കേരള പോലീസിലെ സ്ട്രോംഗ് മാന്‍
സീമ മോഹന്‍ലാല്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍ലിഫ്ടിംഗ് ചാമ്പ്യന്‍ഷിപ്പിനുള്ള തയാറെടുപ്പിലാണ് കേരള പോലീസിന്റെ ഇന്‍ഫോപാര്‍ക്കിലുള്ള സ്റ്റേറ്റ് ഇന്‍ഡസ്ട്രീയല്‍ സെക്യൂരിറ്റി ഫോഴ്സില്‍ ഡെപ്യൂട്ടേഷനില്‍ സബ് ഇന്‍സ്പെക്ടറായ ആര്. ശരത്കുമാര്.
പവര്‍ ലിഫ്ടിംഗ്, ബെഞ്ച് പ്രസ് ചാമ്പ്യന്‍ഷിപ്പുകളില്‍ ദേശീയ അന്തര്‍ദേശീയ മത്സരങ്ങളില്‍ സ്വര്‍ണമെഡലുകളോടെ ചാമ്പ്യനായ ശരത്കുമാറിന് ഈ വര്‍ഷം നാഷണല്‍ പവര്‍ ലിഫ്ടിംഗ് ചാമ്പ്യന്‍ഷിപ്പ്, പോലീസ് നാഷണല്‍ മീറ്റ്, ഏഷ്യന്‍ പവര്‍ ലിഫ്ടിംഗ് ചാമ്പ്യന്‍ഷിപ്പ് എന്നിവയിലും തന്റെ കൈക്കരുത്ത് തെളിയിക്കണം.
ജോലിക്ക് തടസമാവാത്ത വിധം കിട്ടുന്ന സമയത്തെല്ലാം കേരള പോലീസിലെ ഈ സ്ട്രോംഗ് മാന്‍ പരിശീലനം നടത്തുകയാണ്... ആ വിശേഷങ്ങളിലേക്ക്
തുടക്കം സ്വാമി ജിമ്മില്‍നിന്ന്
ആലപ്പുഴ സ്വദേശിയായ ശരത്കുമാര് പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് ജിമ്മില്‍ പോയി തുടങ്ങിയത്. പവര്‍ ലിഫ്ടര്‍ ആകണമെന്നുള്ള കുട്ടിക്കാലത്തെ മോഹം സാക്ഷാത്ക്കരിക്കുന്നതിനായാണ് ആലപ്പുഴ സ്വാമി ജിമ്മില്‍ പരിശീലനം തുടങ്ങിയത്.
തുടര്‍ന്ന് കോളജ് പഠനകാലത്ത് 1992-ല്‍ ഇന്റര്‍ യൂണിവേഴ്സിറ്റി വെയ്റ്റ് ലിഫ്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ മൂന്നു വര്‍ഷം കേരള യൂണിവേഴ്സിറ്റി ചാമ്പ്യനായതോടെയാണ് ശരത്കുമാറിന്റെ വിജയത്തിലേക്കുള്ള യാത്ര തുടങ്ങിയത്.
1995-ല്‍ ഹരിദ്വാറില്‍ നടന്ന വെയ്റ്റ് ലിഫ്ടിംഗ് ചാമ്പ്യന്‍ഷിപ്പിലെ സ്വര്‍ണമെഡല്‍, 1996-ല്‍ നടന്ന മത്സരത്തില്‍ സ്വര്‍ണമെഡലോടെ ചാമ്പ്യന്‍, ജൂനിയര്‍ നാഷണല്‍ ചാമ്പ്യന്‍ (1996, 1997), ദക്ഷിണേന്ത്യ ചാമ്പ്യന്‍,റിക്കാര്‍ഡ് ഹോള്‍ഡര്‍ (1995,96,97,98,99) എന്നിവയുള്‍പ്പെടെ നിരവധി കിരീടങ്ങള്‍ അദേഹം നേടി.
പോലീസ് സേനയിലേക്ക്
1997-ല്‍ 21-ാം വയസില്‍ കേരള പോലീസില്‍ കോണ്‍സ്റ്റബിളായി ജോലിയില്‍ പ്രവേശിച്ചു. അപ്പോഴും ഭാരദ്വോഹനത്തെ കൂടെ കൂട്ടി. തുടര്‍ന്ന് വിവിധ വര്‍ഷങ്ങളിലായി കേരള പോലീസ് മീറ്റില്‍ പവര്‍ലിഫ്ടിംഗ് മത്സരത്തില്‍ സ്ട്രോംഗ് മാനായി.
1998 മുതല്‍ 2018 വരെ പോലീസ് മീറ്റില്‍ വെയ്റ്റ് ലിഫ്ടിംഗ്, പവര്‍ ലിഫ്ടിംഗ് മത്സരങ്ങളില്‍ റിക്കാര്‍ഡ് സ്വര്‍ണ മെഡല്‍ ജേതാവാണ്. അതോടൊപ്പം മറ്റു മത്സരങ്ങളിലും അദേഹം തന്റെ കഴിവു തെളിയിച്ചു.
1998 മുതല്‍ സൗത്ത് ഇന്ത്യന്‍ പവര്‍ ലിഫ്ടിംഗ് ചാമ്പ്യന്‍ഷിപ്പ്, ഓള് ഇന്ത്യ സീനിയര്‍ നാഷണല്‍ പവര്‍ ലിഫ്ടിംഗ് ചാമ്പ്യന്‍ഷിപ്പ് എന്നിവയില്‍ പങ്കെടുത്ത് ഉജ്വല വിജയം നേടി.
ശക്തമായ തിരിച്ചുവരവ്
2022 നവംബപര് 22-ന് പൂനെയില്‍ നടന്ന ഓള് ഇന്ത്യ പവര്‍ ലിഫ്ടിംഗ് നാഷണല്‍ മീറ്റില്‍ പങ്കെടുക്കുന്നതിനിടെയാണ് ശരത്കുമാറിന്റെ ഇരുകാലുകളിലെയും ക്വാര്ഡ്രിസെപ്സ് മസിലുകള്‍ക്ക് പൊട്ടലുണ്ടായത്.
തുടര്‍ന്ന് അദേഹത്തിന് മത്സരത്തില്‍നിന്ന് പിന്‍വാങ്ങേണ്ടിവന്നു. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ ഡോ. ആസാദ് സേഠിന്റെ മേല്‍നോട്ടത്തില്‍ നടന്ന ശസ്ത്രക്രിയയ്ക്കു ശേഷം മൂന്നു മാസത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്.
ആശുപത്രി കിടക്കയില്‍ കിടക്കുമ്പോഴും അദേഹത്തിന്റെ മനസില്‍ നിറയെ അടുത്ത പവര്‍ ലിഫ്ടിംഗ് ചാമ്പ്യന്‍ഷിപ്പിനെക്കുറിച്ചുള്ള സ്വപ്നങ്ങളായിരുന്നു.
കാലുകള്‍ ഭേദമായതിനുശേഷം ശരത്കുമാര് വീണ്ടും ഭാരദ്വോഹനത്തില്‍ പരിശീലനം തുടങ്ങി. 2023 ജൂലൈയില്‍ ആന്ധ്രയില്‍ നടന്ന നാഷണല്‍ പവര്‍ ലിഫ്ടിംഗ് ചാമ്പ്യന്‍ഷിപ്പിലാണ് പിന്നീട് പങ്കെടുത്തത്.
അതിൽ വെള്ളി മെഡലോടെ രണ്ടാം സ്ഥാനം ശരത്കുമാറിന് ലഭിച്ചു. തുടര്‍ന്നു നവംബറില്‍ ബംഗളൂരുവില്‍ നടന്ന ഓള് ഇന്ത്യ ബെഞ്ച് പ്രസ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ നേടി ശക്തമായ തിരിച്ചുവരവാണ് ശരത്കുമാര് നടത്തിയത്.
മെഡല്‍ പെരുമഴ
2018 ല്‍ ഉദയ്പൂരില്‍ നടന്ന ഏഷ്യന്‍ പവര്‍ ലിഫ്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ നാലു സ്വര്‍ണമെഡലുകള്‍, ഇന്ത്യയെ പ്രതിനിധീകരിച്ച് ഏഷ്യ ഫസ്റ്റ് ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍ഷിപ്പ്, 2019ല്‍ ഹോങ്കോംഗില്‍ നടന്ന ഏഷ്യന്‍ പവര്‍ ലിഫ്ടിംഗ് ചാമ്പ്യന്‍ഷിപ്പിലെ നാല് സ്വര്‍ണമെഡല്‍,
സെപ്റ്റംബറില്‍ കാനഡയില്‍ നടന്ന കോമണ്‍വെല്‍ത്ത് പവര്‍ ലിഫ്ടിംഗിലും കോമണ്‍വെല്‍ത്ത് ബെഞ്ച് പ്രസ് ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യയെ പ്രതിനിധീകരിച്ച് അഞ്ച് സ്വര്‍ണമെഡലുകള്‍, 2022-ല്‍ ആലപ്പുഴയില്‍ നടന്ന നാഷണല്‍ പവര്‍ ലിഫ്ടിംഗ് ചാമ്പ്യന്‍ഷിപ്പിലെ സ്വര്‍ണമെഡല്‍,
2023 ജൂലൈയില്‍ ആന്ധ്രയില്‍ നടന്ന നാഷണല്‍ പവര്‍ ലിഫ്ടിംഗ് ചാമ്പ്യന്‍ഷിപ്പിലെ വെള്ളി മെഡല്‍, നവംബറില്‍ ബംഗളൂരുവില്‍ നടന്ന ബെഞ്ച് പ്രസ് മത്സരത്തില്‍ സ്വര്‍ണമെഡല്‍... ശരത്കുമാറിന്റെ മെഡല്‍ കൊയ്ത്ത് തുടരുകയാണ്.
ജൂലൈയില്‍ മധ്യപ്രദേശില്‍ നടക്കുന്ന പോലീസ് നാഷണല്‍ മീറ്റിലും മാസ്റ്റേഴ്സ് വേള്‍ഡ് പവര്‍ ലിഫ്ടിംഗ് ചാമ്പ്യന്‍ഷിപ്പിലും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും റിക്കാര്‍ഡ് നേട്ടമാണ് ശരത്കുമാറിന്റെ അടുത്ത ലക്ഷ്യം.
ഇതിനായി ജോലിയിലെ ഇടവേളകളില്‍ കാക്കനാട് ഇന്‍ഫോപാര്‍ക്കിലുള്ള കാലി ബി ജിമ്മില്‍ പരിശീലനം നടത്തുന്നുണ്ട്. 120 കിലോ വിഭാഗത്തിലാണ് ശരത് മത്സരിക്കുന്നത്.
കുടുംബം
ഭാര്യ മഞ്ജുവും മക്കളായ കോലഞ്ചേരി മെഡിക്കല്‍ കോളജിലെ എംബിബിഎസ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയായ അശ്വതി ശരത്തും പത്താം ക്ലാസ് ഫലം കാത്തിരിക്കുന്ന അശ്വിന് ശരത്തും പൂര്‍ണപിന്തുണയുമായി ശരത്തിനൊപ്പം എപ്പോഴുമുണ്ട്.
അശ്വിന് പവര്ലിഫ്ടിംഗില് സ്റ്റേറ്റ് സബ് ജൂനിയര്‍ ചാമ്പ്യനാണ്. 2020-ല്‍ വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡലും 2022-ല്‍ ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണറും ശരത്തിന് ലഭിച്ചിട്ടുണ്ട്.