വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന്ന് കട്ടിലിൽ അവസാനിക്കുമെന്ന് കരുതിയ ജീവിതം തിരിച്ചുപിടിച്ച് കൂടുതൽ ഊർജസ്വലതയോടെ മുന്നേറുകയാണ് കൊച്ചി പള്ളുരുത്തി സ്വദേശി റിദിൽ ഹാരിസ്.
ജീവിതം വളരെ ചെറുതാണ്, അതിനാൽ എന്തുകൊണ്ട് അത് പരമാവധി പ്രയോജനപ്പെടുത്തിക്കൂടാ? സൈക്കിൾ പ്രേമിയായ റിദിൽ ഹാരിസ് എന്ന 25 കാരന്റെ ചോദ്യമിതാണ്. ഇരുപതാം വയസിൽ പിടിപെട്ട അർബുദത്തെ റിദിൽ പൊരുതി തോൽപ്പിച്ചു.
വിപുലമായ ചികിത്സയ്ക്ക് ശേഷം അർബുദ വിമുക്തനായെങ്കിലും ഇരുകാലുകളും പൂർണമായി തളർന്നു. തന്റെ പ്രായത്തിലുള്ള കൗമാരക്കാർ അവരുടെ ജീവിതം ആസ്വദിച്ച കാലത്ത്, സ്വന്തമായി നിൽക്കാൻ കഴിയാതെ അവൻ ഒരു കട്ടിലിൽ ഒതുങ്ങി.
ആയുർവേദവും മറ്റു ചികിത്സകളുടെയും പിന്തുണയോടെ അതിനെ തരണം ചെയ്ത് സ്വന്തം കാലിൽ നിൽക്കാൻ റിദിൽ തീരുമാനിച്ചു. മരിക്കും മുമ്പുള്ള എന്റെ മുത്തച്ഛന്റെ അവസാന ആഗ്രഹം ഞാൻ തനിയെ എഴുന്നേറ്റു നടക്കണമെന്നായിരുന്നു. അദേഹത്തിന്റെ വാക്കുകൾ എനിക്ക് ധൈര്യവും ശക്തിയും നൽകി. റിദിൽ പറഞ്ഞു.
മുത്തച്ഛന് സൈക്കിൾ വർക്ക്ഷോപ്പ് ഉണ്ടായിരുന്നതിനാൽ സൈക്കിൾ എപ്പോഴും റിദിലിന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. കാൻസർ ചികിത്സയ്ക്ക് ശേഷം, അവൻ പെഡലുകൾ പിടിച്ച് നടക്കാൻ തുടങ്ങി, അത് പിന്നീട് മുറുകെ പിടിക്കുകയും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മോട്ടോർ റോഡായ ഉംലിംഗ് ലാ കീഴടക്കുകയും ചെയ്തു.
മറ്റൊരു തരത്തിൽ പറഞ്ഞാൽ, കാൻസറിൽ തളയ്ക്കപ്പെടേണ്ടതല്ല ജീവിതം എന്ന് അദേഹം നമുക്ക് കാണിച്ചുതന്നു. 2021-ൽ കൊച്ചിയിൽനിന്ന് കശ്മീരിലേക്ക് സൈക്കിൾ ചവിട്ടിയ അദേഹം 2023-ൽ കൊച്ചിയിൽനിന്ന് ലഡാക്കിലെ ഉംലിംഗ് ലാ പാസിലേക്ക് സൈക്കിൾ ചവിട്ടി.
സിനിമകളിൽ കാണുന്നതുപോലെ യഥാർഥ സൗന്ദര്യം സ്വന്തം കണ്ണുകൊണ്ട് കാണാനുള്ള അവസരം തന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത അനുഭവമായിരുന്നെന്ന് റിദിൽ പറയുന്നു.
മൂന്ന് ദിവസം തുടർച്ചയായി സൈക്കിൾ ചവിട്ടി ഗിന്നസ് വേൾഡ് റിക്കാർഡ് മറികടക്കാനുള്ള ശ്രമത്തിലാണ് റിദിൽ ഇപ്പോൾ. അതിനുള്ള തയാറെടുപ്പിനായി കൂടുതൽ പരിശീലനങ്ങളും യാത്രകളുമായി മുന്നോട്ടു പോവുകയാണ് റിദിൽ.
കല്ലറ മോഹൻദാസ്