ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ്ങിയിരിക്കുകയാണ് കുട്ടികളുടെ ജീവിതം. പഠനാവശ്യത്തിനായി മാതാപിതാക്കൾ എല്ലാകുട്ടികൾക്കും ഓരോ ഫോണും വാങ്ങി നൽകിയിട്ടുണ്ട്.
എന്നാൽ, ഈ ഫോണിലൂടെ ഓൺലൈൻ ക്ലാസിൽ നിന്ന് സ്കൂട്ടായി അല്ലെങ്കിൽ ക്ലാസുകൾ മ്യൂട്ട് ചെയ്ത് വച്ച് ഗെയിം കളിക്കുകയും വീഡിയോ കാണുകയും ചെയ്യുന്നവരാണ് കുട്ടികളിൽ ഏറെയും. കുട്ടികൾ പഠിക്കുകയല്ലേയെന്ന ആശ്വാസത്തിൽ മാതാപിതാക്കൾ ഇതൊന്നും ശ്രദ്ധിക്കാനും പോകുകയില്ല.
എന്നാൽ, ഒരു ദിവസം മൊബൈൽഫോൺ കിട്ടാതാകുമ്പോഴേക്കും അക്രമാസക്തരാകുകയും സംസാരം കുറഞ്ഞുവരുന്നതും മൊബൈൽ ഫോണിൽ അല്ലാതെ അവർ സന്തോഷവാന്മാരല്ലെന്നും കണ്ടെത്തുമ്പോഴായിരിക്കും മാതാപിതാക്കൾ കുട്ടികളിലെ മൊബൈൽ അഡിക്ഷൻ മനസിലാക്കിയിട്ടുണ്ടാകുക.
ഇന്ന് രണ്ടരവയസുള്ള കുഞ്ഞുങ്ങൾമുതൽ മൊബൈൽ ഫോണിന് അടിമകളാണ്. അമിതമായ സ്മാർട്ട് ഫോൺ ഉപയോഗം ക്രമേണ കുട്ടികളുടെ മാനസികാവസ്ഥയെ പ്രതികൂലമായി ബാധിച്ചേക്കാം. ഇത്തരത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കുട്ടികൾ വിഷാദ രോഗത്തിന് അടിമപ്പെട്ടിട്ടുണ്ട്.
കൂടാതെ കുട്ടികൾ അക്രമാസക്തരാകുകയും ആത്മഹത്യയിലേക്ക് തിരിഞ്ഞ സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കുട്ടികളിൽ വർധിച്ച് വരുന്ന ഡിജിറ്റൽ അടിമത്വത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേരള പോലീസിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ ഡി-അഡിക്ഷൻ സെന്ററിന് കേരളത്തിൽ തുടക്കം കുറിച്ചിരിക്കുകയാണ്.
തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ആറ് പോലീസ് കമ്മീഷണറേറ്റുകളിലാണ് പദ്ധതി നടപ്പിലാക്കിവരുന്നത്. കേരള പോലീസിന്റെ സോഷ്യൽ പോലീസിംഗ് ഡിവിഷന്റെ നേതൃത്വത്തിലാണ് പ്രവർത്തനം.
പദ്ധതി ഇങ്ങനെ
മൊബൈൽ ഓൺലൈൻ ഗെയിമുകളുടെയും ഇന്റർനെറ്റ് അശ്ലീല സൈറ്റുകളുടെയും അടിമകളായ കുട്ടികൾക്ക് കൗൺസിലിംഗ് സഹായം നൽകുന്നതാണ് ഡി-ഡാഡ്. 18 വയസ് വരെയുള്ളവര്‍ക്കാണ് സൗജന്യ കൗണ്‍സലിംഗ് നൽകുന്നത്.
രക്ഷിതാക്കള്‍ക്ക് കുട്ടികളുമായി നേരിട്ട് കേന്ദ്രങ്ങളിലെത്തി പ്രശ്ന പരിഹാരം തേടാമെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. പോലീസ് കേഡറ്റുകളുടെയും അധ്യാപകരുടെയും സഹായത്തോടെ ഇത്തരം കുട്ടികളെ കണ്ടെത്തി പദ്ധതിയുടെ ഭാഗമായി കൗണ്‍സലിംഗ് നല്‍കും.
കൗണ്‍സലിംഗിലൂടെ പരിഹരിക്കാത്ത പ്രശ്നങ്ങള്‍ മാനസിക വിദഗ്ധരുടെ സഹായത്തോടെ പരിഹരിക്കും. ആദ്യഘട്ടത്തില്‍ ഓണ്‍ലൈനായും കൂടുതല്‍ കൗണ്‍സലിംഗ് വേണ്ട കുട്ടികള്‍ക്ക് ജില്ല കേന്ദ്രങ്ങളിലെത്തിച്ച് ഓഫ്ലൈനായും സേവനം നല്‍കും.
ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളുടെ നേതൃത്വത്തിലാണ് പ്രവർത്തനം നടത്തുന്നത്. സ്കൂളുകൾ കേന്ദ്രീകരിച്ച് കുട്ടികൾക്കായി ബോധവത്കരണ ക്ലാസും നടത്തുന്നുണ്ട്. കൂടാതെ, കുട്ടികൾ മൊബൈൽ ഫോണിന് അടിമകളാണോയെന്ന് അറിയാനായി 20 ചോദ്യങ്ങളും നൽകുന്നുണ്ട്.
ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകുമ്പോൾ തന്നെ ഡിജിറ്റൽ അഡിക്ഷന് അടിമകളാണോയെന്ന് കണ്ടെത്താൻ കഴിയുമെന്ന് അധികൃതർ പറഞ്ഞു.
വിളിക്കൂ... ചിരിയിൽ
കുട്ടികളിലെ മാനസിക സമ്മർദം കുറയ്ക്കാനായി തുടങ്ങിയ ചിരി പദ്ധതിയുടെ ഹെൽപ് ലൈൻ (9497900200) നമ്പറിലൂടെയാണ് ഇപ്പോൾ ഡി-ഡാഡിന്റെ പ്രവർത്തനം. ചിരിയുടെ ഹെൽപ് ലൈനിലൂടെ ദിനംപ്രതി പത്തോളം കോളുകൾ ഇത് സംബന്ധിച്ച് വരാറുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു.
സ്മാർട്ട് ഫോണുകൾക്ക് അടിമകളായ കുട്ടികളുടെ രക്ഷിതാക്കളാണ് കൂടുതലും വിളിക്കുന്നത്. കഴിഞ്ഞ ദിവസം കണ്ണൂർ ജില്ലയിൽ മൊബൈൽ നൽകാത്തതിനെത്തുടർന്ന് പിതാവിന്റെ കാർ തല്ലിതകർത്ത സംഭവം വരെ ഉണ്ടായിരുന്നെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
കൗൺസലിംഗിനോട് കുട്ടികൾക്ക് വിമുഖത
മൊബൈൽ ഫോണിന് അടിമകളായ കുട്ടികളിൽ പലരും കൗൺസലിംഗിനോട് വിമുഖത കാണിക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ചിരി ഹെൽപ് ലൈനിലൂടെ രക്ഷിതാക്കൾ വിളിച്ച് ബുക്ക് ചെയ്യുമെങ്കിലും കുട്ടികൾ കൗൺസലിംഗിന് എത്തുന്നില്ല.
എന്നാൽ, ചില കുട്ടികൾ ആദ്യഘട്ടത്തിൽ കൗൺസലിംഗിനോട് സഹരിക്കുകയും പിന്നീട് വിമുഖത കാണിക്കുകയും ചെയ്യുന്നുണ്ടന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ വീടുകൾ കയറി ഇറങ്ങി വിരസതയുള്ള കുട്ടികളെ കണ്ടെത്തി ഡി-അഡിക്ഷൻ സെന്ററിൽ എത്തിക്കാറുണ്ടെങ്കിലും കുട്ടികൾ കൗൺസലിംഗിനോട് സഹകരിക്കാറില്ല.
രക്ഷിതാക്കൾക്കും മറ്റും ബോധവത്കരണം നടത്താനായി ഡി-അഡിക്ഷൻ സെന്ററിന്റെ നേതൃത്വത്തിൽ ക്ലാസുകൾ നടത്തി വരുന്നുണ്ട്.
അനുമോൾ ജോയ്