സൈക്കിൾ കള്ളൻ
കൊല്ലവർഷം 1199 ചിങ്ങം ഏഴ്, ഇംഗ്ലീഷ് വർഷം 2023 ഓഗസ്റ്റ് 23 കഥ നടക്കുന്നത് ഷാർജയിലെ നാഷണൽ പെയിന്റ് ഏരിയ.
എപ്പോഴും അവനോട് പറയാറുണ്ട് ആ സൈക്കിൾ പൂട്ടിയിട്ട് പോകാൻ, ജോലിക്ക് പോകാൻ താത്കാലിക ആശ്വാസം ആ വണ്ടിയെ ഉള്ളൂ. നാട്ടിൽ പ്ലമ്പർ പണി എടുക്കുമ്പോൾ യമഹ ബൈക്കിൽ ചെത്തി നടന്നതാ, പക്ഷെ ഇവിടെ പൈസ ഉണ്ടാക്കാൻ ഉള്ള തത്രപ്പാടിൽ ആണ്.
അവിടെയാണ് ഇവന്റെ വില, പാക്കിസ്ഥാനിയോട് ചുളു വിലക്ക് അടിച്ചെടുത്തതാണ്. "ഈ സൈക്കിൾ ആരെടുക്കാനാ എന്റെ ശിവാ, ഇനി എടുത്താൽ തന്നെ മുകളിൽ കാമറ ഉണ്ട് കള്ളനെ എന്തായാലും കണ്ടുപിടിക്കാൻ പറ്റും'.
അപ്പോഴാണ് ഞാൻ അത് നോക്കിയത് പുഞ്ചിരി നിൽക്കുന്ന ആ കണ്ണുകൾ, കാമറ കണ്ണുകൾ!. "എടാ... എന്റെ സൈക്കിൾ കളവ് പോയി'. ആദ്യം ഞാൻ പൊട്ടി പൊട്ടി ചിരിച്ചു "നിന്നോട് അന്നേ പറഞ്ഞതല്ലേ അതു പൂട്ടിയിട്ട് പോകാൻ'.
സാരമില്ല കാമറ കണ്ണുകൾ ഉണ്ടല്ലോ?. ഏതെങ്കിലും ബംഗാളികൾ അടിച്ചു മാറ്റിയത് ആകും. അല്ലെകിൽ പാക്കിസ്ഥാനികൾ, ഇവരിൽ രണ്ടു പേർ ഉറപ്പാ. രണ്ടായാലും സൈക്കിൾ കിട്ടാൻ പോകുന്നില്ല, പിന്നെ നിന്റെ സമാധാനത്തിനു സിസിടിവി കാമറ ചെക്ക് ചെയ്യാം.
നാട്ടിൽ ബൈക്ക് വിറ്റ് കാറ് വാങ്ങിയത് എല്ലാം ഈ സൈക്കിൾ വെച്ചാണ്. ഈ സൈക്കിളിൽ ഒരുപാട് അറ്റാച്ച് ഉണ്ട്, അവൻ സ്ഥിരം ക്ലീഷേ ഡയലോഗുകൾ അടിക്കാൻ തുടങ്ങി. എടാ നാട്ടുകാർ ആരെങ്കിലും വിശ്വസിക്കുമോ ഞാൻ ഈ സൈക്കിളിൽ പോയാണ് ജോലി ചെയ്യുന്നതെന്ന്. അതാണ് ഈ ഗൾഫിന്റെ ഒരു ശക്തി. അല്ലെ.
സാരമില്ലെടാ വൈകുന്നേരം എന്തായാലും നിന്റെ സൈക്കിൾ കള്ളനെ കണ്ടുപിടിച്ചു തരാം. ഞാൻ ഫോൺ കട്ട് ആക്കി.
നമുക്ക് എല്ലാവർക്കും ഒരു സൈക്കിൾ അറ്റാച്ച്മെന്റ് ഉണ്ടാകും. ആദ്യം പഠിച്ച ഒരു വാഹനം, അല്ലെങ്കിൽ ആദ്യം പോറൽ ഏൽപ്പിച്ച ഒരു വാഹനം, ഓർമ വച്ച കാലത്തെ സൈക്കിൾ കഥകൾ.
എന്തായാലും എന്റെ കുട്ടിക്കാലത് ഒന്നും സൈക്കിൾ കിട്ടിയിരുന്നില്ല, പത്താം ക്ലാസ്സ് പാസ്സ് ആയപ്പോൾ ഒരു സൈക്കിൾ കിട്ടി, അതിൽ ഇരുന്നു പോകുമ്പോൾ ആകാശത്തുകൂടെ പ്ലെയിൻ പറത്തുന്ന ഒരു സുഖം ആയിരുന്നു.
മനസിൽ ആയിരം ബെല്ലുകൾ നിർത്താതെ അടിഞ്ഞു. വൈകുന്നേരം സിസിടിവി പരിശോധന ആരംഭിച്ചു. കണ്ണുകൾ ആ നിർത്തിയിട്ട സൈക്കിളിൽ മാത്രം. അതിലെ വന്ന പൂച്ച സൈക്കിളിന്റെ സീറ്റിൽ കയറിയിരുന്നു.
പിന്നെയും സമയം പോകുന്നത് അല്ലാതെ സൈക്കിൾ അവിടെ നിന്നും അനങ്ങുന്നില്ല. കുറച്ചു ഫാസ്റ്റ് ആയി അടിച്ചാലോ, വേണ്ട പൂച്ചയുടെ അഭ്യാസം കാണുക തന്നെ.
ആ സമയം ഒരു എട്ടു ഒൻപതു വയസുള്ള ഒരു കുട്ടി സൈക്കിളിന്റെ അടുത്ത് വരുകയും, തന്റെ സൈക്കിൾ എന്നവണ്ണം ഒരു കൂസലും ഇല്ലാതെ അതു ഓടിച്ചു പോവുകയും ചെയ്തു. അതു ഞാൻ വീണ്ടും വീണ്ടും കാണുകയും മൊബൈലിൽ റിക്കാർഡ് ചെയ്യുകയും ചെയ്തു.
പ്രതീക്ഷകൾ ആസ്ഥാനത്തായി, കാമറ കണ്ണുകൾ കണ്ണ് പൊത്തി ചിരിച്ചു. ഈ പയ്യനെ എവിടെയോ വെച്ച് കണ്ടത് പോലെ..
അതേ.. പക്ഷെ പേര് കിട്ടുന്നില്ല, അവന്റെ ഉപ്പയുടെ മുഖം മനസിൽ നിറഞ്ഞു വന്നു. ഗ്രോസറി നടത്തുന്ന ബിലാൽ.
ഉറപ്പില്ല, എങ്കിലും ആ വിഡിയോ അയാളെ കാണിക്കുക തന്നെ. ബിലാൽ ആ വീഡിയോ കണ്ട് കണ്ണ് നീർ വർക്കുമ്പോൾ ഞാൻ ഉറപ്പിച്ചു, അതു കൊച്ചു ബിലാൽ തന്നെ.
ബിലാൽ എന്റെ കൈ പിടിച്ചു, ഇത് എന്റെ മോൻ ആണ്, ഈ കളവിന് ഞാൻ തന്നെയാണ് ഉത്തരവാദി. കാരണം, അവന്റെ പ്രായത്തിൽ എല്ലാവർക്കും സൈക്കിൾ ഉണ്ട്, എന്നോട് വാങ്ങിതരാൻ പല തവണ അവൻ പറഞ്ഞതാണ് പക്ഷെ..., ഈ വീഡിയോ പുറത്തു പോകരുത് ആയാൾ എന്റെ ഹൃദയം തൊട്ടു.
"ഞാൻ ആയിരം ദിർഹം തരാം. ഈ സൈക്കിൾ തിരിച്ചെടുക്കരുത്, അതു അവന് താങ്ങാൻ പറ്റില്ല, അവനെ സമയം കിട്ടുമ്പോൾ, ഈ തെറ്റ് ബോധ്യപ്പെടുത്താം'.
ബിലാലിന്റെ കണ്ണിൽ നിന്നും കണ്ണീർ വീണു. സാരമില്ല പൈസ ഒന്നും വേണ്ട അതു അവൻ എടുക്കട്ടെ. പക്ഷെ തെറ്റ് അവനെ പറഞ്ഞു മനസിലാക്കണം.
ഞാൻ തിരികെ നടന്നു, നടന്ന കാര്യം ശിവനെ വിളിച്ചു പറഞ്ഞു, നമുക്ക് നല്ല ഒരെണ്ണം വാങ്ങാം, ഞാനും ഹെല്പ് ചെയ്യാം എന്ന് പറഞ്ഞു അവനെ സമാധാനിപ്പിച്ചു.
പിറ്റേന്ന് രാവിലെ നോക്കുമ്പോൾ സൈക്കിൾ യഥാസ്ഥാനത്തു ഭദ്രമായി ഇരിക്കുന്നു. കാമറ കണ്ണ്, കണ്ണ് നീർ പൊഴിച്ചു. പുറത്തു കൊച്ചു ബിലാൽ പുതിയ സൈക്കിൾ കിട്ടിയ സന്തോഷത്തിൽ ഷാർജ കീഴടക്കുന്നു.
ഒരിറ്റ് കണ്ണീർ മരുഭൂമിയിൽ പിറക്കുമ്പോൾ, ഭൂമിയിൽ മാലോകർ ഓണം ആഘോഷിക്കുന്ന തിരക്കിൽ ആയിരുന്നു.
യാഷേൽ ഉരുവച്ചാൽ