വിയറ്റ്നാം വിശേഷങ്ങൾ: ഭക്ഷണരുചി... അതു വേറെ ലെവലാണ്
ചിത്രങ്ങൾ, എഴുത്ത്: ബ്രില്യൻ ചാൾസ്
വൈവിധ്യമാർന്ന സ്ട്രീറ്റ് ഫുഡ് ആണ് വിയറ്റ്നാം തെരുവുകളുടെ മുഖ്യ ആകർഷണം. വൈകുന്നേരമായാൽ മിക്ക നഗരങ്ങളിലെയും തെരുവുകളെല്ലാം അക്ഷരാർഥത്തിൽ റസ്റ്ററന്റുകളായി മാറും. മുട്ടിനു മുട്ടിനു തെരുവുഭക്ഷണശാലകൾ.... നഗരക്കാഴ്ചകൾ കണ്ട് രുചിവൈവിധ്യങ്ങൾ ആസ്വദിക്കുന്നതിന്റെ അനുഭൂതി ഒന്നു വേറെതന്നെ.
ഇലകളും പച്ചക്കറികളും ചേർന്ന സലാഡും ഏതു ഭക്ഷണമെനുവിലെയും ഒഴിവാക്കാനാവാത്തതാണ്. പരമ്പരാഗത വിയറ്റ്നാം ഭക്ഷണവും അതു കഴിക്കുന്ന രീതിയും സവിശേഷമാണ്. ഓരോ പ്രദേശത്തും അവരുടേതായ പ്രാദേശിക ഭക്ഷണമുണ്ട്. ചെമ്മീൻ അരിമാവിൽ ചേർത്തുണ്ടാക്കുന്ന കറി വിയറ്റ്നാമീസുകാരുടെ ഇഷ്ടവിഭവമാണ്.
ബാൻ മി, അരി മാവും പ്രോൺസും ചേരുന്ന ബൻ ദി ന്യോങ്, ബൻ സിയോ, മി ക്വാങ്, കമ്പളി നാരങ്ങ ഉപയോഗിച്ചുള്ള റെഡ് ഫുഡ് സലാഡ് തുടങ്ങി വ്യത്യസ്ത വിഭവങ്ങൾ ഇവിടെ ലഭിക്കും. സ്ട്രീറ്റ് ഫുഡെങ്കിലും ശുചിത്വത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും അവിടുത്തുകാർക്കില്ല.
ഹോട്ടലുകളിൽ കഴിക്കുന്ന അതേ അനുഭവത്തിൽ ഇവിടത്തെ തെരുവോരങ്ങളിലിരുന്ന് ഭക്ഷണം കഴിക്കാം. വിയറ്റ്നാമീസ് ചീസിന്റെ അകമ്പടിയോടെ മഷ്റൂം ഹോട്ട് പോട്ട് വിത്ത് ന്യൂഡിൽസ് ഒരു പ്രത്യേക രുചി തന്നെയാണ്.
ഇലക്കറികളും സലാഡുകളും നോൺ വെജുമെല്ലാം ഉൾപ്പടെ റൈസ് പേപ്പറിൽ പൊതിഞ്ഞു നൽകുന്ന സ്റ്റാർട്ടറുകൾ രുചികരമാണ്. റൈസ് പേപ്പർ ആവിയിൽ വേവിച്ചു കഴിക്കുന്നതും വിയറ്റ്നാംകാരുടെ പതിവ് ഭക്ഷണ രീതിയാണ്. സലാഡ് അടക്കമുള്ള പല ഭക്ഷണ വിഭവങ്ങളും നമുക്ക് റൈസ് പേപ്പറിനുള്ളിൽ വച്ച് പൊതിഞ്ഞ് കഴിക്കാം. ഇഷ്ടമായാൽ റൈസ് പേപ്പറും കഴിക്കാം.
തിയറ്ററുകൾ വിളിക്കുന്നു
സ്റ്റേജ് പെർഫോർമൻസുകൾക്കായി പ്രത്യേകം സജ്ജമാക്കിയ വിശാലമായ തിയറ്ററുകൾ വിയറ്റ്നാമീസ് നഗരങ്ങളിൽ കാണാം. അക്കൂട്ടത്തിൽ ആകർഷകമായ ഒന്നാണ് ഹോയ് ആൻ മെമ്മറീസ് ഷോ.
3,300 സീറ്റുകളുള്ള തിയറ്ററും 500ലധികം പ്രഫഷണൽ നർത്തകരും അഭിനേതാക്കളും ഉള്ള ഈ ലോകോത്തര ഔട്ട്ഡോർ വിഷ്വൽ ആർട്ട് പ്രകടനം കാണികളെ പിടിച്ചിരുത്തും. ഒന്നേകാൽ മണിക്കൂറോളം നീണ്ടുനിൽക്കും.
സിനിമ സെറ്റുകളെ വെല്ലുന്ന തരത്തിലുള്ള രംഗ സജ്ജീകരണങ്ങളാണ് ഈ ഷോയെ വ്യത്യസ്തമാക്കുന്നത്. 3,000 വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച ഹോയ് ആനിന്റെ ചരിത്രവഴികളെ വിസ്മയക്കാഴ്ചകളുടെ അകന്പടിയോടെ പരിചയപ്പെടുത്തുന്ന ഷോ അതിശയിപ്പിക്കുന്നതാണ്.
കുട്ടവഞ്ചി സവാരി
വിശാലമായ തടാകവും പുഞ്ചകളും ചെറുതോടുകളും ഇടകലർന്ന കാം തൻ കോക്കനട്ട് വില്ലേജ് ഹ്യൂ സിറ്റിക്ക് അടുത്താണ്. നിരവധി തുരുത്തുകളും പനകളും ഇവിടുത്തെ പ്രകൃതിഭംഗി വിളിച്ചുപറയുന്നു. തുരത്തുകൾക്കിടയിലൂടെയുള്ള കുട്ടവഞ്ചി സവാരിയാണ് ഇവിടുത്തെ പ്രധാന വിനോദം.
കുട്ടവഞ്ചി യാത്ര ഈ പ്രദേശത്തിന്റെ പ്രധാന ടൂറിസം വരുമാനം കൂടിയാണ്. മൂന്ന് പേർക്കാണ് ഒരു കുട്ടവഞ്ചിയിൽ സഞ്ചരിക്കാനാവുക. പരമ്പരാഗതമായി കുട്ടവഞ്ചി തുഴയുന്നവരാണ് ഇവിടെ അധികവും. നാലായിരത്തോളം തുഴച്ചിൽക്കാരാണ് ഇവിടെയുള്ളത്.
കുട്ടവഞ്ചി ഫീസ് സർക്കാർ നിശ്ചയിച്ചിട്ടുള്ളതിനാൽ തർക്കത്തിന് നിൽക്കേണ്ടി വരികയുമില്ല. കുട്ടവഞ്ചി തുഴഞ്ഞു പോകുന്നതിനിടയിൽ കായലിനു നടുക്ക് വിനോദ പരിപാടികളും ആസ്വദിക്കാനാവും.
വിയറ്റ്നാം യാത്ര എളുപ്പം
വിയറ്റ്നാമിലേക്ക് കേരളത്തിൽനിന്നു കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാൻ വിമാനങ്ങളുണ്ട്. വിയറ്റ്നാം സന്ദര്‍ശകര്‍ക്ക് അവിടേക്കുള്ള വീസ നടപടികള്‍ ഇപ്പോള്‍ കൂടുതല്‍ ഉദാരമാക്കിയിട്ടുമുണ്ട്. സന്ദര്‍ശകര്‍ക്ക് വിസ ഓണ്‍ അറൈവല്‍ സംവിധാനം ഉപയോഗപ്പെടുത്താം. ചെലവ് 35-40 ഡോളര്‍.
ഏറ്റവും കുറഞ്ഞ നിരക്കിൽ വിയറ്റ്ജെറ്റ് എയർലൈൻസാണ് യാത്ര ഒരുക്കുന്നത്. കൊച്ചിയിൽനിന്ന് ഹോചിമിൻ സിറ്റിയിലേക്ക് വിയറ്റ്ജെറ്റ് നേരിട്ട് വിമാനസർവീസ് നടത്തുന്നുണ്ട്. ഇന്ത്യയിൽനിന്നു വിയറ്റ്നാമിലേക്ക് കൊച്ചിയിൽ നിന്നുൾപ്പെടെ ആഴ്ചയില്‍ 32 നേരിട്ടുള്ള സര്‍വീസുകളാണ് വിയറ്റ് ജെറ്റ് നടത്തുന്നത്.
തിങ്കള്‍, ബുധന്‍, വെള്ളി, ശനി ദിവസങ്ങളിലായി പ്രതിവാരം നാലു വിമാനങ്ങള്‍ കൊച്ചിയില്‍ നിന്നു സര്‍വീസ് നടത്തുന്നുണ്ട്. കൊച്ചിയില്‍നിന്നു രാത്രി 11.50ന് പുറപ്പെടുന്ന വിമാനം ഹോചിമിന്‍ സിറ്റിയില്‍ പ്രാദേശിക സമയം രാവിലെ 06.40ന് എത്തും.
ഹോചിമിന്‍ സിറ്റിയില്‍നിന്നു വൈകുന്നേരം പ്രാദേശിക സമയം 7.20ന് പുറപ്പെട്ട് കൊച്ചിയില്‍ 10.50ന് മടങ്ങിയെത്തും. കൊച്ചിക്കു പുറമെ മുംബൈ, ന്യൂഡല്‍ഹി, അഹമ്മദാബാദ് എന്നിവിടങ്ങളില്‍നിന്നു ഹാനോയി, ഹോചിമിന്‍ സിറ്റി എന്നിവിടങ്ങളിലേക്കുള്ള വിയറ്റ്ജെറ്റ് സര്‍വീസുകളുണ്ട്.
വിശദ വിവരങ്ങള്‍ www.vietjetair.comല്‍ ലഭ്യമാണ്.
കേരളത്തിൽനിന്നു നേരിട്ടുള്ള വിമാന സർവീസ് തുടങ്ങിയശേഷം മലയാളികൾ ധാരാളമായി വിയറ്റ്നാമിലേക്ക് യാത്ര പോകുന്നുണ്ട്.