വിജയശതമാനവും വിദ്യാഭ്യാസ നിലവാരവും
പണ്ടുകാലത്ത് എസ്എസ്എൽസി പാസ് ആവുക എന്നത് ഒരു ബാലികേറാമല ആയിരുന്നു. അന്നത്തെ പത്താംതരം പാസായ ആളുടെ നിലവാരം ഇന്നത്തെ പത്താംതരം പാസായ കുട്ടികൾക്ക് ഉണ്ടോ എന്ന് പരിശോധിക്കപ്പെടേണ്ടതാണ്.
അഗ്രഹത്തെ പരിശ്രമം ഒന്ന് കൊണ്ട് മാത്രമാണ് വിജയികൾ, അവരുടെ വിജയം യാഥാർഥ്യമാക്കിയത്. ഇന്ന് "അങ്ങനെ' ഒരു പരിശ്രമം കുട്ടികളിൽ കാണാനുണ്ടോ?
കാലാകാലങ്ങളായി വിജയശതമാനം മത്സരബുദ്ധിയോടെ ഉയർത്തിക്കാട്ടാൻ ഉദാരവത്കരണം നടത്തുമ്പോൾ നഷ്ടപ്പെടുന്നത് വിദ്യാഭ്യാസത്തിന്റെ പ്രാഥമിക മൂല്യമാണ്. ഇന്ന് കുട്ടികൾക്ക് അത്തരത്തിൽ ഒരു കഠിന പരിശ്രമം വിജയത്തിന് ആവശ്യമുണ്ടോ...?
നിലവാരവും വിജയ ശതമാനവും എപ്പോഴും വിപരീത അനുപാതത്തിൽ ഉള്ളവയാണ്. ഒരു പരീക്ഷ 100 കുട്ടികൾ എഴുതിയാൽ 100 പേരും പാസ് ആവുകയാണെങ്കിൽ, എവിടെ ആണ് കുട്ടിക്ക് തിരുത്തൽ വരുത്താൻ അവരം ഉണ്ടാവുക?
വിദ്യാഭ്യാസ സമ്പ്രദായത്തിൽ അധ്യാപനത്തിലും, തുടർ മൂല്യനിർണയത്തിലും വാർഷിക മൂല്യനിർണയത്തിലും കടന്നുകൂടിയിട്ടുള്ള വിട്ടുവീഴ്ചകൾ മൂല്യബോധവും നിലവാരവും നഷ്ടപ്പെട്ട ഒരു പുതിയ തലമുറയെ വാർത്തെടുക്കുന്നതിന് മാത്രമേ ഉപകരിക്കൂ.
യാതൊരു വിട്ടുവീഴ്ചകൾക്കും ഇടം കൊടുക്കാതെ സംരക്ഷിക്കേണ്ടത് വിദ്യാഭ്യാസ സംവിധാനത്തിലെ മൂല്യങ്ങളെയാണ്. വെള്ളം ചേർക്കലുകൾ കണ്ടെത്തി ഒഴിവാക്കണം. സഹാനുഭൂതിയും അനുകമ്പയും മൂല്യനിർണയത്തിൽ കടന്നു കൂടാതെ നോക്കണം. അങ്ങനെ വിദ്യാഭ്യാസ മൂല്യം നിലനിർത്താൻ കഴിയും.
അഭിലാഷ് ജി.ആർ. കൊല്ലം (അധ്യാപകനും സാമൂഹിക നിരീക്ഷകനും അഡോളസൺസ് കൗൺസിലറും ആണ് ലേഖകൻ)