കൈക്കരുത്തിൽ ഉയരങ്ങളിലേക്ക്
കൊച്ചി: സ്കൂള്‍ പഠനകാലത്ത് പിറ്റി പിരീഡില്‍ കൂട്ടുകാരെല്ലാം ഓരോ കായികവിനോദങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ ജോബി മാത്യു എന്ന ബാലന് കൗതുകത്തോടെ അതെല്ലാം നോക്കിയിരിക്കും.
ജന്മനാ തന്നെ ഇരുകാലുകൾക്കും ശേഷി ഇല്ലാത്ത ജോബിക്ക് പറ്റിയ കായികവിനോദം ഉണ്ടായിരുന്നില്ല. വൈകല്യം ഉള്ളതിനാല്‍ ആരും കൂടെ കൂട്ടിയിരുന്നുമില്ല. എന്നും ഗ്യാലറിയില്‍ കാഴ്ചക്കാരനായിരിക്കാനായിരുന്നു ജോബിയുടെ വിധി.
എല്ലാവര്ക്കും സദ്യ വിളമ്പിയിട്ട് നമുക്ക് കിട്ടാതെ വരുന്ന അവസ്ഥയെന്നാണ് ജോബി അതിനെക്കുറിച്ചു പറയുന്നത്. വര്‍ഷങ്ങള്‍ക്കിപ്പുറം 29-ാമത് ലോക മെഡല്‍ തന്നെ തേടിയെത്തുമ്പോഴും ജോബിയുടെ കരിയറിനും ജീവിതത്തിനും മുന്നില്‍ ആരുമൊന്നു തല കുനിച്ചുപോകും.
ദുബായിയില്‍ നടന്ന വേള്‍ഡ് പാരാ പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ജോബി വെങ്കല മെഡല്‍ നേടിയത് ദേശീയ കായിക ദിനമായ ഓഗസ്റ്റ് 29 നായിരുന്നുവെന്ന സവിശേഷതയും കൂടിയുണ്ട്. വേള്‍ഡ് പാരാ പവര്‍ ലിഫ്റ്റിംഗ് ചാംപ്യന്‍ഷിപ്പിലെ 59 കിലോ വിഭാഗത്തിലായിരുന്നു ഈ മെഡല്‍ നേട്ടം.
148 കിലോ വരെ ഭാരം ഉയര്‍ത്തിയിട്ടുള്ള ജോബിക്ക്, 125 കിലോ ഉയര്‍ത്തി കിട്ടിയ ഈ മെഡല്‍ തന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടമൊന്നുമല്ല. പക്ഷെ, ഒക്ടോബറില്‍ ചൈനയിലെ ഏഷ്യന്‍ ഗെയിംസിലേക്ക് പോകാന്‍ ഒരു മെഡല്‍ വേണമായിരുന്നു.
ഇതൊരു മധുരപ്രതികാരം
ജോബിയെ സംബന്ധിച്ച് ഈ മെഡല്‍ ഒരു മധുര പ്രതികാരം തന്നെയാണ്. കാരണം ഒരാഴ്ച മുന്‍പ് തുടങ്ങിയ വേള്‍ഡ് ചാംപ്യന്‍ഷിപ്പില്‍ ജോബി ഉണ്ടാകുമോ എന്ന് ജൂലൈ 31 വരെ ഒരുറപ്പും ഇല്ലായിരുന്നു.
ചിലരുടെയൊക്കെ ഇടപെടലില്‍ അര്‍ഹതയുണ്ടായിട്ടും ഈ കായികതാരം ലിസ്റ്റില്‍നിന്ന് പിന്തള്ളപ്പെട്ടു. പോരാട്ടങ്ങള്‍ക്കൊടുവില്‍ എന്‍ട്രി കിട്ടി രണ്ടാഴ്ചത്തെ മാത്രം പരിശീലനവും കൊണ്ടാണ് ജോബി ഈ മെഡല്‍ നേടിയത്.
പ്രതിസന്ധിയില്‍ തളരാതെ
പാലാ അടുക്കം നെല്ലുവേലില്‍ എന്‍.കെ. മാത്യു-ഏലിക്കുട്ടി ദമ്പതികളുടെ മകനായ ജോബിക്ക് ജന്മനാതന്നെ ഇരു കാലുകൾക്കും ശേഷിയി ല്ലായിരുന്നു. കുട്ടിക്കാലത്ത് അമ്മയുടെ ഒക്കത്തിരുന്നയായിരുന്നു സ്കൂളില്‍ എത്തിയിരുന്നത്.
പക്ഷേ ആരുടെ മുന്നിലും തല കുനിക്കാന്‍ അദ്ദേഹം ഒരുക്കമായിരുന്നില്ല. കൈക്കരുത്തിന്റെ ബലത്തില്‍ ജോബി നടന്നു നീങ്ങി. വൈകല്യങ്ങളില്‍ തളര്‍ന്നു പോകുന്നവര്‍ക്കു മുന്നില്‍ പ്രത്യാശയുടെ പൊന്‍കിരണമാണ് ഈ മൂന്നടിക്കാരന്.
കൈകുത്തി നടന്ന് ജോബി എംഎയും എല്‍എല്‍ബിയും പാസായി. നിലവില്‍ കൊച്ചി ഭാരത് പെട്രോളിയം കമ്പനി ലിമിറ്റഡിലെ മാനേജറും സ്പോര്‍ട്സ് പേഴ്സണുമാണ്.
കൂട്ടുകാരനുമായി പഞ്ച പിടിച്ച ആറാംക്ലാസുകാരന്
എല്ലാവരും ഓരോ കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ അതുനോക്കിയിരുന്ന ആ ആറാംക്ലാസുകാരനെ പഞ്ച പിടിക്കാനായി വിളിച്ചത് കൂട്ടുകാരനായിരുന്നു. കൈകുത്തി നടക്കുന്നതിനാല്‍ ജോബിയുടെ കൈകള്‍ക്ക് നല്ല ബലമായിരുന്നു.
കൂട്ടുകാരനെ പഞ്ച പിടിച്ച് തോല്‍പ്പിച്ചായിരുന്നു ജോബിയുടെ തുടക്കം. പത്താം ക്ലാസിലെത്തിയപ്പോള്‍ പഞ്ച ഗുസ്തിയില്‍ ജോബി അറിയപ്പെട്ടു തുടങ്ങി. വര്‍ഷങ്ങള്‍ക്കു മുമ്പ് ജിമ്മില്‍ പോയെങ്കിലും അദ്ദേഹത്തിന് അവിടെ നിന്ന് ആദ്യം അവഗണനയാണ് ലഭിച്ചത്.
1993 ല്‍ പഞ്ചഗുസ്തി ജില്ലാ മത്സരത്തില്‍ പങ്കെടുത്ത് വെങ്കല മെഡല്‍ നേടി. 1994 ല്‍ സംസ്ഥാനതലത്തിലും ദേശീയതലത്തിലും മെഡല്‍ നേടി. 2004 വരെ ദേശീയ ചാമ്പ്യനായിരുന്നു.
സ്പോണ്‍സര്‍മാര്‍ ഇല്ലാത്തതിനെത്തുടര്‍ന്ന് ലോക ചാമ്പ്യന്‍ഷിപ്പുകള്‍ പലതും ഉപേക്ഷിക്കേണ്ടിവന്നു. നിലവില്‍ ആലുവയിലെ ഫിറ്റ് വെല്‍ ജിമ്മിലും വീട്ടിലൊരുക്കിയിരിക്കുന്ന ജിമ്മിലുമാണ് ജോബി പരിശീലനം നടത്തുന്നത്.
ഗുജറാത്ത് സായില്‍ പരിശീലനത്തിന് അനുമതിയുണ്ടെങ്കിലും സാങ്കേതിക ബുദ്ധിമുട്ടുകള്‍ കാരണം അവിടേക്ക് പോയില്ല.
ലോക മെഡലുകളുടെ പെരുമഴ
കൈക്കരുത്തിലും നെഞ്ചുറപ്പിലും 29 ലോക മെഡലുകളാണ് ഈ 46കാരന് സ്വന്തമാക്കിയിരിക്കുന്നത്. 2005ല്‍ ജപ്പാനില്‍ നടന്ന ആം റസ്ലിംഗില്‍ ഗോള്‍ഡ് മെഡല്‍ നേടി ലോക ചാമ്പ്യനായി.
2008 ല്‍ സ്പെയിനില്‍ വേള്‍ഡ് ചാമ്പ്യന്‍, 2009 ല്‍ ഈജിപ്റ്റില്‍ വേള്‍ഡ് ചാമ്പ്യന്‍, 2010ല്‍ ഇസ്രായേലില്‍ നടന്ന പാര ബാന്‍ഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വേള്‍ഡ് മെഡല്‍, 2012 ല്‍ സ്പെയിനില്‍ വേള്‍ഡ് ചാമ്പ്യന്‍,
2013 ല്‍ അമേരിക്കയില്‍ നടന്ന വേള്‍ഡ് ഡാര്ഫ് ഒളിമ്പിക് ഗെയ്മില്‍ വ്യത്യസ്ത ഇനങ്ങളില്‍ അഞ്ച് സ്വര്‍ണമെഡലുകളോടെ വേള്‍ഡ് ചാമ്പ്യന്‍, 2014 പോളണ്ടില്‍ നടന്ന പാരാ ആം റസ്ലിംഗ് ഫസ്റ്റ് വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ വേള്‍ഡ് ചാമ്പ്യന്‍,
2017 ല്‍ കാനഡയില്‍ നടന്ന ഡാര്ഫി ഒളിംമ്പിക് ഗെയിംസില്‍ ആറ് മെഡലുകളോടെ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ്, 2022 ല്‍ കൊറിയയില്‍ വേള്‍ഡ് ചാമ്പ്യന്‍... ജോബിയുടെ ലോക മെഡല്‍ പട്ടിക തുടരുകയാണ്.
ചൈനയില്‍ നടക്കുന്ന മത്സരത്തില്‍ 165 കിലോ ഭാരം ഉയര്‍ത്തി ലോക ചാമ്പ്യനാകാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ ജോബി. നാഷണല്‍ പാരാ പവര്‍ ലിഫ്റ്റിംഗ് ഔദ്യോഗിക കോച്ചായ ജെ.പി. സിംഗ് ആണ് ജോബിയുടെ കോച്ച്.
സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് അവഗണന മാത്രം
ലോക മെഡലുമായി കഴിഞ്ഞ രണ്ടിന് സെപ്റ്റംബര്‍ രണ്ടിന് നെടുമ്പാശേരി അന്താരാഷ്ട്രവിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോള്‍ സ്വീകരിക്കാന്‍ മന്ത്രിമാരോ എംഎല്‍എമാരോ ഉണ്ടായിരുന്നില്ല.
സംസ്ഥാന മുഖ്യമന്ത്രിയോ കായിക വകുപ്പ് മന്ത്രിയോ ഇതുവരെ ഒരു ഫോണ്‍ കോളില്‍ പോലും ജോബിയെ അഭിനന്ദിക്കാന്‍ വിളിച്ചിട്ടുമില്ല.
അന്താരാഷ്ട്ര മെഡല്‍ നേടുന്ന താരങ്ങളെ സമൂഹമാധ്യമങ്ങളിലൂടെ പ്രശംസിച്ചുകൊണ്ട് മുഖ്യമന്ത്രിയും കായികമന്ത്രിയുമൊക്കെ കുറിപ്പ് ഇറക്കാറുണ്ട്. ജോബിയുടെ കാര്യത്തിലും അതും ഉണ്ടായില്ല.
കായികതാരങ്ങള്‍ ലോക മെഡലുമായി വരുമ്പോള്‍ എങ്ങനെ സ്വീകരിക്കണമെന്ന പ്രോട്ടോകോള്‍ ഇല്ലാത്തത് ശോചനീയമാണ്.
ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്ക് മറ്റു സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും തുല്യമായ പ്രോത്സാഹനവും പരിഗണനയും നല്കുമ്പോള് ജോബി പരിശീലനം നടത്തുന്നതും ചാമ്പ്യന്‍ഷിപ്പിനു പോകുന്നതുമൊക്കെ സ്വന്തം ചെലവില്‍ തന്നെയാണ്.
ഭാരത് പെട്രോളിയത്തിന്റെ പിന്തുണ ജോബിക്ക് എപ്പോഴുമുണ്ട്. ശാരീരിക പരിമിതിയുള്ള താരങ്ങളോട് സര്‍ക്കാര്‍ വിവേചനപരമായാണ് പെരുമാറുന്നത്.
സ്കൂള്‍ തലം മുതല്‍ ജനറല്‍ ആയിട്ടുള്ള കുട്ടികള്‍ക്ക് സ്പോര്‍ട്സ് ചെയ്യാനുള്ള അവസരമുണ്ട്. വൈകല്യമുള്ള കുഞ്ഞുങ്ങള്‍ക്ക് അതിനുള്ള അവസരം ഇന്നില്ല.
മാറിമാറിവരുന്ന ഭരണതലപ്പുള്ളവരുടെ മക്കളും കുടുംബാംഗങ്ങളുമൊന്നും വൈകല്യമുള്ളവരല്ല. അതുകൊണ്ടുതന്നെ അവര്‍ക്ക് ശാരീരിക വൈകല്യമുള്ള കായികതാരങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കാനെ കഴിയൂ.
ശാരീരിക വൈകല്യമുള്ള കുഞ്ഞുങ്ങള്‍ക്ക് സ്പോര്‍ട്സ് ചെയ്യാനുള്ള അവസരങ്ങള്‍ സംസ്ഥാനഭരണാധികാരികള്‍ നിയമനിര്‍മാണം നടത്താത്തതുമൂലം അവരുടെ മക്കള്‍ക്ക് വൈകല്യമുള്ള കുഞ്ഞുങ്ങള്‍ ഉണ്ടാകണെയെന്നാണ് ഞാന്‍ പ്രാര്ഥിക്കാറുണ്ട്.
എനിക്ക് കഴിയാവുന്നത്ര കാലം രാജ്യത്തിനു വേണ്ട് ഞാന്‍ മെഡല്‍ നേടും. ആരോടും ഒരു പരിഭവവും പറയുന്നില്ല. തുല്യ പരിഗണനയും തുല്യ പ്രോത്സാഹനവും വേണം' - അമര്‍ഷത്തോടെ ജോബി പറഞ്ഞു നിര്‍ത്തി.
കുടുംബത്തിന്റെ പിന്തുണ
നല്ലൊരു നര്‍ത്തകി കൂടിയായ ഭാര്യ ഡോ.മേഘയും വിദ്യാര്‍ഥികളായ മക്കള്‍ ജ്യോതിസും വിദ്യുതും പ്രോത്സാഹനവുമായി ജോബിക്കൊപ്പം എപ്പോഴുമുണ്ട്.
പാലാ എസ്എച്ച് കോണ്‍വെന്റിലെ സിസ്റ്റര്‍ സ്മിത മരിയയാണ് ജോബിയുടെ സഹോദരി.
സീമ മോഹന്‍ലാല്‍