ഒരു ചരമഗീതം പോലെ!
നീ ഓർക്കുന്നുണ്ടോ ആവോ നിന്നെ കണ്ടു മുട്ടിയ ആ കാലം. മനസുനിറയെ സ്വപ്നങ്ങൾ കൊരുത്ത ആ കാലം . പൂത്തലഞ്ഞ മോഹങ്ങൾ. എല്ലാം വെട്ടിപ്പിടിക്കണമെന്ന ത്വര.
കളിയും ചിരിയും പോലെയല്ല ജീവിതമെന്നു പെട്ടെന്ന് മനസിലാക്കി.
ജീവിതത്തിലേക്കുള്ള മുങ്ങാംകുഴിയിടുമ്പോൾ നീന്തലറിയാത്തവനെപ്പോലെ തല്ലിപ്പിടഞ്ഞു. കൈകാലിട്ടടിച്ചു. മുങ്ങിപ്പൊങ്ങി. എല്ലാവരും കയ്യൊഴിഞ്ഞപ്പോൾ നിന്റെ കൈകൾ മാത്രമായിരുന്നു താങ്ങിന്.
സ്വന്തമെന്നു കരുതിയതെല്ലാം മിഥ്യമാത്രമായിരുന്നു. സ്വാർഥതയുടെ ലോകത്ത് നീയും ഞാനും ഒറ്റപ്പെട്ടു പോവുകയായിരുന്നു!
ഇനിയൊരു തിരിഞ്ഞോട്ടം പാടില്ല. മനുഷ്യനു വേണ്ടത് സ്വന്തമായ നിശ്ചയദാർഢ്യവും പരിശ്രമവുമാണെന്ന് ജീവിതം പഠിപ്പിച്ചു തന്നു. ജീവിതം എല്ലാം പഠിപ്പിക്കുന്ന ഒരു സർവകലാശാല ആണെന്നാണല്ലോ പറയുന്നതും!
അലച്ചിൽ മാറിയിട്ട് വിശ്രമിക്കാം എന്നു കരുതി. പക്ഷെ അലച്ചിൽ മാത്രമായിരുന്നു എന്ന് നിനക്കറിയാമല്ലോ? തോരാത്ത മഴപോലെ വിഷാദങ്ങൾ മുറ്റിയ മനസും നിറഞ്ഞ കണ്ണുകളും ഒരിക്കലും നിന്നെ ഞാൻ കാണിച്ചിട്ടില്ല.
ജനനവും മരണവും തമ്മിലുള്ള ദൂരത്തിനിടയിൽ പാഞ്ഞു കൊണ്ടിരുന്നു. എനിക്കുവേണ്ടിയല്ല. നിനക്കും കുട്ടികൾക്കും വേണ്ടി മാത്രം. മോഹങ്ങളും മോഹഭംഗങ്ങളും നിരവധിയായിരുന്നു. അതൊക്കെ ഞാൻ വിഷംപോലെ സ്വയം കുടിച്ചു. വിഷം കൊടുത്ത് കൊല്ലുന്ന സമൂഹമല്ലെ ഇന്ന്. പക്ഷെ എന്റെ വിയർപ്പിന്റെ വില നിങ്ങൾ അറിയുന്നെണ്ടെന്ന് ഞാൻ മനസ്സിലാക്കിയിരുന്നു. അതായിരുന്നു എന്നെത്തന്നെ നിങ്ങൾക്കായി സമർപ്പിക്കുവാൻ കിട്ടിയ പ്രചോദനം!
സ്ത്രീകളുടെ ആഗ്രഹങ്ങൾ പലതാണെന്ന് വായിച്ചിട്ടുണ്ട്. ഊഷ്മളമായ ജീവിതം അവർക്കു വേണം. ഒരു പുരുഷായുസ് അതിനുവേണ്ടി ചിലവഴിച്ചാലും തീരാത്ത ആഗ്രഹങ്ങൾ. ഒരുപക്ഷെ പുരുഷന് ഉത്തേജനം നല്കുന്ന ചേതോവികാരവും ഇത്തരം അവസാനമില്ലാത്ത ആഗ്രഹങ്ങൾ ആയിരിക്കും!
മക്കളെ കാലിൽ നില്ക്കാൻ പാകത്തിലാക്കി. അതിന്റെ പിന്നിലെ സങ്കീർണതകൾ ആരോടും പറയാതിരിക്കുന്നതാണ് നല്ലത്. അതുപിന്നെ തിരിച്ചു ചോദിക്കും. എല്ലാവരും മക്കൾക്കുവേണ്ടി ചെയ്യുന്നതല്ലെ എന്ന്!
ആരുടെയും മുന്നിൽ കൈ നീട്ടരുത്. അതിന്റെ ആവശ്യം നിനക്കില്ല. മക്കൾ കൂടെക്കൂടെ ക്ഷണിക്കും അവർക്കൊപ്പം വന്നു താമസിക്കാൻ. ഒരിക്കലും അങ്ങനെ ചെയ്യരുത്. അത് സ്വാതന്ത്ര്യം ഇല്ലാതാക്കും. പിന്നെ തഴയപ്പെടും. പൊയ്ക്കോ എന്നു പറയാതെ പറയും. പിന്നെ തനിയെ പോരണം. അതിന് നീയായി അവസരങ്ങൾ ഉണ്ടാക്കരുത്.
ഒറ്റയ്ക്കാണെങ്കിലും അതാണ് നല്ലത്. എന്റെ ഓർമ്മകൾ നിനക്ക് കൂട്ടിനുണ്ടാവുമെന്ന് ഞാൻ കരുതിന്നില്ല. കാരണം എന്റെ മുശടൻ സ്വഭാവം നിനക്ക് പിടിച്ചിരുന്നില്ലല്ലോ. കുട്ടികൾ ഉണ്ടായതിനു ശേഷം പിന്നെ ഒട്ടും ഓർക്കാനായി ഒന്നും നിന്റെ പക്കൽ ബാക്കിവയ്ക്കാൻ എന്റെ ഓർമകൾ കാണില്ല. ഇടപാടുകൾ ഇല്ലാത്ത അക്കൗണ്ടിനു തുല്യമായിരിക്കും എന്നെക്കുറിച്ചുള്ള നിന്റെ ഓർമകളുടെ ശേഷിപ്പ്.
ഞാൻ എത്ര സത്യവാൻ ആയിരുന്നെന്നു പറഞ്ഞാലും വിശ്വസിക്കില്ല. കാരണം നമ്മുടെ മനസ്സുതന്നെയാണല്ലോ മറ്റുള്ളവരെയും അളക്കുന്നത്! അതുകൊണ്ട് എത്രമാത്രം നിന്റെ മനസിൽ ഞാൻ ഉണ്ടെന്ന് എനിക്കറിയില്ല.
ജനനവും മരണവും ഒരു സത്യമല്ലെ. അതിനെ തടഞ്ഞുവയ്ക്കാൻ ആർക്കും കഴിയില്ലല്ലോ!
പറ്റുമെങ്കിൽ എന്റെ മരണവാർത്ത ഫേസ്ബുക്കിലെ എന്റെ വാളിലും വാട്ട്സാപ്പ് ഗ്രൂപ്പുകളിലും കൊടുക്കണം. ആരെങ്കിലും എന്നെ സ്നേഹിച്ചിരുന്നവരും വെറുത്തവരും മനസിലെങ്കിലും ഓർത്ത് തരംപോലെ അവർക്ക് തോന്നുന്നത് പറഞ്ഞോട്ടെ.
പന്തൽ ആവശ്യമെങ്കിൽ ഇട്ടാൽ മതി. ചിലവുകൾ പലതും ഉണ്ട്. നിന്റെ അക്കൗണ്ട് വെറും പേരിന് വെച്ചിരിക്കുന്നതാണ്. അതിൽ പൈസ കാണില്ല. പിന്നെ ജോയിന്റ് അക്കൗണ്ടിൽ ഒട്ടും കാണില്ല. പെൻഷൻ വന്നാൽ എല്ലാം പെട്ടെന്ന് ചിലവായിപ്പോകും. അതെല്ലാം നിനക്കാറിയാമല്ലോ.
ഇത്തിരി കാശ് നിന്റെ കൈയിൽ ഉണ്ടായിരിക്കണമെന്ന് ഞാൻ ആശിച്ചിരുന്നു. പെൻഷൻ എടുത്താൻ ആദ്യം അതിൽ നിന്നു തരാമെന്ന് കരുതും. നടക്കാറില്ല. മറിച്ച് നീ പുകകൊള്ളിച്ച് ഉണക്കിവെച്ച കുടംപുളി വിറ്റതും, ആക്രി വിറ്റതും, തൊടുവിൽ നിന്നു വല്ലപ്പോഴും കിട്ടുന്ന വാഴക്കുലയും അടയ്ക്കയും പെട്ടിക്കടക്കാരന് വിറ്റ് സ്വരുകൂട്ടിയ പൈസയും ഞാൻ തരമ്പോലെ വാങ്ങാറാണ് പതിവ്. തിരിച്ചു തരാമെന്നു പറഞ്ഞ് വാങ്ങിയതൊന്നും തിരിച്ച് തരാൻ പറ്റാറില്ല. ആവശ്യങ്ങൾ ഒരിക്കലും അവസാനിക്കുന്നില്ലല്ലോ.
പിന്നെ നിനക്ക് അല്ലലും അലച്ചിലും ഇല്ലതെ ജീവിക്കാൻ വെച്ചിരിക്കുന്ന എഫ് ഡി പൊട്ടിച്ച് അതിൽ നിന്നു എടുക്കുക. ആരുടെയും ഔദാര്യങ്ങൾ കൈപ്പറ്റണ്ട. തരുന്നവരുടെ തരത്തിന് തിരിച്ചു കൊടുക്കാൻ പറ്റാതെ വന്നൽ ബുദ്ധിമുട്ടാകും.
യാന്ത്രികമായ ജീവിതത്തിൽ ആർക്കും ഒന്നിനും സമയം ഇല്ല. ചിലർ വന്ന് അടിമുടി നോക്കി സഹതാപ രസങ്ങൾ നിറഞ്ഞ നോട്ടവുമായി കടന്നു പോവും. മറ്റു ചിലർ അല്പ നേരം ചുറ്റിപ്പറ്റി നില്ക്കും. പരിചയക്കാരെ കണ്ട് കുശലങ്ങൾ പറഞ്ഞ് അവരും കടന്നുപോകും. ഇനി കുറെപ്പേർ ശവസംസ്കാരം നടക്കുന്ന സമയം തിരക്കി വരാനിരിക്കും. അത്രയും സമയം അവർക്ക് തങ്ങളുടെ ജോലികൾ ചെയ്യാം. അവസാന ഭാഗം വരെ പങ്കെടുത്ത അഭിമാനം അവർക്കു നേടാം.
അടക്കത്തിനു ശേഷം കാപ്പി കൊടുക്കണം. പാൽ ചായയോ കാപ്പിയോ ആയിരിക്കണം. കഴിഞ്ഞ ഏതോ അടക്കത്തിന് പങ്കെടുത്തപ്പോൾ അവിടെ കട്ടൻ കാപ്പി കൊടുത്തതിന് ആരോ പരിഭവം പറയുന്നതു കേട്ടു. ഇന്നത്തെ കാലത്ത് പുലയൊന്നും നോക്കണ്ട. പാൽ ചായയോ പറ്റുമെങ്കിൽ മീറ്റ് ബർഗർ തന്നെ കൊടുത്തോണം.
കാപ്പി കുടി കഴിഞ്ഞ് നിന്നെ കാണാൻ മിക്കവരും വരും യാത്ര പറയാൻ. തലയാട്ടി പൊയ്ക്കാളാൻ അനുവാദം കൊടുത്തേരെ. കാരണം മുൾ മുനയിലെന്നപോലെയാണ് ഇത്രയും സമയം അവർ നിന്നത്. നീയും ഞാനും പലയിടത്തും അങ്ങനെ ചെയ്തതിന്റെ വെളിച്ചത്തിൽ പറയുന്നതാണ്. അനുഭവങ്ങളിൾ കൂടെയല്ലെ ഓരോന്നും പറയാനും എഴുതാനും കഴിയുള്ളു.
പൊട്ടിപ്പൊട്ടി കരയുവാൻ മാത്രം കുറെ നല്ല അനുഭവങ്ങൾ ഞാൻ നിനക്കു തന്നിട്ടില്ല. മിക്ക സ്ത്രീകളും ഭർത്താക്കന്മാർ മരിച്ചതിനു ശേഷമാണ് എണ്ണിപ്പെറുക്കി കരയാറ്. അതുവരെ അവർ ചെയ്തതൊന്നും കണ്ടില്ലെന്നു നടിക്കാറാണ് പതിവ്!
ജീവിതം വെറും അലച്ചിൽ മാത്രമാണ്. ഒരു പടയോട്ടം. മുഷിപ്പിക്കൽ വെറുപ്പിക്കൽ, മറ്റുള്ളവരെ സുഖിപ്പിച്ചില്ലെങ്കിലുള്ള ഒറ്റപ്പെടൽ, ഒരു പ്രതിബന്ധത്തിൽ നിന്ന് അടുത്ത പ്രതിബന്ധത്തിലേക്കുള്ള എടുത്തു ചാട്ടം. വിശ്രമിക്കാൻ തുനിഞ്ഞില്ല. കാരണം വിശ്രമിച്ചാൽ ഇഴഞ്ഞു നീങ്ങുന്ന മുയൽ മുന്നിൽ കേറുമോ എന്ന ചിന്ത! പക്ഷെ ഒരു ഫിനിഷിംഗ് പോയിന്റ് എല്ലാത്തിനു മുണ്ടല്ലോ! അവിടെ എല്ലാവരും വന്ന് നില്ക്കണം.
ഇനി ഒന്നും എനിക്ക് സ്വന്തമെന്നു പറയാനായി ഇല്ല. പള്ളിക്കലെ കല്ലറ. അതും എന്റേതല്ല.
എന്നോടുള്ള പരിഭവങ്ങളും, ഞാൻ ദേഷ്യപ്പെടാറുള്ളതും, എന്റെ തുറിച്ചു നോട്ടവും എല്ലാം നീ മനസിൽ കരുതി അവിടേക്ക് ഒരുപക്ഷെ വന്നില്ലെങ്കിൽ അതുമാത്രം സ്വന്തമാവും!
എനിക്കവിടെ ആ ഇരുട്ടറയിൽ എന്റെ ആത്മഗതങ്ങളോട് മത്സരിക്കാം ശണ്ഠകൂടാം തുറിച്ചു നോക്കാം പരിഭങ്ങളില്ലാതെ !.
ഫോൺ നീണ്ട റിംഗടിച്ചു. വളരെ പഴയ സുഹൃത്ത്. എന്താടാവെ ഫോൺ എടുക്കാൻ താമസിച്ചത്?
അവനോടു മറുപടി പറഞ്ഞു. ഒരു ചരമഗീതം പോലെ എന്റെ മനസ് എവിടെയൊക്കയോ പായുകയായിരുന്നു.
ജോയ് നെടിയാലിമോളേൽ