ഹിമക്കൂടാരത്തിൽ മഞ്ഞുരുകൽ
കോട്ടൂർ സുനിൽ
നമ്മുടെ നാട്ടിൽ കൊടും ചൂട്, ഗൾഫ് അടക്കമുള്ള അറബ് രാജ്യങ്ങളിൽ ഭീതി വിതയ്ക്കുന്ന മഴ, യുറോപ്യൻ രാജ്യങ്ങളിൽ മഴയും അതി ശൈത്യവും. ലോകം വല്ലാത്തൊരു കാലാവസ്ഥ വ്യതിയാനത്തിലേക്ക് പോകുന്ന അവസ്ഥ.
ഞെട്ടിക്കുന്ന വിവരം ശാസ്ത്ര വിദഗ്ദർ ഇപ്പോൾ പുറത്തുവിടുകയാണ്. അന്റാർട്ടിക്ക് മഞ്ഞുപാളികൾ ഉരുകുന്നത് തുടരുന്നതിനാൽ വരും നൂറ്റാണ്ടുകളിൽ സമുദ്രനിരപ്പ് ഒന്നിലധികം മീറ്റർ ഉയരും.
സമുദ്രനിരപ്പ് ഉയരുന്നത് ലോകമെമ്പാടുമുള്ള ദ്വീപ്സമൂഹങ്ങളെ മുക്കിക്കളയുകയും വന്യജീവികളുടെ ആവാസവ്യവസ്ഥയെ നശിപ്പിക്കുകയും ചെയ്യും. മാത്രമല്ല ശുദ്ധജലാശയങ്ങളിലേക്ക് കടൽ വെള്ളം കയറുന്നതിനാൽ കുടിവെള്ളം കിട്ടാക്കനിയാകും.
അന്റാർട്ടിക്ക
ഏറ്റവും കുറവ് വർഷപാതം രേഖപ്പെടുത്തുന്ന ഈ പ്രദേശം തണുത്തുറഞ്ഞ മേഖലയാണ്. ദക്ഷിണധ്രുവത്തിലെ ശരാശരി വാർഷിക വർഷപാതം പത്ത് സെന്റീമീറ്റർ മാത്രമാണ്.
ശീതകാലത്ത് പ്രദേശത്തെ താപനില -80 സെൽഷ്യസ് സെൽഷ്യസിനും -90ഡിഗ്രി സെൽഷ്യസിനും മധ്യേയായിരിക്കും. സമുദ്രനിരപ്പിൽ നിന്നു ശരാശരി മൂന്നു കിലോമീറ്ററാണ് അന്റാർട്ടിക്കിന്റെ ഉയരം എന്നതാണൊരു കാരണം.
രണ്ടാമതായി പ്രദേശത്തെ താപനില സമുദ്രജലത്തിന്റെ താപനിലയുമായി ബന്ധപ്പെട്ടിരിക്കുന്നു.
മഞ്ഞുരുകൽ
അന്റാർട്ടിക്ക ഭൂഖണ്ഡത്തിൽ ഹിമപാളികളുടെ വിസ്തീർണം റിക്കാർഡ് വേഗത്തിൽ കുറയുന്നുവെന്നു പുതിയ പഠനം. ഉറഞ്ഞുകൂടിയ മഞ്ഞുപാളികളുടെ വിസ്തീർണം നിലവിൽ 1.91 ദശലക്ഷം ചതുരശ്ര കിലോമീറ്ററായി ചുരുങ്ങിയെന്നാണ് യുഎസ് ആസ്ഥാനമായ നാഷണൽ സ്നോ ആൻഡ് ഐസ് ഡാറ്റാ സെന്റർ നടത്തിയ പഠനത്തിൽ കണ്ടെത്തിയത്.
ശാസ്ത്രലോകം മഞ്ഞുപാളികളുടെ വിസ്തീർണം നിരീക്ഷിക്കാൻ ആരംഭിച്ചത് 1970കളുടെ തുടക്കം മുതലാണ്. അന്നു മുതലുള്ള കണക്കിൽ ഏറ്റവും താഴ്ന്ന നിരക്കാണ് ഇപ്പോഴത്തേതെന്നും റിപ്പോർട്ടിൽ പറയുന്നു.
ദക്ഷിണാർധഗോളത്തിലെ വേനൽക്കാലം അവസാനിക്കാൻ രണ്ടാഴ്ച കൂടെ അവശേഷിക്കുന്നതിനാൽ ഈ കണക്കുകൾ ഇനിയും താഴുമെന്നാണ് കരുതുന്നതെന്നും സാഹചര്യം വളരെ ആശങ്കയുണർത്തുന്നതാണെന്നും കാലാവസ്ഥാ വിദഗ്ധർ പറയുന്നു.
ഇവിടെ സ്വർഗം തന്നെ
കണ്ണെത്താദൂരത്തോളം മഞ്ഞിന്റെ കടൽ. കണി കാണാൻ ഒരു തരി പച്ചപ്പോ പറയത്തക്ക ജൈവസാന്നിധ്യമോ ഇല്ലാത്ത ഇടം. താമസത്തെക്കുറിച്ച് ആലോചിക്കുക കൂടി വയ്യ. അന്റാർട്ടിക്ക എന്നു കേൾക്കുമ്പോൾത്തന്നെ നമ്മുടെ മനസിലേക്ക് വരുന്ന ചില കാര്യങ്ങളാണ് ഇവ.
എന്നാൽ, ഏഴു ഭൂഖണ്ഡങ്ങളിൽ ഒന്നായ അന്റാർട്ടിക്കയ്ക്ക് ഈ പറയുന്നതിലുമേറെ കാര്യങ്ങൾ അവകാശപ്പെടാനുണ്ട്. വർഷം മുഴുവനും അന്റാർട്ടിക്കയിൽ തന്നെ താമസിക്കുന്ന ആളുകളും മഞ്ഞിൽ വളരുന്ന പ്രത്യേകതരം സസ്യജാലങ്ങളുമെല്ലാം ഇവിടെയുണ്ട്.
ഈയിടെയായി, സാഹസികരായ സഞ്ചാരികളുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമായി മാറുകയാണ് ഇവിടം.
ശുദ്ധജലത്തിന്റെ ഉറവിടം
ഈ ഭൂഖണ്ഡം സമുദ്രത്താൽ ചുറ്റപ്പെട്ടതാണെന്ന് ഭൂരിഭാഗം ആളുകൾക്കും അറിയാമെങ്കിലും, ഭൂമിയിലെ ശുദ്ധജലത്തിൻറെ 60 ശതമാനം ഇവിടെയാണ് ഉള്ളതെന്ന് അധികമാർക്കും അറിയില്ല.
എന്നാൽ, വർഷം മുഴുവനും ഈ ജലം മരവിച്ച് മഞ്ഞുപാളികളായി കിടക്കുന്നതിനാൽ ഇത് ഉപയോഗിക്കാനാവില്ലെന്ന് മാത്രം. ഈ മഞ്ഞ് ഉരുക്കി ഉപയോഗിക്കാനായി അന്റാർട്ടിക്കയിൽ പ്ലാന്റുകൾ നിർമിച്ചിട്ടുണ്ട്.
ഈ വെള്ളം സംഭരിക്കാനായുള്ള ചെറിയ തടാകങ്ങളിൽനിന്നു മനുഷ്യരും മറ്റു ജീവികളും ദാഹമകറ്റുന്നു. ഇവയുടെ പ്രവർത്തനങ്ങൾക്കായി പ്ലന്പർമാരെയും ടാങ്ക് ക്ലീനർമാരെയും നിയമിച്ചിട്ടുണ്ട്. അന്റാർട്ടിക്കയിലെ ടൂർ സീസൺ ആകെ നാലു മാസമേയുള്ളൂ.
ഒക്ടോബർ പകുതി മുതൽ ഫെബ്രുവരി വരെ. ഈ സമയം അന്റാർട്ടിക്കയിൽ വേനൽക്കാലമാണ്. നമ്മുടെ കാലാവസ്ഥയ്ക്ക് നേരെ വിപരീതമാണ് അവിടെ. ബാക്കിയുള്ള മാസങ്ങളിൽ കടൽ മുഴുവൻ ഐസ് മൂടി കിടക്കുന്നതിനാൽ യാത്ര സാധ്യമല്ല.
അന്റാർട്ടിക്ക എത്ര മനോഹരവും വൈവിധ്യപൂർണവുമാണ്. ഭൂമിയിൽ ഏറ്റവും വേഗത്തിൽ ചൂടു കൂടുന്ന പ്രദേശങ്ങളിലൊന്നാണ് അന്റാർട്ടിക്ക് പെനിൻസുല. കഴിഞ്ഞ 50 വർഷത്തിനിടയിൽ, അന്റാർട്ടിക് ഉപദ്വീപിലുടനീളമുള്ള ശരാശരി താപനില വർധിച്ചു.
ഇത് ഭൂമിയിലെ ശരാശരി താപനില വർധനവിന്റെ അഞ്ചിരട്ടിയാണ്. ഇതുമൂലം പെൻഗ്വിനുകളുടെ ജീവിതരീതിയിലും ഇവിടെ വളരുന്ന ചിലയിനം പായലുകളുടെ വളർച്ചാരീതിയിലും പ്രകടമായ മാറ്റങ്ങൾ ഉണ്ടായതായി ഗവേഷകർ വിലയിരുത്തിയിട്ടുണ്ട്.
രക്ത വെള്ളച്ചാട്ടം
54 കിലോമീറ്ററോളം നീളത്തിൽ തൂവെള്ളയായി പരന്നു കിടക്കുന്നതാണ് അന്റാർട്ടിക്കയിലെ ടെയ്ലർ ഹിമാനി പ്രദേശം. 1911ൽ അവിടേക്ക് പര്യവേക്ഷണത്തിനെത്തിയ ഗവേഷകരുടെ കണ്ണിൽ ഒരു കാഴ്ച പെട്ടു.
ഹിമാനിയുടെ നെറുകയിൽനിന്ന് താഴേക്ക് ഒലിച്ചിറങ്ങുന്ന "രക്തം’. ടെയ്ലർ ഹിമാനിയിലെ വെളുത്ത മഞ്ഞിൽ കടുത്ത ചുവപ്പുനിറം കലർന്ന് ഒഴുകുന്നു. ബ്ലഡ് ഫോൾസ് എന്നാണവർ അതിനു നൽകിയ പേര്.
വർഷങ്ങളോളം ഈ ചുവന്ന നിറത്തിന്റെ ഉറവിടം ഒരു രഹസ്യമായി തുടർന്നു. 2017 ൽ ശാസ്ത്രജ്ഞർ ഇതിന്റെ കാരണം കണ്ടെത്തിയതായി പ്രഖ്യാപിച്ചു. ഹിമാനിയുടെ ഉള്ളിൽനിന്ന് ഒഴുകുന്ന വെള്ളം, ഉപ്പും ഓക്സിഡൈസ്ഡ് ഇരുമ്പും കൂടുതലുള്ള ഒരു സബ്ഗ്ലേഷ്യൽ തടാകത്തിൽ നിന്നാണ് വരുന്നത്.
ഓക്സിജനുമായി സമ്പർക്കം പുലർത്തിയപ്പോൾ ഇരുമ്പ് തുരുമ്പെടുത്തു, വെള്ളത്തിന് ചുവന്ന നിറം കലർന്നു. ’ബ്ലഡ് ഫാൾസ്’ എന്നാണ് ഇതിനെ വിളിക്കുന്നത്. മഞ്ഞുമൂടിയ അന്റാർട്ടിക്കയിൽ ഇന്ത്യ പോസ്റ്റിന്റെ മൂന്നാമത്തെ പോസ്റ്റ് ഓഫീസ് അടുത്തിടെ തുറന്നു.
1984ൽ ദക്ഷിണ ഗംഗോത്രി സ്റ്റേഷനിലും 1990ൽ മൈത്രി സ്റ്റേഷനിലും ഇന്ത്യ പോസ്റ്റ് തപാൽ ഓഫീസ് സ്ഥാപിച്ചിരുന്നു ഈ പരിശ്രമം ഒരു നാഴികക്കല്ലാണ്. നമ്മുടെ ശാസ്ത്രജ്ഞർക്ക് വാട്സാപ്പ് ഉൾപ്പെടെയുള്ള ആധുനിക ആശയവിനിമയ മാർഗങ്ങളുണ്ട്.
വേഗത കുറവാണെങ്കിലും അവർ അവരുടെ കുടുംബങ്ങളുമായി ആശയ വിനിമയം നടത്തുന്നുണ്ട്. ആളുകൾ കത്തുകൾ എഴുതുന്നത് പൂർണമായും നിർത്തിയ കാലഘട്ടത്തിൽ അന്റാർട്ടിക്ക എന്ന് പതിച്ച കത്തുകൾ ലഭിക്കുന്നത് ഒരു സ്മരണയാണ്.
ഞങ്ങൾ കത്തുകൾ വർഷത്തിലൊരിക്കൽ ശേഖരിച്ച് ഗോവയിലെ ഞങ്ങളുടെ ആസ്ഥാനത്തേക്ക് അയയ്ക്കും. ശാസ്ത്രജ്ഞരുടെ കുടുംബങ്ങൾക്ക് അവ അയച്ചുനൽകും’’, ഗ്രൂപ്പ് ഡയറക്ടർ (അന്റാർട്ടിക് ഓപ്പറേഷൻസ്) ശൈലേന്ദ്ര സൈനി പറയുന്നു.
സംരക്ഷിക്കാം ഈ ഭൂഖണ്ഡത്തെ
കാർബൺ പുറംതള്ളൽ ലോകത്ത് കുറഞ്ഞാൽ ഈ ഭൂഖണ്ഡത്തെ സംരക്ഷിക്കാം. എസിയും വാഹനപുക പുറംതള്ളലും ഒക്കെ ഈ ഭൂമിയെ വിഴുങ്ങുന്നത് ക്രമേണ കുറച്ചാൽ അത് ഭാവിയെ കരുപ്പിടിക്കുന്നതാക്കും ശാസ്ത്രജ്ഞർ പറയുന്നു.