ഓണനാൾവഴികൾ
മുത്തശ്ശി ചൊന്നോരോണമുണ്ട്
മുറ്റത്തു പൂക്കളം തീർത്തൊരോണം
തൊടിയിൽ പൂനുള്ളാൻ പോയൊരോണം
മാങ്കൊമ്പിലുഞ്ഞാലാടി യൊരോണം
പുന്നെല്ലിനരിയെടുത്തുണ്ടയോണം
ആർപ്പോ വിളികൾ നിറഞ്ഞൊരോണം
ഉത്രാടപാച്ചിലിൽ ഓടിയോണം
ഓണക്കോടി കൊതിചൊരോണം
ഇലവെട്ടി സദ്യ വിളമ്പിയോണം...
അമ്മ പറഞ്ഞോരോണമുണ്ട്
മാവേലി മാന്നനേ കാത്തോരോണം
പൂക്കൾ വാങ്ങുവാൻ പോയോരോണം
ഇലവാങ്ങി സദ്യ വിളമ്പിയോണം
പച്ചക്കറി വണ്ടി കാത്തൊരോണം...
ഞാൻ കണ്ടു വളർന്നോരോണമുണ്ട്
ഉപ്പിൽ നിറം ചേർത്ത പൂക്കളങ്ങൾ
ഒറ്റക്കിരുന്നാടിയൊരുഞ്ഞാൽ പടി
പുത്തൻ കോടി ഉടുത്തോരോണം
പ്ലാസ്റ്റിക്കിലയിലെ ഓണസദ്യ
ഉച്ചകഴിഞ്ഞമ്മ വീട്ടിലോണം..
എൻമകൻ കാണുന്നോരോണമുണ്ട്
പൂക്കളം വാങ്ങി ഒട്ടിച്ചൊരോണം
സദ്യക്ക് ഓർഡർ കൊടുത്തോരോണം
സ്റ്റാറ്റസിടാൻ തിരഞ്ഞോടിയോണം
പുത്തൻ കോടി ഓൺലൈനിൽ
തപ്പിയോണം മാസ്ക്കിനാൽ
ചിരി മറച്ചൊരോണം.....
ഹരിപ്രിയ ഗോപിനാഥ്