1996ല്‍ കമല്‍ഹാസന്റെ ഇന്ത്യന്‍ എന്ന സിനിമയിലെ പാട്ടുകള്‍ പിരമിഡ് കമ്പനി പുറത്തിറക്കിയപ്പോള്‍ ആദ്യദിവസം വിറ്റുപോയത് ആറു ലക്ഷത്തിലേറെ കാസറ്റുകളാണ്. പാട്ടുകളുടെ ഹിന്ദി പതിപ്പുമായി ഇറങ്ങിയ കാസറ്റുകള്‍ ആകെ ചെലവായത് 18 ലക്ഷം. തെലുഗുവില്‍ കണക്കു വേറെ. 28 വര്‍ഷത്തിനിപ്പുറം കാസറ്റുകള്‍ കാണാമറയത്തായ കാലത്ത് ഇന്ത്യന്‍ 2 വന്നു. പാട്ടുകള്‍ക്ക് എന്തുപറ്റി?
സിക്സ്ക്കു അപ്പുറം സെവന് ഡാ.. റഹ്മാന് സര്‍ക്ക് അപ്പുറം യെവന് ഡാ!- ശങ്കറിന്റെ കമല്ഹാസന് ചിത്രം ഇന്ത്യന്‍ 2ല്‍ സംഗീതസംവിധായകനായി എത്തിയതിനെക്കുറിച്ച് അനിരുദ്ധ് രവിചന്ദര്‍ തമാശയായി പറഞ്ഞതാണിത്. ചെന്നൈ ജവഹര്‍ലാല്‍ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിംഗ് വേദിയിലാണ് അനിരുദ്ധ് രജനികാന്തിന്റെ ശിവാജിയിലെ പഞ്ച് ഡയലോഗ് ഉദ്ധരിച്ച് ഇങ്ങനെ പറഞ്ഞത്.
ആറു കഴിഞ്ഞാല്‍ ഏഴാണ്, പക്ഷേ, റഹ്മാന് സാര്‍ കഴിഞ്ഞാല്‍ ആരാണ്- ഇതായിരുന്നു അനിരുദ്ധിന്റെ ചോദ്യം. പശ്ചാത്തലത്തില്‍ കാണികളുടെ കൈയടികളും പൊട്ടിച്ചിരികളും മുഴങ്ങി. സിനിമയിറങ്ങി, പക്ഷേ ആ കൈയടികളും പൊട്ടിച്ചിരികളും ഇപ്പോള്‍ കേള്‍ക്കാനേയില്ല!
ചിത്രം കണ്ടൊരാള് എക്സില്‍ ഇങ്ങനെ കുറിക്കുന്നു: അനിരുദ്ധിന്റെ ബിജിഎം നിരാശപ്പെടുത്തി. എ.ആര്. റഹ്മാന്റെ ക്ലാസിക്കല്‍ ടച്ചുള്ള സംഗീതം വല്ലാതെ മിസ് ചെയ്തു. സിനിമയില്‍ പഴയ ചിത്രത്തിലെ ബിജിഎം കേള്പ്പിച്ചപ്പോഴെല്ലാം ഗംഭീര അനുഭവമായിരുന്നു.
ഈ പറഞ്ഞത് സത്യമാണെന്ന് എല്ലാവരും ശരിവയ്ക്കുന്നു. 28 വര്‍ഷം മുമ്പുകേട്ട ഇന്ത്യനിലെ റഹ്മാന്റെ പാട്ടുകള്‍ ഇന്നും ഓര്‍മയുണ്ട്. ഇന്ത്യന്‍ 2 കണ്ട് തിയറ്ററില്‍നിന്ന് ഇറങ്ങുമ്പോള്‍ അതിലെ ഒരൊറ്റ പാട്ടുപോലും മനസിലില്ല എന്നാണ് മിക്കവരുടെയും പക്ഷം.
ചേഞ്ച് ടൈം
1993ല്‍ ജെന്റില്മാന് എന്ന ചിത്രത്തിലാണ് ശങ്കറും റഹ്മാനും ആദ്യമായി ഒന്നിച്ചത്. സൂപ്പര്‍ ഹിറ്റുകള്‍ ഒരുപാടു വന്നു. ശങ്കറിന്റെ രജനി ചിത്രം 2.0 ചെയ്തതിനു ശേഷം ഒരു മാറ്റം ആഗ്രഹിച്ചിരുന്നതായി റഹ്മാന് വെളിപ്പെടുത്തിയിരുന്നു. ഇന്ത്യന്‍ 2-നുവേണ്ടി കമല്ഹാസന് റഹ്മാനെ സമീപിച്ചിരുന്നെങ്കിലും അദ്ദേഹം ഒഴിവാകുകയായിരുന്നു. അനിരുദ്ധിന്റെ കഴിവില്‍ റഹ്മാന് വിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. മാന്ത്രിക സംഗീതവുമായി ഇന്ത്യന്‍ 2-ല്‍ റഹ്മാന് എത്തുമെന്ന ആരാധകരുടെ പ്രതീക്ഷകളാണ് അതോടെ അസ്തമിച്ചത്.
ചിത്രത്തിന്റെ ജോലികള്‍ തുടങ്ങിയപ്പോള്‍ റഹ്മാന് 2.0-യുടെ സംഗീതത്തില്‍ മുഴുകിയിരിക്കുകയായിരുന്നു എന്നാണ് ശങ്കര്‍ മുമ്പ് വെളിപ്പെടുത്തിയത്. ഇന്ത്യന്‍ 2ല്‍ ഉള്‍പ്പെടുത്താനുള്ള ഗാനങ്ങള്‍ തനിക്ക് അത്യാവശ്യമായി കിട്ടണമായിരുന്നെന്നും ശങ്കര്‍ പറഞ്ഞിരുന്നു. റഹ്മാന് അധികഭാരം നല്കാന് ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. അനിരുദ്ധിന്റെ പാട്ടുകള്‍ എനിക്കിഷ്ടവുമാണ്. അങ്ങനെയെങ്കില്‍ എന്തുകൊണ്ട് അനിരുദ്ധ് ആയിക്കൂടാ എന്നു ചിന്തിച്ചു- ശങ്കര്‍ പറഞ്ഞതിങ്ങനെ.
ആദ്യ സിനിമയിറങ്ങി 28 വര്‍ഷത്തിനു ശേഷമുള്ള പ്രതീക്ഷകള്‍ വളരെ വലുതാണെന്നും റഹ്മാന്റെ ഈണങ്ങള്‍തന്നെ പ്രചോദിപ്പിക്കുന്നുവെന്നുമായിരുന്നു അനിരുദ്ധിന്റെ അന്നത്തെ പ്രതികരണം. രജനികാന്ത്, കമല്ഹാസന്, വിജയ്, അജിത് എന്നീ മെഗാതാരങ്ങളുടെയെല്ലാം ചിത്രങ്ങള്‍ക്കുവേണ്ടി പാട്ടുകള്‍ ഒരുക്കിയ അഞ്ചാമത്തെ സംഗീത സംവിധായകനാവുകയായിരുന്നു അനിരുദ്ധ്. ഇളയരാജ, എ.ആര്. റഹ്മാന്, ദേവ, വിദ്യാസാഗര്‍ എന്നിവരാണ് മുന്‍ഗാമികള്‍.
കൊലവെറിത്തുടക്കം
ധനുഷിനൊപ്പം അനിരുദ്ധിന്റെ വൈ ദിസ് കൊലവെറി എന്ന പാട്ട് പുറത്തിറങ്ങിയിട്ട് പതിമൂന്നു കൊല്ലം കഴിഞ്ഞു. ലോകമെമ്പാടും വൈറലാവുകയും പതിനായിരങ്ങള്‍ സ്വന്തം പതിപ്പുകള്‍ ഒരുക്കുകയും ചെയ്ത പാട്ട്. അന്ന് അനിരുദ്ധ് രവിചന്ദര്‍ എന്ന പയ്യന് സംഗീതസംവിധായകനെ എല്ലാവരും അദ്ഭുതത്തോടെയാണ് കണ്ടത്. ഇന്നയാള് ദക്ഷിണേന്ത്യന്‍ സംഗീതലോകത്തെ റോക്ക് സ്റ്റാറാണ്. പ്രതിഫലം ഇന്നു രണ്ടക്കമുള്ള കോടികള്‍. റാപ്പും ഫോക്കും മെലഡിയും കൂട്ടിയിണക്കിയായിരുന്നു അനിരുദ്ധിന്റെ പാട്ടുകള്‍. ചെയ്ത പാട്ടുകളില്‍ മിക്കവയും ഹിറ്റുകളായി.
നടന് രവിചന്ദ്ര രാഘവേന്ദ്രയും നര്‍ത്തകി ലക്ഷ്മിയുമാണ് അനിരുദ്ധിന്റെ മാതാപിതാക്കള്‍. ചെന്നൈയില്‍ 1990 ഒക്ടോബറില്‍ ജനനം. മുത്തച്ഛന് കൃഷ്ണസുബ്രഹ്മണ്യന് 1930കളില്‍ തമിഴിലെ അറിയപ്പെടുന്ന സിനിമാ നിര്‍മാതാവായിരുന്നു. രജനികാന്തിന്റെ പത്നി ലതയുടെ സഹോദരനാണ് അനിരുദ്ധിന്റെ അച്ഛന്. ചെറുപ്പംമുതല്‍ സംഗീതമാണ് അനിരുദ്ധിനു കൂട്ട്. സിനിമകളിലെ ഇടിവെട്ട് ബിജിഎം അന്നുമുതല്ക്കേ ഹരം.
സ്കൂളിലെ മ്യൂസിക് ബാന്‍ഡില്‍ അംഗമായാണ് തുടക്കം. ഈ ടീം തമിഴിലെ പ്രശസ്തമായ ടിവി റിയാലിറ്റി ഷോയില്‍ തെരഞ്ഞെടുക്കപ്പെട്ടു. അന്ന് ആ പരിപാടിയുടെ വിധികര്‍ത്താക്കളില്‍ ഒരാള്‍ എ.ആര്. റഹ്മാനായിരുന്നു. സിനിമയിലെത്തി റഹ്മാനേക്കാള്‍ ഉയര്‍ന്ന പ്രതിഫലം വാങ്ങുന്നയാളായി അനിരുദ്ധ് എന്നാണ് പൊതുവേയുള്ള സംസാരം. റഹ്മാന് ഒരു ചിത്രത്തിനു വാങ്ങുന്ന പ്രതിഫലം എട്ടു കോടിയാണെന്നും ജവാന് എന്ന ചിത്രത്തിന് അനിരുദ്ധ് പത്തു കോടി വാങ്ങിയെന്നുമാണ് അണിയറക്കഥകള്‍.
സൂപ്പര്‍ ഹിറ്റുകള്‍
കൊലവെറിക്കു ശേഷം അനിരുദ്ധിന്റേതായി എണ്ണിയാല്‍ തീരാത്ത ഹിറ്റുകള്‍ വന്നു. ധനുഷിന്റെതന്നെ വേലയില്ലാ പട്ടധാരിയിലെ പാട്ടിലൂടെ ഫിലിംഫെയര്‍ അവാര്‍ഡ് നേടി. വിജയ് ചിത്രം കത്തിയിലെ സെല്‍ഫി പുള്ളെ എന്ന പാട്ട് ഇന്‍സ്റ്റന്റ് ഹിറ്റായി. വിക്രം എന്ന ചിത്രത്തില്‍ ഇരുപതിലേറെ ബിജിഎമ്മുകള്‍ അനിരുദ്ധ് പരീക്ഷിച്ചത്രേ. കമല്ഹാസന് വിശേഷിപ്പിച്ചത് ദ ചൈല്‍ഡ് ഓഫ് ടെക്നോളജി എന്ന്.
ബീസ്റ്റ് എന്ന ചിത്രത്തിലെ അറബിക് കുത്ത് എന്ന പാട്ട് ഉയര്‍ത്തിയ അലകള്‍ ഇനിയും അടങ്ങിയിട്ടില്ല. ജയിലര്‍ എന്ന സിനിമ ബിജിഎംകൊണ്ടും പാട്ടുകളാലും വലിയ അംഗീകാരം നേടി. ഇനിയും സൂപ്പര്‍താര ചിത്രങ്ങള്‍ പുറത്തിറങ്ങാനിരിക്കുന്നു. ഒപ്പം മികച്ച ഗായകനായും ശ്രദ്ധിക്കപ്പെടുന്നു. ശേഷം മൈക്കില്‍ ഫാത്തിമ എന്ന ചിത്രത്തിലെ ഒരു ഗാനം അനിരുദ്ധാണ് പാടിയത്.
ഇതൊക്കെയാണെങ്കിലും ഇന്ത്യന്‍ 2-നു ശേഷം ആ ചോദ്യം വീണ്ടും ഉയരുന്നുണ്ട്- റഹ്മാനു ശേഷം ആര്? മദ്രാസിലെ മൊസാര്‍ട്ടിന്റെ കാലം അവസാനിച്ചെന്നും പാട്ടുകള്‍ കൊള്ളില്ലെന്നും സോഷ്യല്‍ മീഡിയയില്‍ വിലപിച്ചവര്‍ ഏറെയാണ്. ശേഷം ആരെന്നു നോക്കാന്‍ റഹ്മാനിലെ സംഗീതം പെയ്തുതോരുന്നില്ലല്ലോ. തത്കാലം അദ്ദേഹവുമായി അനിരുദ്ധിനെ താരതമ്യം ചെയ്യാതിരിക്കാം.
ഹരിപ്രസാദ്