മലയാളക്കരയുടെ സ്വന്തം ഗസൽഗായിക
Wednesday, October 19, 2016 2:52 AM IST
ശബ്ദത്തിന്റെ ലയവിന്യാസം അറിഞ്ഞു പാടുക എന്നത് ഒരാളുടെ സിദ്ധിയാണ്. ഗാനവീചികളുടെ വശ്യത ശ്രോതാക്കളിൽ സൃഷ്‌ടിക്കുന്നതാവട്ടെ അനിർവചനീയ സുഖവും. രണ്ടു പതിറ്റാണ്ടുകളായി ഗാനരംഗത്തു നിറഞ്ഞു നിൽക്കുന്ന സരിത റഹ്മാൻ ഈ മേന്മകളുമായി പാട്ടിന്റെ വഴിയിൽ ഏറെ മുന്നേറിയിരിക്കുന്നു. ഇമ്പമൂറുന്ന ഗാനങ്ങൾ ആസ്വാദകർക്കു സമ്മാനിച്ച ഈ തിരൂരുകാരി മലയാളികൾക്ക് ഇന്നു സുപരിചിതയാണ്.
ഗസലും മാപ്പിളപ്പാട്ടും ഹിന്ദി ഗാനവും പാടിത്തകർക്കുകയാണു സരിത റഹ്മാൻ. കേരളത്തിനകത്തും ഗൾഫിലുമൊക്കെയായി വളർച്ചയുടെ പടവുകൾ താണ്ടി പൂർണതൃപ്തിയോടെ ശ്രോതാക്കളുടെ മുന്നിൽ നിൽക്കുകയാണ് അവർ. ചുരുങ്ങിയ കാലത്തിനുള്ളിൽ നൂറുകണക്കിനു വേദികളിലെത്തി. ഗസൽ മാത്രം മുന്നൂറു വേദികൾ പിന്നിട്ടു. ഓരോയിടത്തും ആയിരക്കണക്കിന് ആസ്വാദകർ. വശ്യമനോഹര ഗാനങ്ങൾ സരിത പാടുമ്പോൾ സദസ് നിറഞ്ഞ മനസോടെ സ്വീകരിക്കുന്നു. കൈയടിയുടെ പൂരം പിന്നാലെ.
ഗസലാണ് സരിതയുടെ മാസ്റ്റർപീസ്. ഗസലുമായി ഒരു വനിത എന്നത് കേരളത്തിൽ അപൂർവമാണെങ്കിലും ഗസലിനോടുള്ള അഭിനിവേശം നെഞ്ചേറ്റി മുന്നേറി. ഗുലാംഅലി, മെഹ്ദിഹസൻ, അനൂപ് ജലോട്ട, ഹരിഹരൻ എന്നിവർക്കു പുറമെ വനിതാ ഗായകരായ ചിത്രാസിംഗ്, ആബിദ പർവിൻ, ഫരീദഖാനും, മിദാലി സിംഗ് തുടങ്ങി തലയെടുപ്പുള്ള പ്രഗത്ഭമതികളുടെ ഗസലുകളുമായാണ് സരിത മേളം തീർക്കുന്നത്. ഏവരേയും വിസ്മയിപ്പിച്ച്കൊണ്ടു തന്നെ സരിത ഗസലിൽ തിളങ്ങുന്നു.
ഒരു പെൺകുട്ടി ഈ രംഗത്ത് ശോഭിക്കുന്നത് അപൂർവമല്ലേ എന്ന ചോദ്യത്തോടു ചിരിച്ചു കൊണ്ടാണു സരിത പ്രതികരിച്ചത്. അതെ തികച്ചും അപൂർവം. പക്ഷേ അപ്രതീക്ഷിതമല്ലെന്നു പറയാം. കുടുംബ പശ്ചാത്തലം അങ്ങനെയായിരുന്നു. പ്രഗത്ഭനായ തബലിസ്റ്റ് ചാവക്കാട് റഹ്മാന്റെ മകൾ എന്ന പ്ലസ് പോയിന്റിലായിരുന്നു കാര്യങ്ങൾ. ഉമ്മ ആബിദ റഹ്മാനും പാടുമായിരുന്നു. ഹാർമോണിസ്റ്റും കംപോസറും ഒക്കെയായ റഹ്മാനും ആബിദയും ഈ രംഗത്ത് നിറഞ്ഞപ്പോൾ ഇവരുടെ മകളിലേക്കും കലാപ്രപഞ്ചത്തിന്റെ ഭംഗിയും ഗുണവും സ്വാധീനമായെത്തി.
രണ്ടാം ക്ലാസിൽ പഠിക്കുന്ന അവസരത്തിൽ കുറ്റിപ്പുറത്ത് മാതാപിതാക്കളോടൊപ്പം പോയപ്പോൾ ട്രൂപ്പിൽ മാപ്പിളപ്പാട്ടു പാടിക്കൊണ്ടാണ് ഈ രംഗത്തേക്ക് കാൽ വെക്കുന്നത്. ഒമ്പതാം ക്ലാസ് വരെ ഈ ശീലം തുടർന്നു. പിന്നീടാണ് ഗസലിലേക്കു തിരിയുന്നത്. കോഴിക്കോട് ഫറോക്കിലെ ഒരു ചടങ്ങിൽ ആദ്യമായി ഗസലുകൾ ആലപിക്കുകയുണ്ടായി. ശേഷം തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല. ഗാനമേളകളിലും മെഹ്ഫിലുകളിലും ഒപ്പം കിട്ടാവുന്ന വേദികളിലെല്ലാം ഗസലിന്റെ സ്വരരാഗസുധ നിറച്ചു. അതങ്ങ് കേരളവും കടലും കടന്നു പോയി. ഗൾഫ് നാടുകളിൽ എത്രയോ വേദികളിൽ സരിത റഹ്മാൻ ഗസലിന്റെ മായപ്രപഞ്ചം തീർത്തു. ലഭിച്ചത് നല്ല സ്വീകാര്യതയും പിന്തുണയും.
ഏറ്റവും ഒടുവിൽ ഇക്കഴിഞ്ഞ റംസാനിൽ അബൂദാബിയിലും ദുബായിയിലും പരിപാടികൾ അവതരിപ്പിച്ചു. ഇവിടങ്ങളിലെല്ലാം പൂർണമായും ഗസൽ തന്നെയാണ് അനുവാചകർക്കായി സമ്മാനിച്ചത്.
ആസ്വാദകരെ കുറിച്ചു ചോദിച്ചപ്പോൾ തികഞ്ഞ സംതൃപ്തിയിലായിരുന്നു സരിത. എല്ലായിടത്തും മികച്ച ആസ്വാദകവൃന്ദത്തെ കാണാനായി. ക്ലാസ് ഓഡിയൻസാണ് ഗസലിന് എപ്പോഴും ഉണ്ടാവുക. ഇവയിൽ എടുത്തു പറയാവുന്ന രണ്ടു സ്‌ഥലങ്ങൾ കോഴിക്കോടും മട്ടാഞ്ചേരിയുമാണ്. ഇതിൽ തന്നെ ഏറ്റവും കൂടുതൽ പ്രോത്സാഹനം നൽകിയത് കോഴിക്കോട്ടുകാരാണ്. അറിയപ്പെടുന്ന ഗായിക ഒന്നുമല്ലെങ്കിലും എന്റെ പ്രോഗ്രാം ചോദിച്ചറിഞ്ഞു വരുന്നവർ ധാരാളമുണ്ട്. ഒരു കലാകാരിക്കു വേറെന്തു വേണം–ഇതു പറയുമ്പോൾ സരിതയുടെ കണ്ണിൽ തിളക്കം.
ശ്രുതിമാധുര്യമുള്ള ഗാനാലാപനശൈലി നിറഞ്ഞ ഗസലുകൾ വല്ലാത്ത അനുഭൂതിയാണ് അനുവാചകർക്കു സമ്മാനിക്കുക. ശാന്തവും വർണനയുമുള്ള വരികളുടെ ഭംഗി ഒട്ടും ചോരാതെ ആസ്വാദകരിലെത്തിക്കുക എന്നതു സിദ്ധി തന്നെയാണ്. ഇക്കാലയളവിൽ പ്രഗത്ഭമതികളുടെ ധാരാളം ഗസലുകൾ സരിത റഹ്മാൻ സദസിന് സമ്മാനിച്ചു.
ഇപ്പോൾ ഗസലിനൊപ്പം ഇന്ത്യയുടെ വാനമ്പാടി ലതാമങ്കേഷ്കറുടെ പാട്ടുകൾ മാത്രം ഉൾപെടുത്തികൊണ്ടുള്ള ‘കുച്ച് ദിൽനേ കഹാ’ എന്ന പ്രത്യേക പരിപാടിയും സരിത റഹ്മാൻ അവതരിപ്പിക്കുന്നു. അബുദാബി അടക്കം പത്ത് സ്റ്റേജുകൾ പിന്നിട്ടു. കഴിഞ്ഞ സെപ്റ്റംബർ 28 നു ലതാജിയുടെ എൺപത്തിയാറാം പിറന്നാളിനാണ് ‘കുച്ച് ദിൽനേ കഹാ’ തുടങ്ങിയത്. മാസം ഒരു ജില്ലയിൽ ഒരു പരിപാടി എന്ന നിലയിൽ ‘കുച്ച് ദിൽനേ കഹാ’ അവതരിപ്പിച്ചുവരുന്നു. റാഫി നൈറ്റ് പോലെ സ്ത്രീ കേന്ദ്രീകൃതമെന്ന നിലയിൽ ലതാമങ്കേഷ്കറുടെ മാത്രം പാട്ടുകൾ കോർത്തിണക്കിയുള്ള പരിപാടി. ലതാജിയുടെ ജനപ്രീതി നേടിയ ഇരുപത് പാട്ടുകൾ സരിത അവതരിപ്പിക്കുന്നു.
കലാപാരമ്പര്യമുള്ള കുടുംബത്തിൽ നിന്നു ലഭിച്ച പ്രോത്സാഹനം സരിതക്കു മുതൽക്കൂട്ടായെങ്കിൽ ശാസ്ത്രീയ വിദ്യാഭ്യാസം നേടാനും ഇവർ മറന്നില്ല. പാലക്കാട് ചിറ്റൂർ സംഗീത കോളജിൽ നിന്നു കർണാടക സംഗീതത്തിൽ പ്രാവീണ്യം നേടിയത് ഈ രംഗത്തു തുണയായി. ഛത്തീസ്ഗഢിൽ നിന്നു തിരൂരിൽ വരാറുള്ള ഉസ്താദ് ദിനേശ് ദേവദാസ്ജിയിൽ നിന്ന് അഞ്ചു വർഷത്തോളം ഹിന്ദുസ്‌ഥാനിയിൽ പരിശീലനം നേടിയതോടെ ആത്മവിശ്വാസം വർധിച്ചു. പിന്നീട് തിരിഞ്ഞു നോക്കേണ്ടിവന്നില്ല.
ഉപ്പ തുടങ്ങിയ റഹ്മാൻ മ്യൂസിക് ക്ലബിന്റെ തണലിൽ പാടിവളർന്നു. സംഗീത സാമ്രാട്ട് എം.എസ്.ബാബുരാജിനൊപ്പം ഏറെകാലം കംപോസറായിരുന്നു ഉപ്പ റഹ്മാൻ. ഗുലാം അലിയുടെയും മെഹ്ദി ഹസന്റെയും ഗസലുകൾ വീട്ടിൽ രാഗവീചികൾ തീർത്തപ്പോൾ ഇവ വല്ലാതെ സ്വാധീനിച്ചിരുന്നുവെന്നു പറയാം. എട്ടിൽ പഠിക്കുന്ന കാലത്താണു ഹരിഹരന്റെ ആൽബം പുറത്തിറങ്ങുന്നത്. ഇവ പഠിച്ചാണു ഗസൽ അവതരിപ്പിച്ചതെന്നു സരിത ഓർത്തു.
പത്താം വയസിൽ പിന്നണി ഗായകൻ പി.ജയചന്ദ്രനൊപ്പം മാപ്പിളപാട്ട് ആൽബത്തിൽ പാടാൻ അവസരം ലഭിച്ചു. ദൂരദർശൻ, ഏഷ്യാനെറ്റ്, മീഡിയാവൺ, കൈരളി, അമൃത, മനോരമ വിഷൻ തുടങ്ങിയ ചാനലുകളിൽ ഗസൽ ഉൾപെടെ അവതരിപ്പിച്ചിട്ടുണ്ട്. ഭർത്താവ് നൗഷാദ് നന്നായി ഗാനങ്ങൾ എഴുതും. ഇരുവരും ചേർന്ന് ‘ഒരു വാക്ക് പിന്നേയും ബാക്കി’ എന്ന ആൽബം പുറത്തിറക്കി. മഞ്ചേരിയിലെ വേദി കലാ സംഘടന സംസ്‌ഥാനതലത്തിൽ നടത്തിയ ഗസൽ മത്സരത്തിൽ ജേതാവായിരുന്നു സരിത. പഠിക്കുന്ന അവസരത്തിൽ കലാതിലക പട്ടം ചൂടിയിരുന്നു.
ഗാന രംഗത്തിനു പുറമെ കഥാരചനയിലും തിളങ്ങി. മാതൃഭൂമി ആഴ്ചപതിപ്പ് വിദ്യാർഥികൾക്കായി നടത്തിയ സംസ്‌ഥാനതല ചെറുകഥാ മത്സരത്തിൽ സരിത രണ്ടാം സ്‌ഥാനം കരസ്‌ഥമാക്കിയിരുന്നു. ‘പാട്ടുവണ്ടിയിലെ കഥാസഞ്ചാരങ്ങൾ’ എന്ന പേരിൽ കഥാസമാഹാരങ്ങൾ പുറത്തിറക്കിയിട്ടുമുണ്ട്. സരിതയുടെ പാട്ടുകൾ പലർക്കും പ്രചോദനമായിട്ടുണ്ടെന്നതാണ്് മറ്റൊരു വിശേഷം. ഷാർജയിൽ താമസമാക്കിയ വീട്ടമ്മ സരിതയിൽ നിന്നുള്ള സ്വാധീനത്താൽ പാട്ടിന്റെ വഴിയിലെത്തി. കുച്ച് ദിൽനേ കഹാ എന്ന പ്രോഗ്രാം ഉൾപെടെയുള്ളവ കണ്ടായിരുന്നു ഇത്. ഇക്കാര്യത്തിൽ ഒരു സ്ത്രീ എന്ന നിലയിലുള്ള ആത്മവിശ്വാസം വലുതാണ്. തന്റെ കരിയറിലെ ഗ്രാഫ് ഉയർത്താൻ ഈ പ്രോഗ്രാം സഹായിച്ചതായി മൂപ്പത്തിയാറുകാരി സരിത വിശ്വസിക്കുന്നു. ശരിക്കും ബ്രേക്കാണ് കുച്ച് ദിൽനേ കഹാ. തിരൂർ പുത്തൻതെരുവിലാണ് താമസം. ഭർത്താവ് നൗഷാദ് കംപ്യൂട്ടർ സെന്റർ നടത്തുന്നു. രണ്ടു മക്കൾ. എട്ടിൽ പഠിക്കുന്ന നസീം അഹമ്മദ് മിർസയും നഴ്സറി വിദ്യാർഥിനി നൂറാ നസ്രിയയും.
ആർ.കെ.പ്രദീപ്