‘തെരുവുവെളിച്ച’ത്തിന് വെളിച്ചം പകര്‍ന്ന ഉമ്മന്‍ ചാണ്ടി
‘തെരുവുവെളിച്ച’ത്തിന് വെളിച്ചം പകര്‍ന്ന ഉമ്മന്‍ ചാണ്ടി സീമ മോഹന്‍ലാല്‍
ആരോരുമില്ലാത്തവര്‍ക്ക് എന്നും അഭയമായിരുന്നു ഉമ്മന്‍ചാണ്ടി എന്ന നേതാവ്. ആ സ്നേഹത്തണല്‍ ആവോളം അനുഭവിച്ചവരാണ് കാക്കനാട് തെരുവുവെളിച്ചത്തിലെ അന്തേവാസികള്‍. തെരുവോരങ്ങളില്‍ അന്തിയുറങ്ങുന്നവര്‍ക്കും ആലംബഹീനര്‍ക്കുമായി തെരുവുവെളിച്ചം എന്ന പദ്ധതി യാഥാര്‍ഥ്യമാക്കിയത് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്താണ്.

2011ലാണ് സാമൂഹ്യപ്രവര്‍ത്തകനായ തെരുവോരം മുരുകന്‍, തെരുവില്‍നിന്ന് രക്ഷിക്കുന്നവര്‍ക്കായി ഒരു പുനരധിവാസ കേന്ദ്രവും ഫണ്ടും സര്‍ക്കാര്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സമീപിച്ചത്. ആ കാലത്ത് പതിനായിരത്തിലധികം പേരെ തെരുവില്‍നിന്ന് രക്ഷപ്പെടുത്തിയ മുരുകന്‍ അന്തേവാസികളെ ഏതെങ്കിലും പുനരധിവാസ കേന്ദ്രങ്ങളിലാണ് എത്തിച്ചിരുന്നത്.

എന്നാല്‍ അവിടെ പലപ്പോഴും ഒരാളെക്കൂടി ഉള്‍പ്പെടുത്താന്‍ കഴിയാത്ത അവസ്ഥ ഉണ്ടാകാറുണ്ടായിരുന്നു. മുരുകന്‍റെ അപേക്ഷ പരിഗണിച്ച ഉമ്മന്‍ചാണ്ടി പദ്ധതിയെ കുറിച്ച് പഠിക്കാന്‍ സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ക്കും സര്‍ക്കാരിനും എറണാകുളം ജില്ല കളക്ടറിനും നിര്‍ദേശം നല്‍കി. തുടര്‍ന്ന് ഇവരുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് കാക്കനാട് സാമൂഹ്യനീതി വകുപ്പിന്‍റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ തെരുവുവെളിച്ചം എന്ന താല്‍കാലിക പുനരധിവാസ കേന്ദ്രം തുടങ്ങാന്‍ അനുമതി നല്‍കിയത്.


2013 മേയ് 16നാണ് തെരുവില്‍നിന്ന് രക്ഷിക്കപ്പെടുന്നവരുടെ പുനരധിവാസ കേന്ദ്രമായ തെരുവു വെളിച്ചം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിതന്നെയായിരുന്നു ഉദ്ഘാടനം നിര്‍വഹിച്ചത്. 50 ലധികം അന്തേവാസികള്‍ ഇവിടെയുണ്ടായിരുന്നു. അന്തേവാസികള്‍ക്കു ഭക്ഷണത്തിനും മരുന്നിനും മറ്റുമായുള്ള ഫണ്ടും അദ്ദേഹം അനുവദിക്കുകയുമുണ്ടായി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.