ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവധിയുണ്ട്. നോക്കിയും കണ്ടും കളിച്ചില്ലെങ്കില്‍ നിങ്ങളുടെ ബാങ്ക് ബാലന്‍സ് നിമിഷനേരംകൊണ്ട് സീറോ ആകുമെന്നാണ് ഇത്തരത്തിലുള്ള തട്ടിപ്പിന് ഇരയായവര്‍ പറയുന്നത്.
സ്റ്റോക്ക് ട്രേഡിംഗ് നടത്തിയാല്‍ നല്ലലാഭം കിട്ടുമെന്ന വാട്സാപ്പ് മെസേജ് +44ല്‍ തുടങ്ങുന്ന നമ്പറില്‍നിന്നാണ് മലപ്പുറം സ്വദേശിക്ക് ലഭിച്ചത്. മെസേജിന് ഒപ്പം ഒരു ലിങ്കും.
അതുകണ്ട് മറ്റൊന്നും നോക്കാതെ അദ്ദേഹം ലിങ്കില്‍ ക്ലിക്ക് ചെയ്തു. ഉടന്‍ ഡിഎന്‍പി ഏജന്‍സി എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ മെസേജ് വന്നു. ഡൗണ്‍ലോഡ് ചെയ്ത ആപ്പില്‍ ഷെയറുകള്‍ ട്രേഡ് ചെയ്തതായി അദ്ദേഹം കണ്ടു.
അതു നോക്കിക്കൊണ്ടിരിക്കെ മറ്റൊരു വാട്സാപ്പ് നമ്പറില്‍ പരാതിക്കാരനെ ആഡ് ചെയ്തു. ആ ഗ്രൂപ്പില്‍ നിന്നാകട്ടെ ട്രേഡിംഗ് ചെയ്യുന്നതിന്റെ നിരവധി നിര്‍ദേശങ്ങള്‍ അദ്ദേഹത്തിനു ലഭിച്ചു.
തുടര്‍ന്ന് അവര്‍ പറഞ്ഞ അക്കൗണ്ടിലേക്ക് ഒരു ലക്ഷം രൂപ ട്രേഡ് ചെയ്യാന്‍ നിക്ഷേപിച്ചു. നിക്ഷേപിച്ച ഉടന്‍ ആ തുക ഡിഎന്‍പി ഏജന്‍സി ആപ്ലിക്കേഷനില്‍ കാണിക്കുന്നു.
വീണ്ടും രണ്ടു ലക്ഷം രൂപ കൂടി അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്നു. ഇതും ഡിഎന്‍പി ഏജന്‍സി ആപ്ലിക്കേഷനില്‍ കാണിച്ചു. 10 ശതമാനം ലാഭം കിട്ടിയെന്ന് കണ്ടതോടെ അദ്ദേഹം അവര്‍ പറഞ്ഞ അക്കൗണ്ടിലേക്ക് 75,000 രൂപ കൂടി അയച്ചുകൊടുത്തു.
ഇപ്പോള്‍ ചെയ്യുന്ന ട്രേഡിംഗിനെക്കാള് ലാഭം കിട്ടണമെങ്കില്‍ ബ്ലോക്ക് ട്രേഡിംഗ് ചെയ്യണമെന്ന സന്ദേശമാണ് അടുത്തതായി അദ്ദേഹത്തിന് ലഭിച്ചത്. അതിനായി ഒമ്പതു ലക്ഷം രൂപ നിക്ഷേപിക്കണം.
ലാഭമല്ലേ മുഖ്യം, മറ്റൊന്നും നോക്കാതെ അവര്‍ പറഞ്ഞ അക്കൗണ്ടിലേക്ക് മലപ്പുറം സ്വദേശി ഒമ്പതു ലക്ഷം രൂപ നിക്ഷേപിച്ച് അടുത്ത സന്ദേശത്തിനായി കാത്തിരുന്നു. നിക്ഷേപകന്റെ മനസില്‍ ലഡു പൊട്ടിച്ച് അതാ നിക്ഷേപിച്ച രൂപ 12,75,000 രൂപ 15 ലക്ഷം രൂപ ലാഭമായി ഡിഎന്‍പി ഏജന്‍സിയില്‍ കാണുന്നു.
എന്നാല്‍ തുക പിന്വലിച്ചേക്കാമെന്നു കരുതി അദ്ദേഹം അതിനായി ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് അവരുടെ വാട്സാപ്പ് നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ കൂടുതല്‍ തുക ഇട്ടാല്‍ മാത്രമേ പിന്‍വലിക്കാന്‍ പറ്റുകയുള്ളൂവെന്ന അറിയിപ്പ് കിട്ടി.
അപ്പോഴാണ് ഇതിലെ ചതി അദ്ദേഹത്തിന് മനസിലായത്. തുടര്‍ന്ന് സുഹൃത്തുക്കളുമായി ബന്ധപ്പെട്ടപ്പോഴാണ് തന്റെ പണം നഷ്ടപ്പെട്ടതാണെന്ന ബോധ്യം അദ്ദേഹത്തിനുണ്ടായത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഗോള്‍ഡന്‍ അവറില്‍ 1930ല്‍ പരാതിപ്പെടാന്‍ വൈകരുതേ...
ഇത്തരം തട്ടിപ്പുകള്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്നാണ് കേരള പോലീസ് നല്കുന്ന മുന്നറിയിപ്പ്. എസ്എംഎസ് ആയോ ഇ-മെയിലിലൂടെയോ വാട്ട്സാപ്, മെസഞ്ചര്‍, ഇന്‍സ്റ്റഗ്രാം തുടങ്ങിയവ വഴിയോ ലഭിക്കുന്ന സംശയകരമായ സന്ദേശങ്ങള്‍ക്ക് ഒരു കാരണവശാലും മറുപടി നല്‍കാനോ അതിലെ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാനോ പാടില്ല.
ഇത്തരം സന്ദേശങ്ങളില്‍ ഏതെങ്കിലും ഫിഷിംഗ് സൈറ്റിലേക്ക് നയിക്കുന്ന ലിങ്കുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടാവും. ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതുവഴി നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ തട്ടിപ്പുകാര്‍ കൈക്കലാക്കുന്നു.
പണമോ ബാങ്ക് വിവരങ്ങളോ ആവശ്യപ്പെടുന്ന സന്ദേശങ്ങളോട് ഒരിക്കലും പ്രതികരിക്കരുത്. ബാങ്കുകള്‍ ഒരിക്കലും നിങ്ങളുടെ അക്കൗണ്ട് സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ആവശ്യപ്പെടില്ല.
ഒരു അന്വേഷണ ഏജന്‍സിയും ഇത്തരത്തിലുള്ള യാതൊരു രേഖകളും വ്യക്തികള്‍ക്ക് അയച്ചുതരില്ല. അതുപോലെതന്നെ, അന്വേഷണത്തിന്റെ ഭാഗമായി പണവും ആവശ്യപ്പെടില്ല.
സാമ്പത്തിക തട്ടിപ്പിന് ഇരയായാല്‍ ഉടന്‍തന്നെ 1930 എന്ന സൈബര്‍ പോലീസിന്റെ ഹെല്‍പ്പ് ലൈനില്‍ ബന്ധപ്പെട്ട് വ്യക്തത വരുത്തുകയും പരാതി നല്‍കുകയും ചെയ്യണമെന്നാണ് പോലീസ് പറയുന്നത്.
www cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാം. എത്രയും നേരത്തെ റിപ്പോര്‍ട്ട് ചെയ്താല്‍ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാനുള്ള സാധ്യത കൂടുതലാണ്.
കഴിഞ്ഞ ജനുവരി ആറിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന അയച്ച ഫിഷിംഗ് ലിങ്കില്‍ ക്ലിക് ചെയ്ത മലപ്പുറം തിരൂര്‍ സ്വദേശിയുടെ അക്കൗണ്ടില്‍നിന്ന് നഷ്ടമായ 2,71,000 രൂപ കേരള പോലീസിന് തിരിച്ചുപിടിക്കാനായി.
തട്ടിപ്പിന് ഇരയായി എന്ന് മനസിലായ ഉടന്‍ അക്കൗണ്ട് ഉടമ സൈബര്‍ ഹെല്പ് ലൈന്‍ നമ്പറായ 1930ല്‍ വിളിച്ച പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് സെബര്‍ ഓപ്പറേഷന് വിഭാഗം ഉടനടി നടത്തിയ അന്വേഷണത്തില്‍ നഷ്ടപ്പെട്ട പണം ഒരു മണിക്കൂറിനുള്ളില്‍ തന്നെ തിരികെ പിടിക്കാന്‍ കേരള പോലീസിനായി.
തട്ടിപ്പിന് ഇരയായവര്‍ ഉന്നത ഉദ്യോഗം വഹിച്ച സീനിയര്‍ സിറ്റിസണ്‍സ്
ഒന്നരക്കോടി രൂപ, ഒരു കോടി രൂപ, 75 ലക്ഷം, 35 ലക്ഷം രൂപ... ഷെയര്‍ ട്രേഡിംഗിലൂടെ പണം നഷ്ടമായവര്‍ നല്കിയ പരാതിയില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ തിരുവനന്തപുരം സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളാണിത്.
തട്ടിപ്പിന് ഇരയായവര്‍ക്ക് ചില പ്രത്യേകതകള്‍ കൂടിയുണ്ട്. മിക്കവരും മുതിര്‍ന്ന പൗരന്മാരാണ്. ചിലര്‍ അമ്പതിനടുത്ത് പ്രായമുള്ളവര്‍. പലരും ഉന്നത സ്ഥാനങ്ങളില്‍നിന്ന് വിരമിച്ചവര്‍. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍. വര്‍ഷങ്ങളായി ഷെയര്‍ ട്രേഡിംഗ് നടത്തുന്നവരുമാണ്.
എങ്കിലും വിദഗ്ധമായി കബളിപ്പിക്കപ്പെട്ടു. തട്ടിപ്പിന് ഇരയായവര്‍ ഇന്‍സ്റ്റഗ്രാം, എഫ്ബി പേജുകളില്‍ കണ്ട ഷെയര്‍ ട്രേഡിംഗ് സംബന്ധമായ ട്രെയിനിംഗ് ക്ലാസുകളില്‍ പങ്കെടുത്തവരാണ്.
ഒരു കൗതുകത്തിന് ലിങ്ക് ക്ലിക്ക് ചെയ്തു നോക്കിയപ്പോള്‍ സ്റ്റോക്ക് ട്രേഡിംഗിനെ പറ്റി വിദഗ്ധമായ ക്ലാസുകളാണ് ലഭിച്ചതെന്ന് പരാതിക്കാരില്‍ പലരും സൈബര്‍ പോലീസിനോട് പറഞ്ഞു.
ആഴ്ചകള്‍ നീണ്ട ക്ലാസുകള്‍ക്കൊടുവില്‍ ചെറിയ ലാഭം കിട്ടുന്നതോടെ പലരും അതെക്കുറിച്ച് കൂടുതല്‍ അറിയാന്‍ താത്പര്യപ്പെട്ടു. തുടര്‍ന്ന് അവരെ പുതിയ വാട്സാപ്പ് ഗ്രൂപ്പില്‍ ആഡ് ചെയ്ത് തട്ടിപ്പുകാര്‍ പറയുന്നത് അനുസരിച്ച് ഓരോ ലിങ്കുകളും ക്ലിക്കു ചെയ്യുകയാണുണ്ടായത്.
ചെറിയ തുക നിക്ഷേപിക്കുന്നു. ലാഭം കൂടി വരുന്നതോടെ ചെറിയ തുക പിന്‍വലിക്കാന്‍ നോക്കുന്നവര്‍ക്ക് അത് സാധിക്കുന്നു. അവരില്‍ പൂര്‍ണ വിശ്വാസം ആകുന്നതോടെ ഇരകള്‍ വലിയ തുകകള്‍ നിക്ഷേപിക്കുന്നു.
പക്ഷേ പണം പിന്‍വലിക്കണമെങ്കില്‍ വീണ്ടും പണം നിക്ഷേപിക്കണമെന്ന അറിയിപ്പ് കിട്ടുന്നതോടെയാണ് പലരും തട്ടിപ്പിന് ഇരയായി എന്ന യാഥാര്‍ഥ്യം മനസിലാക്കുന്നത്.