"ആ മോദിയല്ല, ഈ മോദി'
സ്വന്തം ലേഖകൻ
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാത്തൊരവസ്ഥയിലാണ്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള അസാധാരണമായ രൂപ സാദൃശ്യമാണ് എഴുപതുകാരനായ രാമചന്ദ്രന് വിനയായി മാറുന്നത്.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ കേളിക്കൊട്ടിനിടയില് ആഗ്രയിലെത്തിയപ്പോഴാണ് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലായത്. അയോധ്യയിൽ പുതിയതായി നിര്‍മിച്ച രാമക്ഷേത്രം കാണാനുള്ള ആഗ്രഹത്തോടെയുള്ള യാത്രയ്ക്കിടയിലാണ് രാമചന്ദ്രന് ആഗ്രയിലെത്തിയത്.
റെയില്‍വേ സ്റ്റേഷനിലിറങ്ങിയപ്പോഴേക്കും മോദിയുടെ ആരാധകര്‍ വളഞ്ഞു. താന്‍ നരേന്ദ്ര മോദിയല്ല മലയാളിയായ രാമചന്ദ്രനാണെന്ന് ആവർത്തിച്ചു പറഞ്ഞിട്ടും പലരും വിശ്വസിച്ചില്ല. പലര്‍ക്കും കൂടെനിന്ന് സെല്‍ഫിയെടുക്കണം.
ബിജെപി ദേശീയ വൈസ് പ്രസിഡന്റായ എ.പി. അബ്ദുള്ളക്കുട്ടിയും ഇക്കൂട്ടത്തില്‍ സെല്‍ഫിയെടുത്തു. ഒരുകൂട്ടരുടേത് കഴിയുമ്പോള്‍ അടുത്ത കൂട്ടരെത്തുകയായി. ചുരുക്കത്തില്‍ ആഗ്രയിലെ മോദി ആരാധകരിൽ നിന്നു രക്ഷപ്പെടാൻ കഴിയാത്ത അവസ്ഥയിലായിരുന്നു രാമചന്ദ്രൻ.
ഇനി അയോധ്യയിലെത്തിയാല്‍ എന്തായിരിക്കുമവസ്ഥയെന്ന ആലോചിക്കാൻ പോലും കഴിയുന്നില്ലെന്നാണ് രാമചന്ദ്രനുമായി ഫോണിൽ ബന്ധപ്പെട്ടപ്പോൾ പറഞ്ഞത്.
കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളുടെ ചിത്രം കൂടി വോട്ടിംഗ് മെഷീനില്‍ രേഖപ്പെടുത്തുമെന്ന അറിയിപ്പ് വന്നതോടെ പ്രധാനമന്ത്രിയുടെ മുഖസാദൃശ്യമുള്ള രാമചന്ദ്രനെ തേടി നിരവധിയാളുകളെത്തിയിരുന്നു.
പിടിവലിയും സമ്മര്ദങ്ങളുമേറിയിട്ടും ഒരു രാഷ്ട്രീയ കക്ഷികളോടും പ്രത്യേക ആഭിമുഖ്യമൊന്നുമില്ലാത്ത രാമചന്ദ്രന് ആര്‍ക്കും വഴങ്ങിയില്ല. പ്രധാനമന്ത്രി എന്ന നിലയില്‍ മോദിയോടുള്ള ആദരവ് തന്നെയാണ് പ്രധാന കാരണം.
കോമഡി ഷോകളിലേക്ക് ക്ഷണിക്കാന്‍ ചാനലുകളുമെത്തി. നോട്ട് നിരോധനം പ്രമേയമാക്കി ചിത്രീകരിച്ച് "എയ്റ്റ് ഇലവന്' എന്ന കന്നട സിനിമയിൽ പ്രധാനമന്ത്രിയായും അഭിനിയിച്ചിരുന്നു.
പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സാധാരണ പാന്റ്സും ടീഷര്‍ട്ടും ധരിച്ച് ബാഗും തൂക്കി മൊബൈല്‍ നോക്കി നില്ക്കുന്ന "മോദി 'യുടെ ചിത്രം നേരത്തെ ദേശീയ മാധ്യമങ്ങളിലടക്കം വൈറലായിരുന്നു.
പിന്നീടാണ് അത് മോദിയല്ലെന്നും മാത്തില്‍ സ്വദേശിയായ രാമചന്ദ്രനാണെന്നും ലോകം തിരിച്ചറിഞ്ഞത്.
മുംബൈയിലും വിദേശത്തുമായി 40 വര്‍ഷത്തോളം ജോലി ചെയ്തിരുന്ന രാമചന്ദ്രന് എട്ട് വര്‍ഷത്തോളം ഭാര്യ ഓമനയ്ക്കും മകനുമൊപ്പം ബംഗളൂരുവിലായിരുന്നു താമസം. ഇക്കാരണത്താല്‍ തന്നെ രാമചന്ദ്രന് നാട്ടുകാര്‍ക്ക് അത്ര സുപരിചിതനുമല്ലായിരുന്നു.
നാട്ടില്‍ വന്ന രാമചന്ദ്രന് തിരിച്ച് ബംഗളൂരുവിലേക്ക് മടങ്ങി പോകുന്നതിനിടെ റെയിൽവേ സ്റ്റേഷനിൽ വച്ച് ആരോ പകർത്തിയ ചിത്രമായിരുന്നു അന്ന് വൈറലായത്.
പൊതുജീവിതത്തില്‍ ഇത്തരം തമാശകളൊക്കെ അനിവാര്യമാണ് എന്ന അടിക്കുറിപ്പോടെ പ്രധാനമന്ത്രി മോദി തന്നെ ട്വീറ്ററില്‍ ഈ ചിത്രം പോസ്റ്റ് ചെയ്തിരുന്നു. മോദിയുടെ രൂപസാദൃശ്യം മൂലം രസകരമായ പല അനുഭവങ്ങളുമുണ്ടായിട്ടുണ്ടെന്ന് രാമചന്ദ്രന് പറയുന്നു.
മോദി മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഗുജറാത്തില്‍ താമസിക്കുന്ന സഹോദരനെ കാണാന്‍ പോകുമ്പോള്‍ ആളുകള്‍ ചുറ്റും കൂടാറുണ്ടായിരുന്നു. മോദിയേപ്പോലുള്ള ഉത്തരേന്ത്യന്‍ വസ്ത്രധാരണം കൂടിയായപ്പോള്‍ ഇത് മോദിതന്നെയെന്ന് ആളുകള്‍ ഉറപ്പിക്കുകയായിരുന്നു.
ഹോട്ടലുകളില്‍ ചെന്നാലും ബസ്സ്റ്റാൻഡിലെത്തിയാലും ആളുകള്‍ ആരാധനയോടെയാണ് നോക്കുന്നത്. മോദിക്ക് കിട്ടുന്ന ആരാധനയുടെ ഒരു പങ്ക് രൂപസാദൃശ്യത്തിന്റെ പേരിൽ തനിക്കും കിട്ടുകയാണെന്നാണ് രാമചന്ദ്രൻ പറയുന്നത്.