വിഗ്രഹമോഷണം
മകരമാസത്തിലെ അമാവാസി നാളിൽ രാത്രി നീലാണ്ടൻ പോറ്റി ഒരു സ്വപ്നം കണ്ടു. "വിശ്വകർമ്മാവ് പണികഴിപ്പിച്ച ഒരു ദേവ വിഗ്രഹം പണ്ട് പാലാഴിയിൽ പതിക്കുകയും കാലാന്തരത്തിൽ അത് പല പ്രളയങ്ങളിലൂടെ കടന്നുപോവുകയും ചെയ്തു.
ഇപ്പോൾ അത് താങ്കൾ നിവസിക്കും ദേശത്ത് ഒഴുകിയെത്തിയിരിക്കുന്നു. ഇനിയും ആ ചൈതന്യത്തെ ജലത്തിൽ അലയാൻ അനുവദിച്ചുകൂടാ. എത്രയും വേഗം ആ വിഗ്രഹം കണ്ടെടുത്ത് യോഗ്യമായ സ്ഥാനത്ത് പ്രതിഷ്ഠിക്കുക.'
പിറ്റേന്ന് സ്നാനത്തിനിടയിൽ വെള്ളത്തിൽ മുങ്ങി നിവരുമ്പോൾ എന്തോ ഒന്ന് പോറ്റിയുടെ തലയിൽ തട്ടി. നോക്കുമ്പോൾ ഒരു ദേവ വിഗ്രഹം തന്നെ! പോറ്റി അതിനെ ഭക്തിയോടെ തന്റെ തേവാരത്തിൽ കൊണ്ടുപോയി ദിനപൂജ ചെയ്യാൻ തുടങ്ങി .
അതോടൊപ്പം കരപ്രമാണിമാരോട് തന്റെ സ്വപ്നത്തെ കുറിച്ചും അതിനെത്തുടർന്നുണ്ടായ സംഭവങ്ങളെക്കുറിച്ചും പറയുകയും ചെയ്തു.
പ്രമാണിമാർ കൂടിയാലോചിച്ച് പഴയമ്പലത്തിന്റെ കിഴക്ക് സ്ഥാനത്ത് പുതിയൊരു ക്ഷേത്രം പണിത് ദേവവിഗ്രഹത്തെ യഥാവിധി പ്രതിഷ്ഠിക്കണം എന്ന് തീരുമാനിച്ചു. അവർ അതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു.
അങ്ങനെ ഇരിക്കവെയാണ് തെക്കുംകൂർ ദേശത്തെ മഹാദേവ ക്ഷേത്രത്തിലെ വിഗ്രഹം മോഷണം പോയെന്നും അതിനെ സംബന്ധിച്ചുള്ള പോലീസ് അന്വേഷണം നടക്കുകയാണെന്നും വാർത്ത വരുന്നത് .
വെള്ളത്തിൽ നിന്നൊരു വി ഗ്രഹം കിട്ടിയെന്നറിഞ്ഞ് പോലീസുകാർ നീലാണ്ടൻ പോറ്റിയെ അന്വേഷിച്ചു വന്നു. അവർ,അദ്ദേഹത്തിന് കിട്ടിയ വിഗ്രഹം തീണ്ടാപ്പടകലെ നിന്ന് വീക്ഷിച്ചു.
തെക്കും കൂറ് കാണാതായ വിഗ്രഹവുമായി ഈ വിഗ്രഹത്തിന് സാമ്യമുണ്ടെന്ന് അവർക്ക് മനസിലായി. അതിനാൽ തെക്കുംകൂർ ക്ഷേത്ര കാര്യക്കാരെയും ശാന്തിക്കാരനെയും ഇങ്ങോട്ടു വരുത്തി.
ശാന്തി, വിഗ്രഹം കയ്യിലെടുത്ത് പരിശോധിച്ചു. "ഇത് അവിടെ കാണാതായ വിഗ്രഹം തന്നെയാണ്. ചെറിയൊരു നിറവ്യത്യാസം ഉണ്ടെന്നേയുള്ളൂ.'
"അത് കുറേ ദിവസം വെള്ളത്തിൽ കിടന്നതുകൊണ്ടാകാം' കാര്യദർശിയും ശാന്തിയുടെ അഭിപ്രായത്തെ പിന്താങ്ങി.
ഇത്രയുമായപ്പോൾ പോലീസ്, ഒരു നിർദ്ദേശം മുന്നോട്ടുവച്ചു. "വേണമെങ്കിൽ നമുക്ക് ശാസ്ത്രീയ പരിശോധന നടത്താം.'
കാര്യദർശി അതിനെ എതിർത്തു: "പാടില്ല. വിഗ്രഹം അങ്ങനെ പലരും തൊട്ടശുദ്ധമാക്കാൻ പാടില്ല.' "ശാന്തി പറഞ്ഞല്ലോ അവിടുത്തെ വിഗ്രഹം ഇതുതന്നെയാണെന്ന്. ഇക്കാര്യത്തിൽ ശാന്തി തന്നെയാണ് അവസാനവാക്ക്.' സഹകാര്യക്കാരും അഭിപ്രായ ഐക്യം പ്രകടിപ്പിച്ചു.
പിന്നെ വൈകിയില്ല, നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കി വിഗ്രഹം തെക്കുംകൂർകാർക്ക് വിട്ടുകൊടുത്തു. അവർ ശാന്തിയുടെ നേതൃത്വത്തിൽ യഥാവിധി പുനപ്രതിഷ്ഠ നടത്തി, പൂജാകർമങ്ങൾ പുനരാരംഭിച്ചു.
വിഗ്രഹം കിട്ടിയെങ്കിലും വിഗ്രഹ മോഷ്ടാവിനെ കുറിച്ച് പോലീസിന് ഒരു തുമ്പും കിട്ടിയില്ല. മാസം രണ്ടു കഴിഞ്ഞപ്പോൾ, അന്വേഷണം ഊർജിതമാക്കണം എന്നാവശ്യപ്പെട്ടു നാട്ടുകാർ മന്ത്രിയെ കണ്ടു.
മന്ത്രി പോലീസുദ്യോഗസ്ഥരെ വിളിച്ചുവരുത്തി അന്വേഷണ പുരോഗതി ആരാഞ്ഞു. "സർ, ചോദ്യംചെയ്യൽ തുടർന്നുവരുന്നു.' അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു.
"മോഷ്ടാവിന്റെ കാര്യം പറയൂ'മന്ത്രി. "കള്ളനെക്കുറിച്ചുള്ള സൂചനകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല സാർ' അന്വേഷണ ഉദ്യോഗസ്ഥൻ
"എന്നു പറഞ്ഞാലെങ്ങനെ? ഐജി എന്തു പറയുന്നു?'. ഐജി പറയാൻ തുടങ്ങുന്നതിനു മുമ്പ് അന്വേഷണ ഉദ്യോഗസ്ഥൻ തുടർന്നു. "വേറൊരു മാർഗമുണ്ട് സർ.'
" പറയൂ' മന്ത്രി."ആ പോറ്റി ,സ്വപ്ന ദർശനത്തിലാണ് വെള്ളത്തിൽ കിടക്കുന്ന വിഗ്രഹത്തെക്കുറിച്ച് അറിഞ്ഞത്. അങ്ങനെയെങ്കിൽ ആ സ്വപ്നത്തിന്റെ പൂർണ്ണരൂപം കിട്ടുകയാണെങ്കിൽ അതിൽ കള്ളനെ കുറിച്ചുള്ള സൂചനയും ഉണ്ടാകും' അന്വേഷണ ഉദ്യോഗസ്ഥൻ
"അത് ആ പോറ്റിയോടു തന്നെ ചോദിച്ചാൽ പോരേ ?'മന്ത്രി. "ചോദിച്ചു പക്ഷേ അദ്ദേഹത്തിന്
എല്ലാം ഓർമയില്ല എന്നാണ് പറയുന്നത് ' അന്വേഷണ ഉദ്യോഗസ്ഥൻ.
"പിന്നെന്ത് ചെയ്യും?' മന്ത്രി. "മറന്നതെല്ലാം മണി മണി പോലെ പറയിക്കുന്ന ഒരു വേലാം പിള്ള സ്വാമിയുണ്ട്. അദ്ദേഹം പഴയ ഒരു പോലീസുകാരനാണ്. ഇപ്പോൾ ആശ്രമത്തിലെ സ്വാമിയാണ്'. അന്വേഷണ ഉദ്യോഗസ്ഥൻ
"വല്ല മൂന്നാം മുറ പ്രയോഗത്തിലൂടെയാണോ പറയിപ്പിക്കുന്നത്?'മന്ത്രി. "അല്ലയല്ല. അദ്ദേഹം ചില ആഭിചാരക്രിയകളിലൂടെ പോറ്റി കണ്ട സ്വപ്നം മുഴുവൻ പറയിക്കും.' അന്വേഷണ ഉദ്യോഗസ്ഥൻ
"ഇതൊക്കെ നടക്കുന്ന കാര്യമാണോ?' മന്ത്രി. "സാർ ഇതിനു മുമ്പും അപൂർവ്വം ചില കേസുകളിൽ രഹസ്യമായി ഈ മാർഗം സ്വീകരിച്ചിട്ടുണ്ട്'. അന്വേഷണ ഉദ്യോഗസ്ഥൻ
"ഐജി എന്തുപറയുന്നു?' മന്ത്രി. "ഇത്തരം അന്ധവിശ്വാസങ്ങളും ആഭിചാരക്രിയകളും ഫോഴ്സിനു പറ്റിയ പണി അല്ല സർ.' ഐ.ജി.
"ഓകെ. ഐ എഗ്രീഡ്. ദെൻ വാട്ട് ഈസ് നെക്സ്റ്റ്?'മന്ത്രി. "സ്വപ്നത്തെക്കുറിച്ച് പഠനം നടത്തുന്ന പല ഡോക്ടർമാരും ഉണ്ട് നമുക്ക് അവരുടെ സഹായം തേടാം. അവർക്ക് ആ പോറ്റിയെ വിട്ടുകൊടുത്താൽ ഒരാഴ്ചയ്ക്കകം ആ സ്വപ്നത്തിന്റെ ഫുൾ ഡീറ്റെയിൽസ് കളക്ട് ചെയ്തു തരും.' ഐ.ജി
"ഓക്കേ അതുമതി. അതാകുമ്പോ ഒരു ശാസ്ത്രീയ അടിത്തറയുണ്ട്. അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്ന സർക്കാരല്ല ഇവിടെയുള്ളത്.'മന്ത്രി. കൂടിക്കാഴ്ചയ്ക്കുശേഷം മന്ത്രി പ്രഖ്യാപിച്ചു: "ഒരു മാസത്തിനകം കള്ളനെ കസ്റ്റഡിയിലെടുത്തിരിക്കും.'
ഈ സമയം വിഗ്രഹമോഷ്ടാവ് വടക്കോട്ടുള്ള ഒരു ട്രെയിനിൽ യാത്രയിലാണ്. അയാളുടെ കൈയിലിരിക്കുന്ന ദിനപത്രത്തിൽ തെക്കുംകൂർ ദേശത്തെ വിഗ്രഹമോഷണവും മന്ത്രിയുടെ പ്രഖ്യാപനവും പ്രാധാന്യത്തോടെ നൽകിയിട്ടുണ്ട്.
മോഷ്ടാവ് പിടിയിലായില്ലെങ്കിലും മോഷണം പോയ വിഗ്രഹം ചുരുങ്ങിയ നാളുകൾക്കുള്ളിൽ കണ്ടെടുത്ത പോലീസ് ഫോഴ്സിനെ മന്ത്രി അഭിനന്ദിക്കുകയും ചെയ്തിരിക്കുന്നു. ആ വാർത്ത വായിച്ച്, താൻ ആസൂത്രണം ചെയ്ത പദ്ധതി വിജയിച്ചതിൽ മോഷ്ടാവ് ആശ്വാസം പൂണ്ടു.
തെക്കുംകൂറു നിന്ന് താൻ കട്ടെടുത്ത പഞ്ചലോഹ വിഗ്രഹം നേരെ തമിഴ്നാട്ടിൽ കൊണ്ടുപോയി, അതേ രൂപത്തിലുള്ള ഡ്യൂപ്ലിക്കേറ്റ് വിഗ്രഹം നിർമിക്കുകയും അതിനെ ഇവിടെ കൊണ്ടുവന്ന് ആറ്റിൽ ഒഴുക്കുകയും ചെയ്തത് ജനങ്ങളെയും പോലീസിനെയും തെറ്റിധരിപ്പിക്കാൻ വേണ്ടിത്തന്നെയായിരുന്നു.
അയാൾ തന്റെ അരികിലിരുന്ന ബാഗ് സാവധാനം തുറന്ന് യഥാർഥ വിഗ്രഹം ബാഗിനുള്ളിൽ തന്നെയുണ്ട് എന്ന് ഉറപ്പു വരുത്തി.
കോറിഡോറിലൂടെ ആരൊക്കെയോ നടന്നുവരുന്ന ശബ്ദം കേട്ട് അയാൾ ബാഗ് അടച്ച് സീറ്റിനടിയിലേക്ക് മാറ്റിവച്ചു.. പോലീസാണെന്നു തോന്നുന്നു. റെയിൽവേ പോലീസ്!. അയാൾ വേഗം കണ്ണുകളടച്ച് ഉറക്കം നടിച്ചു.
വി.സുരേശൻ നർമ്മകൈരളി