ഉരുള്‍
സമാധാനത്തിന്റെ, ആശ്വാസത്തിന്റെ അവസാന വാക്കായിരുന്നു ജയദേവന് എന്നും എപ്പോഴും അമ്മ. അസ്വസ്ഥതകള്‍ ചിറകുവിരിച്ചു കൂര്‍ത്ത പല്ലും നഖവുമായി കൂട്ടമായി കടന്നാക്രമിക്കുമ്പോള്‍ അമ്മ അവയെ ആട്ടിയോടിച്ചു.
അയാളുടെ നെറുകയില്‍ തലോടി, തലമുടിയിഴകളില്‍ അമ്മയുടെ ശുഷ്ക്കിച്ച കൈവിരലുകള്‍ ഓടിനടന്നു. അവിടെ സുരക്ഷിതത്വത്തിന്റെ ഒരു ശാന്തിമന്ത്രം അലയടിക്കുമായിരുന്നു. ആ സ്വര്‍ഗീയ നിമിഷങ്ങളില്‍ അമ്മയുടെ മടിയില്‍ തലവച്ചു പലപ്പോഴും അയാളുറങ്ങിയിരുന്നു.
ജീവിതത്തിലെ ഏറ്റവും സുന്ദരമായ ആ നിമിഷങ്ങളെതേടി എത്ര തിരക്കായാലും എത്ര ദൂരത്തിലായാലും അയാള്‍ ഇന്നും ഇടയ്ക്കിടെ കുതിച്ചെത്തുമായിരുന്നു. സ്വസ്തി.
മനസിലെ കളകള്‍ പാടെ പിഴുതെറിയുന്ന സമയം ആയിരിക്കും അത്. മനസിന്റെ ആഴങ്ങളിലെ കറുത്ത കാര്‍മേഘങ്ങള്‍ പെയ്തൊഴിഞ്ഞിരിക്കും. തന്റെ സങ്കടങ്ങള്‍ എല്ലാം അയാള്‍ അമ്മയോട് പറയുമായിരുന്നു. അമ്മ അതെല്ലാം മൂളിക്കേള്‍ക്കും.
അമ്മയുടെ മാന്ത്രിക സ്പര്‍ശമുള്ള തലോടലില്‍ അതെല്ലാം ഉരുകിയൊലിച്ചു പോകുന്നത് അയാളറിയുമായിരുന്നു. പലപ്പോഴും അയാള്‍ അമ്മയുടെ മടിയില്‍ തലവെച്ചു കൊച്ചു കുട്ടികളെപ്പോലെ കരയുകയും ചെയ്യുമായിരുന്നു.
ഹൃദയാഴങ്ങളിലെ മുറിപ്പാടുകളില്‍ നിന്നും കിനിയുന്ന തന്റെ ദുഃഖഭാണ്ഡത്തിലെ വേദനകള്‍ പെയ്തൊഴിയുന്നത് വരെ. അമ്മ അയാളെ തടസപ്പെടുത്തിയിരുന്നുമില്ല. ഒടുവില്‍ ദുഃഖ ഭാണ്ഡത്തില്‍ ഒന്നും അവശേഷിപ്പിക്കാതെ അയാള്‍ തിരിച്ചു പോകും.
അപ്പോഴും അമ്മ നിര്വികാരയായിരിക്കും. അത് തന്റെ സ്വാര്‍ഥതയാണെന്നു പലപ്പോഴും ജയദേവനും തോന്നിയിരുന്നു... തനിക്കു മാത്രമേ ഈ ലോകത്തില്‍ പ്രയാസങ്ങളുള്ളൊ.? പ്രായമായ ഈ അമ്മയ്ക്ക് കാണില്ലേ. അറിയില്ല. ചോദിക്കാറുമില്ല.
അകെ അയാള്‍ക്ക് പറയാനുണ്ടായിരുന്നത് സ്വന്തം പ്രയാസങ്ങള്‍ മാത്രമായിരുന്നല്ലോ. അമ്മയെ വിട്ടു പോകുന്ന ഓരോ നിമിഷത്തിലും അയാള്‍ ഒരുപാട് വേദനിച്ചു. തിരക്കുകളില്‍ നിന്നും തിരക്കുകളിലുള്ള ഓട്ടപ്പാച്ചിലിനിടയില്‍ കിട്ടുന്ന ഇടവേളകില്‍ അയാള്‍ അമ്മയുടെ അടുത്തേക്ക് പാഞ്ഞെത്തുകയായി.
അയാള്‍ പിന്നെ അമ്മയുടെ കുഞ്ഞുജയയായി. അമ്മയുടെ മടിയില്‍ തലവച്ചു കിടക്കും. അമ്മ പതിയെ അയാളുടെ തലമുടിയിഴകളില്‍ കൈയ്യോടിക്കും. താരാട്ടു പാടും, പതിയെ തട്ടിയുറക്കുകയും ചെയ്യും.
അവിടം ശാന്തിയാണ്. സമാധാനത്തിന്റെ പറുദീസയാണ്. അയാള്‍ എല്ലാ മാനസിക സംഘര്‍ഷങ്ങളും അവിടെ ഇറക്കി വയ്ക്കുകയയായി. കണ്ണുകള്‍ അടഞ്ഞുവരുന്നു. ജയദേവന് സമാധാനത്തോടെ ഉറങ്ങി.
കുത്തിയൊലിക്കുന്ന മഴയായിരുന്നു പുറത്ത്. കൊടും തണുപ്പും. ""ഉടനെയൊന്നും തോരുന്ന ലക്ഷണമില്ല'. മണ്‍തറയിലെ കല്ലടുപ്പിന്റെ ചുവട്ടിലിരുന്നുതീ കാഞ്ഞു കൊണ്ട് അച്ഛന് പറഞ്ഞു. തെരുവപ്പുല്ല് മേഞ്ഞ പുരയായതു കൊണ്ട് മഴ തുള്ളികള്‍ വീടിനു പുറത്തു വീഴുന്നത് കേള്‍ക്കാനും കഴിയില്ല.
പക്ഷെ, മുറ്റത്ത് മഴ ഊക്കോടെ വന്നു പതിക്കുന്നത് ശരിക്കറിയാനുമാകും. തുള്ളിക്കൊരു കുടം വെച്ച് ഭൂമിയിലേക്ക് പതിക്കുന്ന മഴയുടെ ശബ്ദം. ഒപ്പം നല്ല കാറ്റും. പുറത്ത് മരങ്ങള്‍ ആടിയുലയുന്നു. ഇപ്പോള്‍ ലോകം അവസാനിക്കുമെന്നൊരു തോന്നല്‍.
വീഞ്ഞപ്പെട്ടിയുടെ പലകകള്‍ അടര്ത്തിയുണ്ടാക്കിയ കതകു പാളികള്‍ക്കു ജീവന് വെക്കുന്നത് കുഞ്ഞു ജയദേവന് ഭീതിയോടെ നോക്കി നിന്നു.. അമ്മ മഴയ്ക്ക് മുന്‍പേ പെറുക്കിക്കൂട്ടിയ കശുവണ്ടി ചുട്ടെടുത്തു പൊട്ടിക്കുന്ന തിരക്കിലാണ്.
അമ്മയുടെ കൈകളില്‍ നിറയെ കശുവണ്ടിത്തോടിന്റെ കറുപ്പ് നിറം പടര്‍ന്നു. കശുവണ്ടിത്തോടിനകത്തെ വെളുത്ത രുചിയുള്ള കശുവണ്ടികള്‍. ജീവിതവും ഒരു തരത്തില്‍ അതുപോലെയല്ലേ എന്നവന് ഈയിടെയായി ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു.
കറുപ്പും വെളുപ്പും നിറഞ്ഞ ചതുരംഗക്കളത്തിനിടയിലൂടെയുള്ള ഒരു യാത്ര. അതാണ് ശരിക്കും ജീവിതം എന്നവന് തോന്നി. ഏതു കളത്തിലൂടെയാണ് മുന്‍പോട്ടു സഞ്ചരിക്കേണ്ടതെന്ന് അറിയാതെ നട്ടം തിരിയുന്ന അവസ്ഥ.
കട്ടന്‍ കാപ്പിയോടൊപ്പം കശുവണ്ടി വറുത്തതും അമ്മ അവര്‍ക്കു കൊടുത്തു. ചേച്ചിമാര് കറുത്ത കരിമ്പടം പോലിരിക്കുന്ന പുതപ്പുകള്‍ വാരിചുറ്റി അടുപ്പിനു ചുറ്റിനും വന്നിരുന്നു. അവര്‍ തണുപ്പുകൊണ്ട് വിറക്കുന്നുണ്ടായിരുന്നു.
മഴ തകര്‍ത്തു പെയ്യുകയാണ്. ഇടയ്ക്കെപ്പോഴോഅടുക്കളയുടെ മണ് തറയിലെ ഒരു കോണില്‍ നിന്നും ഉറവ പൊട്ടിയൊലിച്ചു. ഭൂമിയുടെ അടിത്തട്ടില്നിന്നുമുള്ള ഉറവ. അത് പടരാന്‍ തുടങ്ങി.
അമ്മ തവി വെച്ച് ചെറിയ അലുമിനിയം പാത്രത്തില്‍ അത് കോരിയെടുക്കാന്‍ തുടങ്ങി. ഒരു കലമായി, അത് അമ്മ, കട്ടികുറഞ്ഞ വീഞ്ഞപ്പെട്ടിപ്പലക കൊണ്ടുണ്ടാക്കിയ കതകു തുറന്നു പുറത്തേയ്ക്ക് കളഞ്ഞു.
രണ്ടു ...മൂന്ന്... കലങ്ങള്‍ നിറഞ്ഞു കൊണ്ടിരുന്നു. പുത്തനുറവകള്‍ രൂപം കൊണ്ട് കഴിഞ്ഞിരിക്കുന്നു. ഉറവകള്ക്ക് കനം വച്ച് തുടങ്ങി. മറ്റു കലങ്ങള്‍ നിറഞ്ഞു തുടങ്ങിയിരുന്നു. പുറത്തു മഴ തകര്‍ത്തു പെയ്യുകയാണ്, വാശിയോടെ... ഇടയ്ക്കു തല തല്ലിക്കരയുന്ന കാറ്റും....
തേകി നിറക്കലുകള്. അത് മൂത്തേച്ചി ഏറ്റെടുത്തു. കയ്യില്‍ തവി വേറൊരു കലം. ""മഴ തോരണെ'' എന്ന് അമ്മ മുട്ടിപ്പായി പ്രാർഥിക്കുന്നതവന് കണ്ടു. മഴ കുറയുന്നില്ല, എന്ന് മാത്രവുമല്ല. പിന്നെയും ശക്തി കൂടിയും വരുന്നു.
അരി മേടിക്കാന്‍ പോയ അമ്മാവനെയും കാണുന്നില്ല. അമ്മ ഇടയ്ക്കിടെ പുറത്തേക്കു നോക്കുന്നുണ്ട് ""അവന് ഇപ്പൊ എത്തിക്കോളും' അച്ഛന് വളരെ സാവധാനത്തില്‍ ഒരു ആശങ്കയുമില്ലാതെ പറഞ്ഞു.
അമ്മയില്‍ ഒരാധി അവന് ദര്‍ശിച്ചു. ""ദൈവമേ തോട് നിറഞ്ഞു കാണും....'' വീണ്ടും അമ്മ
ചെറിയ ഒരു മഴ പെയ്താല്‍ പോലും തോട് നിറഞ്ഞു കവിയുമായിരുന്നു. ഇതെത്ര ദിവസമായ മഴയാണ് . പുറത്തേക്കിറങ്ങാന്കൂടി കഴിയുന്നില്ല അരിയും കുറച്ചു സാധങ്ങളും കടം മേടിക്കാന്‍ ഒടുവില്‍ അമ്മാവന് ഇറങ്ങിതിരിച്ചതാണ്.
അച്ഛന് കൈയില്‍ കെട്ടിയിരുന്ന പഴയ "എച്ച്എം ടി' വാച്ചു പരിശോധിക്കുന്നു. അതില്‍ ഒരു സൂചിയെ ഉണ്ടായിരുന്നുള്ളു. അത് നോക്കി അച്ഛന് സമയം പറഞ്ഞു. സമയം പോകുന്നത് പോലും അറിയുന്നുമുണ്ടായിരുന്നില്ല. അമ്മ റേഡിയോ ഓണ്‍ ചെയ്യാന്‍ ശ്രമിച്ചു. പഴയ ബാറ്റെറിയായിരുന്നു ആ റേഡിയോയില്‍ ഉണ്ടായിരുന്നത്.
തണുത്തു മരവിച്ച റേഡിയോയില്‍ നിന്നും അനക്കമൊന്നുമില്ല. അത് ചത്തിരുന്നു. അമ്മ റേഡിയോ അടുപ്പിനരികെക്കൊണ്ടു വച്ചു. റേഡിയോ ചൂട് പിടിച്ചു തുടങ്ങി. അല്‍പ്പം കഴിഞ്ഞപ്പോള്‍ റേഡിയോ വിറയാര്‍ന്ന സ്വരത്തില്‍ ചുമക്കാനും പൊട്ടനും ചീറ്റാനും ഒക്കെ തുടങ്ങി. റേഡിയോയ്ക്ക് ജീവന് വച്ച് തുടങ്ങിയിരിക്കുന്നു.
ചത്ത റേഡിയോ അടുപ്പിനരികെ ചൂട് പിടിപ്പിച്ചാല്‍ ജീവന് വെക്കുമെന്നുള്ള സത്യം അവന് ആദ്യമായി മനസിലാവുകയായിരുന്നു. റേഡിയോയിലെ പ്രതാപന് വൈകിട്ടത്തെ വാര്‍ത്ത വായിക്കുന്നു. ഇരമ്പലോടെ... ഇടയ്ക്കു റേഡിയോ ശബ്ദം കാറ്റു പിടിച്ചെങ്ങോട്ടോ കൊണ്ട് പോകുന്നു. കറങ്ങി തിരിഞ്ഞു വരുന്നതിനിടയ്ക്ക് അല്‍പ്പം കേള്‍ക്കാം.
അവ്യക്തത കൂടുതല്‍..... അപ്പോള്‍ കേട്ടു... കാലാവസ്ഥാ പ്രവചനവും.... മീന്‍ പിടുത്തക്കാര്‍ കടലില്‍ പോകരുതെന്ന്.... "കടയില്‍ പോകാന്‍ പറ്റുന്നില്ല ...പിന്നല്ലേ കടലില്‍.' ജയാദേവന് ഓര്‍ത്തു. അല്‍പ്പം മഴ ശമിച്ചു കഴിഞ്ഞപ്പോള്‍ കതകു തുറന്നു അമ്മ പുറത്തേക്കുനോക്കി... പുറത്ത് ഇരുട്ട് പരന്നിരുന്നു....
തോട് മുറിച്ചു കടന്നാലും ഇടവഴിയിലൂടെ കുറ്റാക്കുറ്റിരുട്ടത്ത് അമ്മാവന് എങ്ങനെ എത്തും. പഴയ കുട എടുത്തിട്ടുണ്ടായിരുന്നു എന്ന് അമ്മ പറയുന്നുണ്ടായിരുന്നു. അച്ഛന് പ്ളാസ്റ്റിക് കവര്‍ തലേല് കൂടി ഇട്ടു. പിന്നെ മങ്ങിയ പ്രകാശമുള്ള ഡബിള്‍ ബാറ്ററി ടോര്‍ച്ചുമായി മുറ്റത്തിറങ്ങി നീട്ടി കൂകി വിളിച്ചു.
ആ കൂവല്‍ അമ്മാവനുള്ളതാണ്. അത് കേട്ടു കഴിഞ്ഞാല്‍ അമ്മാവന് സമീപത്തെവിടെകിലുമുണ്ടെങ്കില് തിരികെ കൂവും. അപ്പോള്‍ പിന്നെ അന്വേഷിച്ചു പോകേണ്ട കാര്യമില്ല. പക്ഷെ, അച്ഛന്റെ കൂവല്‍ തന്നെ അടുത്ത മലയില്‍ തട്ടി തിരികെ പ്രതിധ്വനിച്ചു.
അമ്മയുടെ മുഖം വാടി... അച്ഛന് രണ്ടു തവണ കൂടി കൂവി.... പ്രകമ്പങ്ങള്‍ മാത്രം.... പിന്നെ കനത്ത ഇരുട്ടിലേക്ക് അച്ഛന് ഇറങ്ങി ... പിന്നെ നടന്നകന്നു.... പെട്ടെന്നെന്തോ വലിയ ശബ്ദം... തറ ഇളകുന്നതുപോലെ .... ഭൂമി കുലുക്കമോ...? അകലെയെവിക്കെയോ നിന്ന് ആരുടെയൊക്കെയോ കൂവലുകള്‍ .... ഇരമ്പങ്ങള്‍
വീടിന്റെ ഒരു വശത്തുകൂടി മലയില്‍ നിന്നും ഒഴുകിയിറങ്ങി വന്ന മഴവെള്ളം ഇരമ്പിയാര്‍ത്ത് അച്ഛന് പോയ വഴിയേ കല്ലും മണ്ണുമായി കടന്നു പോയി. ജയദേവന് അച്ഛന് പോയ ഭാഗത്തേക്ക് ഒരാവേശത്തില്‍ ഇരുട്ടിനെ കീറി മുറിച്ചു കുതിച്ചു പാഞ്ഞു.
തൊട്ടടുത്ത നിമിഷത്തില്‍ പിന്നില്‍ നിന്നിരുന്ന വീട്, ആരവത്തോടെ അലമുറയിട്ടുവരുന്ന ഇരുണ്ട ഉരുളിന്റെ കരാള ഹസ്തങ്ങള്‍ കവര്‍ന്നെടുത്തു. തന്റെ അരികിലൂടെ പാഞ്ഞു പോകുന്നതു ഒരു മിന്നലിന്റെ അല്പം നിമിഷത്തെ വെളിച്ചത്തില്‍ അവനറിഞ്ഞു. അവന്റെ തൊണ്ടയില്‍ ആര്‍ത്തനാദം കുരുങ്ങി
. ചെളിയും മണ്ണും അവന്റെ മേല്‍ ശക്തിയായി തെറിച്ചു വീഴുന്നുണ്ടായിരുന്നു.
വഴിയിലെ അഴുക്കലില് അവന് തെന്നി വീണു. മഴ വീണ്ടും ശക്തമായി. ഒരു കൊള്ളിയാന്‍ മിന്നിമറഞ്ഞു. വെളിച്ചത്തില്‍ അവന് കൃത്യമായിഅത് കണ്ടു. ചെളിവെള്ളത്തില്‍ അച്ഛന് കെട്ടിയിരുന്ന "ഒറ്റ സൂചിയിലോടുന്ന വാച്ച്'...
ഹൃദയാഴങ്ങളില്‍ നിന്നും തികട്ടി വന്ന വേദന തൊണ്ടക്കുഴിയില്‍ കുരുങ്ങി ശ്വാസം മുട്ടി. അവന് ഉച്ചത്തില്‍ നിലവിളിച്ചു
..........................
ജയദേവന് പാട്പെട്ട് കണ്ണുകള്‍ വലിച്ചു തുറന്നു. തന്നെ തലോടിയുറക്കിയ അമ്മയുടെ കൈകള്‍ തിരഞ്ഞു. തികഞ്ഞ നിശബ്ദതയില്‍ വൈദ്യുത വിളക്കിന്റെ പ്രകാശം മാത്രം. ആ വീടിന്റെ വലിയ വരാന്തയില്‍ നിന്നും അവന് പതിയെ എഴുന്നേറ്റു.
പിന്നെ അകത്തേക്ക്. ചുവരില്‍ ചില്ലിട്ടു വച്ചിരിക്കുന്ന അമ്മയുടെ ഛായാ ചിത്രത്തില്‍ ഇട്ടിരുന്ന പൂമാല കരിഞ്ഞിരിക്കുന്നു...! വലിയ തടി അലമാരയിലെ വലിപ്പ് തുറന്നു അതിനുള്ളില്‍ സൂക്ഷിച്ചിരുന്ന ചെറിയ പെട്ടിതുറന്നു.
അതിനുള്ളില്‍ വിലപ്പെട്ട ആ സാധനം ഭദ്രമായപ്പോഴും ഉണ്ടായിരുന്നു. അതയാള്‍ നെഞ്ചോട് ചേര്‍ത്തു, അച്ഛന് കയ്യില്‍ കെട്ടിയിരുന്ന ആ പഴയ പഴയ തുരുമ്പെടുത്ത "ഒറ്റ സൂചിയുള്ള വാച്ച്'...!
*
പൂന്തോട്ടത്ത് വിനയകുമാര്‍