സമഗ്ര പ്രാദേശിക വികസനത്തിന്റെ ദീർഘ ദർശി
ഡോ. എം.എസ്. സ്വാമിനാഥൻ വിട പറഞ്ഞു. രാജ്യത്തിന്റെ കാർഷിക പുരോഗതിയുടെ ചരിത്രത്തിൽ അദ്ദേഹത്തിന്റെ കെെയൊപ്പ് ലോകം അംഗീകരിച്ചിട്ടുണ്ട്. അദ്ദേഹത്തെ ഈ എളിയ ഞാൻ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല.
പക്ഷേ ഓർമയിൽ തങ്ങിനിൽക്കുന്ന ചില കാര്യങ്ങൾ കുറിച്ച് വയ്ക്കേണ്ടത് കടമ മാത്രമാണെന്ന് കരുതുന്നു. വലിയ സീനിയർ ആയ ഈ കൃഷി ശാസ്ത്രജ്ഞനുമായി, കൃഷിയെപ്പറ്റി വളരെയൊന്നും അറിവില്ലാത്ത എനിക്ക് 2007 മുതൽ മരിക്കുന്നതുവരെ നിറഞ്ഞ സൗഹൃദം നിലനിർത്താൻ കഴിഞ്ഞതിൽ ചാരിതാർഥ്യമുണ്ട്.
2007 ഒരു സ്റ്റാഫ് പരിശീലകനായി ആണ് സ്വാമിനാഥൻ ഫൗണ്ടേഷനിൽ അദ്ദേഹത്തെ നേരിട്ട് പരിചയപ്പെടുന്നത്. ശാസ്ത്രവും ശാസ്ത്രജ്ഞ പട്ടവും ചിലരുടെ വെറും ഉപജീവനത്തിനുള്ള വസ്തുവായി മാറുന്നതിൽ അദ്ദേഹം ഉത്കണ്ഠപ്പെട്ടിരുന്നു, പ്രത്യേകിച്ചും കേരളത്തിൽ .
2019ലെ ഞങ്ങളുടെ അവസാന കൂടിക്കാഴ്ച ഇപ്പോഴും ഓർക്കുന്നു. സ്വന്തം സെക്രട്ടറിയുടെ ഓർമപ്പെടുത്തലുകളെ പോലും വകവയ്ക്കാതെ ഇത്തരം വിഷയങ്ങളിൽ അദ്ദേഹം വാചാലനായത് ഇന്നും ഓർക്കുന്നു.
ഉത്പാദന ക്ഷമത, ഉപജീവനം, സാമൂഹ്യ ബന്ധങ്ങൾ ,പരസ്പര പൂരകമായ ഈ മൂന്നു വിഷയങ്ങളെ ഇന്ന് പ്രതിനിധീകരിക്കുന്നത് മൂന്ന് വ്യത്യസ്ത ശാസ്ത്ര മേഖലകളാണ് കാർഷിക ശാസ്ത്രം, മാനേജ്മെന്റ്, സാമ്പത്തിക ശാസ്ത്രം, എന്നിവ.
ഇവ മൂന്നിനെയും സംയോജിപ്പിക്കാനുള്ള സാമർഥ്യവും മുൻകൈയും ആയിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത. കാർഷിക അനുബന്ധ മേഖലയിലെ ഉപജീവന സംരംഭക പ്രവർത്തനങ്ങളെ സംബന്ധിച്ച് നിരന്തരമായി ആശയവിനിമനം നടത്താനുള്ള ഭാഗ്യം ലഭിച്ചത് ഓർമയിൽ വരുന്നു.
ചെറിയ ഇമെയിൽ സന്ദേശങ്ങൾക്ക് പോലും വിശദമായ മറുപടി എഴുതുകയും സഹകരിച്ച പ്രവർത്തിക്കാനുള്ള സാധ്യതകൾക്ക് അന്വേഷണവും മുൻകൈയും എടുക്കുകയും ചെയ്യുക എന്നത് അദ്ദേഹത്തിന്റെ പ്രത്യേകതയായി അനുഭവപ്പെട്ടിട്ടുണ്ട്.
ആ പ്രത്യേകത സ്വാമിനാഥൻ ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളിലും ഉടനീളം കാണാനാവുന്നതാണ്. സ്വാമിനാഥൻ ഫൗണ്ടേഷന്റെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ ഹൃദയപൂർവം പങ്കുചേരുന്നു.
ഡോ.പി.എം. മാത്യു (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്മാൾ എന്റർപ്രൈസസ് ആൻഡ് ഡെവലപ്മെന്റ് സീനിയർ ഫെലോയും ഡയറക്ടറുമാണ് ലേഖകൻ)