ശ്രീകൃഷ്ണ വിഗ്രഹം ഒരു ക്രൈസ്തവ തറവാട്ടിൽ ഇറക്കി സൂക്ഷിക്കുമെന്നു ശത്രുക്കൾക്ക് ഊഹിക്കാൻ പോലുമാവില്ല എന്നതും ഇവിടെ വിഗ്രഹം സൂക്ഷിക്കാൻ ഒരു കാരണമായിരുന്നു. ശുഭവാർത്ത ലഭിച്ച രാജാവ് പിറ്റേന്നു മൂലം നാളിൽ പരിവാരസമേതം അമ്പലപ്പുഴയിൽനിന്നു ജലമാർഗം ചമ്പക്കുളത്തു മാപ്പിളശേരി തറവാട്ടിലെത്തി.
കഴിഞ്ഞ അഞ്ചു നൂറ്റാണ്ടായി എല്ലാ ദിനവും തിരിതെളിയുന്ന ഒരു വിളക്ക്, അതു പൊന്നുപോലെ കാത്തു സൂക്ഷിക്കുന്ന ഒരു വീട്. തലമുറകൾ പലതു കഴിഞ്ഞിട്ടും ആ വിളക്ക് പ്രകാശിക്കാതെ ഒരു ദിനം പോലും കടന്നുപോയിട്ടില്ല.
മഴയ്ക്കും മഞ്ഞിനും കാറ്റിനും എന്തിന് മഹാപ്രളയത്തിനു പോലും ആ തിരി തെളിയുന്നതു തടയാൻ കഴിഞ്ഞിട്ടില്ല. അഞ്ഞൂറോളം വർഷങ്ങളായി തെളിയുന്ന ആ വിളക്ക് കാണണമെങ്കിൽ ആലപ്പുഴ ചമ്പക്കുളം മാപ്പിളശേരി എന്ന പുരാതന സുറിയാനി കത്തോലിക്കാ തറവാട്ടിൽ ചെല്ലണം.
മതസൗഹാർദത്തിന്റെ കെടാവിളക്ക് ആണിത്. വിളക്ക് ആദ്യമായി തെളിഞ്ഞത് പ്രശസ്തമായ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ വിഗ്രഹപ്രതിഷ്ഠയുമായി ബന്ധപ്പെട്ടാണെന്നതു മറ്റൊരു കൗതുകം.
ഒരു ഹൈന്ദവ ക്ഷേത്രത്തിലെ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ഒരു ക്രിസ്ത്യൻ തറവാട്ടിൽ എന്തിനു വിളക്ക് തെളിയണം?. 1924 (99ലെ) ലെ വെള്ളപ്പൊക്കവും 2018ലെ മഹാപ്രളയവും ആകമാനം മുക്കിയിട്ടും കുട്ടനാട്ടിലെ ഈ വീട്ടിൽ വിളക്ക് തെളിഞ്ഞിരുന്നു.
അഞ്ചു നൂറ്റാണ്ടിന്റെ പാരന്പര്യമുള്ള ചമ്പക്കുളം മൂലം വള്ളംകളിയുമായും ഈ വിളക്കിനു ബന്ധമുണ്ട്. നാടുവാഴികളും പടയാളികളും പടനായകരും ക്ഷേത്രങ്ങളും പള്ളിയും ഹിന്ദുവും ക്രിസ്ത്യാനിയും തമ്മിലുള്ള ഇഴപിരിക്കാനാവാത്ത ബന്ധത്തിന്റെ ചരിത്രം.
വിഗ്രഹം തേടി
ചമ്പക്കുളവും കുട്ടനാടും ഉൾപ്പെടുന്ന ദേശങ്ങൾ ഭരിച്ചിരുന്നത് ചെമ്പകശേരി രാജാക്കന്മാരായിരുന്നു. മലയാള വർഷം (കൊല്ലവർഷം) 720ൽ (എഡി 1545) ചെമ്പകശേരി രാജ്യം ഭരിച്ചിരുന്ന പൂരാടം തിരുനാൾ ദേവനാരായണൻ രാജപുരോഹിതന്റെ ഉപദേശപ്രകാരം അമ്പലപ്പുഴയിൽ ഒരു ക്ഷേത്രം നിർമിച്ചു.
ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാൻ നിശ്ചയിച്ച കൃഷ്ണവിഗ്രഹം അനുയോജ്യമല്ലെന്നു പ്രശ്നവശാൽ തെളിഞ്ഞു. നിശ്ചയിച്ച സമയത്തുതന്നെ വിഗ്രഹപ്രതിഷ്ഠ നടക്കേണ്ടതിനാൽ പുതിയ വിഗ്രഹത്തിനായി അന്വേഷണം തുടങ്ങി. ഒടുവിൽ ചങ്ങനാശേരിക്കു സമീപമുള്ള കുറിച്ചി കരിംകുളം ക്ഷേത്രത്തിൽ ലക്ഷണം തികഞ്ഞ ഒരു കൃഷ്ണ വിഗ്രഹം ഉണ്ടെന്നറിഞ്ഞു.
ചെമ്പകശേരി രാജാവിന്റെ സൈന്യം ജലവാഹനങ്ങളിൽ കുറിച്ചിയിലെത്തി വിഗ്രഹം സ്വന്തമാക്കി. പമ്പാനദിയിലൂടെ ചമ്പക്കുളത്ത് എത്തിയപ്പോൾ സന്ധ്യ മയങ്ങി. ഇനിയും പല നാഴിക യാത്ര ചെയ്താലെ അമ്പലപ്പുഴയിൽ എത്തൂ.
വിളക്ക് തെളിയുന്നു
അസമയത്തുള്ള യാത്ര അപകടകരമായിരുന്നു. പടനായകർ കൂടിയാലോചിച്ചു. വിഗ്രഹവുമായുള്ള രാത്രിയാത്ര സുരക്ഷിതമല്ലാത്തതിനാൽ ചമ്പക്കുളത്തെ പുരാതന ക്രിസ്ത്യൻ തറവാടായ മാപ്പിളശേരിയിൽ വിഗ്രഹം ഇറക്കിവച്ചു.
ചമ്പക്കുളം കല്ലൂർക്കാട് പള്ളി ഇടവകയിൽപ്പെട്ട ഒന്നായിരുന്നു മാപ്പിളശേരി തറവാട്. കല്ലൂർക്കാട് പള്ളിയും ചെമ്പകശേരി രാജകുടുംബവുമായി വളരെ അടുത്ത ബന്ധം നിലനിന്നിരുന്നതും വിഗ്രഹം ഇവിടെ സൂക്ഷിക്കാൻ കാരണമായി.
അപ്രതീക്ഷിതമായും അടിയന്തരമായും മാപ്പിളശേരി തറവാട്ടിൽ ഇറക്കി വച്ച ശ്രീകൃഷ്ണ വിഗ്രഹത്തിനു മാപ്പിളശേരി കുടുംബത്തിലെ കാരണവരായിരുന്ന നാട്ടുപ്രമാണി "ഇട്ടിത്തൊമ്മന്റെ' നേതൃത്വത്തിൽ പ്രദോഷം മുതൽ പ്രഭാതം വരെ പൂജാവിധിപ്രകാരമുള്ള സർവ ബഹുമാനവും സുരക്ഷയും ക്രമീകരിച്ചു നൽകി.
കൊല്ലവർഷം 720 മിഥുനമാസത്തിലെ തൃക്കേട്ട നാളിലായിരുന്നു ഇത്. വിഗ്രഹം ഇറക്കി വച്ചതു മുതൽ ഈ കുടുംബം അവിടെ ഒരു വിളക്ക് കത്തിച്ചുവച്ചിരുന്നു. ആ വിളക്കിന്റെ തുടർച്ചയാണ് ഇന്നും തെളിഞ്ഞു പ്രകാശം പരത്തുന്നത്.
ശത്രുക്കളെ കബളിപ്പിച്ച്
വിഗ്രഹത്തിന്റെ വരവ് പ്രതീക്ഷിച്ചിരുന്ന രാജാവ്, വിഗ്രഹം രാത്രിയിൽ മാപ്പിളശേരി തറവാട്ടിൽ സൂക്ഷിക്കപ്പെട്ടിരിക്കുന്നു എന്നറിഞ്ഞതിൽ അതീവ സന്തുഷ്ടനായി. കാരണം കുറിച്ചിയിൽനിന്നു കടത്തിക്കൊണ്ടു വന്ന വിഗ്രഹം തിരിച്ചുപിടിക്കാൻ അന്നാട്ടുകാർ വരാനുള്ള സാധ്യതയും അതുപോലെ കൊള്ളക്കാരുടെ ആക്രമണ സാധ്യതയും നിലനിന്നിരുന്നത് രാജാവിനെ ആശങ്കപ്പെടുത്തിയിരുന്നു.
ശ്രീകൃഷ്ണ വിഗ്രഹം ഒരു ക്രൈസ്തവ തറവാട്ടിൽ ഇറക്കി സൂക്ഷിക്കുമെന്നു ശത്രുക്കൾക്ക് ഊഹിക്കാൻ പോലുമാവില്ല എന്നതും ഇവിടെ വിഗ്രഹം സൂക്ഷിക്കാൻ ഒരു കാരണമായിരുന്നു. ശുഭവാർത്ത ലഭിച്ച രാജാവ് പിറ്റേന്നു മൂലം നാളിൽ പരിവാരസമേതം അമ്പലപ്പുഴയിൽനിന്നു ജലമാർഗം ചമ്പക്കുളത്തു മാപ്പിളശേരി തറവാട്ടിലെത്തി.
അദ്ദേഹം ഇട്ടിത്തൊമ്മനും കുടുംബാംഗങ്ങൾക്കും സമ്മാനങ്ങൾ നൽകി. വിഗ്രഹത്തോടൊപ്പം എത്തിയവർക്കും പടയാളികൾക്കും നാട്ടുപ്രമാണിക്ക് ഇണങ്ങും വിധം ഇട്ടിത്തൊമ്മൻ രാത്രി മുതൽ രാവിലെ വരെ സദ്യ നടത്തിയിരുന്നു. കൂടാതെ അന്നു പ്രമാണിമാർ നൽകിയിരുന്ന താംബൂല സദ്യയും കൊടുത്തു.
ശ്രീകൃഷ്ണ വിഗ്രഹം എത്തിയത് അറിഞ്ഞു നിരവധി നാട്ടുകാർ വലുതും ചെറുതുമായ വള്ളങ്ങളിലും കളിവള്ളങ്ങളിലുമായി രാവിലെ മാപ്പിളശേരി തറവാട്ടിൽ എത്തിച്ചേർന്നിരുന്നു.
പൂജകൾക്കു ശേഷം രാജാവും സംഘവും വിഗ്രഹം ഏറ്റുവാങ്ങി അമ്പലപ്പുഴയിലേക്കു കൊണ്ടുപോയി. പോകും വഴി ഇട്ടിത്തൊമ്മന്റെ ഇടവകയായ ചമ്പക്കുളം കല്ലൂർക്കാട് പള്ളിക്കടവിൽ വലിയ സ്വീകരണമാണ് പള്ളിഒരുക്കിയത്. ചുണ്ടൻ വള്ളങ്ങളും മറ്റ് കളിവള്ളങ്ങളും കല്ലൂർക്കാട് പള്ളിക്കടവിൽനിന്ന് അമ്പലപ്പുഴയിലേക്കുള്ള ഘോഷയാത്രയിൽ പങ്കുകൊണ്ടു.
ആ വിഗ്രഹഘോഷയാത്രയുടെ ഓർമയാണ് ആദ്യ വള്ളംകളിയായ ചമ്പക്കുളം മൂലം വള്ളംകളി. അന്നു കൊളുത്തിയ വിളക്കിന്റെ തുടർച്ചയാണ് 480 വർഷമായി എല്ലാ പ്രതിസന്ധികളെയും മറികടന്ന് ഇന്നും തെളിയുന്നത്.
ഇന്നും ചമ്പക്കുളം മൂലം വള്ളംകളിക്കു തിരിതെളിയും മുമ്പ് അമ്പലപ്പുഴ ക്ഷേത്ര അധികാരികൾ അമ്പലപ്പുഴ ക്ഷേത്രത്തിലെ വിശേഷാൽ പാൽപായസവും സമ്മാനങ്ങളുമായി കല്ലൂർക്കാട് പള്ളിയിലും മാപ്പിളശേരി തറവാട്ടിലും എത്തും. അതിനു ശേഷമേ മൂലം വള്ളംകളി ആരംഭിക്കൂ.
ചമ്പക്കുളത്തെ മൂലം ജലോത്സവ ദിവസം ഇവിടെ വള്ളംകളി പൂർത്തിയായാൽ മാത്രമേ അമ്പലപ്പുഴ ക്ഷേത്രത്തിലെ വൈകുന്നേര പൂജകൾക്കായി ക്ഷേത്രനട തുറക്കൂ. അതുകൊണ്ടാണ് ലോകം മുഴുവൻ അടച്ചുപൂട്ടിയിരുന്ന കോവിഡ് കാലത്തും മൂലക്കാഴ്ച മുടക്കമില്ലാതെ നടത്തിയത്.
അഭിമാനം മതസൗഹാർദം
എഡി അഞ്ചാം നൂറ്റാണ്ടു മുതൽ കുട്ടനാട്ടിൽ, പ്രത്യേകിച്ച് ഇന്നത്തെ ചമ്പക്കുളത്തു സുറിയാനി ക്രിസ്ത്യാനികൾ താമസിച്ചുവന്നിരുന്നു. അവർക്കു ഭരണകർത്താക്കൾ പ്രത്യേക സ്ഥാനങ്ങളും പദവിയും നല്കിയിരുന്നു. അമ്പലപ്പുഴ വരെ ശ്രീകൃഷ്ണ വിഗ്രഹത്തെ അനുഗമിച്ച ഇട്ടിത്തൊമ്മനും ആൺമക്കളും രാത്രി തിരികെ എത്തുമ്പോഴും വിളക്ക് കെട്ടിരുന്നില്ല.
ഒരു ഉത്തമ ക്രിസ്തു വിശ്വാസി ആയിരുന്ന ഇട്ടിത്തൊമ്മൻ വിവരം കല്ലൂർക്കാട് പള്ളിയിലെ ശ്രേഷ്ഠരെയും ചെമ്പകശേരി രാജാവിനെയും അറിയിച്ചു. അവരുടെ അനുവാദത്തോടെ അറപ്പുര വാതിലിൽ എന്നും കൊളുത്തുന്ന ഒരു വിളക്ക് സംരക്ഷിച്ചുതുടങ്ങി.
17-ാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ മാപ്പിളശേരി തറവാട് പുതുക്കിപ്പണിതു. ഇതറിഞ്ഞ് ദേവനാരായണന്റെ പിൻഗാമി ഇട്ടിത്തൊമ്മന്റെ മകൻ കുഞ്ഞിത്തൊമ്മനെ വിളിച്ച് വിഗ്രഹം സൂക്ഷിച്ചിരുന്ന സ്ഥലം വേർതിരിച്ച് ആരാധനാസ്ഥലമായി മാത്രമായി ഉപയോഗിക്കണമെന്ന് അറിയിച്ചു. പുതുക്കിപ്പണിത തറവാട്ടിലേക്ക് അപൂർവ ലോഹങ്ങളാൽ നിർമിച്ച ഒരു പ്രത്യേക വിളക്കും രാജാവ് നല്കി.
എണ്ണയെടുക്കാൻ തെങ്ങിൻതോപ്പും മറ്റ് ആനുകൂല്യങ്ങളും അനുവദിക്കുകയും ചെയ്തു. ഇതിനകം 15ൽ അധികം തലമുറകൾ കടന്നുപോയി. പലതവണ തറവാട് പുതുക്കിപ്പണിതു. എന്നാൽ, വിളക്ക് അന്നും ഇന്നും ആദരവോടെ സംരക്ഷിക്കപ്പെടുന്നു.
മാപ്പിളശേരി കുടുംബത്തിലെ ഒരംഗം ഇന്നും ചമ്പക്കുളം മൂലം വള്ളംകളിയുടെ രക്ഷാധികാരികളിൽ ഒരാളാണ്. ഇനിയും പല നൂറ്റാണ്ടുകൾ നാടിന്റെ ഐക്യവും സൗഹാർദവും നിലനിർത്താനും വളർത്താനും ഈ വിളക്ക് തെളിയട്ടെ.
ആന്റണി ആറിൽചിറ ചമ്പക്കുളം