കോഴിക്കോടിന്റെ മാലിന്യതലസ്ഥാനം; തീരാദുരിതമായി ഞെളിയന്‍പറമ്പ്
കോഴിക്കോടിന്റെ മാലിന്യ തലസ്ഥാനമാണ് ഞെളിയൻപറമ്പ്. 16 ഏക്കറില്‍ മാലിന്യം മാത്രം നിറയുന്ന ദുർഗന്ധ ഭൂമി. ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ട് ഞെളിയൻപറമ്പിലെ മാലിന്യനിക്ഷേപത്തിനെന്നു പഴമക്കാർ പറയും.
കക്കൂസ് മാലിന്യങ്ങൾ വരെ ഞെളിയൻപറമ്പില്‍ ഇപ്പോഴും നിക്ഷേപിക്കപ്പെടുന്നു. ദുർഗന്ധത്തിന്റെയും തെരുവുനായ ശല്യത്തിന്റെയും തീപിടിത്തങ്ങളുടെയും മറ്റും പേരിൽ വാർത്തകളില്‍ സ്ഥിരം സാന്നിധ്യമാണ് ഈ മാലിന്യപ്പറമ്പ്.
മഴക്കാലം വരുമ്പോള്‍ നെഞ്ചിടിപ്പാണ് ഞെളിയന്പറമ്പുകാര്ക്ക്. ഇവിടെനിന്ന് ഒലിച്ചിറങ്ങുന്ന മലിനജലം സൃഷ്ടിക്കുന്ന ദുരിതം ഒരുഭാഗത്ത്. അടിക്കടിയുണ്ടാകുന്ന തീപിടിത്തങ്ങള്‍ മറ്റൊരു ഭാഗത്ത്. ചെറുതും വലുതുമായ നിരവധി തീപടിത്തങ്ങൾ ഇവിടെ ഇടയ്ക്കിടെ ഉണ്ടാകുന്നു.
പലപ്പോഴും മണിക്കൂറുകള്‍ എടുത്താണ് തീ നിയന്ത്രണ വിധേയമാക്കുന്നത്. മാലിന്യകൂമ്പാരത്തില്നിന്നു പുക ഉയരുന്നത് സ്ഥിരം കാഴ്ചയാണെന്നു പരിസരവാസികൾ പറയുന്നു.
മാലിന്യത്തിന് തീപിടിച്ച് ഉയരുന്ന പുക പ്രദേശവാസികള്‍ക്കുണ്ടാക്കുന്ന ദുരിതം ചില്ലറയല്ല. കൂട്ടിയിട്ട മാലിന്യങ്ങള്‍ ചൂടേറ്റു തീ പിടിക്കാതിരിക്കാന്‍ ഇടയ്ക്കു മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഉഴുതുമറിക്കുന്നതല്ലാതെ മറ്റൊന്നും നടക്കുന്നില്ല.
ഞെളിയന്‍പറമ്പില്‍ പ്ലാസ്റ്റിക് കുന്നുപോലെ ഇവിടെ കിടക്കുന്നു. ബയോ മൈനിംഗിന്റെ (പുനരുപയോഗിക്കാന്‍ കഴിയുന്ന മാലിന്യങ്ങള്‍ വേര്‍തിരിക്കല്‍) ഭാഗമായി വേര്‍തിരിച്ച പ്ലാസ്റ്റിക് ഞെളിയന്പറമ്പില്തന്നെ കിടക്കുകയാണ്.
അഗ്നിരക്ഷാസേനയുടെ സ്ഥിരം തലവേദന
ചെറിയ തീപിടിത്തമുണ്ടായാല്പോലും കത്തിപ്പടരാവുന്ന തരത്തിലാണു മാലിന്യം കൂട്ടിയിട്ടിരിക്കുന്നത്. ബയോ മൈനിംഗ് പൂര്‍ത്തിയായെന്നു കമ്പനി പ്രതിനിധികള്‍ അവകാശപ്പെടുമ്പോള്‍ ഇല്ലെന്ന് കോര്‍പറേഷന്‍തന്നെ സമ്മതിക്കുന്നു.
നിലവില്‍ ഷീറ്റിട്ട് മാലിന്യങ്ങള്‍ മൂടിയിരിക്കുകയാണ്. കനത്തമഴയില്‍ ഒലിച്ചിറങ്ങാതിരിക്കാനാണിത്. മഴക്കാലത്ത് അഗ്നിരക്ഷാസേനയ്ക്ക് നിരവധി കോളുകള്‍ എത്താറുണ്ട്. ഇതിനിടയിലാണ് കോര്‍പറേഷന്റെ അശ്രദ്ധയും അനാസ്ഥയും മൂലമുണ്ടാകുന്ന തീപിടിത്തങ്ങളെന്ന് അഗ്നിരക്ഷാസേന ഉദ്യോഗസഥർ പറയുന്നു.
മാലിന്യങ്ങള്‍ക്ക് തീപിടിച്ചാല്‍ അണയ്ക്കാന്‍ ഏറെ സമയമെടുക്കുമെന്ന കാര്യവും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഞെളിയൻപറമ്പിൽ ജൈവവളമാക്കാൻ സൂക്ഷിച്ച് വച്ചിരുന്ന ജൈവ വേസ്റ്റിന് തീ പിടിച്ചത് ഏറെ പണിപെട്ടാണ് അഗ്നിരക്ഷാസേന അണച്ചത്. ചുറ്റം മാലിന്യമായതിനാല്‍ മണിക്കൂറുകളോളം എടുത്താണ് പുക ഉയരുന്നത് തടയാനായത്.
കരാറുണ്ട്, പ്രവൃത്തിയില്ല
നഗര മാലിന്യം തള്ളുന്ന ഞെളിയൻപറമ്പിലെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് രണ്ട് കരാറുകളാണുള്ളത്. മാലിന്യങ്ങൾ വേർതിരിച്ച് സംസ്കരിക്കാൻ 7.75 കോടി രൂപയുടെ കരാറും മാലിന്യത്തിൽനിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പ്ലാന്റ് നിർമിക്കാൻ 250 കോടി രൂപയുടെ കരാറുമാണ് നൽകിയത്.
നാലു വർഷം കഴിഞ്ഞിട്ടും 7.75 കോടി രൂപയുടെ കരാർ പ്രകാരമുള്ള ജോലികൾ പകുതിപോലും പൂർത്തിയാക്കിയില്ല. പ്രവർത്തനങ്ങളുടെ ആദ്യഘട്ടമായ ബയോ മൈനിംഗ് പോലും പൂർത്തിയാക്കിയില്ല. മഴ, കോവിഡ് എന്നീ കാരണങ്ങൾ പറഞ്ഞ് നാലുതവണ കരാർ നീട്ടി.
കോർപറേഷൻ ഇതിനകം പല പദ്ധതികളും പരീക്ഷിച്ചു. എന്നാല്‍ കടല്‍ പോലെ, കുന്നുപോലെ അടിഞ്ഞു കൂടിയ മാലിന്യം സംസ്കരിക്കാൻ ആ പദ്ധതികള്‍ക്കായില്ല. എറ്റവും ഒടുവിലാണ് ഖരമാലിന്യം സംസ്കരിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതി ആസൂത്രണം ചെയ്തത്.
നോഡല്‍ ഏജന്‍സിയായ കെഎസ്ഐഡിസിക്ക് കോഴിക്കോട് കോര്പറേഷന് പാട്ടത്തിന് നല്കിയ ഞെളിയന്‍ പറമ്പിലെ 12.67 ഏക്കര്‍ സ്ഥലത്താണ് അത്യാധുനിക സൗകര്യമുള്ള പ്ലാന്റ് നിര്‍മിക്കാൻ തീരുമാനിച്ചത്.
ദുരിതമോചനം അകലെ
ബംഗളൂരു ആസ്ഥാനമായ സോണ്ട ഇന്‍ഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യത്തിനാണ് പദ്ധതിയുടെ നിര്‍മാണവും നടത്തിപ്പ് ചുമതലയും. പദ്ധതി യാഥാർഥ്യമാകുന്നതോടെ മാലിന്യത്തില്‍നിന്ന് ഞെളിയൻപറമ്പിന് മോചനം ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.
എന്നാൽ, ആ മോചനം അനിശ്ചിതമായി നീളുന്നു. നിലവിലെ സ്ഥിതി കാണുമ്പോള്‍ കൊച്ചിയിലെ ബ്രഹ്മപുരത്തിന്റെ അവസ്ഥ അനുഭവിക്കേണ്ടി വരുമോയെന്ന ആശങ്കയിലാണിപ്പോള്‍ കോഴിക്കോട്ടുകാര്‍.
മഴ കനക്കുന്പോൾ കെട്ടിക്കിടക്കുന്ന മാലിന്യം പുറത്തേക്കൊഴുകുമെന്നും ഇത് ഗുരുതര പാരിസ്ഥിതിക പ്രശ്നത്തിന് കാരണമാകുമെന്നും ദുരന്ത നിവാരണ അഥോറിറ്റി കണ്ടെത്തിയിരുന്നു. എന്നാൽ, ഷീറ്റിട്ട് മൂടി പ്രശ്നം താല്കാലികമായി പരിഹരിക്കാനാണ് അധികൃതര്‍ ശ്രമിച്ചത്.
അതൊന്നും നാട്ടുകാരുടെ ദുരിതത്തിനു പരിഹാരമല്ല. അധികാരികളുടെ ഇച്ഛാശക്തിയില്ലായ്മയുടെ ദുരന്തങ്ങൾ അനുഭവിക്കുകയാണ് പ്രദേശവാസികൾ.