തെരുവു ജീവിതങ്ങളുടെ കാവല്‍ മാലാഖ
സീമ മോഹന്‍ലാല്‍
"എത്ര അഴുകിയ ശരീരത്തോടെ ഇരിക്കുന്ന ആളാണെങ്കിലും അവരെ എടുക്കുന്നതില്‍ എനിക്ക് അറപ്പു തോന്നാറില്ല. ഒരു പക്ഷേ, ദൈവം തന്ന അനുഗ്രഹമാകാം. ആരോരുമില്ലാതെ തെരുവോരങ്ങളില്‍ അന്തിയുറങ്ങുന്ന പ്രായമായവരെ കാണുമ്പോള്‍ എനിക്ക് അച്ഛമ്മയുടെയും അമ്മൂമ്മയുടെയും അച്ഛന്റെയുമൊക്കെ മുഖം മനസില്‍ മിന്നിമറയും.
അവരെ സഹായിക്കേണ്ടത് എന്റെ കടമയാണെന്ന് മനസ് പറയും. പിന്നെ ഒന്നും നോക്കില്ല. എത്ര കഷ്ടപ്പെട്ടാണെങ്കിലും അവരെ സുരക്ഷിത സ്ഥാനത്ത് എത്തിക്കാതെ എനിക്ക് ഉറങ്ങാനാവില്ല' പാലക്കാട് ഡിസിആര്‍ബിയിലെ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ റീന ജീവന്റെ വാക്കുകളാണിത്.
ഇതിനകം തന്നെ റീനയുടെ കാരുണ്യത്തിന്റെ സാന്ത്വന സ്പര്‍ശം അറിഞ്ഞത് മുന്നൂറിലധികം പേരാണ്. തെരുവോരത്തുനിന്നും മറ്റും റീന കണ്ടെത്തി സ്വന്തം കൈയില്‍നിന്ന് പണം മുടക്കി ഭക്ഷണം നല്കിയവര്ക്കും അഭയകേന്ദ്രങ്ങളിലെത്തിച്ചവര്ക്കും അവരിന്ന് കാരുണ്യത്തിന്റെ മാലാഖയാണ്.
പോലീസ് ഉദ്യോഗസ്ഥ എന്ന പദവിക്കൊപ്പം സാമൂഹ്യപ്രവര്‍ത്തക എന്ന സ്ഥാനം കൂടി ഭംഗിയായി നിറവേറ്റുന്ന റീനയുടെ കാരുണ്യസ്പര്ശത്തെക്കുറിച്ച് വായിക്കാം...
നൊമ്പരമായി അച്ഛന്റെ വിയോഗം
പാലക്കാട് മലമ്പുഴ പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ പ്രേമ-ശിവശങ്കരന് ദമ്പതികളുടെ നാലു മക്കളില്‍ മൂത്തയാളാണ് റീന. കുട്ടിക്കാലം മുതല്‍ അച്ഛന് ചെയ്യുന്ന നന്മ കണ്ടുവളര്‍ന്നവരാണ് ഈ മക്കള്‍. പാലക്കാട് ശങ്കര്‍ പ്ലാസ്റ്റിക്സ് എന്ന കമ്പനി ഉടമയായ ശിവശങ്കരന് തന്റെ മുന്നില്‍ സഹായം ചോദിച്ചെത്തുന്ന ആരെയും നിരാശരാക്കാറില്ല.
അച്ഛനെ റോള്‍ മോഡലായി മനസില്‍ കൊണ്ടു നടക്കുന്ന റീനയും സ്കൂള്‍പഠനകാലത്ത് തന്റെ മുന്നില്‍ സഹായത്തിനായി കൈനീട്ടുന്നവര്ക്കുവേണ്ടി തന്നാല്‍ കഴിയുന്ന ചെറിയ കാര്യങ്ങളൊക്കെ ചെയ്തു കൊടുക്കുമായിരുന്നു.
എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ പോലീസ് ആകണമെന്ന ആഗ്രഹം മനസില്‍ കൊണ്ടു നടന്ന റീനയുടെ ആ മോഹത്തിനു പിന്നില്‍ സാമൂഹ്യ സേവനം എന്ന ലക്ഷ്യം കൂടിയുണ്ടായിരുന്നു. മകളുടെ ആഗ്രഹത്തിന് മാതാപിതാക്കളും കൂടെ നിന്നതോടെ കഠിനപ്രയത്നത്തില്‍ 22 വര്‍ഷം മുമ്പ് റീന പോലീസുകാരിയായി.
തന്നാല്‍ കഴിയാവുന്ന സഹായങ്ങളൊക്കെ അവര്‍ ആലംബഹീനര്‍ക്കായി ചെയ്തുകൊടുത്തു. പക്ഷേ, 2006ല്‍ ശിവശങ്കരന്റെ ആക്സ്മിക വിയോഗം റീനയെയും കുടുംബത്തെയും വല്ലാതെ ബാധിച്ചു.
54-ാം വയസില്‍ അദ്ദേഹം ഹൃദയാഘാതത്തെ തുടര്‍ന്ന് ഈ ലോകത്തോട് വിട പറഞ്ഞപ്പോള്‍ തന്റെ അച്ഛനുവേണ്ടി ഒന്നും ചെയ്യാന്‍ പറ്റിയില്ലല്ലോയെന്ന സങ്കടം റീനയെ വേട്ടയാടി. ആ പ്രായത്തിലുളളവരെ കാണുമ്പോള്‍ ഈ പോലീസ് ഉദ്യോഗസ്ഥയ്ക്ക് സങ്കടം വര്‍ധിക്കും.
പൊതിച്ചോറില്‍ തുടക്കം
പാലക്കാട് സൗത്ത് പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്യുന്ന സമയത്ത് രാത്രികാല ഫൂട്ട് പട്രോളിംഗിന് ഇറങ്ങുമ്പോള്‍ റീനയുടെ മനസ് വല്ലാതെ വേദനിച്ചിരുന്നു. കടത്തിണ്ണയിലും റോഡരികിലും മഴയും മഞ്ഞുമേറ്റ് കിടക്കുന്ന പ്രായമായവര്‍ ദുഃഖകരമായ കാഴ്ചയായിരുന്നു.
അന്നൊക്കെ വീട്ടില്‍ ഭക്ഷണം ഉണ്ടാക്കിയോ കടയില്‍നിന്ന് വാങ്ങിച്ചോ റീന പത്തോളം ഭക്ഷണപ്പൊതികള്‍ വഴിയോരങ്ങളില്‍ അന്തിയുറങ്ങുന്ന പാവപ്പെട്ടവര്‍ക്കു സമ്മാനിച്ചു. അങ്ങനെ റീനയുടെ വരവിനായി ആലംബഹീനര്‍ വഴിയോരത്ത് കാത്തിരിപ്പു തുടങ്ങി.
ഒരിക്കല്‍ ഭക്ഷണവിതരണത്തിനിടെ കണ്ടാല്‍ വളരെ ആഢ്യത്വമുള്ള പ്രായമായ ഒരാളെ റീന കടത്തിണ്ണയില്‍ കണ്ടു. ഭക്ഷണപ്പൊതി കൈമാറുന്നതിനിടെ അച്ഛന്റെ വീട് എവിടെയാണെന്ന് റീന ചോദിച്ചു. പാലക്കാട് തന്നെയാണ് അദ്ദേഹം പറഞ്ഞു.
ഒമ്പതു മക്കളുണ്ടെന്നും എല്ലാവരും നല്ല നിലയിലാണെന്നും അദ്ദേഹം പറഞ്ഞപ്പോള്‍ അവരുടെ പേരും വിലാസവും നല്‍കൂ, അവരുടെ അടുത്ത് എത്തിക്കാമെന്നു റീന പറഞ്ഞു. "എനിക്ക് ആരെയും വേദനിപ്പിക്കാന്‍ കഴിയില്ല.
ആരെയും ഞാന്‍ ബുദ്ധിമുട്ടിക്കില്ല. ഞാന്‍ ഇങ്ങനെ ജീവിച്ചോളാം' എന്നായിരുന്നു ആ 76കാരന്റെ മറുപടി. ഇങ്ങനെയും കുറേ മനുഷ്യര്‍ നമുക്ക് ചുറ്റുമുണ്ടെന്ന് മനസിലാക്കിയത് അന്നായിരുന്നുവെന്ന് എഎസ്ഐ റീന ജീവന് വേദനയോടെ പറഞ്ഞു.
എറണാകുളത്തെ കണ്ണുനിറച്ച കാഴ്ചകള്‍
2016 സെപ്റ്റംബറിലായിരുന്നു തിരുവനന്തപുരം സ്വദേശിയും എറണാകുളത്ത് ബിസിനസുകാരനുമായ ആര്.പി. ജീവനുമായുള്ള റീനയുടെ വിവാഹം നടന്നത്. വിവാഹശേഷം വര്‍ക്കിംഗ് അറേഞ്ച്മെന്റില്‍ റീന എറണാകുളം റെയില്‍വേയിലേക്ക് എത്തി.
പല നാടുകളില്‍നിന്നും ട്രെയിന്‍ കയറ്റിവിട്ട് എറണാകുളം സൗത്ത്, നോര്‍ത്ത് റെയില്‍വേ സ്റ്റേഷനുകളില്‍ എത്തിപ്പെടുന്ന പ്രായമായവര്‍, ബുദ്ധിമാന്ദ്യമുള്ളവര്‍, ഒരു നേരത്തെ അന്നത്തിനായി റെയില്‍വേ സ്റ്റേഷന് പരിസരത്ത് യാചിക്കുന്നവര്‍, വേസ്റ്റ് ബിന്നില്‍നിന്ന് ഭക്ഷണാവശിഷ്ടങ്ങള്‍ വാരിയെടുത്ത് ആര്‍ത്തിയോടെ കഴിക്കുന്നവര്‍... ആലപ്പുഴ വരെയുള്ള ബീറ്റ് ഡ്യൂട്ടിയില്‍ ഇവരെല്ലാം റീനയുടെ നെഞ്ചിലെ നൊമ്പരക്കാഴ്ചകളായിരുന്നു.
എറണാകുളത്ത് എത്തിയ ആദ്യ മാസം ഇതെല്ലാം കണ്ടിട്ട് അവര്‍ക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. മനസുമടുത്ത റീന ഇവര്‍ക്കായി എന്തെങ്കിലും ചെയ്യാന്‍ കഴിയുമോയെന്ന് സഹപ്രവര്‍ത്തകരോട് ചോദിച്ചു. അതിലൊരു സഹപ്രവര്‍ത്തകനാണ് തെരുവോരം മുരുകന്റെ നമ്പര്‍ കൊടുത്തത്.
മുരുകനെ റീന വിളിച്ചു സംസാരിച്ചു. "മാഡം ധൈര്യമായി ഇരിക്കൂ. വിവരം അറിയിച്ചാല്‍ ഞാന്‍ ഇവരെ എടുത്തോളാം' മുരുകന് കൊടുത്ത ആ വാക്ക് റീനയ്ക്ക് ആശ്വാസം നല്‍കുന്നതായിരുന്നു. അങ്ങനെ ഓരോ ദിവസം രണ്ടും മൂന്നും അനാഥരെ തെരുവോരങ്ങളില്‍നിന്ന് മുരുകന്റെ സഹായത്തോടെ റീന ഷെല്‍ട്ടര്‍ ഹോമുകളില്‍ എത്തിച്ചു.
പോകുന്ന ഇടങ്ങളിലൊക്കെ കണ്ടുമുട്ടുന്ന ആലംബഹീനര്‍ക്ക് തന്നാല്‍ കഴിയുന്ന സഹായം നല്കി. ആശുപത്രികളില്‍ എത്തിക്കേണ്ടവരെ അവിടേക്ക് കൊണ്ടുപോയി.
ആദ്യം അഭയകേന്ദ്രത്തിൽഎത്തിച്ചത് നവദീപിനെ
ഒരിക്കല്‍ ചേര്‍ത്തല റെയില്‍വേ സ്റ്റേഷനില്‍ എറണാകുളത്തേക്കുള്ള ട്രെയിന്‍ കാത്തുനില്‍ക്കുമ്പോഴാണ് അടുത്തുള്ള ബെഞ്ചില്‍ കിടക്കുന്ന ചെറുപ്പക്കാരനെ റീന ശ്രദ്ധിച്ചത്. 23 വയസ് തോന്നിക്കുന്ന ആ യുവാവ് താടിയും മുടിയും നീട്ടി വളര്‍ത്തി ഇംഗ്ലീഷില്‍ കവിത ചൊല്ലുന്നുണ്ടായിരുന്നു.
റീന അടുത്തു ചെന്നപ്പോള്‍ വിറയാര്‍ന്ന ശബ്ദത്തില്‍ തനിക്ക് മാനസിക പ്രശ്നമുണ്ടെന്നും ചികിത്സിക്കാമോയെന്നും ആന്ധ്രാസ്വദേശിയായ നവദീപ് എന്ന ആ യുവാവ് ചോദിച്ചു. നന്നായി പനിച്ചു കിടക്കുന്ന അവന് അടുത്ത കടയില്‍നിന്ന് ബ്രഡും വെള്ളവും വാങ്ങി കൈയിലുണ്ടായിരുന്ന പാരസെറ്റമോള്‍ ഗുളികയും റീന നല്കി.
ചേര്‍ത്തല പോലീസ് സ്റ്റേഷനില്‍ വിളിച്ചു കാര്യം പറഞ്ഞു. അപ്പോഴേക്കും ട്രെയിന്‍ വന്നു. തന്റെ പേരും നമ്പറും കടലാസില്‍ കുറിച്ചുനല്കി റീന വണ്ടികയറി. പിറ്റേന്ന് അയാള്‍ അവരെത്തേടി എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ എത്തി.
തുടര്‍ന്ന് അയാളെ പുനരധിവാസകേന്ദ്രത്തിലേക്ക് മാറ്റി മെച്ചമായ ചികിത്സ ലഭ്യമാക്കി. നവദീപ് ആയിരുന്നു റീന പുനരധിവാസ കേന്ദ്രത്തിലെത്തിച്ച ആദ്യ ആള്. നവദീപിന് ഇപ്പോഴും ചികിത്സ നല്‍കുന്നുണ്ടെന്നും പഴയതില്‍നിന്ന് മാറ്റമുണ്ടെന്നും റീന പറഞ്ഞു.
മീനാക്ഷിയെ ജീവിതത്തിലേക്ക് തിരിച്ച് പിടിച്ച്...
എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ പ്ലാറ്റ്ഫോം ഡ്യൂട്ടി ചെയ്യുന്ന സമയത്തുണ്ടായ ഒരു അനുഭവം പറയുമ്പോള്‍ ഇന്നും റീനയുടെ കണ്ണു നിറയും. തൊട്ടടുത്ത പ്ലാറ്റ്ഫോമില്‍ ഒരമ്മ ചുരുണ്ടുകൂടി കിടക്കുന്നത് കണ്ടാണ് റീന അടുത്തേക്ക് എത്തിയത്.
ചുറ്റിലും മലമൂത്രവിസര്‍ജനം നടത്തിയാണ് അറുപതുകാരിയായ ആ അമ്മ കിടക്കുന്നത്. ജീവിതത്തിന്റെ യൗവനങ്ങളില്‍ മുംബൈ നഗരത്തില്‍ തന്റെ ശരീരം വിറ്റു ജീവിച്ച അവരുടെ ഇന്നത്തെ അവസ്ഥ കണ്ടിട്ട് കാണാതെ പോകാന്‍ റീനയ്ക്ക് ആയില്ല.
അവരുടെ ഗര്‍ഭപാത്രം പുറത്തേക്ക് തള്ളിയ നിലയിലായിരുന്നു. അതിലാകെ മണ്ണുപുരണ്ട് പഴുത്ത് അളിഞ്ഞിരിക്കുന്നു. അസഹ്യമായ ദുര്‍ഗന്ധവും. പക്ഷേ അവരെ നെഞ്ചോട് ചേര്‍ക്കാന്‍ റീനയ്ക്ക് അറപ്പില്ലായിരുന്നു.
തെരുവോരം മുരുകന്റെ സഹായത്തോടെ എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിച്ചു ചികിത്സ ലഭ്യമാക്കി. ഏറെ വൈകാതെ അവരില്‍ ജീവന്റെ പ്രതീക്ഷ കണ്ടുതുടങ്ങി. രോഗം ഭേദമായതോടെ അവരെ കാക്കനാട്ടുള്ള തെരുവു വെളിച്ചമെന്ന പുനരധിവാസ കേന്ദ്രത്തിലാക്കി.
പിന്നീട് അവിടെ നിന്നു മറ്റൊരു ഷെല്‍ട്ടര്‍ ഹോമിലാക്കിയ മീനാക്ഷി ഇന്ന് സന്തോഷത്തോടെ ജീവിക്കുന്നു.
മനസന്തോഷം നല്കിയ നിമിഷം
വര്‍ഷങ്ങള്‍ക്കു മുമ്പ് റീന തിരുവനന്തപുരം സ്വദേശിയായ 71കാരനെയും തെരുവോരത്തുനിന്ന് രക്ഷിച്ച് അഭയകേന്ദ്രത്തിലാക്കി. അദ്ദേഹത്തോടൊപ്പം നില്ക്കുന്ന ചിത്രം പത്രങ്ങളില്‍ വന്നിരുന്നു. ഇതുകണ്ടിട്ട് ഗള്‍ഫിലുള്ള ഒരു ബന്ധു അദ്ദേഹത്തിന്റെ മകളെ വിവരം അറിയിച്ചു.
ഓര്‍മക്കുറവുള്ള അദ്ദേഹം ഒരു ദിവസം രാവിലെ നടക്കാനായി വീട്ടില്‍നിന്ന് ഇറങ്ങിയതാണ്. പിന്നെ തിരിച്ചു ചെന്നിട്ടില്ല. മകള്‍ റീനയുടെ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ചു വിളിച്ചു. ഒരിക്കലും തിരിച്ചു കിട്ടില്ലെന്നു കരുതിയ തങ്ങളുടെ അച്ഛനെ നാലു മാസത്തിനുശേഷം തിരികെ കിട്ടിയ സന്തോഷത്തില്‍ റീനയ്ക്ക് നന്ദി പറഞ്ഞാണ് ആ കുടുംബം പോയത്.
കുറേ നാളുകള്‍ക്കുശേഷം റീന ആ കുടുംബവുമായി ബന്ധപ്പെട്ടപ്പോള്‍ ഒരു വര്‍ഷം മുമ്പ് അദ്ദേഹം മരിച്ചതായി മകള്‍ അറിയിച്ചു. ഒരുപക്ഷേ അനാഥനായി മരിക്കേണ്ടിവരുമായിരുന്ന അദ്ദേഹത്തെ ബന്ധുക്കളുടെ കൈകളില്‍ ഏൽപ്പിക്കാൻ കഴിഞ്ഞല്ലോയെന്ന സന്തോഷം വളരെ വലുതാണെന്ന് റീന പറഞ്ഞു.
അന്നമൊരുക്കാനും മുന്നിൽ
തെരുവോരത്ത് അന്തിയുറങ്ങുന്നവര്‍ക്ക് അന്നം നല്‍കുന്നതിനായി തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലും കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലും പോലീസിന്റെയും പൊതുജനങ്ങളുടെയും സഹകരണത്തോടെ 2021 ജനുവരിയില്‍ ആരംഭിച്ച പോലീസ് അക്ഷയപാത്ര പദ്ധതിക്ക് ചുക്കാന്‍ പിടിച്ചതും റീന ജീവനായിരുന്നു.
പോലീസുകാരും പൊതുജനങ്ങളും ചേര്‍ന്നുള്ള വാട്സ്ആപ്പ് ഗ്രൂപ്പിലെ ഓരോ അംഗവും ഓരോ ദിവസവും ഭക്ഷണപ്പൊതി സ്പോണ്സര് ചെയ്യും. ഇത്തരത്തില്‍ അറുപതോളം ഭക്ഷണപ്പൊതികള്‍ ദിവസവും തെരുവോരങ്ങളില്‍ വിതരണം ചെയ്യുന്നുണ്ട്. അന്നത്തെ തിരുവനന്തപുരം അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ സുല്‍ഫിക്കറിന്റെ പൂര്‍ണപിന്തുണ കൂടി ലഭിച്ചതോടെ പദ്ധതി വന്‍വിജയമായിരുന്നുവെന്ന് റീന പറഞ്ഞു.
അതിന്റെ ചുവടുപിടിച്ച് പാലക്കാട് നന്മ ഫൗണ്ടേഷനുമായി ചേര്‍ന്ന് പാലക്കാട് സൗത്ത് സ്റ്റേഷനു മുന്നിലും പട്ടിക്കര പെട്രോള്‍ പപമ്പിനു സമീപവും ഫുഡ് കിയോസ്ക് സ്ഥാപിച്ചിട്ടുണ്ട്. ഇതിന്റെ കോഓര്‍ഡിനേറ്ററും റീന ജീവന് തന്നെയാണ്.
സേനയില്‍ നിന്നുള്ള പിന്തുണ
റീനയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പോലീസ് സേനയില്‍നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. പാലക്കാട് ജില്ല പോലീസ് മേധാവി ആനന്ദ്, തിരുവനന്തപുരം റൂറല്‍ അഡീഷണല്‍ എസ്പി സുല്‍ഫിക്കര്‍, പാലക്കാട് മുന്‍ ഡിസിആര്‍ബി ഡിവൈഎസ്പി ശ്രീകുമാര്‍, ഇപ്പോഴത്തെ ഡിവൈഎസ്പി ബാലകൃഷ്ണന്, കണ്ണൂര്‍ അഡിഷണല്‍ എസ്പി സദാനന്ദന്, റിട്ട. ഡിവൈഎസ്പി കാസിം, സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമായ മറ്റ് പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ നല്കുന്ന പിന്തുണ വളരെ വലുതാണെന്നാണ് റീന ജീവന് പറയുന്നത്.
താങ്ങും തണലുമായി ജീവന്
തന്നെ ആദ്യമായി പെണ്ണുകാണാന്‍ വന്ന ജീവന് എന്ന ചെറുപ്പക്കാരനോട് റീന എന്ന പോലീസ് ഉദ്യോഗസ്ഥ ഒരു ചോദ്യം ചോദിച്ചു. "തെരുവില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്നവര്‍ക്ക് താമസിക്കാനും ഭക്ഷണം നല്‍കാനും ഒരു ഷെല്‍ട്ടര്‍ ഹോം പണിയണമെന്നാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം.
അത് സാധിപ്പിച്ചുതരാന്‍ കൂടെ നില്‍ക്കുമോ?' മുന്നില്‍ നില്ക്കുന്ന യുവതിയുടെ ചോദ്യം കേട്ട് ആ ചെറുപ്പക്കാരന് ആദ്യമൊന്ന് അമ്പരന്നെങ്കിലും ഉറപ്പായിട്ടും കൂടെയുണ്ടാകുമെന്ന് വാക്കു നല്കി. ആ ഉറപ്പാണ് തന്റെ ഈ സാമൂഹ്യ സേവനത്തിനുള്ള കരുത്തെന്ന് റീന പറയുന്നു.
"അന്തിയുറങ്ങാന്‍ ഇടമില്ലാതെ പ്രായമായവര്‍ അലയരുത്. അതിനായി ഒരു ഷെല്‍ട്ടര്‍ ഹോം പണിയണം. ഇന്നും പോലീസ് സുഹൃത്തുക്കള്‍ ഉള്‍പ്പെടെ പലരും തെരുവോരത്ത് അന്തിയുറങ്ങുന്നവരെ സുരക്ഷിതമായി എവിടെ എത്തിക്കണമെന്ന് ചോദിച്ച് എന്നെ വിളിക്കാറുണ്ട്.
ഷെല്‍ട്ടര്‍ ഹോം എന്ന ആ വലിയ മോഹം ദൈവം സാധ്യമാക്കി തരുമെന്ന പ്രതീക്ഷയുണ്ട്' -തെരുവു ജീവിതങ്ങളുടെ കാവല്‍ മാലാഖയായ ഈ പോലീസ് ഉദ്യോഗസ്ഥ പറഞ്ഞു നിര്‍ത്തുന്നു.