ഡ്രാക്കുളയ്ക്കു മുന്‍പേ പിറന്നവൻ
ഋഷി
നീണ്ട 134 വർഷങ്ങൾക്കുശേഷം അവൻ ഉയർത്തെഴുന്നേൽക്കുകയാണ്. ബ്രാം സ്റ്റോക്കര്‍ എന്ന വിഖ്യാത എഴുത്തുകാരൻ ഡ്രാക്കുള എന്ന രചനയ്ക്കു മുന്‍പ് എഴുതിയ ആദ്യത്തെ പുസ്തകമാണ് 134 വർഷങ്ങൾക്കിപ്പുറം വായനക്കാരെ പേടിപ്പിക്കാതെ എത്തുന്നത്.
രക്തദാഹിയായ ഡ്രാക്കുള പ്രഭുവെന്ന രാത്രി സഞ്ചാരിയുടെ ഭീതി ഉണർത്തുന്ന കഥ ഇന്നും ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആരാധകർ വായിച്ചു കൊണ്ടിരിക്കുന്നു. ഹൊറര്‍ സാഹിത്യത്തില്‍ ഡ്രാക്കുളയോളം സ്വാധീനം ചെലുത്തിയ മറ്റൊരു കഥാപാത്രമില്ല.
രക്തദാഹിയായ രാത്രിസഞ്ചാരിയുടെ കഥയെ അനശ്വരമാക്കിയ കഥാകൃത്ത് ബ്രാം സ്റ്റോക്കര്‍ ഡ്രാക്കുളക്കും മുമ്പ് എഴുതിയ മറ്റൊരു ഹൊറർ കഥയുണ്ട്.
ഗിബെറ്റ് ഹില്‍ എന്നാണ് ആ കഥയുടെ പേര്. ഡ്രാക്കുളയുടെ മുൻഗാമി. വർഷങ്ങൾ കല്ലറയ്ക്കുള്ളിൽ അടഞ്ഞു കിടന്ന ശേഷം പുറത്തേക്ക് വരും പോലെ ഗിബെറ്റ് ഹില്‍ 134 വർഷത്തിനുശേഷം പുറം ലോകം കാണുകയാണ്.
അയര്‍ലന്‍ഡിലെ നാഷണല്‍ ലൈബ്രറിയില്‍ നിന്ന് ചരിത്രകാരനും ബ്രാം സ്റ്റോക്കറിന്റെ ആരാധകനും ആയ ബ്രയാന്‍ ക്ലിയറിയാണ് ഈ ചെറുകഥ കണ്ടെടുത്തത്. അന്വേഷിച്ചപ്പോള്‍ ബ്രാംസ്റ്റോക്കര്‍ ഇങ്ങനൊരു കഥയെഴുതിയതായി എവിടെയും യാതൊരു രേഖയിലുമില്ലായിരുന്നു.
1890ല്‍ ഡെയിലി മെയില്‍ പത്രത്തിന്റെ ക്രിസ്തുമസ് സപ്ലിമെന്റിലാണ് ഗിബെറ്റ് ഹില്‍ പ്രസിദ്ധീകരിച്ചത്. ബ്രാം സ്റ്റോക്കറിന്റെ സ്വദേശം ആയ ഡബ്ലിനില്‍ ജനിച്ചു വളര്‍ന്ന ബ്രയാന്‍ ക്ലിയറി കുട്ടിക്കാലത്ത് തന്നെ സ്റ്റോക്കറിന്റെ സാഹിത്യലോകത്തില്‍ ആകൃഷ്ടനായിരുന്നു.
2021ല്‍ തന്റെ കേള്‍വിശക്തി നഷ്ട്ടപ്പെട്ട്, ശസ്ത്രക്രിയക്ക് വിധേയനായ ശേഷം, അയര്‍ലണ്ട്സ് നാഷണല്‍ ലൈബ്രറിയില്‍ റിസര്‍ച്ച് നടത്തുമ്പോഴാണ് ഒരു നൂറ്റാണ്ടിലധികം കണ്ണില്‍ പെടാതെ കിടന്ന കഥയെ ക്ലിയറി പൊടിതട്ടിയെടുത്തത്.
ഒരു നാവികനെ മൂന്ന് പേര് ചേര്‍ന്ന് കൊന്ന്, കഴുമരത്തില്‍ കെട്ടി തൂക്കിയ കഥ പറയുന്ന ഗിബെറ്റ് ഹില്ലും ഡ്രാക്കുള പോലെ ഒരു ഹൊറര്‍ കഥയാണ്. ഡ്രാക്കുളയിലേക്കുള്ള ബ്രാം സ്റ്റോക്കറിന്റെ സുപ്രധാന ചവിട്ടുപടിയാണ് ഗിബെറ്റ് ഹില്‍ എന്നാണ് ബ്രാം സ്റ്റോക്കറിന്റെ ജീവചരിത്രകാരന്‍ പോള്‍ മുറേ പറയുന്നത്.
ഒക്ടോബര്‍ 28ന് ഡബ്ലിനില്‍ നടക്കുന്ന ബ്രാംസ്റ്റോക്കര്‍ ഫെസ്റ്റിവലില്‍ പ്രകാശനം നടത്തുന്ന പുസ്തകത്തില്‍ ഗിബെറ്റ് ഹില്‍ പുനര്പ്രസിദ്ധീകരിക്കും. ഡ്രാക്കുളയ്ക്ക് ഏഴുവർഷം മുൻപാണ് ബ്രാംസ്റ്റോക്കര്‍ ഈ കഥ എഴുതിയത്.
ചെറുകഥയുടെ എല്ലാ ഭംഗിയും എന്നാൽ ഹൊറർ ഫീലും ഒത്തിണങ്ങിയ മനോഹരമായ കഥ. അച്ചടിനിർത്തിയ ഒരു ഐറിഷ് ദിനപത്രത്തിൽ, 1890-ൽ ‘ഗിബ്ബറ്റ് ഹിൽ’ പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ, പിന്നീട് ഈ കഥ അച്ചടിയിൽ പ്രത്യക്ഷപ്പെട്ടതേയില്ല. സ്റ്റോക്കറുടെ കൃതികളുടെ ശേഖരത്തിലും ഇതിന്റെ പേരില്ലായിരുന്നു.
1891-ലെ പുതുവത്സരത്തിൽ പുറത്തിറങ്ങിയ ഡബ്ലിൻ ഡെയ്ലി എക്സ്പ്രസിലെ പരസ്യത്തിൽനിന്നാണ് ‘ഗിബെറ്റ് ഹില്ലി’നെക്കുറിച്ച് ക്ലിയറി ആദ്യം മനസ്സിലാക്കിയത്. പിന്നീട് നടത്തിയ തെരച്ചിലിൽ അതിനു രണ്ടാഴ്ച മുന്‍പത്തെ പത്രത്തിൽ കഥ അച്ചടിച്ചുവന്നതായി കണ്ടെത്തി.
ലോകം മുഴുവനും ഉള്ള സ്റ്റോക്കറുടെ ആരാധകർ തങ്ങളുടെ പ്രിയപ്പെട്ട എഴുത്തുകാരന്റെ വളരെ വളരെ പഴക്കം ചെന്ന "പുതിയ" പുസ്തകത്തിനു വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
ഈ കഥ പണ്ട് വായിച്ച ആരും ഇന്ന് ജീവിച്ചിരിപ്പുണ്ടാവില്ല. അതുകൊണ്ടുതന്നെ ഏറ്റവും പുതിയ വായനക്കാരിലേക്കാണ് ഈ കഥ ഇപ്പോൾ എത്തുന്നത്. അപ്പോൾ ഞെട്ടാൻ റെഡിയായിരുന്നോളൂ... അവൻ എത്തുകയാണ്.. ഡ്രാക്കുളയ്ക്ക് മുന്‍പേ പിറന്നവൻ