ഒഡീഷയിലെ രാഷ്ട്രീയക്കാറ്റിൽ തറപറ്റിയ അതികായൻ
എസ്. റൊമേഷ്
പിതാവ് അതീവ പ്രതാപശാലിയും ഭരണതന്ത്രജ്ഞനും. മകനാകട്ടെ അതിലും മിടുക്കനായ ഭരണാധികാരി. എന്നിട്ടും ഒഡീഷയിൽ മുൻമുഖ്യമന്ത്രി ബിജു പട്നായിക്കിന്റെ മകനും സംസ്ഥാന മുഖ്യമന്ത്രിയുമായിരുന്ന നീവൻ പട്നായിക്കിന്റെ പാർട്ടി തോറ്റുതൊപ്പിയിട്ടു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പമാണ് ഒഡീഷയിൽ നിയമസഭാ തെരഞ്ഞെടുപ്പും നടന്നത്. ഇതിൽ രണ്ടിലും ഏറ്റവും കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നത് ബിജു ജനദാദളിനാ(ബിജെഡി)യിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ നവീൻ മത്സരിച്ച രണ്ടു മണ്ഡലങ്ങളിൽ ഒന്നിൽ തോറ്റു. 21 ലോക്സഭാ സീറ്റുകളിൽ ഒരെണ്ണത്തിൽപോലും വിജയിക്കാനായില്ല.
24 വർഷം തുടർച്ചയായി ഒറീസ ഭരിച്ച നവീൻ പട്നായിക്ക് ഇക്കൊല്ലവും തുടരുമെന്നാണ് ഏവരും കരുതിയിരുന്നത്. എന്നാൽ ആരും പ്രതീക്ഷിക്കാത്ത കനത്ത തോല്വിയാണ് നവീന് ഏൽക്കേണ്ടിവന്നത്.
ഒരു അഴിമതി ആരോപണവും നവീനെക്കുറിച്ച് പ്രതിപക്ഷത്തിന് ഉന്നയിക്കാനായിരുന്നില്ല. അദ്ദേഹത്തെക്കുറിച്ചുള്ള ഏക ആരോപണം അദ്ദേഹത്തിന് ഒഡിയ ഭാഷ എഴുതാനും വായിക്കാനും അറിയില്ല എന്നതായിരുന്നു.
സംസ്ഥാനത്തിനു പുറത്ത് പഠിച്ച ഹിന്ദി, പഞ്ചാബി, ഫ്രഞ്ച്, ഇംഗ്ലീഷ് തുടങ്ങി നിരവധി ഭാഷകൾ വശമുണ്ടായിരുന്ന അദ്ദേഹം ഇംഗ്ലീഷിൽ എഴുതിയാണ് ഒഡിയയിൽ പ്രസംഗിച്ചിരുന്നത്.
ലോക്സഭയിലേക്ക് 20 സീറ്റ് ബിജെപി നേടിയപ്പോൾ ഒരു സീറ്റ് കോൺഗ്രസിനു ലഭിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന 147 സീറ്റുകളിൽ 78 സീറ്റു നേടി ബിജെപി ഭരണം പിടിച്ചപ്പോൾ ബിജെഡിക്കു ലഭിച്ചത് 51 സീറ്റ്, കോൺഗ്രസ് 14 സീറ്റുകൾ നേടി. സ്വതന്ത്രർ മൂന്നു സീറ്റും സിപിഎം ഒരു സീറ്റും നേടി.
ഭരണമികവിൽ ഇന്ത്യയിൽതന്നെ ഏറ്റവും പേരു കേട്ട മുഖ്യമന്ത്രിമാരിൽ ഒരാൾ. പാവങ്ങൾക്കും സാധാരണക്കാർക്കുമായി തന്റെ ഭരണകാലത്ത് ഒട്ടേറെ പദ്ധതികൾ കൊണ്ടുവന്നയാൾ. അഴിമതി എന്നതു പേരിനു പോലും പറഞ്ഞു കേൾക്കാത്തയാൾ.
ഉന്നത വിദ്യാഭ്യാസം നേടിയയാൾ. ജനങ്ങൾക്കൊപ്പം എന്നും നിലകൊണ്ടയാൾ. എൻഡിഎ സഖ്യത്തിലിരുന്നപ്പോഴും മതേരത്വത്തിനു വേണ്ടി വാദിച്ചയാൾ. ഇങ്ങനെ പല വിശേഷണങ്ങളും നവീനുണ്ട്. ഇത്ര കനത്ത പരാജയം നവീൻ പട്നായിക്കിനുണ്ടാവുമെന്ന് എതിരാളികൾപോലും പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് വാസ്തവം.
നവീൻ പട്നായിക്കിന്റെ തോല്വിയെക്കുറിച്ച് പരാമർശിക്കുന്പോൾ മുൻ ഐഎഎസ് ഉദ്യോഗസ്ഥനും നവീന്റെ വിശ്വസ്തനുമായ വി.കെ. പാണ്ഡ്യനെക്കുറിച്ച് പറയാതിരിക്കാൻ പറ്റില്ല.
സത്യസന്ധനും ഒഡീഷ സംസ്ഥാനത്തിന്റെ പുരോഗതിക്കു വേണ്ടി ഒട്ടേറെ പദ്ധതികൾ ആവിഷ്കരിച്ചയാളുമാണ് പാണ്ഡ്യൻ. അതുകൊണ്ടുതന്നെ നവീന് പാണ്ഡ്യനോട് ഒരു പ്രത്യേക വാത്സല്യവുമുണ്ടായിരുന്നു. തന്റെ ഭരണത്തിന്റെ തുടക്കം മുതൽ നവീൻ, പാണ്ഡ്യനെ ഏൽപ്പിച്ച പദ്ധതികളെല്ലാം മറ്റാരേക്കാളും മികവിൽ അദ്ദേഹം പൂർത്തിയാക്കി.
എന്നാൽ തമിഴ്നാട്ടുകാരനായ പാണ്ഡ്യനോട് ഒട്ടേറെ പേർക്ക് എതിർപ്പുണ്ടായിരുന്നു. അഴിമതിക്കെതിരേ വിട്ടുവീഴ്ചയില്ലാത്തെ നടപടികൾ സ്വീകരിച്ചിരുന്ന പാണ്ഡ്യനെതിരേ സർക്കാരിലെ ചില ഉന്നത ഉദ്യോഗസ്ഥർ വരെ പ്രവർത്തിച്ചിരുന്നുവത്രേ.
നവീൻ പട്നായിക്കിന്റെ നിർദേശ പ്രകാരം പാണ്ഡ്യൻ ഐഎസ് രാജിവച്ച് ബിജെഡിയിൽ ചേർന്നിരുന്നു. പാണ്ഡ്യന് കാബിനറ്റ് റാങ്ക് നൽകി കുറേയധികം പദ്ധതികളുടെ ചുമതല നവീൻ നല്കി. അദ്ദേഹത്തിന്റെ ഭരണമികവ് മാത്രം കണക്കിലെടുത്തായിരുന്നു നവീൻ ഇതു ചെയ്തത്. എന്നാൽ ബിജെപിയാകട്ടെ ഈ അവസരം ശരിക്കും മുതലെടുത്തു.
78 വയസ് പ്രായമായ നവീന് ഭരണം നടത്താൻ ഇനി പ്രാപ്തിയുണ്ടാവില്ലെന്നും അവിവാഹിതനായ നവീനു പകരം തമിഴനായ പാണ്ഡ്യനായിരിക്കും ഇനി ഒഡീഷ ഭരണം കൈയാളുക എന്നുമായിരുന്നു ബിജെപി പ്രചരിപ്പിച്ചത്.
വിജയം ഉറപ്പായിട്ടും നവീൻ രണ്ടു സീറ്റിൽ മത്സരിക്കുന്നത് രണ്ടിലും വിജയിച്ചാൽ ഒന്ന് ഒഴിഞ്ഞ് അവിടെ പാണ്ഡ്യനെ നിർത്തി വിജയിപ്പിച്ച് മുഖ്യമന്ത്രിയാക്കാനുമാണെന്ന പ്രചാരണം സാധാരണക്കാർക്കിടയിൽ പ്രാദേശിക വികാരം ആളിക്കത്തിക്കാനിടയാക്കി.
ഇതു ബിജെഡിക്ക് ദോഷം ചെയ്തു. ഇതാണ് യഥാർഥത്തിൽ ബിജെഡിക്ക് കനത്ത തിരിച്ചടിയായത്. തെരഞ്ഞെടുപ്പു പരാജയത്തെത്തുടർന്ന് വി.കെ. പാണ്ഡ്യൻ പാർട്ടിയിൽനിന്നുള്ള എല്ലാ സ്ഥാനങ്ങളും രാജിവയ്ക്കുകയും നവീന്റെ കുടുംബത്തോട് മാപ്പു ചോദിക്കുകയും ചെയ്തിരുന്നു. എന്നാൽ, പാർട്ടിയുടെ പരാജയത്തിൽ ആരും പാണ്ഡ്യനെ പഴിക്കരുതെന്ന കർശന നിർദേശം നൽകുകയാണു നവീൻ ചെയ്തത്.
നവീൻ പട്നായിക്കിനെക്കുറിച്ച്..
നവീൻ പട്നായിക് ഒഡീഷയുടെ 14-ാമത് മുഖ്യമന്ത്രിയായി 2000 മാർച്ച് അഞ്ചിന് ആദ്യം അധികാരമേറ്റത്. 2024 ജൂൺ വരെ അദ്ദേഹം തുടർച്ചയായി സംസ്ഥാനം ഭരിച്ചു. ഒഡീഷ മുൻ മുഖ്യമന്ത്രി ബിജു പട്നായിക്കിന്റെയും ഭാര്യഗ്യാൻ ദേവിയുടെയും ഇളയ മകനായി 1946 ഒക്ടോബർ 16ന് കട്ടക്കിലാണ് നവീൻ പട്നായിക് ജനിച്ചത്.
ഒഡീഷക്കാരനായ ബിജു പഞ്ചാബിയായ ഗ്യാനിനെ പ്രേമിച്ച് വിവാഹം കഴിക്കുകയായിരുന്നു. ഇന്ത്യയിൽ നിന്നുള്ള ആദ്യ വനിതാ കൊമേഴ്സൽ പൈലറ്റാണ് ഗ്യാൻ. ഇരുവരും സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് ഒട്ടേറെ ത്യാഗങ്ങൾ സഹിച്ചവരാണ്.
1947ൽ ഇന്ത്യാനേഷ്യയിൽ ഡച്ച് ആക്രമണം നടന്നപ്പോൾ ഇന്ത്യൻ സർക്കാരിന്റെ നിർദേശാനുസരണം അതിസാഹസികമായി ബിജുപട്നായിക്കും ഭാര്യ ഗ്യാനും ചേർന്നു പറത്തിയ വിമാനം ജാക്കർത്തയിൽ ലാന്റ് ചെയ്ത് അവിടുത്തെ പ്രസിഡന്റ് സുകർണോയെ രക്ഷപ്പെടുത്തിക്കൊണ്ടുപോന്നതൊക്കെ കോളിളക്കം സൃഷ്ടിച്ച വാർത്തകളായിരുന്നു.
നവീന്റെ മൂത്ത സഹോദരൻ ഗ്യാൻ പട്നായിക്ക് ഒരു വ്യവസായിയും സഹോദരി ഗീതാ മേത്ത പ്രമുഖ എഴുത്തുകാരിയുമാണ്. ഡെറാഡൂണിലെ വെൽഹാം ബോയ്സ് സ്കൂളിലും പിന്നീട് ദ ഡൂൺ സ്കൂളിലുമാണ് നവീൻ വിദ്യാഭ്യാസം നേടിയത്.
ഡൂണിൽ അദ്ദേഹം സഞ്ജയ് ഗാന്ധിയുടെ സഹപാഠിയായിരുന്നു. തുടർന്ന് ഡൽഹി സർവകലാശാലയുടെ കിരോരി മാൽ കോളജിൽനിന്നു കലയിൽ ബിരുദം നേടി. ചെറുപ്പകാലത്ത് അദ്ദേഹം രാഷ്ട്രീയത്തിൽനിന്നു തികച്ചും അകന്നായിരുന്നു കഴിഞ്ഞിരുന്നത്.
ഒരു എഴുത്തുകാരൻ കൂടിയായിരുന്ന നവീൻ നിരവധി ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. ജനതാദളിന്റെ സ്ഥാപകനേതാക്കളിൽ ഒരാളായിരുന്നുബിജു. ദേശീയരാഷ്ട്രീയത്തിൽ ബിജുവിന് വ്യക്തമായ സ്വാധീനമുണ്ടായിരുന്നു. 1997 വരെ അമേരിക്കയിലായിരുന്നു നവീൻ താമസിച്ചിരുന്നത്.
ബിജുവിന്റെ മരണശേഷം മകൻ നവീൻ പട്നായിക് ജനദാളിൽനിന്നു പുറത്തു വരികയും 1997 ഡിസംബർ 26ന് ബിജു ജനതാദൾ എന്ന പ്രാദേശിക പാർട്ടി രൂപീകരിക്കുകയുമായിരുന്നു. കേന്ദ്രത്തിലും സംസ്ഥാനത്തും ബിജെപിയുമായി പിന്നീടു സഖ്യമുണ്ടാക്കി.
97ലെ ഉപതെരഞ്ഞെടുപ്പിൽ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം വാജ്പേയ് മന്ത്രിസഭയിൽ കേന്ദ്ര ഖനിമന്ത്രിയായി ചുമതലയേറ്റു. 2000ൽ നടന്ന ഒഡീഷ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജു ജനതാദൾ-ബിജെപി സഖ്യം കോൺഗ്രസിനെ നിലംപരിശാക്കി സംസ്ഥാന ഭരണം പിടിച്ചെടുത്തു.
ഇതോടെ കേന്ദ്രമന്ത്രിസ്ഥാനം രാജിവച്ച് നവീൻ സംസ്ഥാന മുഖ്യമന്ത്രിയായി ചുമതലയേറ്റു. പിന്നീട് നടന്ന അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പിലും സംസ്ഥാനത്ത് ബിജെഡിയുടെ തേരോട്ടമായിരുന്നു.
2008 ഓഗസ്റ്റ് മാസം ഒഡീഷയിലെ കാണ്ഡമാൽ ജില്ലയിൽ സ്വാമി ലക്ഷ്മണാനന്ദ സരസ്വതി കൊല്ലപ്പെട്ടു. സ്വാമി കൊല്ലപ്പെട്ടത് ക്രിസ്ത്യൻ സമുദായത്തിലുള്ളവരുടെ ആക്രമണം മൂലമാണെന്ന് ആരോപിച്ച് ബജ്റംഗ്ദൾ പ്രവർത്തകൾ ജില്ലയിലെ ക്രിസ്ത്യൻ സമുദായത്തിൽപ്പെട്ടവരുടെ വീടുകളും കടകളും പള്ളികളും ആക്രമിച്ചു.
ക്രിസ്ത്യൻ സമുദാത്തിൽപ്പെട്ട നിരവധി പേർ കൊല്ലപ്പെട്ടു. പൊതുവെ വർഗീയതയെ എതിർക്കുന്ന മതേതര വാദിയായ നവീൻ പട്നായിക്കിന് ഈ സംഭവം സഹിക്കാനായില്ല. ബജ്റംഗ്ദൾ ആക്രമണത്തിൽ പ്രതിഷേധിച്ച് നവീൻ ബിജെപിയുമായും എൻഡിഎയുമായുള്ള സഖ്യം ഉപേക്ഷിച്ചു. ആക്രമണത്തെ നിശിതമായ ഭാഷയിൽ വിമർശിക്കുകയും അക്രമികൾക്കെതിരേ കർശന നടപടിയെടുക്കുകയും ചെയ്തു.
2009ലെ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെയും പ്രാദേശിക പാർട്ടികളെയും ചേർത്തു രൂപീകരിച്ച പുതിയ മുന്നണിയുമായാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. ആ തെഞ്ഞെടുപ്പിലും ലോക്സഭയിലും നിയമസഭയിലും ബിജെഡി വിജയം നേടി.
21 ലോക്സഭാ സീറ്റിൽ 14ലും ബിജെഡി വിജയിച്ചു. അസംബ്ലിയിലേക്ക് അതിലും വലിയ വിജയവും നേടി. 147 അസംബ്ലി സീറ്റുകളിൽ 103 എണ്ണവും നേടി തുടർച്ചയായി മൂന്നാം തവണയും ഒഡീഷയുടെ മുഖ്യമന്ത്രിയായി. 2014ലെ തെരഞ്ഞെടുപ്പിലും അദ്ദേഹം മിന്നും വിജയം ആവർത്തിച്ചു.
21 ലോക്സഭാ സീറ്റുകളിൽ 20 ഉം 147 നിയമസഭാ സീറ്റുകളിൽ 117ഉം നവീൻ പട്നായിക്കിന്റെ ബിജെഡി നേടി. 2019ലെ തെരഞ്ഞെടുപ്പിൽ രാജ്യത്തുടനീളം ബിജെപി തരംഗമുണ്ടായിട്ടും ഒഡീഷ നിയമസഭയിലെ 146ൽ 112 സീറ്റുകളിലും ബിജെഡി വിജയിച്ചു.
ലോക്സഭയിലേക്ക് 21 സീറ്റിൽ 12 സീറ്റുകളിലും ബിജെഡി വിജയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നവീന് ഹിൻജിലി മണ്ഡലത്തിൽ വിജയിക്കാനായെങ്കിലും കാന്തബൻജി മണ്ഡലത്തിൽ അദ്ദേഹം പരാജയപ്പെട്ടു.
ജനപ്രിയ മുഖ്യമന്ത്രിയായിരുന്നു നവീൻ. അധികാരം ഒഴിയുംവരെ ഒരു അഴിമതി ആരോപണവും നവീനെക്കുറിച്ച് പ്രതിപക്ഷത്തിന് ഉന്നയിക്കാനായില്ലെന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയ സംശുദ്ധത വ്യക്തമാക്കുന്നു.
മുഖ്യമന്ത്രിയുടെ ഓഫീസായി കൊട്ടാരതുല്യമായ സ്വന്തം വീടാണ് അദ്ദേഹം ഉപയോഗിച്ചിരുന്നത്. ഇതിന് വാടക ഈടാക്കിയിരുന്നില്ല. 77 കോടിയുടെ പൂർവിക സ്വത്തിനും ഉടമയാണ് നവീൻ.
ഐഎഎസിൽ തിളങ്ങി, രാഷ്ട്രീയത്തിൽ പതറി
വി. കാർത്തികേയൻ പാണ്ഡ്യൻ എന്ന വി.കെ. പാണ്ഡ്യൻ 1974 മേയ് 29ന് തമിഴ്നാട്ടിലെ മധുര ജില്ലയിലെ കോട്ടംപട്ടിയിൽ ജനിച്ചു. വെള്ളാളപ്പട്ടിയിലും നെയ്വേലിയിലുമായി സ്കൂൾ വിദ്യാഭ്യാസം.
മധുരയിലെ അഗ്രികൾച്ചറൽ കോളജ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് കൃഷിയിൽ ബിരുദം പൂർത്തിയാക്കിയ പാണ്ഡ്യൻ പിന്നീട് ന്യൂ ഡൽഹിയിലെ ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബിരുദാനന്തര ബിരുദം നേടി.
2000ൽ പഞ്ചാബ് കേഡറിൽ ഐഎഎസ് ഉദ്യോഗസ്ഥനായി തന്റെ കരിയർ ആരംഭിച്ചു. ഒഡീഷ സ്വദേശിയായ 2000 ബാച്ചിലെ സഹ ഐഎഎസ് ഉദ്യോഗസ്ഥയായ സുജാത റൗട്ടിനെയാണ് അദ്ദേഹം വിവാഹം കഴിച്ചത്.
ഒഡീഷയുടെ മുൻനിര എസ്എച്ച്ജി ഗ്രൂപ്പ് പ്രോജക്ടായ മിഷൻ ശക്തിയുടെ തലപ്പത്തായിരുന്നു അവർ. തമിഴ്നാട് സ്വദേശിയായ അദ്ദേഹം സുജാതയെ വിവാഹം കഴിച്ചതോടെ ഒഡീഷയിലേക്ക് മാറ്റം ചോദിച്ചുവാങ്ങി.
2000ലെ ചുഴലിക്കാറ്റിനുശേഷം ഒഡീഷയിൽ പാണ്ഡ്യൻ തന്റെ ജോലി ആരംഭിച്ചു. 2002ൽ കലഹണ്ടി ജില്ലയിലെ ധരംഗഢിൽ സബ് കളക്ടറായിരുന്ന അദ്ദേഹം അവിടെ കർഷകർക്ക് മിനിമം താങ്ങുവില (എംഎസ്പി) നടപ്പിലാക്കുന്നതിൽ വിജയിച്ചു.
2004ൽ റൂർക്കേലയിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റായി, തുടർന്ന് 20 വർഷത്തിലേറെയായി പാപ്പരായ റൂർക്കേല ഡെവലപ്മെന്റ് ഏജൻസി (ആർഡിഎ)യുടെ തലവനായി നിയമിക്കപ്പെട്ടു. പാണ്ഡ്യന്റെ നേതൃത്വത്തിൽ നഷ്ടത്തിലായിരുന്ന ആർഡിഎയെ 15 കോടി ലാഭത്തിലാക്കി.
2005ൽ അദ്ദേഹം ഓഡീഷയിലെ ഏറ്റവും വലിയ ജില്ലയായ മയൂർഭഞ്ച് ജില്ലാ കളക്ടറായി നിയമിതനായി. വികലാംഗർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നതിനുള്ള ഏകജാലക സംവിധാനം കൊണ്ടുവന്നു.
മയൂർഭഞ്ജിലെ പ്രവർത്തനത്തിന് രാഷ്ട്രപതിയിൽനിന്ന് ദേശീയ അവാർഡ് ലഭിച്ചു. പിഡബ്ല്യുഡി സർട്ടിഫിക്കറ്റുകൾക്കായുള്ള ഏകജാലക സംവിധാനം ഒരു ദേശീയ മാതൃകയായി ഏറ്റെടുത്ത് രാജ്യത്തുടനീളം നടപ്പാക്കി. അക്കാലത്ത് ഹെലൻ കെല്ലർ അവാർഡ് ലഭിച്ച ഏക സർക്കാർ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം.
ഗഞ്ചം ജില്ലയിൽ ജില്ലാ കളക്ടറായിരിക്കെ പാവപ്പെട്ടവരുടെ ഉപജീവനമാർഗം മെച്ചപ്പെടുത്തുന്നതിനും തൊഴിൽ സുരക്ഷ നൽകുന്നതിനുമായി പാണ്ഡ്യൻ എൻആർഇജിഎസ് അവതരിപ്പിച്ചു.
വേതനം സുതാര്യമാക്കുന്നതിനായി ബാങ്ക് പേയ്മെന്റ് സംവിധാനം ആരംഭിച്ചു. രാജ്യത്തെ മികച്ച കളക്ടർക്കുള്ള എൻആർഇജിഎസിനുള്ള ദേശീയ അവാർഡ് രണ്ടുതവണ നേടിയ വ്യക്തിയാണ് പാണ്ഡ്യൻ.
പാണ്ഡ്യന്റെ ഭരണമികവിനെക്കുറിച്ചറിഞ്ഞ നവീൻ പട്നായിക് അദ്ദേഹത്തെ 2011ൽ തന്റെ പ്രൈവറ്റ് സെക്രട്ടറിയാക്കി. ഇതോടെ നവീന്റെ ഏറ്റവും വിശ്വസ്തനായി പാണ്ഡ്യൻ മാറി.
2023ൽ തന്റെ ഐഎഎസ് രാജിവയ്ക്കും വരെ നവീന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു പാണ്ഡ്യൻ. 2019ലും പിന്നീട് ജോലി രാജിവച്ച ശേഷ വും 5ടി (ട്രാൻസ്ഫോർമേഷൻ ഇനിഷ്യേറ്റീവ്സ്) സെക്രട്ടറിയായി നിയമിതനായി.
ഒഡീഷയിലെ എല്ലാ ഹൈസ്കൂളുകളും സ്മാർട്ട് സ്കൂളുകളാക്കി മാറ്റി. ഭക്ഷ്യ കമ്മി സംസ്ഥാനമെന്ന നിലയിൽ നിന്ന്, ഇന്ത്യയുടെ ഭക്ഷ്യസുരക്ഷയ്ക്ക് സംഭാവന നൽകുന്ന മൂന്നാമത്തെ വലിയ സംസ്ഥാനമായി ഒഡീഷയെ മാറ്റാനും പാണ്ഡ്യനു കഴിഞ്ഞു.
പാണ്ഡ്യൻ ആവിഷ്കരിച്ച പദ്ധതികളിൽ ചിലത് പിന്നീട് കേന്ദ്രസർക്കാർ തന്നെ ഏറ്റെടുത്തു നടപ്പാക്കി. ഐഎസിൽനിന്നു സ്വയം വിരമിച്ചശേഷം പാണ്ഡ്യൻ കാബിനറ്റ് റാങ്കോടെ പദ്ധതികളുടെ നടത്തിപ്പു ചുമതലയിൽ നിയമിതനായി.
2023 നവംബർ 27ന് പാർട്ടി അധ്യക്ഷനും ഒഡീഷ മുഖ്യമന്ത്രിയുമായ നവീൻ പട്നായിക്കിന്റെ സാന്നിധ്യത്തിൽ പാണ്ഡ്യൻ ഔദ്യോഗികമായി ബിജു ജനതാദളിൽ ചേർന്നു.
ഈ ജൂൺ ഒന്പതിന് അദ്ദേഹം ബിജെഡിയിൽ നിന്ന് രാജി വയ്ക്കുകയും താൻമൂലമുണ്ടായ പരാജയത്തിൽ നവീന്റെ കുടുംബത്തോട് മാപ്പു ചോദിക്കുകയും ചെയ്തു. വംശീയതയുടെ പേരിൽ ബലിയാടാക്കപ്പെട്ടയാളായിട്ടുവും പാണ്ഡ്യൻ ഭാവിയിൽ അറിയപ്പെടുക.