കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്നരവയസുകാരിയെ തട്ടിക്കൊണ്ടുപോയി. കുട്ടിയെ പിന്നീടു കണ്ടെത്തി. വളർത്താൻവേണ്ടിയാണു കുട്ടിയെ കൊണ്ടുപോയതെന്നായിരുന്നു ദന്പതികളുടെ വിശദീകരണം.
തൃശൂർ ജനറൽ ആശുപത്രിയിൽനിന്നു കന്യാകുമാരിയിൽനിന്നുള്ള ദമ്പതികൾ തട്ടിയെടുത്ത ഒന്നര മാസം മാത്രം പ്രായമായ കുട്ടിയെ ഒന്നര മണിക്കൂറിനകം പോലീസ് കണ്ടെത്തി.
കന്യാകുമാരിയിൽനിന്നുതന്നെയുള്ള വേറെ ദമ്പതികൾ കൊല്ലം അഞ്ചാലുംമൂട് സ്വദേശികളുടെ മകളെയാണ് റാഞ്ചിയത്. പത്തുമാസത്തിനുശേഷം തമിഴ്നാട്ടിലെ തിരുച്ചെന്തൂർ ക്ഷേത്രപരിസരത്തുനിന്നു പോലീസ് കുഞ്ഞിനെ കണ്ടെത്തി.
കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന കേസുകള്‍ കൈകാര്യം ചെയ്യാന്‍ എല്ലാ പോലീസ് സ്റ്റേഷനുകളിലും നോഡല്‍ ഓഫീസര്‍മാരെ നിയമിക്കണമെന്നും നിര്‍ബന്ധമായും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും 2013 ജനുവരിയില്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.
കേരളമടക്കമുള്ള ചുരുക്കം ചില സംസ്ഥാനങ്ങളില്‍ മാത്രമാണ് ഇക്കാര്യത്തില്‍ കുറച്ചെങ്കിലും ജാഗ്രത പുലര്‍ത്തുന്നത്. കോടതിയുടെ ഇടപെടലിനെത്തുടര്‍ന്ന് കാണാതാകുന്ന കുട്ടികളെക്കുറിച്ച് അന്വേഷിക്കാന്‍ കേരള സര്‍ക്കാര്‍ ജില്ലകള്‍ തോറും ഒരു ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക മോനിട്ടറിംഗ് സെല്‍ രൂപീകരിച്ചിട്ടുണ്ട്.
നാല് എസ്ഐമാരും നാല് എഎസ്ഐമാരും സിവില്‍ പോലീസ് ഓഫീസര്‍മാരും ഉള്‍ക്കൊള്ളുന്ന ഈ യൂണിറ്റുകള്‍ ദിനംപ്രതി റിവ്യൂ നടത്തണമെന്നും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു 15 ദിവസത്തിനകം ഉന്നതതലത്തില്‍ നടപടി സ്വീകരിക്കണമെന്നുമാണു ചട്ടം.
ഇതെല്ലാം മുറപോലെ നടക്കുന്നുണ്ടെന്നു പറയുമ്പോഴും കുട്ടികളുടെ തിരോധാനങ്ങള്‍ കുറയുന്നില്ല. തങ്ങളുടെ മക്കളെ ആരെങ്കിലും തട്ടിയെടുത്തേക്കുമെന്ന ഭീതി കുരുന്നുമക്കളുള്ള മാതാപിതാക്കളുടെ മനസിൽ നെരിപ്പോടായി എരിഞ്ഞുകൊണ്ടിയിരിക്കുന്നു.
ജുവനൈല്‍ ജസ്റ്റീസ് നിയമം
കാണാതാകുന്ന കുട്ടികളെ കണ്ടെത്താനും കുട്ടികളുടെ സംരക്ഷണത്തിനും വേണ്ടിയാണ് 2003ല്‍ സംസ്ഥാനത്ത് കേരള ജുവനൈല്‍ ജസ്റ്റീസ് നിയമം നിലവില്‍ വന്നത്. കേന്ദ്ര സര്‍ക്കാരിന്റെ 2000ലെ ജുവനൈല്‍ ജസ്റ്റീസ് നിയമത്തിന്റെ ചുവടുപിടിച്ചാണ് സംസ്ഥാനത്തും ഈ നിയമം കൊണ്ടുവന്നത്.
ഈ നിയമമനുസരിച്ച് എല്ലാ സംസ്ഥാനത്തും മിസിംഗ് ചില്‍ഡ്രണ്‍ ബ്യൂറോ സ്ഥാപിക്കണമെന്നും രാജ്യത്തെ എല്ലാ ബ്യൂറോകളും പരസ്പരം സഹകരിച്ച് പ്രവര്ത്തിക്കണമെന്നുമുണ്ട്.
ഓരോ ജില്ലയിലും പ്രത്യേക ജുവനൈല്‍ പോലീസ് യൂണിറ്റ് വേണമെന്നും ഓരോ പോലീസ് സ്റ്റേഷനിലും ജുവനൈല്‍ വെല്‍ഫെയര്‍ ഓഫീസര്‍ വേണമെന്നും നിഷ്കര്‍ഷിച്ചിട്ടുണ്ട്. ഓരോ മൂന്നു വര്‍ഷം കൂടുമ്പോഴും കേരളം ഈ നിയമം പരിഷ്കരിക്കുന്നുമുണ്ട്.
നിസാര കാര്യങ്ങള്‍ക്കുപോലും മാതാപിതാക്കളുമായി വഴക്കിട്ടു വീടുവിട്ടിറങ്ങുന്ന കുട്ടികളുണ്ട്. ബസ് സ്റ്റാന്‍ഡിലോ റെയില്‍വേ സ്റ്റേഷനിലോ മറ്റു പൊതുസ്ഥലങ്ങളിലോ എത്തിപ്പെടുന്ന ഇവരെ റാഞ്ചാന്‍ അധോലോക സംഘങ്ങള്‍ കാത്തിരിപ്പുണ്ടാകുമെന്ന തിരിച്ചറിവ് കുട്ടികളിൽ ഉണ്ടാക്കിയെടുക്കാൻ രക്ഷിതാക്കൾക്കു കഴിയണം.
ഒപ്പം സ്കൂൾ അധികൃതരും സർക്കാർ സംവിധാനവുമെല്ലാം ഇക്കാര്യത്തിൽ കുട്ടികൾക്കുവേണ്ട ഉപദേശവും സംരക്ഷണവും നൽകാനുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തിയേ മതിയാകൂ.
കുട്ടികളെ തനിച്ചാക്കരുത്
കുട്ടികളുടെ സുരക്ഷ വർത്തമാനകാലത്തെ വലിയ ആശങ്കതന്നെയാണ്. നമ്മള് ഒടുവില്‍ കണ്ടത് കൊല്ലം ഓയൂരിലെ കുഞ്ഞിന്റെ തട്ടിക്കൊണ്ടു പോകലാണ്. ആ മകളെ ആപത്തൊന്നുമില്ലാതെ കണ്ടെത്തിയെങ്കിലും ആവര്‍ത്തിക്കപ്പെടുന്ന കുട്ടികളുടെ തിരോധാനത്തിൽ എല്ലാവരുടെയും ജാഗ്രത അനിവാര്യമാണ്.
കുട്ടികള്‍ അവരുടെ ചുറ്റുപാടുകളെക്കുറിച്ച് ബോധവാന്മാരായിരിക്കണം. അതിന് അവരെ പ്രാപ്തരാക്കണം. അപരിചിതരുമായി സംസാരിക്കരുത്, ആരും ഒറ്റയ്ക്കായിരിക്കരുത്, എന്തെങ്കിലും സംശയം തോന്നിയാല്‍ ഉടനെ മുതിര്‍ന്നവരെ അറിയിക്കണം തുടങ്ങിയവ കുഞ്ഞുപ്രായത്തില്‍തന്നെ അവരെ പഠിപ്പിക്കണം.
മുതിര്‍ന്നവര്‍ കുട്ടികളെ നിരീക്ഷിക്കേണ്ടത് പ്രധാനമാണ്. തട്ടിക്കൊണ്ടുപോകൽ തടയാന്‍ രക്ഷിതാക്കള്‍ക്കൊപ്പം സമൂഹവും വലിയ ശ്രദ്ധ ചെലുത്തുകതന്നെ വേണം. സ്കൂളുകള്‍, പാര്‍ക്കുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ സുരക്ഷിതമായ പരിസരം സൃഷ്ടിക്കണം.
സുരക്ഷാ കാമറകള്‍ സ്ഥാപിക്കുക, മതിയായ ലൈറ്റുകള്‍ ഉറപ്പാക്കുക, പരിശീലനം ലഭിച്ച സുരക്ഷാ ജീവനക്കാരെ നിയമിക്കുക എന്നിവ സുരക്ഷ വര്‍ധിപ്പിക്കാന്‍ സഹായിക്കും.
കുട്ടികളുടെ സുരക്ഷയ്ക്കായി ഉണ്ടാക്കിയ നിയമങ്ങള്‍ കർശനമായി നടപ്പിലാക്കേണ്ടതുണ്ട്. കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷ കൂടുതല്‍ കടുപ്പിക്കുക, കുറ്റവാളികളെ പിടികൂടുന്നതിനും വിചാരണ നടത്തുന്നതിനുമുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കുക എന്നിവ ഇതിൽ പ്രധാനമാണ്.
കുട്ടികള്‍ അപകടത്തിലാണെന്ന് ആർക്കെങ്കിലും സംശയം തോന്നിയാൽ ഉടനെ പോലീസിനെ അറിയിക്കണം. കുട്ടികളുടെ സുരക്ഷയെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനുള്ള പരിപാടികളില്‍ എല്ലാവരും പങ്കെടുക്കണം.
ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന കുട്ടികളെ സൈബര്‍ കുറ്റകൃത്യങ്ങളില്‍നിന്നു സംരക്ഷിക്കാനും ജാഗ്രത വേണം. കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ മുതിര്‍ന്നവരുടെ നിരീക്ഷണം ഉറപ്പാക്കണം.
കുടുംബബന്ധങ്ങള്‍ ശക്തിപ്പെടുത്തുക വളരെ പ്രധാനമാണ്. കുട്ടികളുമായി കൂടുതല്‍ സമയം ചെലവഴിക്കണം. അവരുടെ കാര്യങ്ങളില്‍ താത്പര്യം പ്രകടിപ്പിക്കുകയും കുട്ടികള്‍ക്ക് എന്തും മാതാപിതാക്കളോടു തുറന്നുപറയാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്ന തിരിച്ചറിവ് സൃഷ്ടിക്കുകയും വേണം.
ഒന്നിച്ചിരുന്നു ഭക്ഷണം പങ്കിട്ടു കഴിക്കാനുള്ള അവസരം പരമാവധി സൃഷ്ടിക്കാനുള്ള ബോധപൂര്‍വമായ ശ്രമം വേണം. ഇത്തരം സാഹചര്യങ്ങളിൽ കുഞ്ഞുങ്ങള്‍ക്കു തങ്ങളുടെ ആശങ്കകൾ തുറന്നുപറയാന്‍ കഴിയും.
പ്രദീപ് ഗോപി