കല്ലുമഴ
വി.സുരേശൻ
കല്ലുമഴയെന്ന് പുരാണങ്ങളിലും പഴഞ്ചൊല്ലുകളിലും കേട്ടിട്ടുള്ളതല്ലാതെ അത് ആരെങ്കിലുംനേരിട്ടു കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഇതാ കല്ലോട്ട് കുടുംബത്തിൽ അതു സംഭവിക്കുന്നു.
അവിടെ ഇടയ്ക്കിടെ കല്ലുമഴ!
അത് ഒന്നോ രണ്ടോ തുള്ളികളായി അഥവാ കൊച്ചുകല്ലുകളായി ലഭിക്കുന്നതുകൊണ്ട് വലിയ അപകടം ഇല്ല .അപകടം ഒട്ടുമില്ല എന്നു പറയാൻ പറ്റില്ല. ഗൃഹനാഥനായ കേശവൻ്റെ ദേഹത്ത് മുകളിൽ നിന്നു മാത്രമല്ല വശങ്ങളിൽ നിന്നും കല്ലുകൾ പതിക്കാറുണ്ട്. സംശയമുണ്ടെങ്കിൽ ശരീരത്തിലെ
കൽപ്പാടുകൾ കേശവൻ കാട്ടിത്തരും.
വിശേഷം അറിഞ്ഞ് കണ്ടു രസിക്കാനും പറഞ്ഞു ചിരിക്കാനും കുറ്റവും കുറവും വിളമ്പാനുമൊക്കെയായി അയൽക്കാരും നാട്ടുകാരും കല്ലോട്ടു കുടുംബത്തിൽ എത്തിത്തുടങ്ങി.
പക്ഷേ പെട്ടെന്ന് അടുത്ത വാർത്ത പരന്നു. കല്ലോട്ടുകുടുംബത്തിൽ അന്വേഷിച്ചു ചെല്ലുന്നവരെയും കല്ലുകൾ പിന്തുടരുന്നു. അവരുടെ വീടുകളിലും കല്ലുമഴ ഉണ്ടാകുന്നു. ഈ വാർത്ത പരന്നതോടെ
പേടിച്ച് ആരും അങ്ങോട്ടു പോകാതെയായി.
എന്നിട്ടും നാട്ടുകാരുടെ സാക്ഷ്യം പറച്ചിലിന് കുറവൊന്നുമില്ല. "ഞാൻ കണ്ടതാണ്, കല്ലുകൾ മുകളിൽ നിന്നും നാലു ദിക്കുകളിൽ നിന്നും മാത്രമല്ല ,തറയിൽ നിന്നുപോലും ഉയർന്ന് വീടിൻറെ മേൽക്കൂരയിൽ പതിക്കും. കുട്ടിച്ചാത്തൻറ്റെ പണി പോലെ തോന്നും "
കല്ലുമഴ തുടങ്ങി രണ്ടാഴ്ച പിന്നിട്ടപ്പോഴാണ് വിവരമറിഞ്ഞ് കല്ലോട്ട് തായ് കുടുംബാംഗവും ഇപ്പോൾ കല്ലമ്പലത്ത് താമസക്കാരനുമായ കല്ലൂരാൻ അവിടെ എത്തുന്നത്.
അയാൾ കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞു. വീടും പരിസരവും ടെറസ്സും ഷീറ്റും കക്കൂസും കുളിമുറിയും എല്ലാം വിശദമായി തന്നെ നോക്കി മനസിലാക്കി. കേശവന്റെ ഭാര്യ പവാനിയും മകൻ മനോജും ഒപ്പമുണ്ട്.
കല്ലൂരാൻ താഴെ പതിച്ചു കിടന്ന ചില കല്ലുകൾ എടുത്ത് മണത്തു നോക്കി. പിന്നെ പ്രശ്നത്തിന്റെ ഉറവിടം കണ്ടെത്തിയ പോലെ ഒന്നു ചിരിച്ചു. "കല്ലുകൾക്ക് പുകയിലയുടെ മണമുണ്ട് .ഞാൻ ഉദ്ദേശിച്ച ആള് തന്നെ'.
"ആര്?' പവാനി ചോദിച്ചു'
"ഞാൻ ഇന്നലെ സ്വപ്നത്തിൽ ഒരാളെ ദർശിച്ചു'.
"ആരെ?'
"കേശവന്റെ അച്ഛൻ കുഞ്ഞപ്പൻഗുരുക്കളെ'.
"മരിച്ച ആളിനെയോ?'
"അതെ.ദുർമരണം ആയിരുന്നല്ലോ'
"ങാ പക്ഷേ പോലീസിന്റെ അന്വേഷണം എങ്ങും എത്തിയില്ലല്ലോ'.
"എന്തായാലും ഗുരുക്കളുടെ ആത്മാവിന് ശാന്തി കിട്ടിയിട്ടില്ല. അതു തന്നെയാണ്
ഈ കാണുന്നത്'.
"ഏത്? ഈ കല്ലുകളോ?" പവാനിയും മനോജും മുറ്റത്ത് വീണു കിടക്കുന്ന കല്ലുകളിലേക്ക് സൂക്ഷിച്ചു
നോക്കി.
ആത്മാവിന്റെ കിടപ്പുകണ്ട് പവാനി മൂക്കത്തും മനോജ് താടിയിലും വിരൽ വച്ചു.
"ഗുരുക്കളുടെ ആത്മാവാണ് ഇവിടെ കറങ്ങി നടന്ന് കല്ലുമഴയും മറ്റ് ശല്യങ്ങളും ഉണ്ടാക്കുന്നത്. പേടിക്കേണ്ട. ഇതിനൊരു പരിഹാരം കണ്ടിട്ടേ ഞാനിവിടെ നിന്നു പോകുന്നുള്ളൂ'. ഇത്രയും പറഞ്ഞ് ആരോടും അനുവാദം ചോദിക്കാതെ കല്ലൂരാൻ തന്റെ സഞ്ചി അകത്തെ മുറിയിൽ കൊണ്ടുപോയി വച്ചു.കല്ലുമഴയെങ്കി കല്ലുമഴ .ഇനി ഒരു മാസത്തോളം പരമസുഖമായി ഇവിടെ കൂടാം. ഗുരുക്കളമ്മാവാ, കത്തോളണേ..
രണ്ടാഴ്ചത്തെ കല്ലു മഴ നിരീക്ഷിച്ചപ്പോൾ പവാനിക്ക് ഒരു കാര്യം മനസിലായി. ഈ കല്ലുമഴ ലക്ഷ്യം വയ്ക്കുന്നത് തന്റെ ഭർത്താവ് കേശവനെയാണ്. അയാൾ വീട്ടിൽ ഉള്ളപ്പോഴാണ് കല്ലുമഴ കൂടുതലായി പെയ്യുന്നത്. രാത്രി അയാൾ കുടിച്ചു ലക്കില്ലാതെ വരുമ്പോഴും അയാൾക്കു മേൽ കല്ലുകൾ
പതിക്കുന്നുണ്ട്.
ഒന്നുകൂടി സൂക്ഷ്മമായി നിരീക്ഷിച്ചപ്പോൾ, കേശവൻ മദ്യപിച്ചുകൊണ്ട് വരുമ്പോഴാണ് കല്ലുകൾ പതിക്കുന്നത് എന്നുകൂടി പവാനിക്ക് മനസിലായി. അതിനാൽ വെള്ളമടി മതിയാക്കി മര്യാദയ്ക്ക് വീട്ടിലിരുന്നു നോക്കാൻ പവാനി കേശവനോട് പറഞ്ഞു നോക്കി. പക്ഷേ കേശവൻ അനുസരിക്കുന്ന മട്ടില്ല.
അങ്ങനെ കല്ലോട്ട് വീട്ടിൽ മദ്യപാനവും കല്ലു മഴയും തുടർന്നുകൊണ്ടേയിരുന്നു. ഇതിന്റെ പേരിൽ കല്ലൂരാൻ കൂടി ഈ വീട്ടിൽ കയറി താമസം ആയ സ്ഥിതിക്ക് ഇനി ഇതിനൊരു അവസാനം കണ്ടെത്തിയേ പറ്റൂ എന്നുറച്ച് പവാനി പോലീസിൽ ഒരു പരാതി കൊടുത്തു.
അസാധാരണമായ ഈ പരാതി വായിച്ചശേഷം ഐപ്പെസ്സൈ അന്നു സന്ധ്യയ്ക്കു പോലീസുകാരുമായി കല്ലോട്ട് വീട്ടിലെത്തി. പോലീസ് വന്നതിനാൽ കാഴ്ചക്കാരായി ചില സ്ഥലവാസികളും ചുറ്റും
എത്തിനോക്കി.
ഐപ്പെസ്സൈ കാര്യങ്ങൾ ചോദിച്ചറിഞ്ഞു കൊണ്ട് വീടും ചുറ്റുപാടും വിശദമായി പരിശോധിച്ചു. അതിനിടയിൽ, മുറ്റത്തു നില്ക്കുകയായിരുന്ന എസ്സൈയുടെ തലയിൽ എന്തോ ചെറുതായി വന്നു വീണു.
തലയിൽ തൊപ്പി ഉണ്ടായിരുന്നതിനാൽ എസ്സൈക്ക് ഒന്നും പറ്റിയില്ല. അവർ പെട്ടെന്ന് തിണ്ണയിൽ കയറി.
"കണ്ടോ പോലീസ് വന്നിട്ടും പേടിയുണ്ടോന്ന് നോക്കണേ " കാഴ്ചക്കാരിൽ ആരോ പറഞ്ഞു.
ഐപ്പെസ്സൈ അരണ്ട വെളിച്ചത്തിൽ പുറത്തേക്ക് കൈചൂണ്ടി പറഞ്ഞു:
"ഈ ഐപ്പെസ്സൈ ആരാണെന്ന് നിനക്കൊന്നും അറിയില്ല. ഇതിലും വലിയ കല്ലെറിഞ്ഞവരെപുല്ലുപോലെ നേരിട്ടിട്ടുണ്ട്. വേണ്ടിവന്നാൽ ജലപീരങ്കിയോ ടിയർഗ്യാസോ ലാത്തിച്ചാർജോ നടത്താനും
ഞങ്ങൾ മടിക്കില്ല. ഓർത്തു കളിച്ചോ… "
"സാർ കണ്ടില്ലേ മഴ പെയ്യും പോലെ ആകാശത്തു നിന്നാണ് കല്ലുകൾ വരുന്നത്. " പവാനി പറഞ്ഞു. "ആ നോക്കാം. ഇത് അവസാനിപ്പിക്കാൻ, വേണ്ടിവന്നാൽ ആകാശത്തേക്ക് വെടിവെക്കാനും ഞങ്ങൾ മടിക്കില്ല"
ഇതിനിടയിൽ ഒരു പോലീസുകാരൻ മുറ്റത്തിറങ്ങി ഒരു കൊച്ചങ്ങയുമായി വന്നു. "സാർ,തെങ്ങിൽനിന്ന് ഈ കൊച്ചങ്ങ ആണ് സാറിൻ്റെ തലയിൽ വീണതെന്നു തോന്നുന്നു'.
"എങ്കിൽ അതിന്റെ മണ്ടയിൽ ആരെങ്കിലും ഉണ്ടോ എന്ന് നോക്ക്'. അവർ തെങ്ങിന്റെ മണ്ടയിലേക്ക് ടോർച്ചടിച്ചു നോക്കിയെങ്കിലും അവിടെ ആരെയും കണ്ടില്ല.
അപ്പോൾ കല്ലൂരാൻ പറഞ്ഞു: "സാർ ആത്മാവിന് രൂപമില്ല. അതിനാൽ കാണാനും കഴിയില്ല'.
"താൻ ആര്' ?
"കല്ലൂരാൻ'
"കല്ലൂരാനായാലും എല്ലൂരാനായാലും ആ ആത്മാവിനോട് പറഞ്ഞേക്ക്, അടുത്ത വരവിന് ഞങ്ങൾ പോലീസ് പട്ടിയെയും കൊണ്ടായിരിക്കും വരുന്നത്. അപ്പോൾ ,എറിഞ്ഞത് ആത്മാവ് ആണെങ്കിലും മനുഷ്യൻ ആണെങ്കിലും ആ കൈ, പട്ടി കടിച്ച എടുത്തോളും'.
എന്നിട്ട് പവാനിയോടായി പറഞ്ഞു:
"ഇനി അടുത്ത കല്ലു വീഴുന്നത് വ്യക്തമായി കാണുമ്പോൾ ആ കല്ലിൽ ആരും തൊടാതെ ഞങ്ങളോട് പറഞ്ഞാൽ മതി. അപ്പോൾ തന്നെ ഞങ്ങൾ പട്ടിയുമായി വരാം. പോലീസിനോടാണ് അവന്റെ കളി!'
ഇരുട്ടിൽ ഒന്നുകൂടി സൂക്ഷിച്ചു നോക്കിയ ശേഷം പോലീസ് സംഘം മടങ്ങി. അന്നുരാത്രി കേശവന്റെ മകൻ മനോജിന് വിറയലും പനിയും തുടങ്ങി .വീട്ടിലുണ്ടായിരുന്ന മരുന്നു കൊടുത്തു നോക്കിയെങ്കിലും വലിയ കുറവില്ല.അതിനാൽ രാവിലെ ആശുപത്രിയിൽ കൊണ്ടു പോകാം എന്ന്
തീരുമാനിച്ചു.
അപ്പോഴാണ് പതിവുപോലെ കാല് നിലത്തുറയ്ക്കാതെ കേശവന്റെ വരവ്.മറ്റുള്ളവരോടൊപ്പം അയാളും പനിച്ചു കിടക്കുന്ന മോന്റെ അടുത്തിരുന്നു.
രാത്രി പാതിയുറക്കത്തിൽ മനോജ് പിച്ചും പേയും പറയാൻ തുടങ്ങി.
"പട്ടി… പട്ടി… പോലീസ് പട്ടി….. "
അതുകേട്ട് കല്ലൂരാൻ പറഞ്ഞു:
"കണ്ടോ ആത്മാവ് ഇളംതലമുറക്കാരനിൽ കയറിയിരിക്കുകയാണ്.
പോലീസ്പട്ടിയെ എത്രയും വേഗം കൊണ്ടുവരാനാണ് അവൻ പറയുന്നത്. അതെന്തിനാന്ന് കേശവന് സംശയം.
"പട്ടി വന്നാൽ ആദ്യം കല്ലിൽ മണം പിടിക്കും. കല്ല് എന്നുവച്ചാൽ ആത്മാവ്. ആത്മാവിൻറെ മണം കിട്ടിയാൽ പട്ടി ഗുരുക്കളുടെ ശത്രുക്കളുടെ നേരെ തിരിയും .ഗുരുക്കളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി നടന്നവരൊക്കെ ഒന്ന് സൂക്ഷിക്കുന്നത് നന്ന്. പട്ടി ഏതു നിമിഷവും വരാം."
കല്ലൂരാന്റെ വിശദീകരണം കേട്ട്,ഉള്ളിൽ ഉരുണ്ടുകൂടിയ ഭയം പുറത്തുകാട്ടാതെ കേശവൻ തൻ്റെ മുറിയിൽ കയറി ഒറ്റകിടപ്പ്. അധികം വൈകിയില്ല, കേശവനും വിറയലും പനിയും തുടങ്ങി.
ഗുരുക്കൾ ജീവിച്ചിരുന്നപ്പോൾ അയാളെ തട്ടും എന്ന് കേശവൻ പലപ്പോഴും പറഞ്ഞു നടന്നിട്ടുണ്ട് എന്നതു വാസ്തവമാണ്. കേശവൻ പണമോ വസ്തുവോ ഗുരുക്കളോടു ചോദിച്ചാൽ ഗുരുക്കൾ ആട്ടിയോടിക്കുമായിരുന്നു. ആ അമർഷത്തിലാണ് കേശവൻ അങ്ങനെ പറഞ്ഞു നടന്നത്.
എന്നാലും സ്വന്തംമകൻ തന്നെ,അച്ഛനെ തട്ടും എന്നുപറഞ്ഞുനടന്നത് വലിയ അപരാധമായാണ് കുടുംബക്കാരിൽ പലരും കണ്ടത്.
പക്ഷേ കേശവന്റെ മകനായ മനോജിന് അത് വലിയ അപരാധമായൊന്നും തോന്നാറില്ല. കാരണം ഈ കേശവൻ തന്നെ വീട്ടിൽ കാണിക്കുന്ന കോപ്രായങ്ങൾ കാണുമ്പോൾ ഇയാൾക്കിട്ട് എന്തെങ്കിലും പണി കൊടുക്കണമല്ലോ എന്ന് പലപ്പോഴും മനോജിനും തോന്നാറുണ്ട്.
"ഇനി പോലീസും പട്ടിയും വരാതിരിക്കാൻ എന്താ വഴി?' ചുക്കുകാപ്പിയുമായി വന്ന പവാനിയോട് കേശവൻ പതുക്കെ ചോദിച്ചു.
"നിങ്ങള് ലക്കും ലഗാനുമില്ലാതെ കയറി വരുമ്പോഴാണ് കല്ലു മഴ പെയ്യുന്നത്. നിങ്ങളുടെ ഈ നശിച്ച കുടി എന്ന് നിർത്തുമോ അതോടെ ഈ മഴയും നിൽക്കും'.
കേശവൻ ആലോചിച്ചപ്പോൾ ആ പറഞ്ഞത് ശരിയാണ്. മറ്റ് സമയങ്ങളിൽ കല്ലുമഴ പെയ്തതായി ഓർമ്മയില്ല.
കല്ലൂരാൻ പറമ്പിൽ നിന്ന് കുറച്ചു ദർഭപുല്ലും തുളസിയിലയും വേപ്പിലയും എടുത്തു. പിന്നെ അടുക്കളയിൽ നിന്ന് കുറച്ചു ഉപ്പും മുളകും .ഒരു നാക്കില വെട്ടി എല്ലാം കൂടി അതിൽ വച്ച് കർപ്പൂരം കത്തിച്ചു .അതിനു ശേഷം പതിഞ്ഞസ്വരത്തിൽ എന്തോ ഓതിക്കൊണ്ട് വീടിന് ഒരു വലംവച്ചു.
എന്നിട്ട് ആ ഉപ്പും മുളകും അടുപ്പിൽ കൊണ്ട് ഇടാൻ പറഞ്ഞു. ഒരു കിണ്ടിയിൽ വെള്ളമെടുത്ത് ഇലകൾ മുഴുവൻ അതിലിട്ട ശേഷം കത്തിച്ച കർപ്പൂരം ആ വെള്ളത്തിലിട്ട് അണച്ചു.
പിന്നെ കിണ്ടിയുമായി അകത്തുകയറി, പനിച്ചു കിടന്നു മനോജിൻ്റെയും കേശവൻ്റെയും ദേഹത്ത് ചെറുതായി ആ ജലം തളിച്ചു. ഒപ്പം അല്പം കുടിക്കാനും കൊടുത്തു. അടുത്ത പ്രഭാതത്തിൽ ആ കുടുംബത്തിൽ പല മാറ്റങ്ങളും സംഭവിച്ചു.
കേശവനും മനോജിനും പനി കുറഞ്ഞു. കേശവൻ, ഇനി കുടിക്കുകയില്ല എന്ന് പ്രതിജ്ഞ എടുത്തു. പിന്നീട് ഇതുവരെ ആ വീട്ടിൽ കല്ലുമഴ പെയ്തിട്ടുമില്ല.
താൻ ചില കർമ്മങ്ങളിലൂടെ ഗുരുക്കളുടെ ആത്മാവിന് ശാന്തി കൊടുത്തതുകൊണ്ടാണ് കല്ലുമഴ ഇല്ലാതായതെന്നു കല്ലൂരാനും, തൻറെ ഭർത്താവ് കുടി നിർത്തിയതുകൊണ്ടാണ് കല്ലുമഴയും നിന്നതെന്ന് പവാനിയും, പോലീസ് പട്ടിയെ കൊണ്ടുവരും എന്നു പറഞ്ഞതുകൊണ്ടാണ് കല്ലുമഴ അവസാനിച്ചതെന്ന് ഐപ്പെസ്സൈയും പ്രതികരിച്ചു.
എല്ലാം കേട്ട് കേശവൻറ്റെ മകൻ മനോജ് മാത്രം തന്റെ പ്രതികരണം ഒരു പുഞ്ചിരിയിൽ ഒതുക്കി.