കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ് തിരുവനന്തപുരം സ്വദേശിയായ അഖിൽ എന്ന ഭിന്നശേഷിക്കാരനായ 16 വയസുകാരനെയും കാണാനായത്. മുടി വെട്ടിക്കാൻ പോയ അഖിൽ പിന്നീടു മടങ്ങിവന്നില്ല.
ചിത്രരചനയിൽ സംസ്ഥാന തലത്തിൽവരെ സമ്മാനങ്ങൾ നേടിയ മിടുക്കനായിരുന്നു അഖിൽ. മകനുവേണ്ടിയുള്ള കാത്തിരിപ്പ് 18 വർഷങ്ങൾക്ക് ഇപ്പുറവും മാതാപിതാക്കളായ ഗോപിയും സുലോചനയും തുടരുന്നു.
കോട്ടയം കാഞ്ഞിരപ്പള്ളിക്കു സമീപം ആനക്കല്ലില്‍നിന്നു രണ്ടര വയസുകാരനെ കാണാതായത് 1998 സെപ്റ്റംബര്‍ രണ്ടിനാണ്. ജലീല്‍-റഷീദ ദമ്പതികളുടെ ആദ്യത്തെ കണ്മണി താഹിർ ആണ് അപ്രത്യക്ഷനായത്. മെയിന്‍ റോഡിനോടു ചേര്‍ന്നാണ് ഇവരുടെ വീട്.
കുഞ്ഞ് മുറ്റത്തിരുന്നു കളിക്കുകയായിരുന്നു. കുട്ടിക്കൊപ്പമുണ്ടായിരുന്ന മുത്തശി വീടിനുള്ളിലേക്കു പോയി മടങ്ങിവന്നു നോക്കിയപ്പോള്‍ കുഞ്ഞിനെ കാണാനില്ല. അന്നു ശക്തമായ മഴ പെയ്തിരുന്നു. വീടിനടുത്തു തോടും കിണറും ഒക്കെയുള്ളതിനാല്‍ ആ വഴിക്കായിരുന്നു ആദ്യ അന്വേഷണം.
തുടര്‍ന്നു പോലീസില്‍ പരാതി നല്കി. താഹിറിനെ കാണാതായി ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം താഹിറിന്റെ മുഖഛായയുള്ള ഒരു കുട്ടി ഇടുക്കി ജില്ലയിലെ ഏലപ്പാറയില്‍ ഉണ്ടെന്ന വിവരം ലഭിച്ചു.
ഇതേത്തുടര്‍ന്ന് ആ വഴിക്കും അന്വേഷണം നടന്നെങ്കിലും ശാസ്ത്രീയ അന്വേഷണത്തില്‍ അതു താഹിര്‍ അല്ലെന്നു തെളിഞ്ഞു. ലോക്കല്‍ പോലീസിനു പുറമെ ക്രൈംബ്രാഞ്ചും അന്വേഷണം നടത്തിയെങ്കിലും 23 വര്‍ഷങ്ങള്‍ക്കുശേഷവും താഹിര്‍ കാണാമറയത്തുതന്നെ.
ഭിക്ഷാടനമാഫിയയെ ഭയക്കണം
കേരളത്തിൽനിന്നു കുട്ടികളെ ഏറ്റവുമധികം കടത്തിക്കൊണ്ടുപോകുന്നത് ഭിക്ഷാടന മാഫിയയാണെന്നാണ് ഇത്തരം കേസുകൾ കൈകാര്യം ചെയ്തിട്ടുള്ള പോലീസ് ഉദ്യോഗസ്ഥരും ഈ മേഖലയിൽ പ്രവർത്തിക്കുന്ന സന്നദ്ധസംഘടനകളും പറയുന്നത്. ഇതിനായി രണ്ടുതരം ഭിക്ഷാടക സംഘങ്ങളുണ്ടെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
ഒന്ന്: കേരളത്തിനകത്തു മാത്രം പ്രവർത്തിക്കുന്ന സംഘങ്ങൾ. പ്രധാന ജില്ലകളിലോ പട്ടണങ്ങളിലോ ഒരു മാസ്റ്റർ ഇവരെ നിയന്ത്രിക്കും. മേഖല തിരിച്ചാണു ഭിക്ഷാടനം. ഈ സംഘങ്ങളെല്ലാം ഏതെങ്കിലുമൊരു വിധത്തിൽ ലഹരി വിൽപനക്കാരുമായും മോഷ്ടാക്കളുമായും ബന്ധമുള്ളവരാണ്. അടഞ്ഞുകിടക്കുന്ന വീടുകളെക്കുറിച്ചു മോഷ്ടാക്കൾക്കു വിവരം ലഭിക്കുന്നത് ഭിക്ഷാടകരിൽനിന്നാണ്.
രണ്ട്: തമിഴ്നാട്, ആന്ധ്ര പോലുള്ള സംസ്ഥാനങ്ങളിൽനിന്നു വരുന്ന സംഘങ്ങൾ. ഒന്നോ രണ്ടോ രാത്രി കേരളത്തിൽ തങ്ങി മോഷണവും ഭിക്ഷാടനവും മറ്റും നടത്തി മടങ്ങുന്ന ഇവരെക്കുറിച്ചു കൃത്യമായ വിവരങ്ങളില്ല. ഇവരാണു കുട്ടികളെ നോട്ടമിടുന്നവർ. തട്ടിക്കൊണ്ടു പോകാനുള്ള എളുപ്പത്തിന് നാലു വയസു വരെയുള്ളവരെയാണു ലക്ഷ്യമിടുക.
പിടിക്കപ്പെട്ടാലും കുട്ടികൾക്ക് തെളിവുകൾ നൽകാൻ തക്ക ഓർമയുണ്ടാകില്ല. സംസ്ഥാനത്ത് ഭിക്ഷാടനം നിരോധിച്ചതോടെ പരസ്യമായിള്ള ഭിക്ഷാടനം ഇപ്പോൾ കാണാനില്ല. എങ്കിലും ഒളിച്ചും പാത്തും ഇന്നും ഭിക്ഷാടനവും തട്ടിക്കൊണ്ടുപോകലും തുടരുകയാണ്.
അന്വേഷിച്ചു ചെന്നാൽ ഞെട്ടും
കാണാതായ പെണ്‍കുട്ടികള്‍ക്കു വേണ്ടിയുള്ള അന്വേഷണം ചെന്നെത്തുന്നത് പലപ്പോഴും മനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവങ്ങളിലേക്കാണ്. ഏതാനും വര്‍ഷം മുമ്പ് കൊല്ലം അമ്പലംകുന്നില്‍ അഞ്ചു വയസുകാരിയുടെ മൃതദേഹം കിട്ടിയത് അയല്‍വീട്ടിലെ കട്ടിലിന്റെ അടിയില്‍നിന്നാണ്.
അയല്‍വാസിയായ 15കാരനെ പോലീസ് കസ്റ്റഡിയിലെടുത്തതോടെ മാനഭംഗത്തിനിടെയാണ് ആ കുരുന്നിനു ജീവന് നഷ്ടമായതെന്നു തെളിഞ്ഞു.
തൃശൂര്‍ ചെന്ത്രാപ്പിന്നിയില്‍ എഴു വയസുകാരി കൊല്ലപ്പെട്ടതും മാനഭംഗത്തിനിടെയായിരുന്നു. ഈ സംഭവത്തിൽ അറസ്റ്റിലായത് 16 വയസുകാരന്. ഇവരുടെ വീടിനടുത്തു നിര്‍മാണത്തിലിരുന്ന വീടിനുള്ളില്‍ ചാക്കില്‍ കെട്ടിവച്ചനിലയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
അടൂരിനടുത്ത് പറക്കോട്ട് നാടോടികളായ മാതാപിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന മൂന്നു വയസുകാരിയെ എടുത്തുകൊണ്ടു പോയി പീഡിപ്പിച്ചു കൊന്നത് ഹരിപ്പാട് സ്വദേശിയായ കൃഷ്ണപിള്ളയെന്ന 47കാരനായിരുന്നു. ഇത്തരം കൊടുംക്രൂരതകള്‍ ആലുവയിലടക്കം പിന്നീട് പലതവണ ആവര്‍ത്തിക്കപ്പെട്ടു.
കുട്ടികളെ കാണാതാകുന്നത് അതീവഗൗരവമായി കാണേണ്ട ഒരു വിഷയമാണെന്നും അങ്ങനെ കാണാത്തത് വിരോധാഭാസമായി തോന്നുന്നെന്നും മുമ്പൊരിക്കല്‍ സുപ്രീം കോടതിതന്നെ അഭിപ്രായപ്പെട്ടിരുന്നു.
പിന്നീട് പലതവണ സർക്കാരുകളെ വിമർശിക്കുകയും വിശദീകരണം തേടുകയും ചെയ്തു. പക്ഷേ, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇപ്പോഴും അതത്ര വലിയ കാര്യമായി എടുത്തതായി തോന്നുന്നില്ല. എടുത്തിരുന്നെങ്കിൽ ദുരൂഹസാഹചര്യങ്ങളിൽ കാണാതാവുകയും കണ്ടെത്താതിരിക്കുകയും ചെയ്യുന്ന കുട്ടികളുടെ എണ്ണം ഈവിധം കൂടില്ലായിരുന്നു.
തങ്ങളുടെ എല്ലാമെല്ലാമായ കുരുന്നുകള്‍ നഷ്ടപ്പെട്ട ഹതഭാഗ്യരായ മാതാപിതാക്കളുടെ രോദനം സര്‍ക്കാര്‍ സംവിധാനങ്ങൾ കേട്ടേ മതിയാകൂ.
പ്രദീപ് ഗോപി