രാഷ്ട്രീയധൂർത്തിന്റെ പിന്നാന്പുറം: മുഖം മിനുക്കാൻ വന്പൻപട!
റെജി ജോസഫ്
മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടി ഫേസ്ബുക്കിലും ട്വിറ്ററിലും പോസ്റ്റിടാനും മറുപടി നല്‍കാനുമുള്ള പന്ത്രണ്ടംഗ സോഷ്യല്‍ മീഡിയ സംഘത്തിന് ചെലവ് 1.83 കോടി. 2022 മേയ് ആറിനാണ് സ്പെഷല്‍ ടീമിനെ നിയോഗിച്ചത്.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടികളുടെ വാര്‍ത്താ പ്രചാരണത്തിന് പ്രസ് സെക്രട്ടറിമാരും പിആര്‍ഡി ഉദ്യോഗസ്ഥരും ഇതര സംവിധാനങ്ങളുമുണ്ടായിരിക്കെയാണ് സോഷ്യല്‍ മീഡിയ ടീമിനെക്കൂടി നിയമിച്ചത്.
സോഷ്യല്‍ മീഡിയ ടീം ലീഡര്‍ക്ക് 75,000 രൂപ മാസ ശമ്പളം. കണ്ടന്റ് മാനേജര്‍ക്ക് 70,000 രൂപ. സീനിയര്‍ വെബ് അഡ്മിനിസ്ട്രേറ്റര്‍, സോഷ്യല്‍ മീഡിയ കോ ഓര്‍ഡിനേറ്റര്‍ , കണ്ടന്റ് സ്ട്രാറ്റജിസ്റ്റ് എന്നിവര്‍ക്ക് 65,000 രൂപ വീതം. ഡെലിവറി മാനേജര്‍ എന്നൊരു തസ്തികയുമുണ്ട്.
എന്താണ് ജോലിയെന്ന് വ്യക്തമല്ലെങ്കിലും ശമ്പളം 50,000 രൂപ. റിസര്‍ച്ച് ഫെലോ, കണ്ടന്റ് ഡെവലപ്പര്‍, കണ്ടന്റ് അഗ്രഗേറ്റര്‍ എന്നിവര്‍ക്ക് 53,000 രൂപ വീതം. ഡേറ്റ റിപ്പോസിറ്ററി മാനേജര്‍ എന്ന പേരില്‍ രണ്ട് പേരുണ്ട്.
ശമ്പളം 45,000 രൂപ വീതം. കമ്പ്യൂട്ടര്‍ അസിസ്റ്റന്റിന് 22,290. കാലാവധി കഴിഞ്ഞതോടെ ഒരു വര്‍ഷത്തേക്ക് നീട്ടിക്കൊടുത്തു. അതും തീര്‍ന്നപ്പോള്‍ വീണ്ടും നീട്ടി.
കാലിത്തൊഴുത്തും ചാണകക്കുഴിയും
മുഖ്യമന്ത്രിയുടെ ക്ലിഫ് ഹൗസില്‍ 2021 നുശേഷം രണ്ടു കോടിക്ക് മുകളില്‍ മിനുക്കുപണി നടത്തിയതായി നിയമസഭയില്‍ മറുപടി നല്‍കിയത് മരുമകന് മന്ത്രി മുഹമ്മദ് റിയാസാണ്. 42 ലക്ഷം രൂപയുടെ കാലിത്തൊഴുത്തും 4.40 ലക്ഷം രൂപയുടെ ചാണകക്കുഴിയും ക്ലിഫ് ഹൗസില്‍ നിര്‍മിച്ചു.
ലൈഫ് മിഷന് പാവങ്ങള്‍ക്ക് വീട് പണിയാന്‍ നാലു ലക്ഷം രൂപ മാത്രം നല്‍കുമ്പോഴാണ് ചാണകക്കുഴിക്ക് 4.40 ലക്ഷം രൂപ. 42 വാഹനങ്ങളുടെ അകമ്പടിയോടെയുള്ള യാത്രയ്ക്ക് ഒരു മാസം ചെലവ് അഞ്ചു കോടി രൂപ.
കൂടാതെ ഹെലികോപ്റ്ററും. അമേരിക്കയില്‍ ഉള്‍പ്പെടെ മുഖ്യമന്ത്രിയുടെ ചികില്‍സയ്ക്കും യാത്രയ്ക്കും ചെലവായത് രണ്ടു കോടി.
മുന്‍ മുഖ്യമന്ത്രിമാര്‍ പിആര്‍ഡിയെ മാത്രം ആശ്രയിച്ചാണ് സര്‍ക്കാരിന്റെ പ്രചാരണം നടത്തിയിരുന്നത്. ഇപ്പോള്‍ പിആര്‍ഡി അക്രഡിറ്റേഷനുള്ള 38 പിആര്‍ ഏജന്‍സികളാണ് സര്‍ക്കാരിന്റെ മുഖം മിനുക്കുന്നത്.
കോടികളാണ് പ്രതിഫലം. വിവിധ സംസ്ഥാനങ്ങളിലെ സിനിമാതിയറ്ററുകളിലുമുണ്ട് സംസ്ഥാന ഭരണമികവിന്റെ പരസ്യങ്ങൾ.ഇതും പോരാഞ്ഞ് ഫേസ്ബുക്കില്‍ ദിവസം ഒന്നോ രണ്ടോ പോസ്റ്റിടാനാണ് സോഷ്യല്‍ മീഡിയ ടീമിനെ നിയോഗിച്ചിരിക്കുന്നത്.
രണ്ടു കോടിയോളം രൂപയാണ് സോഷ്യല്‍ മീഡിയ ടീമിന്റെ ചെലവിന് ഖജനാവില്‍നിന്ന് നല്‍കിയത്.
കോടതി കയറാന്‍ കോടികള്‍
സര്‍ക്കാരിന്റെ കേസുകള്‍ വാദിക്കാന്‍ അഡ്വക്കറ്റ് ജനറല്‍ ഉള്‍പ്പെടെ ഹൈക്കോടതിയിലുള്ളത് 140 നിയമജ്ഞരാണ്. ഗവണ്മെന്റ് പ്ലീഡര്‍മാര്‍ -56. ഇവരുടെ ശമ്പളം 65,000 രൂപ, സീനിയര്‍ ഗവണ്മെന്റ് പ്ലീഡര്‍ -56.
ശമ്പളം 75,000 രൂപ, സ്പെഷല്‍ ഗവണ്മെന്റ് പ്ലീഡര്‍ -22. ശമ്പളം 85,000 രൂപ. അഡ്വക്കറ്റ് ജനറല്‍, ഡിജിപി അഡീഷണല്‍ എജി, രണ്ട് ഡിജിപിമാര്‍ എന്നിവരെ കൂടാതെ ഒരു സ്റ്റേറ്റ് അറ്റോര്ണിയുമുണ്ട്.
ഇതുകൂടാതെ 22 സ്പെഷല്‍ ഗവണ്മെന്റ് പ്ലീഡര്‍മാര്‍. 60,000 മുതല്‍ 90,000 രൂപ വരെ ശമ്പളമുള്ള 22 സര്‍ക്കാര്‍ അഭിഭാഷകര്‍. ലക്ഷത്തിനു മുകളില്‍ ശമ്പളവും ഔദ്യോഗിക വാഹനമടക്കം വേറെ ആനുകൂല്യങ്ങളും.
നിയമോപദേശങ്ങള്‍ക്കായി ഒഴുക്കുന്ന ലക്ഷങ്ങള്‍ വേറെയും. ഇവയേറെയും പാര്‍ട്ടി നിയമനങ്ങള്‍തന്നെ. സര്‍ക്കാര്‍ വാദിയോ പ്രതിയോ ആകുന്ന കേസുകളില്‍ സര്‍ക്കാരിനു വേണ്ടി വാദിക്കാനാണ് ഇവര്‍ക്കെല്ലാം ലക്ഷങ്ങള്‍ ശമ്പളം നല്‍കുന്നത്.
ഇത്രയും നിയമജ്ഞരുണ്ടെങ്കിലും സുപ്രധാന കേസുകള്‍ വാദിക്കാന്‍ ഡല്‍ഹിയില്‍നിന്ന് ഇറക്കുന്നത് ഒറ്റ സിറ്റിംഗിന് ലക്ഷങ്ങള്‍ ഫീസുള്ള അഭിഭാഷകരെയാണ്. ഈ അതിഥി അഭിഭാഷകര്‍ക്കായി ചോരുന്നത് വന്‍തുകയാണ്.
സോളാര്‍ കേസില്‍ സര്‍ക്കാരിനു വേണ്ടി ഹാജരാകാന്‍ പറന്നെത്തിയത് സുപ്രീം കോടതി അഭിഭാഷകനും മുന്‍ സോളിസിറ്റര്‍ ജനറലുമായ രഞ്ജിത്കുമാര്‍. ഇദ്ദേഹത്തിന് ഒരൊറ്റ ദിവസത്തെ സിറ്റിംഗ് ഫീസ് 20 ലക്ഷം രൂപ. വിമാന ടിക്കറ്റും, താമസചെലവും വേറെ.
നാല് ദിവസം രഞ്ജിത്കുമാര്‍ കോടതിയില്‍ ഹാജരായി. അതായത് ഹൈക്കോടതിയിലെ മുഴുവന്‍ സര്‍ക്കാര്‍ അഭിഭാഷകരുടെയും ശരാശരി ശമ്പളത്തിന് തുല്യമായത് ഒരൊറ്റ കേസില്‍ ഒരു അഭിഭാഷകന് വേണ്ടി ചെലവിട്ടു.
രഞ്ജിത് കുമാര്‍ മാത്രമല്ല, ഹാരിസണ്‍ കേസില്‍ ജയ്ദീപ് ഗുപ്ത, ലോട്ടറി കേസില്‍ പല്ലവ് സിസോദിയ, രാഷ്ട്രീയ കൊലപാതകങ്ങള്‍ സിബിഐക്ക് വിടണമെന്ന ഹര്‍ജിയില്‍ അഡ്വ. ഹരണ്‍ പി. റാവല്‍ തുടങ്ങിയവരെയൊക്കെ കൊണ്ടുവന്നു.
ഷുഹൈബ് കൊലക്കേസില്‍ സിബിഐ അന്വേഷണത്തിന് തടയിടാന്‍ ഇറക്കിയത് മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അമരേന്ദ്ര ശരണിനെ. ഇവരുടെയൊക്കെ ഒരു ദിവസത്തെ സിറ്റിംഗ് ഫീസ് 10 മുതല്‍ 25 ലക്ഷം വരെയാണ്.
മുന്‍മന്ത്രി തോമസ് ഐസക്കിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരായ കേസുകളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് എതിരേ വാദിക്കാനെത്തിയതും ഡല്‍ഹിയില്‍നിന്നുള്ള അഭിഭാഷകര്‍.
ഇനി ഇവിടെ കേസ് തോറ്റാല്‍ സുപ്രീം കോടതിയില്‍ വാദിക്കാന്‍ സ്റ്റാന്‍ഡിംഗ് കോണ്‍സല്‍ എന്ന പേരില്‍ സര്‍ക്കാര്‍ അഭിഭാഷകരുമുണ്ട്. ഇതൊന്നും പോരാതെയാണ് കോടികള്‍ ഫീസ് നല്കി അഭിഭാഷകരെ ഇറക്കുമതി ചെയ്യുന്നത്. പിണറായി വിജയന് മുഖ്യമന്ത്രിയായശേഷം 19 കേസുകളിലാണു പുറമേനിന്ന് അഭിഭാഷകരെത്തിയത്.
പെരിയയില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ കൊല്ലപ്പെട്ട കേസില്‍ സിബിഐ അന്വേഷണം തടയാന്‍ സര്‍ക്കാര്‍ മുടക്കിയത് 88 ലക്ഷം രൂപ. ഷുഹൈബ് വധക്കേസില്‍ മുടക്കിയത് 86.40 ലക്ഷം രൂപ. നിയമസഭയിലെ കൈയാങ്കളിക്കേസ് പിന്‍വലിക്കാന്‍ സുപ്രീം കോടതിയില്‍ ഹാജരായ അഭിഭാഷകനു സര്‍ക്കാര്‍ ചെലവാക്കിയത് 16.50 ലക്ഷം രൂപ.
2015ല്‍ കെ.എം. മാണി ബജറ്റ് അവതരിപ്പിച്ചപ്പോള്‍ പ്രതിപക്ഷം സഭയ്ക്കുള്ളില്‍ രണ്ടര ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തിയെന്നായിരുന്നു കേസ്. ആ നഷ്ടത്തിനേക്കാള്‍ തുക വക്കീല്‍ഫീസ് നല്കിയെന്നു ചുരുക്കം.
2009 മുതല്‍ 2021 ഓഗസ്റ്റ് 31 വരെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലക്ഷയം സംബന്ധിച്ച കേസ് നടത്തിപ്പിനു ചെലവഴിച്ചത് 6.34 കോടി രൂപ. ഇതില്‍ 5.03 കോടി രൂപയും വക്കീല്‍ ഫീസായിരുന്നു. ഇതെല്ലാമായിട്ടും കേസില്‍ കേരളം തോറ്റു.
ഏറ്റവും മുതിര്‍ന്ന അഭിഭാഷകന് മാത്രം 1.82 കോടി രൂപ വാങ്ങി. യാത്രാബത്ത ഇനത്തില്‍ 56,55,057 രൂപയും ഉന്നതാധികാര സമിതി സന്ദര്‍ശനത്തിന്റെ പേരില്‍ 58,34,739 രൂപയും ഓണറേറിയമായി 16,41,500 രൂപയും ചെലവഴിച്ചു.