കിട്ടിയതു കുറഞ്ഞാൽ തട്ടും
സീമ മോഹന്‍ലാല്‍
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്‍ത്താവിന്റെ പീഡനം സഹിക്കവയ്യാതെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച ബിഎഎംഎസ് വിദ്യാര്‍ഥിനി വിസ്മയ, സ്ത്രീധനപീഡനത്തെത്തുടര്ന്നു ജീവനൊടുക്കിയ നടന് രാജന് പി. ദേവിന്റെ മകന് ഉണ്ണിയുടെ ഭാര്യ പ്രിയങ്ക... സ്ത്രീധനമെന്ന സാമൂഹികവിപത്തില്‍ പൊലിഞ്ഞുവീഴുന്നവരുടെ പട്ടിക ഇവിടെയൊന്നും അവസാനിക്കുന്നില്ല.
സ്ത്രീധനം നിരോധിക്കപ്പെട്ടതായതിനാല്‍ മകള്‍ക്ക് ‘സമ്മാനം' എന്നു പറഞ്ഞാണ് പല മാതാപിതാക്കളും വിവാഹസമയത്ത് സ്വര്‍ണവും പണവും ആഡംബരക്കാറുമൊക്കെ നല്‍കുന്നത്. സ്ത്രീധന നിരോധനത്തെക്കുറിച്ച് ഘോരഘോരമായി പ്രസംഗിക്കുന്നവരും സ്വന്തം മക്കളുടെ കാര്യം വരുമ്പോള്‍ സ്ത്രീധനം കൊടുക്കാനും വാങ്ങാനും ഒട്ടും മടികാട്ടാറില്ല.
അതേസമയം, സ്ത്രീധനം ആവശ്യപ്പെട്ടതിന്റെ പേരില്‍ നിശ്ചയിച്ച വിവാഹത്തില്‍നിന്നു പിന്മാറുന്ന പെണ്‍കുട്ടികളുടെ എണ്ണം കൂടിവരുന്നുണ്ട്. സ്ത്രീധനം ആവശ്യപ്പെടുന്നവരോട് പോടോ എന്നു പറയാന്‍ പെണ്‍കുട്ടികള്‍ തയാറാകണമെന്നു അടുത്തിടെ മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞത് ഏറെ ശ്രദ്ധിക്കപ്പെട്ടു.
ഞെട്ടിച്ച കൊലപാതകം
2020 മേയ് ആറിനു രാത്രിയായിരുന്നു അഞ്ചല്‍ ഏറം വെള്ളശേരില്‍ വിജയസേനന്റെ മകള്‍ ഉത്ര(25)യ്ക്കു സ്വന്തം വീട്ടില്‍ വച്ചു പാമ്പുകടിയേറ്റത്. ഏഴിനു പുലര്‍ച്ചെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
പാമ്പു കടിച്ചുള്ള സ്വാഭാവിക മരണമെന്നു ഭര്‍ത്താവ് അടൂര്‍ പറക്കോട് സ്വദേശി സൂരജ് എസ്. നായര്‍ (27) പറഞ്ഞത് ഉത്രയുടെ മാതാപിതാക്കൾ ആദ്യം വിശ്വസിച്ചു. എന്നാൽ, സ്ത്രീധനമായി നല്കിയ കാര്‍ തന്റെ പേരിലേക്ക് മാറ്റണമെന്ന് മരണത്തിന്റെ അഞ്ചാം ദിവസം ഇയാള്‍ ആവശ്യപ്പെടുകയും കൂടുതല്‍ സ്വത്തുക്കൾ ചോദിക്കുകയും ചെയ്തതോടെ സംശയം ബലപ്പെട്ടു.
അതിനിടെ കുഞ്ഞിലും അവകാശം ആവശ്യപ്പെട്ട് സൂരജ് വഴക്കിട്ടതോടെ ഉത്രയുടെ മാതാപിതാക്കൾ കൊല്ലം റൂറല്‍ എസ്പി ഹരിശങ്കറിന് പരാതി നല്കി. തുടർന്നു നടന്ന അന്വേഷണത്തിൽ മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച ഒരു അരുംകൊലയുടെ ചുരുളഴിഞ്ഞു.
സാക്ഷികള്‍ ഇല്ലാത്ത കേസില്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചായിരുന്നു അന്വേഷണം. ഉത്രയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്, കടിച്ച പാമ്പിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്, രാസപരിശോധനാ ഫലങ്ങള്‍, മൊബൈല്‍ ഫോണുകളുടെ ഫോറന്‍സിക് പരിശോധന, ഡമ്മി പരീക്ഷണം എന്നിവ നടത്തി സൂരജിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഭിന്നശേഷിക്കാരിയായ ഭാര്യയെ ഒഴിവാക്കാനും അവരുടെ സ്വത്ത് കൈക്കലാക്കാനും വേണ്ടി ഇയാള്‍ മൂര്‍ഖന്‍ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയെന്നാണു പോലീസ് കണ്ടെത്തിയത്. സംസ്ഥാനത്ത് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഒരാളെ കൊലപ്പെടുത്തുന്ന ആദ്യകേസാണിത്.
സംഭവദിവസം സന്ധ്യയോടെ ഉത്രയ്ക്ക് ജ്യൂസില്‍ മയക്കുമരുന്ന് കലര്ത്തിക്കൊടുത്തശേഷം നേരത്തെ മുറിയില്‍ സൂക്ഷിച്ചിരുന്ന മൂര്‍ഖന്‍ പാമ്പിനെക്കൊണ്ട് സൂരജ് കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണു തെളിഞ്ഞത്.
2020 മാര്‍ച്ച് രണ്ടിന് വീട്ടില്‍ വച്ച് അണലിയെക്കൊണ്ടും ഉത്രയെ കടിപ്പിച്ചിരുന്നു. ഇതിന്റെ ചികിത്സയ്ക്കുശേഷം ഉത്ര വിശ്രമിക്കുമ്പോഴായിരുന്നു മൂര്‍ഖനെ ഉപയോഗിച്ചുള്ള കൊലപാതകം നടത്തിയത്. ഈ കേസില്‍ സൂരജിന് 17 വര്‍ഷം തടവും ഇരട്ട ജീവപര്യന്തവുമാണ് കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം. മനോജ് വിധിച്ചത്.
അഞ്ചു ലക്ഷം രൂപ പിഴയുമുണ്ട്. വിവിധ കുറ്റങ്ങളില്‍ പത്തും ഏഴും വര്‍ഷം ശിക്ഷ അനുഭവിച്ചശേഷമേ ജീവപര്യന്തം തടവ് ആരംഭിക്കുകയുള്ളു.
‘പാട്ടക്കാറും വേസ്റ്റ് പെണ്ണും’
ബിഎഎംഎസ് വിദ്യാര്‍ഥിനിയായ കൊല്ലം നിലമേല്‍ കൈതോട് വിസ്മയ വി. നായരുടെ (24) ജീവനെടുത്തതും സ്ത്രീധനം എന്ന വില്ലനായിരുന്നു. 2021 ജൂണ്‍ 21ന് പുലര്‍ച്ചെയായിരുന്നു ഭര്‍ത്താവ് കിരണ്‍കുമാറിന്റെ വീട്ടില്‍ പീഡനം സഹിക്കാനാവാതെ വിസ്മയ തൂങ്ങിമരിച്ചത്. വിസ്മയയുടെ മരണശേഷമാണ് അവള് അനുഭവിച്ച കൊടിയ ഭര്‍തൃപീഡനത്തിന്റെ വിവരം പുറംലോകമറിഞ്ഞത്.
വിദ്യാസമ്പന്നയും സുന്ദരിയുമായ ഭാര്യയെക്കാള്‍ കിരണ്‍കുമാര്‍ എന്ന മോട്ടോര്‍ വാഹനവകുപ്പിലെ എഎംവിഐയ്ക്ക് പ്രിയമായിരുന്നത് ഭാര്യാവീട്ടിലെ സ്വത്തായിരുന്നു. 2020 മേയ് 30നായിരുന്നു ഇവരുടെ വിവാഹം.
വിവാഹസമയത്ത് നല്കിയ കാറിനെച്ചൊല്ലി ആദ്യനാളുകളിൽത്തന്നെ കിരണ്‍കുമാറിന് എതിര്‍പ്പുണ്ടായിരുന്നു. താന്‍ ആഗ്രഹിച്ച കാര്‍ ലഭിക്കാത്തതായിരുന്നു കിരണിനെ പ്രകോപിപ്പിച്ചത്. വിവാഹം ഉറപ്പിക്കുന്ന സമയത്ത് 101 പവന് സ്വര്‍ണവും 1.2 ഏക്കര്‍ സ്ഥലവും കാറും നല്‍കാമെന്നു വിസ്മയയുടെ മാതാപിതാക്കള്‍ സമ്മതിച്ചിരുന്നു.
എന്നാൽ, കോവിഡ് സാഹചര്യം കാരണം 80 പവന് മാത്രമേ നല്കാന് കഴിഞ്ഞുള്ളൂ. ലോക്കറില്‍ വയ്ക്കാന്‍ സ്വര്‍ണം തൂക്കിനോക്കുമ്പോഴാണ് കുറവുണ്ടെന്ന് കിരണിനു മനസിലായത്. കാറിന് ബാങ്ക് വായ്പ ഉള്ളതായും കണ്ടു. ഇതിന്റെ ദേഷ്യത്തില്‍ വിസ്മയയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതും ഉപദ്രവിക്കുന്നതും പതിവായിരുന്നു.
ഗള്‍ഫുകാരന്റെ മകളും മര്‍ച്ചന്റ് നേവിക്കാരന്റെ പെങ്ങളുമാണെന്നു വിചാരിച്ചാണ് കല്യാണം കഴിച്ചതെന്നും പക്ഷേ, കിട്ടിയത് ഒരു പാട്ടക്കാറും വേസ്റ്റ് പെണ്ണുമാണെന്നും കിരണ്‍ പറഞ്ഞിരുന്നതായി വിസ്മയയുടെ ബന്ധുക്കള്‍ മൊഴി നല്‍കിയിരുന്നു.
മാനസികസമ്മര്‍ദം താങ്ങാനാകാതെ ആത്മഹത്യയുടെ ഘട്ടത്തിലാണെന്നു പറഞ്ഞപ്പോള്‍ നീ ചത്താല്‍ പാട്ടക്കാറും നിന്നേം സഹിക്കേണ്ടല്ലോ എന്ന് കിരണ്‍ പറഞ്ഞതായും പോലീസ് റിപ്പോര്‍ട്ടിലുണ്ട്.
കേസില്‍ പത്തുവര്‍ഷത്തെ തടവും 12.55 ലക്ഷം രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. അഞ്ചുവകുപ്പുകളിലായി ആകെ 25 വര്‍ഷത്തെ തടവിനാണ് ശിക്ഷിച്ചിരുന്നതെങ്കിലും ശിക്ഷകളെല്ലാം ഒരേകാലയളവില്‍ അനുഭവിച്ചാല്‍ മതിയെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
കേസില്‍ അറസ്റ്റിലായതോടെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ കിരണിനെ ജോലിയില്‍നിന്നു പിരിച്ചുവിട്ടിരുന്നു.