്കളും. വിദേശത്തേക്കു കുടിയേറിയവർക്കു ജന്മനാട്ടിലേക്കു തിരികെ വരാൻ താല്പര്യമില്ല. ഒരു പുരുഷായുസ് മുഴുവൻ അധ്വാനിച്ച് വാങ്ങിക്കൂട്ടിയ വീടും ഫ്ലാറ്റും പറമ്പും കാറുമൊക്കെ വെറുതെ കിടന്നു നശിക്കുന്നു. ബാങ്കുകളിൽ കോടികൾ ‘മരിച്ചു’ കിടക്കുന്നു.
ആൾത്താമസമില്ലാത്ത വീടുകൾ കേരളത്തിൽ 17 ലക്ഷം കവിഞ്ഞെന്നാണു റിപ്പോർട്ട്. പുതുതലമുറയ്ക്ക് വീടും തോട്ടവുമൊന്നും വേണ്ട. വികസന പ്രയാണത്തിലെ ഒരു ഘട്ടമാണിത്. ഇങ്ങനെയൊരു ഘട്ടത്തിൽ അമേരിക്കയും യൂറോപ്പും എന്താണു ചെയ്തതെന്നു പരിശോധിക്കുന്നത് നല്ലതാണ്. അവിടെ വാർധക്യത്തിലെത്തുന്നവർ സന്പാദ്യം മുഴുവൻ മക്കൾക്കായി മാറ്റിവയ്ക്കാതെ സാമൂഹ്യപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നു. അതിനായി ഫാമിലി ട്രസ്റ്റുകൾ രൂപീകരിക്കും.
വിദ്യാഭ്യാസവും വിവേകവുമുള്ള ഒരു തലമുറയെ സൃഷ്ടിക്കുന്നതിനാണ് ഇത്തരം ട്രസ്റ്റുകൾ പ്രധാനമായും ശ്രദ്ധിക്കുന്നത്. പാവപ്പെട്ടവർക്ക് പ്രൈമറി തലം മുതൽ പ്രഫഷണൽ കോഴ്സുകൾ വരെ പഠിക്കുന്നതിന് പിന്തുണ നൽകുന്നു. യൂണിവേഴ്സിറ്റികളിലും കോളജുകളിലും ഗവേഷണത്തിനും പഠനത്തിനുമായി വലിയ തുകയുടെ സ്കോളർഷിപ്പുകളും എൻഡോവ്മെന്റുകളും ഏർപ്പെടുത്തുന്നു. ഇത്തരം ആയിരക്കണക്കിന് ഫാമിലി ട്രസ്റ്റുകളാണ് യുഎസിലും യൂറോപ്പിലുമുള്ളത്. തലമുറകൾ കഴിഞ്ഞിട്ടും ട്രസ്റ്റുകൾ ഇപ്പോഴും നിലനിൽക്കുന്നു.
കേരളവും ഈ വഴി ചിന്തിച്ചു തുടങ്ങേണ്ടിയിരിക്കുന്നു. ആർക്കും വേണ്ടാതെ നശിച്ചുപോകുന്ന സ്വത്തുവകകൾ പിന്നാക്കം നിൽക്കുന്നവരെ മികച്ച വിദ്യാഭ്യാസത്തിലൂടെ ഉയർത്തിക്കൊണ്ടു വരാൻ പ്രയോജനപ്പെടുത്തണം.
ഫാമിലി ട്രസ്റ്റുകൾ രൂപീകരിച്ച് ഈ നിധിശേഖരം ക്രിയാത്മകമായി ഉപയോഗപ്പെടുത്താൻ സർക്കാരുകളും സാംസ്കാരിക-മതസംഘടനകളുമൊക്കെ രംഗത്തിറങ്ങണം. പുതിയ കാലത്തെ കേരളത്തിന്റെ സാമൂഹ്യ പ്രശ്നങ്ങളെ പരിഹരിക്കാനുള്ള മാന്ത്രിക കൊട്ടാരങ്ങളാണ് ഇരുട്ടു നിറഞ്ഞ് അനാഥമായി കിടക്കുന്ന ചാത്തന്വീടുകൾ. അവിടങ്ങളിൽ വെളിച്ചമെത്തട്ടെ...