പെരുമാൾ രാജൻ
അംബേദ്കർ ഗ്രാമവാസികൾക്ക് രാജൻ എന്നു പേരുകേൾക്കുമ്പോൾ തന്നെ മനസിൽ ഓടിയെത്തുന്നത് പഴനിമല മുരുകൻ കോവിലാണ്. പക്ഷേ പേരിന്റെ ഗാഭീര്യം കൊണ്ട് തോന്നും ആള് പാമ്പാടി രാജൻ എന്നൊക്കെ പറയുംപോലെ ആജാനബാഹു ആയിരിക്കുമെന്ന് എന്നാൽ അങ്ങനെ അല്ലെന്നുമാത്രവുമല്ല ആളേ നേരിൽ കണ്ടാൽ കൊന്നപ്പത്തൽ ഉണങ്ങിയ ശരീരപ്രകൃതം.
രാജനു നാട്ടുകാർ ആലംകാരികമായി ചാർത്തിക്കൊടുത്ത പേരായിരുന്നു പെരുമാളെന്നത്. സത്യത്തിൽ രാജൻ പെരുമാളാണൊന്നു ചോദിച്ചാൽ പത്തിരുപതു വർഷക്കാലം നാട്ടുകാരായ നാട്ടുകാരെ എല്ലാം തന്നെ ചെറിയ തീർഥയാത്ര സംഘങ്ങളാക്കി പഴനിമല കാണിക്കാനായി കൊണ്ടുപോകുകയും തിരികേ സുരക്ഷിതരായി വീട്ടിലെത്തിക്കുകയും ചെയ്തപ്പോൾ ഭക്തമനസുകളും കുടുംബിനികളും ചേർന്ന് രാജനെ പെരുമാളാക്കിമാറ്റിയതായിരുന്നു.
ഞായറാഴ്ചദിവസങ്ങളിൽ അതിരാവിലെ കക്ഷത്തിൽ ഒരു ഡയറിയും രാമൻനായരുടെ കടയിലെ ചില്ലുകൂട് അലമാരയിൽ രണ്ടു ഗോതമ്പു ഉണ്ടകൾ പുറത്തേക്കു തള്ളി നിൽക്കുന്നപോലെ തോന്നണിക്കുന്ന ഒരു കണ്ണാടിയും മുഖത്തുചാർത്തി സ്റ്റൈൽമന്നനെപോലെ നടന്നു വരുന്ന രാജന്റെ കെെയിൽ കൂട്ടിനു ഒരു കാലൻകുടയും പതിവായിരുന്നു. വാരാന്ത്യങ്ങളിൽ രാവിലെ തന്നെ വീട്ടുപടിക്കൽ നിൽക്കുന്ന പെരുമാൾ രാജനെ കാണാത്ത പ്രദേശവാസികൾ ചുരുക്കമായിരുന്നു.
കൂലിപ്പണിക്കാരന്റെയും അന്നന്നു അന്നത്തിനു വഴിതേടുന്നവന്റെയും അല്ലലിൽനിന്നു മിച്ചംപിടിക്കുന്ന കാശുകൊണ്ട് യാത്രപോകണം അല്ലെങ്കിൽ തീർത്ഥയാത്ര നടത്തണമെന്ന മോഹത്തിനു പാതയൊരുക്കിയ വഴികാട്ടി ദൂതനായിരുന്നു രാജൻപെരുമാൾ.
അങ്ങനെ രാജൻ ആ അംബേദ്കർ ഗ്രാമവാസികളിൽ യാത്രയുടെ അനുഭൂതിയിൽ വിരിയുന്ന ആത്മസംതൃപ്തിക്കു വഴിയൊരുക്കിയ ഒരു കുഞ്ഞു സംഭരംഭകനായിരുന്നു. രാജൻ തന്റെ രാജേശ്വരി തീർഥയാത്ര സംഘങ്ങളെ ഇന്നുപറയുന്നപോലെ ടൂർ പാക്കേജ് സംരംഭംത്തിനു തുടക്കമിട്ടത് ഏപ്രിൽ മാസം വിഷുദിനത്തിലായിരുന്നു.
പ്രാരംഭ നടപടിയെന്നപോലെ കുടുക്കപ്പാട്ടയിൽ ചില്ലറകൾ നിറക്കുന്ന കൗതകകരമായ പ്രവർത്തികൾ ഒരുവർഷക്കാലത്തോളമായി തുടരുന്നതായിരുന്നു രാജന്റെ പ്രമാണത്തിലെ നാട്ടു ശാസ്ത്രം. രാജേശ്വരി തീർഥയാത്രയെന്ന പാസ്ബുക്കിൽ കൈയിലുള്ളതുപോലെ ഇറക്കുസംഖ്യ വരവുവച്ചുകൊണ്ടു അതെ ആളുടെപേരിൽ തന്റെ കറുത്ത ഡയറിയിൽ രേഖപ്പെടുത്തിയും ഇത് ഒരു തുടർക്കഥപോലെ എല്ലാ ഞാറാഴ്ച ദിവസങ്ങളിൽ തുടർന്നുകൊണ്ടേയിരുന്നു.
സ്വന്തം മകളുടെ പേരുതന്നെയാണ് പെരുമാൾ രാജൻ തന്റെ ആദ്യ സംരംഭത്തിന് കണ്ടെത്തി നൽകിയതും. ഈശ്വരാനുഗ്രഹത്താലും തന്റെ മകളുടെ സൗഭാഗ്യത്താലുമാണ് യാതൊരുവിധ കുഴപ്പങ്ങളും സംഭവിക്കാതെ എല്ലാം യാത്രകളും മംഗളമായി നടത്തിതിരിച്ചു വന്നിരുന്നതെന്ന പക്ഷക്കാരനായിരുന്നു രാജൻ.
മാത്രവുമല്ല രാജൻ പെരുമാൾ കൊണ്ടുപോയിക്കൊണ്ടിരുന്ന തീർത്ഥയാത്ര സംഘങ്ങൾക്ക് ആഗ്രഹങ്ങളുടെ ഉന്നതിയിൽ യാത്ര ചെയിതിരുന്നവരുടെ പ്രാർത്ഥനയും നാമജപങ്ങളും തുണയായിതീർന്നിരുന്നു.
മണ്ണിൽ പൊന്നുവിളയിച്ച ഒരു ജൈവ കർഷകൻകൂടിയായിരുന്നു പെരുമാൾ രാജൻ. സൂര്യോദയം മുതൽ പകലന്തിയോളം പണിയെടുത്തു കുടുംബം പുലർത്തിയിരുന്ന രാജനു കൂട്ടായി പാടവരമ്പത്തും പറമ്പിലും ആയി ഭാര്യയും പണിയെടുത്തിരുന്നു. അപ്രേതീക്ഷിതമെന്നപോലെ രാജന്റെ ഭാര്യയ്ക്ക് വീശുത്തൊട്ടിലെ മലിനജലത്തിൽ നിന്നും എലിപ്പനി പിടിപെട്ടു.
സ്വയം ചികിത്സയെന്നവിധം മെഡിക്കൽ ഷോപ്പുകളിലെയും മാധവൻ നായരുടെ മരുന്ന് കഷായങ്ങളും ഫലം കാണാതെ മൂർധന്യാവസ്ഥയിലെത്തിയപ്പോൾ നിമോണിയ കേറിപ്പിടിച്ചു. വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരം ഭാര്യയെ വിദഗ്ത ചികിത്സയ്ക്കെന്നപോലെ അവിടെ നിന്നും അങ്ങനെ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചു.
ചികിത്സകൾ തുടർന്നുകൊണ്ടിരുന്നു നാളുകൾക്കൊടുവിൽ ഫലം കണ്ടുതുടങ്ങിയെങ്കിലും അപ്രതീക്ഷിതമായി രാജന്റെ സമ്പാദ്യങ്ങളും കിടപ്പാടം കടപ്പെടുത്തിയും ജീവന്മരണപ്പോരാട്ടത്തിനൊടുവിൽ ഒരുവശം തളർന്ന അവസ്ഥയിൽ ഭാര്യ സാവിത്രിയേ രാജനും മകൾക്കുമായി തിരികേ കിട്ടി.
അന്ന് ആശുപത്രിയുടെ വരാന്തയിൽ മകളുമൊത്തു ഭാര്യയുടെ ജീവനുവേണ്ടി ദൈവ വിളിക്കായുള്ള നാമജപങ്ങൾക്കു പിരിമുറുക്കം കൂടിയപ്പോൾ നേർന്ന നേർച്ചകളിൽ ഒന്നായിരുന്നു നൂറു വീടുകളിൽ ഭിക്ഷാടനം നടത്തി ഭാര്യയും മകളുമൊത്തുള്ള പഴനിമല ദർശനവും അടിവാരം മുതൽ സന്നിധാനം വരെ പാൽ കാവടിയാട്ട നേർച്ചയും.
ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയി വീട്ടിൽ എത്തിയെങ്കിലും പഴനിമല മുരുകനെക്കാണാൻ പോകുന്നത് അത്ര എളുപ്പമായ നടപടികൾ അല്ലായിരുന്നു. കുറച്ചു നാളുകൾ അങനെ നീണ്ടുപോയി.
കൂട്ടിയാൽ കൂടാത്ത മുറിവുകളെ തുന്നികെട്ടുകതന്നെ ചെയ്യണമെന്ന ഉറച്ചനിലപാടിൽ രാജൻ തന്റെ മകളുടെ പിൻബലത്തിൽ കൃഷിപ്പണിയും വീട്ടുജോലിയുമെല്ലാം നോക്കിപ്പോരുന്ന സമയത്താണ് വീട്ടു മുമ്പിൽ ഏതൊരു ദേശത്തുനിന്നും ഊരുതേടി "ഹര ഹാരോ ഹര ഹര" നാമജപം മുഴക്കിക്കൊണ്ട് കെെയിൽ ഒരുപാത്രത്തിൽ കുറച്ചു ഭസ്മവും മൂന്നു നാലു മയിൽപ്പീലിയുമായി ഒരു കഷായവസ്ത്രധാരി നിൽക്കുന്നു.
മകളെ രാജേശ്വരി എന്നു നീട്ടിവിളിച്ചിട്ടു പറഞ്ഞു ആ മേശപ്പുറത്തിരുന്ന പൈസ ഇരിപ്പുണ്ട് അത് എടുത്തുകൊണ്ടു വാ മോളെ. നാണയവുമായി വന്ന മോളുടെ കെെയാൽ തന്നെ ആ പാത്രത്തിൽ ഇട്ടുകൊടുത്തു കുറച്ചു ഭസ്മം വാങ്ങി നെറ്റിയിൽ കുറിതോട്ടത്തിനുശേഷം അച്ഛന്റെ നെറ്റിയിലും രാജേശ്വരി കുറിവരച്ചു കൊടുത്തു. കാഷായ വസ്ത്രധാരിയായ ആ സ്ത്രീ ഒരു കപ്പു വെള്ളം വാങ്ങി കുടിച്ചുകൊണ്ട് മറ്റൊരു വഴിയിലേക്ക് അപ്രത്യക്ഷയായി.
അപ്പോഴാണ് ഭാര്യക്ക് വേണ്ടി നേർന്ന നേർച്ചയുടെ മനസിന്റെ ആധാരത്തിൽ കുറിച്ചിട്ട ബാക്കിപത്രംപോലെ പഴനിമല ദർശനവും കാവടിയാട്ടവും ഓർമ്മവന്നതു. നേർച്ചവഴിപാടുകൾ നീട്ടിവെയ്ക്കാതെ ഭാര്യാസഹോദരിയെ വിളിച്ചുവരുത്തി വീട് സൂക്ഷിക്കുന്നതിനും കൃഷിയിടങ്ങൾ രണ്ടുമൂന്നു ദിവസത്തേക്ക് കാവലാകാനും ഏർപ്പാടുകൾ നടത്തി.
സാവിത്രി അപ്പോഴേക്കും പരസഹായത്തോടെ ചുവടുകൾ വച്ച് നടക്കാൻതുടങ്ങിയിരുന്നു. അതിനുശേഷം രാജൻ അടുത്ത ആഴ്ചയിൽ തന്നെ ഭാര്യയും മോളുമൊത്തു പഴനി മലയ്ക്ക് യാത്രയായി. മാരാരിക്കുളം റെയിൽവേ സ്റ്റേഷനിൽ നിന്നും പാലക്കാടുവരെ ട്രെയിൻ യാത്രയും അവിടെ നിന്നും പൊള്ളാച്ചി വഴി പഴനിയിലേക്കും യാത്ര തുടർന്നുപോയി. അങ്ങനെ ഭാര്യയുടെ രോഗശമനത്തിനായി രാജൻ ആദ്യമായി പഴനിമല കുടുംബസമേതം കേറുന്നത്.
യാത്രയുടെ ഉദ്ദേശ ലക്ഷ്യം ഭഗവാൻ മുരുകനെകണ്ടു തൊഴുന്നതിലും ഭാര്യയുടെ രോഗശമനത്തിനുള്ള വഴിപാടുകൾ നടത്തിത്തീർക്കുക എന്നതായിരുന്നെങ്കിലും അവിടെ ചെന്ന് കണ്ടു പരിചയപ്പെട്ട ഒരു തൃശൂർക്കാരൻ സദാനന്ദൻ തന്റെ ചെറിയ ഒരു തീർഥയാത്ര സംഘത്തിനെ കൊണ്ടുവന്നു അവർക്കു വേണ്ടുന്ന കാര്യങ്ങൾ എല്ലാംതന്നെ ഒരുക്കിക്കൊടുക്കുന്നതു രാജന്റെ ശ്രദ്ധയിൽപെട്ടത്.
അയാളിൽ നിന്നും എങ്ങനെ ഒരു യാത്ര സംഘത്തിനെ കൊണ്ട് വരുമെന്നുള്ള ഒരുപാടുകാര്യങ്ങൾ വിശദമായി രാജൻ സ്വായത്തമാക്കിയിരുന്നു. ഇതു തനിക്കു വീണുകിട്ടിയ ഒരു അവസരമായി കണക്കിലെടുത്തു രാജനിലെ സംരംഭകനുണരുവാൻ വേണ്ടുന്ന ഉപാധികൾ തന്റെ കീശയിലാക്കുന്നതിനു വേണ്ടി തേടി നടന്നു.
പഴനിയടിവാരത്തെ പേരുകേട്ട സത്രങ്ങളിൽ ഒന്നായിരുന്നു രങ്കയ്യ മഠം. വളരെ തുച്ഛമായ വാടകയ്ക്കു മുറി ലഭിക്കുന്ന ഹേമ വെങ്കയ്യ എന്ന കൗണ്ടറുടെ പൊണ്ടാട്ടി മുതലാളത്തിയായി നടത്തുന്ന സ്ഥാപനം. സദാനന്ദന്റെ നിർദ്ദേശപ്രേകാരം പണ്ട് മാരാരിക്കുളം ലക്ഷി ടാക്കീസിൽ വന്ന തൈൽവ രജനിയണ്ണന്റെ പടം കണ്ട പിൻബലത്തിലെ മുറിത്തമിഴിൽ കാര്യങ്ങൾ രാജൻ പറഞ്ഞൊപ്പിച്ചു.
അവിടെ പത്തോ ഇരുപതോ മുപ്പതോ ആളുകളടങ്ങുന്ന ചെറിയ സംഘങ്ങളെ കൊണ്ടുവന്നാൽ മുറി വാടക കുറച്ചു നൽകാമെന്നും രാജൻ തുടങ്ങാൻപോകുന്ന ബിസിനസ്സിനെ തന്നാൽ കഴിയും വിധം സഹായിക്കാമെന്നും ഹേമ വെങ്കയ്യ ഉറപ്പുനൽകികൊണ്ട് പറഞ്ഞു സാമി നീങ്ക പോയിട്ട് വാങ്കോ മത്തപടി എല്ലാമേ നാൻ പത്തുക്കിറേൻ.
അങ്ങനെ അവിടെ നിന്നും ഹേമാക്കയുടെ സത്രത്തിന്റെ ബിസിനെസ്സ് കാർഡും വാങ്ങി രാജൻ ഭാര്യയും മോളുമായി നാട്ടിലേക്കു യാത്രയായി. തിരിച്ചുള്ള യാത്ര ബസുതന്നെയായിരുന്നു ശരണം. പഴനി മുതൽ പാലക്കാട്ടേക്കും അവിടെനിന്നും മാരാരിക്കുളം വരെ തിരുവനന്തപുരം എക്സ്പ്രസ് ബസും
ഉപകരിച്ചു.
അങ്ങനെ കളത്തിൽ ഹോട്ടൽ ഉടമയായ വർക്കിച്ചനിൽനിന്നും കടം വാങ്ങിയ അഞ്ഞൂറ് രൂപ കൊണ്ട് ഗാന്ധി പ്രസ്സിലെത്തി രാജേശ്വരി തീർഥയാത്ര എന്ന ആഴ്ച്ചവരി പാസ് ബുക്ക് പ്രിന്റിംഗിനു ഓർഡർ കൊടുത്തു. രണ്ടു ദിവസത്തിനുള്ളിൽ നിയമവലികളും മാറ്ററും ഒത്തുനോക്കുന്നതിനു വിളിക്കാമെന്ന് മാർത്താണ്ഡൻ പറഞ്ഞു.
അഞ്ഞൂറ് പാസ് ബുക്കിനു ഇരുന്നൂറ് രൂപയാകുമെന്നതിനാൽ നൂർ രൂപ മുൻകൂർ പണം നൽകി രാജൻ വീട്ടിലേക്കു മടങ്ങും വഴി അശോകന്റെ കടയിൽ നിന്നും വീട്ടിലേക്കു വേണ്ടുന്ന പലവ്യഞ്ജനങ്ങളും പച്ചക്കറിയും വാങ്ങി. സാധനങ്ങൾ എടുത്തുതരുന്ന കൂട്ടത്തിൽ അശോകനോട് തന്റെ സംരംഭത്തിന്റെ മാർക്കറ്റിംഗ് ജോലിപോലെ ഒന്ന് പ്രൊമോഷനും കൊടുത്തുകൊണ്ടാണ് രാജൻ വീട്ടിലേക്കു പോയത്. ആ പ്രൊമോഷനിൽ രണ്ടുണ്ട് കാര്യമെന്ന് രാജന് കൃത്യമായി അറിയാമായിരുന്നു.
ഒന്ന് അശോകൻ അത് കൃത്യമായി നാട്ടുകാരിലെത്തിക്കുമെന്നും മറ്റൊന്ന് വൈകുന്നേരം പീടികയിൽ സാധനങ്ങൾ വാങ്ങാൻ വരുന്ന വീട്ടമ്മമാരുടെ കാതുകയിൽ ചെന്ന് ചേരുമെന്നും അശോകന്റെ മനസറിഞ്ഞ രാജനറിയാമായിരുന്നു.
പാസ് ബുക്കിന്റെ ആദ്യപേജിൽ പേരും അഡ്രസ്സും എഴുതുവാനും പിൻപുറത്തായി യാത്രയുടെ നിയമവാളികളും മാനദണ്ഡങ്ങളും, യാത്ര വരാതിരുന്നാൽ ഇറക്കുസംഖ്യ മാത്രവും നിശ്ചിത തുക അതിൽ നിന്നും കുറവുവരുത്തുമെന്നുള്ള ചട്ടഭേദഗതികൾ ഉൾപ്പെടുത്തിയിരുന്നു. അങ്ങനെ മെയ് മാസത്തിലെ ആദ്യ ഞായറാഴ്ചമുതൽ രാജൻ തന്റെ ഉദ്യമത്തിൽ വ്യാപൃതനായി.
അംബേദ്കർ ഗ്രാമവാസികൾക്ക് മുന്നിലായി തന്റെ പുതിയ ബിസിനസിന്റെ ഉദ്യമത്തിനുള്ള മാർക്കറ്റിംഗ് അഡ്വെർടൈസിംഗും ആഴ്ച്ചവരി പിരിവുകൾ അങ്ങനെ എല്ലാം തന്നെ എംഡിയും എംപ്ലോയീയുമായ രാജൻ പെരുമാൾ തന്നെ നിർവഹിച്ചിരുന്നു.
പതിനൊന്നു മാസക്കാലത്തിലെ പിരിവുകൾ പുരോഗമിച്ചപ്പോൾ യാത്ര സംഘത്തിന് പോകേണ്ടതായ എല്ലാ സാധന സാമഗ്രികളും നടപടികർമ്മങ്ങളും രാജൻ ഒരുക്കി തീർത്തിരുന്നു. പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ തന്റെ ആദ്യ തീർഥയാത്ര സംഘത്തിൽ ഇരുപത്തിയഞ്ചുപേർ കടന്നുകൂടിയിരുന്നു. കൊടുങ്ങല്ലൂർ, ഗുരുവായൂർ, പഴനി ഭക്ഷണവും താമസവും ചേർത്തു ഒരാളിൽ നിന്നും അഞ്ഞൂറ് രൂപ ഈടാക്കിക്കൊണ്ടു വിഷുദിനത്തിൽ രാജൻ തന്റെ ആദ്യയാത്ര ആരംഭിച്ചു.
എല്ലാ ഭക്ത മനസുകളെയും സംപ്രീതരാക്കി രാജൻ തന്റെ ലക്ഷ്യപ്രാപ്തിയിൽ വിജയം കൈവരിച്ചു സുരക്ഷിതരായി ആളുകളെ മൂന്നാം ദിവസം തിരിച്ചു വീട്ടിലെത്തിച്ചു പിന്നീടുള്ള രാജന്റെ യാത്ര വെറും യാത്രകൾ മാത്രമായിരുന്നില്ല. പെരുമാളെന്ന പദത്തിലേക്ക് എത്തിക്കുന്നവിധത്തിലായിരുന്നു.
നീണ്ട ഇരുപതു വർഷക്കാലത്തെ തീർഥയാത്രയുടെ ഭാഗവാക്കായി ആയിരക്കണക്കിന് ഭക്തമനസുകൾ പഴനിമല കേറിയിറങ്ങിയ സൗഭാഗ്യത്തിന് രാജൻ പെരുമാളെന്നും ഒരു വഴികാട്ടിയായിരുന്നു.
വിനീത് വിശ്വദേവ്