ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
റെജി ജോസഫ്
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോത്രവാസി പഞ്ചായത്തിൽ. മുതുവാൻ വിഭാഗം മാത്രം താമസക്കാരും വോട്ടർമാരുമായ ഇടമലക്കുടി പഞ്ചായത്തിൽ അവരുടെ മക്കൾ എന്തു പഠിക്കണം, എങ്ങനെ പഠിക്കണം എന്നതിൽ ഇപ്പോഴും വ്യക്തതയില്ല. ചില വർഷങ്ങളിൽ 122 വിദ്യാർഥികൾ വരെ നാല് ക്ലാസുകളിലായി വന്നിട്ടുണ്ട്. അധ്യയനം ആദ്യ ടേം കഴിയുന്നതോടെ എണ്ണം നേർപ്പകുതിയാകും.
60 ശതമാനം കുട്ടികൾ ഹാജരാകുന്ന ദിവസങ്ങൾതന്നെ വിരളമാണ്. ഇവിടെ പഠനം ഉപേക്ഷിക്കുന്നതിൽ കുട്ടികളെയോ രക്ഷിതാക്കളെയോ കുറ്റം പറഞ്ഞിട്ടുകാര്യമില്ല. ഒന്നിലേറെ പുഴകളും തോടുകളും ചോലകളും കടന്ന് കാട്ടിലൂടെ രണ്ടുമൂന്നു മണിക്കൂർ നടന്നുവേണം സ്കൂളിലെത്താൻ. മടക്കയാത്രയ്ക്കും വേണം അത്രയും സമയം.
കാട്ടാനയും കാട്ടുപോത്തും ഊരുകൾക്ക് സമീപം തന്പടിച്ചാൽ ആരും പുറത്തിറങ്ങില്ല. ചില ഊരുകളിൽനിന്ന് മുതിർന്നവർ കുട്ടികളെ സ്കൂളിൽ എത്തിക്കുകയാണ് പതിവ്. ഒപ്പമുള്ളവർ പഠനം തീരുംവരെ സ്കൂളിൽ കാത്തുനിൽക്കും. അപ്രതീക്ഷിത പെരുമഴയും മിന്നൽപ്രളയവും പതിവായതിനാൽ മഴക്കാലം ഭീതിയുടേതാണ്.
കൃഷിയും മറ്റ് പണികളും മാറ്റിവച്ച് അച്ഛനോ അമ്മയോ എത്രകാലം കുട്ടികളെ സ്കൂളിലെത്തിക്കും. കൃഷിയും വനവിഭങ്ങളുമാണ് ഏറെപ്പേർക്കും ജീവിതമാർഗം. പഠിച്ചാൽ ഞങ്ങൾക്ക് എന്തു നേട്ടമെന്നു ചോദിക്കുന്ന ഈ സമൂഹത്തിന്റെ സ്കൂൾ പഠനം നാലാം ക്ലാസിനു മുൻപേ അടഞ്ഞ അധ്യായമായി മാറുന്നു. ഗതാഗതയോഗ്യമായ റോഡ് ഒന്നുപോലുമില്ലാത്ത പഞ്ചായത്തിൽ ഗോത്രസാരഥി സ്കൂൾ ബസും അതിലെ സൗജന്യയാത്രയുമൊക്കെ കുരുന്നുകൾക്ക് സ്വപ്നം മാത്രം.
നെൽമണൽ, നൂറടി, മുളകുതറ തുടങ്ങിയ വിദൂര സെറ്റിൽമെന്റുകളിൽനിന്ന് കാലത്ത് ഏഴിന് നടത്തം തുടങ്ങിയാലേ പത്തിന് സൊസൈറ്റിക്കുടിയിലെ സ്കൂളിൽ എത്താനാകൂ. ഉച്ചഭക്ഷണത്തിനുശേഷം മടങ്ങണം ഇരുൾ വീഴും മുൻപ് ഊരിലെത്താൻ. മാനംകറുത്താൽ പട്ടാപ്പകൽപോലും കൂരിരുൾ പ്രതീതിയാകും. മക്കളുടെ മടങ്ങിവരവിന് ആധിയോടെ കാത്തിരിക്കുന്ന അച്ഛനമ്മമാർ.
കാട്ടാറുകൾക്കു കുറുകെ ഊഞ്ഞാൽപോലെയാടുന്ന തൂക്കുപാലങ്ങളിലൂടെയുള്ള നടത്തം ഏറെ സാഹസമാണ്. കൊഴിഞ്ഞുപോക്ക് തടയാൻ അടുത്തയിടെ ഹോസ്റ്റൽ തുടങ്ങിയെങ്കിലും ഇവിടെ പരമാവധി 17 കുട്ടികൾക്കുള്ള സൗകര്യമേയുള്ളു. നിലവിൽ 24 കുട്ടികൾ താമസിക്കുന്നു. താൽപര്യമുള്ള എല്ലാവർക്കും താമസിച്ചു പഠിക്കാനുള്ള സൗകര്യമുണ്ടാകുംവരെ കൊഴിയൽ തുടരും.
അറുംപഴഞ്ചൻ സ്കൂൾ കെട്ടിടത്തിന്റെ നാലു ക്ലാസ് മുറികളിലൊന്ന് പാചകപ്പുരയായും മറ്റൊന്ന് അധ്യാപകന്റെ താമസത്തിനുമാണ് നിലവിൽ ഉപയോഗിക്കുന്നത്. ശേഷിക്കുന്ന മുറികളിലാണ് നാലാം ക്ലാസ് വരെ പ്രവർത്തിക്കുന്നത്. അഞ്ചാംതരം മുതൽ ഏഴാംതരം വരെയുള്ള ബ്രിഡ്ജ് കോഴ്സിലെ 22 കുട്ടികൾ ക്ലാസ് മുറികളില്ലാത്തതിനാൽ വരാന്തയിലും മുറ്റത്തുമിരിക്കുന്നു.
വൈകുന്നേരം അഞ്ചുമണിയോടെ നേരം ഇരുട്ടുകയും ആറരമണിക്ക് ഉറങ്ങുകയും ചെയ്യുന്നവരാണ് ഇവിടത്തെ വനവാസികൾ. രാത്രി വായിച്ചു പഠിക്കാൻ ഒരു കൂരയിലും വൈദ്യുതിയില്ല. ഒരു വിളക്ക് തെളിയിക്കാനേ റേഷൻ മണ്ണെണ്ണ തികയൂ. പകൽ മാനം തെളിയാത്ത ദിവസങ്ങളിലൊക്കെ സോളാർ ലൈറ്റ് മിഴിയണയ്ക്കും. പ്രഭാതങ്ങളിൽ കാടിനുള്ളിൽ വെളിച്ചം വീഴുന്നത് ഏഴുമണിക്കാണ്. അപ്പോൾ എഴുന്നേൽക്കുന്നതാണ് കുട്ടികൾക്ക് ശീലം.
സൊസൈറ്റിക്കുടിയിൽ സ്കൂളിനോളം പഴക്കമുള്ള റേഷൻ കടയും കമ്യൂണിറ്റി ഹാളും തൊട്ടുചേർന്നാണ്. കാട്ടാനകൾക്ക് കലിയിളകുന്പോഴൊക്കെ കുത്തി കമ്യൂണിറ്റി ഹാളിന്റെ കൽച്ചുവരുകൾ ഇടിഞ്ഞതോടെ ഗോത്രവാസികൾക്ക് ഒരുമിച്ചുകൂടാൻ ഇടമില്ലാതായി. കാട്ടുപന്നിയും പോത്തും കുരങ്ങുമൊക്കെ കാട്ടിനുള്ളിലെ കൃഷിയിടങ്ങളിൽ സ്ഥിരംപാർപ്പാണ്. മലന്പാന്പും രാജവെന്പാലയുമൊന്നും മുതുവാൻമാർക്ക് പുതുമയല്ല.
കുട്ടികളെ തനിയെ സ്കൂളിൽ അയയ്ക്കുന്നതിലെ ആശങ്കയാണ് ഏറെപ്പേരെയും വിദ്യാഭ്യാസത്തിൽനിന്ന് പിന്തിരിപ്പിക്കുന്നത്. പത്താം വയസിൽ ഒന്നാം ക്ലാസിൽ പ്രവേശനം നേടുന്നവർ ഇവിടെയുണ്ട്. 14 വയസുകാരൻ നാലാം ക്ലാസ് പഠിതാവായിട്ടുണ്ട്. നാലാം ക്ലാസിനുശേഷം ഇവിടെ തുടർപഠന സൗകര്യമില്ലാത്തതിനാലാണ് ഏറെ കുട്ടികളും കാടുകയറുന്നത്.
ഇടമലക്കുടിക്കാർക്ക് അഞ്ചാം ക്ലാസിലോ അതിനു മുകളിലോ പഠിക്കണമെങ്കിൽ മൂന്നാറിലോ ദേവികുളത്തോ തമിഴ്നാട്ടിലോ പോകണം. അതായത് കാടും പുഴയും തോടും കുന്നും പിന്നിട്ട് 30 കിലോമീറ്റർ താണ്ടിയുള്ള യാത്ര. ഇടമലക്കുടിക്കു പുറത്ത് വിവിധ സ്കൂളുകളിൽ പഠിക്കുന്ന ഇവിടത്തുകാരായ 596 കുട്ടികളിൽ 121 പേർ പാതി വഴിയിൽ പഠനം നിർത്തിയതായി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ കണ്ടെത്തിയിരുന്നു.
യാത്രാപരിമിതി, സാന്പത്തികക്ലേശം, സൗകര്യങ്ങളുടെ അഭാവം തുടങ്ങിയവയാണ് കൊഴിഞ്ഞുപോക്കിന് പ്രധാന കാരണമായി കണ്ടെത്തിയത്. ഇവർക്കിടയിൽ പ്രചാരത്തിലുള്ള മുതുവാൻ ഭാഷയും നാട്ടിൽനിന്ന് നിയമതിരായി വരുന്ന അധ്യാപകരുടെ തനി മലയാളവും തമ്മിലെ പൊരുത്തക്കേടുകൾ പഠനം വിരസമാക്കാൻ ഇടയാക്കുന്നു.
കേരളത്തിലെ പൊതുസംസ്കാരങ്ങളിലും ആഘോഷങ്ങളിൽനിന്നും ഏറെ വ്യത്യസ്തമാണിവിടം. ഓണപ്പരീക്ഷ, ക്രിസ്മസ് പരീക്ഷ എന്നിവയൊക്കെ നടക്കാറുണ്ടെങ്കിലും ഓണവും ക്രിസ്മസും ഇവർക്ക് ആഘോഷമല്ല. പൊങ്കലും ദീപാവലിയും ആടിയുമൊക്കെയാണ് കുടികളിലെ ഉത്സവങ്ങൾ. പലരും ഈ അവധിയാഘോഷത്തോടെ പഠനം അവസാനിപ്പിക്കുന്നു. ചെറിയ പ്രായത്തിലെ വിവാഹവും ഉപരിപഠനത്തിന് തടസമായി മാറുന്നു.
അതിജീവനം അതിക്ലേശം
മൂന്നാറിൽനിന്ന് ജീപ്പിൽ പെട്ടിമുടിയിലെത്തിക്കുന്ന എല്ലാ ഭക്ഷ്യസാധനങ്ങളും തലച്ചുമടായിട്ടാണ് സൈസൈറ്റിക്കുടിയിലെ റേഷൻകടയിൽ എത്തിക്കുന്നത്. എല്ലാവരും എപിഎൽ കാർഡുകാരും പരമദരിദ്ര വിഭാഗത്തിൽപ്പെട്ടവരുമായതിനാൽ റേഷൻകടയിൽ വിതരണം ചെയ്യുന്നതുമാത്രമാണ് ഭക്ഷണം.
ഒരു ചാക്ക് അരി മൂന്നാർ ഡിപ്പോയിൽ നിന്നു ചുമന്നെത്തിക്കാൻ 12 മണിക്കൂർ താമസം. മുതുകിൽ കൂറ്റൻ ചാക്കുകൾ ക്ലേശകരമായി ചുമന്നാണ് മുതുവാൻമാർ അരിയും ഗോതന്പുമൊക്കെ റേഷൻകടയിലെത്തിക്കുക. കാലങ്ങളായി ചുമട്ടുകാരായ 20 മുതുവാൻമാർ ഇവിടെയുണ്ട്.
വിദൂര ഊരുകളിലെ സ്ത്രീകൾക്ക് രാവിലെ പുറപ്പെട്ടാവേ ഉച്ചയോടെ റേഷൻ കടയിലെത്താനാകൂ. അരി സ്റ്റോക്കില്ലെങ്കിൽ ചുമട്ടുകാർ അരിയുമായി എത്തുംവരെ നിൽക്കണം. അരി വൈകിയാൽ സ്ത്രീകൾക്ക് മടങ്ങിപ്പോക്ക് മുടങ്ങിയേക്കാം. എട്ടു കിലോമീറ്റർ നടന്നെത്തി ഇവരുടെ ഏക റേഷൻകടയിൽ നിന്ന് ധാന്യങ്ങൾ വാങ്ങി ചുമന്ന് കൂരയിലെത്തിച്ച് വിശപ്പകറ്റുന്ന സഹനജീവിതം.
പെട്ടിമുടി മുതൽ ഇഡ്ഡലിപ്പാറ വരെ അടുത്തയിടെ നിർമിച്ച കോണ്ക്രീറ്റ് റോഡ് തുടർ പ്രളയങ്ങളിലും മലയിടിച്ചിലും തകരുക പതിവാണ്. അറ്റകുറ്റപ്പണി നടത്തിയാലും ഗതാഗതം ദുഷ്കരമായി തുടരുന്നു. ഇടമലക്കുടിക്കായി പ്രഖ്യാപിക്കുന്ന വികസന പദ്ധതികളെല്ലാം കടലാസിൽ മാത്രം. ബജറ്റിൽ മാറ്റിവയ്ക്കുന്ന കോടികൾ വർഷാവസാനം ഖജനാവിലേക്കു മടങ്ങിപ്പോകും.
പഞ്ചായത്തിന്റെ വാർഷിക പദ്ധതി വിഹിതംം 40 ശതമാനത്തിലേറെ ചെലവഴിക്കാറില്ല. ഇടമലക്കുടിയിലേക്കും ഇവിടെനിന്ന് മറ്റു കുടികളിലേക്കും വഴിയും വാഹനവും വെളിച്ചവുമില്ലാത്തതാണ് പരിമിതികളുടെ അടിസ്ഥാന കാരണം. വനംവകുപ്പ് കനിയാതെ ഒരു വികസന സംരഭവും ഇവിടെ നടപ്പാകില്ല.
രോഗം ബാധിച്ചാൽ കാട്ടുവള്ളികളിൽ തീർത്ത മഞ്ചലിൽ കിലോമീറ്ററുകൾ ചുമന്ന് ഇടമലക്കുടിയുടെ പ്രവേശന കവാടത്തിലെത്തിക്കണം. ആംബുലൻസ് എത്തിയാലും ചികിത്സ കിട്ടാൻ മണിക്കൂറുകൾ വേദന സഹിക്കണം. ദുർഘട പാതകൾ താണ്ടി കാടിനു പുറത്തെത്താൻ മണിക്കൂറുകളെടുക്കും.
മാങ്കുളം പഞ്ചായത്തിലെ മാങ്ങാപ്പാറയിൽനിന്നു ഇടമലക്കുടിയിലെ അന്പലപ്പാറക്കുടിയിലേക്കും ഇവിടെനിന്നു പഞ്ചായത്ത് ആസ്ഥാനമായ സൊസൈറ്റിക്കുടിയിലേക്കും റോഡ് നിർമിക്കാൻ പദ്ധതിയിട്ടെങ്കിലും നടപ്പായില്ല. ഊരുനിവാസികൾക്കു കട്ടിൽ വിതരണത്തിന് അനുവദിച്ച 60 ലക്ഷം രൂപയുടെ പദ്ധതിയും മുടങ്ങിപ്പോയി.
കുഞ്ഞുങ്ങളെ മാറാപ്പിൽകെട്ടി മുതുകിൽ തൂക്കിയിട്ടാണ് അമ്മമാരുടെ നടത്തവും വീട്ടുജോലികളും. ഏലവും കുരുമുളകും പച്ചക്കറികളും കപ്പയും റാഗിയുമൊക്കെയാണ് കൃഷി. വനത്തിൽനിന്ന് പലയിനം കിഴങ്ങുകളും തേനും കൂണും ശേഖരിക്കും. മുള ഉത്പന്നങ്ങളും പച്ചമരുന്നും വിറ്റഴിച്ചും വരുമാനം തേടുന്നു. അവഗണനയുടെയും വിശപ്പിന്റെയും രോഗങ്ങളുടെയും പുറംലോകമറിയാത്ത ദുരവസ്ഥയിലാണ് ഇടമലക്കുടിക്കാരുടെ ജീവിതം.