‘ഐ ആം പ്രഗ്നന്റ്’ എന്ന ചിന്താഗതി മാറി ഇപ്പോൾ ‘വീ ആർ പ്രഗ്നന്റ്’ എന്നു ചിന്തിക്കാൻ സമയമായി. ഒരു ഭാര്യ അമ്മയാകാൻ തുടങ്ങുന്ന നിമിഷം മുതൽ ഭർത്താവ് അച്ഛനുമാണ്. ഭാര്യ ഏതെല്ലാം അവസ്‌ഥയിലൂടെയാണ് 40 ആഴ്ച കടന്നു പോകുന്നത് എന്നു ഭർത്താവും അറിഞ്ഞിരിക്കണം. ഗർഭിണിയായ ഭാര്യയിൽ ഓരോ ആഴ്ചയും എന്തെല്ലാം മാറ്റങ്ങളുണ്ടാകും, തന്റെ കുഞ്ഞിന്റെ വളർച്ചയിൽ എന്തെല്ലാം സംഭവിക്കുന്നുണ്ട്, ഭാര്യയ്ക്കുണ്ടാകുന്ന മാനസികപിരിമുറുക്കങ്ങൾ കുറയ്ക്കാൻ തനിക്കെന്തെല്ലാം ചെയ്യാനാകും, ഇവയെക്കുറിച്ചെല്ലാം ഭർത്താവും കാര്യമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും വേണം.

ഗർഭിണിയാകുന്നതോടെ ഭർത്താവുമായി യാതൊരു സമ്പർക്കവുമില്ലാത്ത അവസ്‌ഥ മാറണം. ഏഴാം മാസം പ്രസവത്തിനായി പെൺവീട്ടിലേക്കു കൂട്ടിക്കൊണ്ടു പോയാൽ പിന്നെ കുഞ്ഞിനു മൂന്നുമാസമാകുമ്പോഴായിരിക്കും തിരിച്ചു കൊണ്ടുവരുന്നത്. അത്രയും നാളും സ്ത്രീയുടെയോ കുഞ്ഞിന്റെയൊ കാര്യത്തിലൊന്നും ഭർത്താവിനെ ഇടപെടുത്താതിരിക്കുന്ന അവസ്‌ഥയും മാറണം. ഭർത്താവിന്റെ നല്ലവാക്കുകളും നമ്മുടെ കുഞ്ഞിനുവേണ്ടിയല്ലേ സാരമില്ല എന്നുള്ള ആശ്വാസവും ഗർഭാവസ്‌ഥയിലെ ബുദ്ധിമുട്ടുകൾ മറക്കാനും കുറയ്ക്കാനും സ്ത്രീയെ പ്രാപ്തയാക്കും. സ്വാഭാവിക പ്രസവത്തിനു സ്ത്രീയ്ക്കു ധൈര്യം കൊടുക്കാൻ തീർച്ചയായും ഭർത്താവിന്റെ പിന്തുണയ്ക്കാകുമെന്നും ലമാസ് വ്യക്‌തമായി പഠിപ്പിക്കുന്നു.

ഗർഭാവസ്‌ഥയിലെ വ്യായാമം

മറ്റു ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലാത്ത ഗർഭിണികൾക്കു ദിവസവും 45 മിനിട്ടു നേരമെങ്കിലും ലഘുവ്യായാമം ചെയ്യാൻ സാധിക്കണം. വ്യായാ മം ചെയ്യാതിരിക്കൻ പല കാരണങ്ങളുമുണ്ട്. ഗർഭാവസ്‌ഥയിൽ ചിലർക്കു ക്ഷീണവും മടിയുമുണ്ടാകും. എന്നാൽ വ്യായാമം ചെയ്യാൻ തയാറാകുന്നവരെ വിലക്കേണ്ടതില്ല. പണ്ടുള്ള സ്ത്രീകളോടു ഗർഭകാലത്തു സൂക്ഷിക്കണം എന്നു പറഞ്ഞിരുന്നത് അവർ അതിനുതക്ക കഠിനമായ ജോലികൾ ചെയ്യുന്നതുകൊണ്ടാണ്. എന്നാൽ ഇന്നു കഠിന ജോലികൾ കുറവാണ്. ഗർഭാവസ്‌ഥയ്ക്കു മുൻപുവരെ കൃത്യമായി വ്യായാമം ചെയ്തിരുന്നവർപോലും ഗർഭിണിയാകുമ്പോൾ വ്യായാമം ചെയ്യുന്നതു പൂർണമായി നിർത്തുന്നതാണു കണ്ടുവരുന്നത്. ഇതും ശരിയല്ല.

ഇപ്പോൾ ഇന്ത്യൻ ക്ലോസറ്റ് ഒരിടത്തും തന്നെ കാണാനാകുന്നില്ല. അതിൽ ഇരിക്കുന്നതും എഴുന്നേൽക്കുന്നതും തന്നെ കാലിനും തുടകൾക്കും ഇടുപ്പെല്ലിനും മികച്ച വ്യായാമമായിരുന്നു. പ്രസവിക്കാൻ ഏറ്റവും അനുയോജ്യമായ പോസിഷനും ഇതാണ്. പ്രസവസമയത്തു മറ്റേതു പോസിഷനെക്കാളും 30 മുതൽ 40 ശതമാനം വരെ ഗർഭാശയമുഖം വികസിക്കുന്നതും ഈ പൊസിഷനിലാണ്. പ്രസവത്തിന്റെ രണ്ടാം ഘട്ടമായ കുഞ്ഞു പുറത്തേക്കുവരുന്ന അവസ്‌ഥയിൽ ഏറ്റവും അനുയോജ്യമാണെന്നു പറയപ്പെടുന്ന പൊസിഷനും ഇതാണ്. ഗർഭിണി നിവർന്നുവരുന്ന പൊസിഷനായതുകൊണ്ടു ഗുരുത്വാകർഷണവും പ്രസവത്തെ എളുപ്പമാക്കാൻ സഹായിക്കും. മുൻപ് അബോർഷനുണ്ടായിട്ടുണ്ടെങ്കിലോ മറ്റു ആരോഗ്യ പ്രശ്നങ്ങളോ പ്രതിസന്ധികളോ ഉണ്ടായിട്ടുണ്ടെങ്കിൽ മാത്രം ഡോക്ടറിന്റെ നിർദ്ദേശപ്രകാരം മാത്രം റെസ്റ്റ് എടുത്താൽ മതിയാകും.

ഗർഭിണികളും ഭക്ഷണക്രമവും

ഇരുമ്പുസത്തു ധാരാളമായി അടങ്ങിയിട്ടുള്ള ഭക്ഷണക്രമമാണു ഗർഭിണികൾ സ്വീകരിക്കേണ്ടത്. ഭക്ഷണക്രമത്തിൽ ധാരാളം പഴങ്ങളും പച്ചക്കറികളും പയർ വർഗങ്ങളും ഉൾപ്പെടുത്തിയിരിക്കണം. ധാരാളം വെള്ളം കുടിക്കണം. കുഞ്ഞിന്റെ ഗർഭാവസ്‌ഥയിലുള്ള വളർച്ചയുടെ കാലഘട്ടങ്ങളിൽ പ്രത്യേകം പ്രത്യേകം എന്തൊക്കെയാണ് ആവശ്യമായി വരുന്നതെന്നു മനസിലാക്കി അതു കൂടുതൽ കഴിക്കണം. ഇവിടെയും നിങ്ങളുടെ അറിവു നിങ്ങളുടെ സഹായത്തിനെത്തണം. പച്ചക്കറികളും പഴവർഗങ്ങളും ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.

കൂടുന്ന ഭാരത്തിൽ ശ്രദ്ധവേണം

ഗർഭാവസ്‌ഥയിൽ 9 മാസം കൊണ്ടു കൂടുന്ന ഭാരത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. ക്രമത്തിലധികം ഭാരം കൂടാൻ പാടില്ല. നിലവിലുള്ള പൊക്കവും വണ്ണവും കണക്കാക്കി എത്രഭാരം വരെ കൂടാമെന്നു കണക്കാക്കി വേണം ഭാരം നിയന്ത്രിക്കേണ്ടത്. ഒരു ഗർഭിണി 12 മുതൽ 15 കിലോ വരെ ഭാരം ഗർഭാവസ്‌ഥയിൽ കൂടിയാൽ മതിയാകും. ഇതു ഗർഭത്തിന്റെ ആദ്യകാലം മുതൽ തന്നെ ശ്രദ്ധിക്കണം. അമിതവണ്ണം സ്വാഭാവിക പ്രസവത്തിനു തടസമാകുന്നു.


പ്രസവം എളുപ്പമാകട്ടെ

പ്രസവം എളുപ്പമാകാൻ ലമാസ് ക്ലാസുകളിൽ നിർദേശിക്കുന്ന ആറു കാര്യങ്ങളുണ്ട്. പുറത്തു നിന്നുമുള്ള ഇടപെടലുകൾ പരമാവധി കുറച്ചു സ്വാഭാവിക സുഖപ്രസവം ഉണ്ടാകാനായി ഇനി പറയുന്ന കാര്യങ്ങൾ നിർദ്ദേശിക്കുന്നു.

പ്രസവം സ്വമേധയാ ആരംഭിക്കണം. വേദന വരാനുള്ള മരുന്നുകൾ ഇല്ലാതെ പ്രസവം നടക്കണം. 36 ആഴ്ച്ചയ്ക്കും 42 ആഴ്ച്ചയ്ക്കും ഇടയിൽ എപ്പോൾ വേണമെങ്കിലും പ്രസവം നടക്കാം. അതിനായി മാനസികമായി തയാറെടുക്കുക. കുഞ്ഞു പൂർണവളർച്ചയെത്തിക്കഴിയുമ്പോൾ പുറത്തേക്കു വരാനുള്ള ഒരു സിഗ്നൽപോലെ ഒരു രാസപ്രവർത്തനം ശരീരത്തിൽ ഉണ്ടാകും. ഇതാണു ഗർഭാശയമുഖം വികസിപ്പിക്കുന്നതും വേദനയുണ്ടാക്കുന്നതും. അതിനനുസരിച്ചു മാത്രം മുന്നോട്ടു നീങ്ങുക.

പ്രസവം ആരംഭിക്കുന്ന സമയത്തു ഗർഭിണിക്കു ചലനസ്വാതന്ത്ര്യം ഉണ്ടായിരിക്കണം. പ്രസവവേദനയുടെ സമയത്ത് എന്തുചെയ്താലാണു വേദനകുറയുകയെന്നു ചിലപ്പോൾ മറ്റൊരാൾക്കു പറഞ്ഞു തരാനാകില്ല. സ്ത്രീക്കു ചിലപ്പോൾ നിൽക്കണമെന്നോ നടക്കണമെന്നോ ഇരിക്കണമെന്നൊ തോന്നാം. നമ്മുടെ നാട്ടിൽ പൊതുവായ രീതി വച്ചു വേദന തുടങ്ങുമ്പോൾ തന്നെ കിടത്തിയാണു പരിശോധിക്കുന്നതും പ്രസവിക്കുന്നതും. ഈ രീതി ചില സാചര്യങ്ങളിൽ സ്ത്രീക്കു സൗകര്യപ്രദമായിരിക്കില്ല. പ്രസവസമയത്തു സ്ത്രീയുടെ താത്പര്യവും സുഖസൗകര്യവുമാണു പ്രധാനമായും പരിഗണിക്കേണ്ടത്.

പ്രസവസമയത്തുടനീളം സ്ത്രീക്കൊപ്പം ഉണ്ടാകുക. പ്രസവത്തിന്റെ സമയത്തു സ്ത്രീക്കു ശാരീരികമായും മാനസികമായുമുള്ള പിന്തുണ അത്യാവശ്യമാണ്. അതിനുവേണ്ടി ഒപ്പം വേണ്ടപ്പെട്ട ഒരാൾ എപ്പോഴും കൂടെയുണ്ടാകണം. അതു ഭർത്താവായിരിക്കുന്നതാണു കൂടുതൽ അഭികാമ്യമെന്നു ലമാസ് പറയുന്നു. ഇടപെടലുകൾ ഉണ്ടാകരുത്. സ്വാഭാവിക പ്രസവത്തിനായി കാത്തിരിക്കണമെന്നാണു ലമാസ് നിർദ്ദേശിക്കുന്നത്. പ്രസവിക്കാനുള്ള മരുന്നു സ്വീകരിക്കുന്നതിനോടു യോജിപ്പില്ല.

സ്ത്രീയെ നിവർന്നിരിക്കാൻ സഹായിച്ചുകൊണ്ടു ഗുരുത്വാകർഷണത്തിന് ഒപ്പം നിന്നു പ്രസവിക്കാൻ സഹായിക്കുന്നു. ഇതു സ്ത്രീയുടെ അധ്വാനം കുറയ്ക്കുന്നു. പ്രസവിച്ച ഉടൻ തന്നെ കുഞ്ഞിനെ അമ്മയുടെ ശരീരത്തോടു ചേർത്തു വയ്ക്കുന്നതു വഴി എത്രയും പെട്ടന്നു കുഞ്ഞിനു പാലുകൊടുക്കാനുള്ള സാഹചര്യവും ഉണ്ടാക്കുന്നു. നമ്മുടെ നാട്ടിൽ ഇപ്പോൾ പ്രസവങ്ങൾ കൂടുതലും ആശുപത്രികൾ വഴിയാണു നടക്കുന്നത്. സിസേറിയൻ നിരക്കു കുറയ്ക്കുവാനായി സർക്കാർ പലനടപടികളും തുടങ്ങിയിട്ടുമുണ്ട്. ഇതെല്ലാം ബാഹ്യമായ കാര്യങ്ങളാണ്. അടിസ്‌ഥാനപരമായി പ്രസവിക്കുന്ന സ്ത്രീയുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിനു തന്നെ പ്രാധാന്യം നൽകണം. ഇതു തീർച്ചായും ആരോഗ്യമുള്ള ഒരു പുത്തൻ തലമുറയെ വാർത്തെടുക്കാൻ സഹായിക്കും.

ഗർഭിണികളുടെ ഭക്ഷണക്രമം

* ഓറഞ്ച് ജ്യൂസടിക്കുമ്പോൾ ഒപ്പം കുറച്ചു കാരറ്റും ബീറ്റ്റൂട്ടും ഒരു നാരങ്ങയുടെ നീരും ചേർത്തടിച്ചു ജ്യൂസാക്കി കഴിക്കാം.

* ബീൻസ് പ്രോട്ടീനിന്റെ കലവറയാണ്. രണ്ടു മൂന്നു ബീൻസും ഒരു കാരറ്റിന്റെ പകുതികഷണങ്ങളാക്കിയതും രുചിക്ക് അൽപം ഉപ്പും ചേർത്തുകുക്കറിൽ നന്നായി വേവിച്ച് അടിച്ച് ഉടച്ചെടുക്കുക. ഇതിൽ ആവശ്യത്തിനു നാരങ്ങാ നീരും ഒരു നുള്ളു കുരുമുളകുപൊടിയും ചേർത്തു സൂപ്പായി കഴിക്കാം.

* പാൽ നേരിട്ടു കഴിക്കുന്നതിലും നല്ലാതാണ് അതു തൈരോ മോരോ ആയി കഴിക്കുന്നത്. സംഭാരം നല്ലതാണ്.

* ചെറുപയർ പാകം ചെയ്ത് അതിലേക്ക് അല്പം തേങ്ങ ചിരകിയതു ചേർത്തു കഴിക്കാം.

* പാകം ചെയ്ത ചെറുപയറിൽ തൈരു ചേർത്തു കഴിക്കുന്നതും നല്ലതാണ്.

വിവരങ്ങൾക്കു കടപ്പാട്:
പ്രിയങ്ക ഇടിക്കുള
ബർത്ത് വില്ലേജ്, വൈറ്റില

–നിമ്മി ഏബ്രഹാം