കുട്ടികളിലെ തലവേദനകൾ
Friday, November 15, 2024 1:36 PM IST
കുട്ടികളിൽ തലവേദന പല കാരണങ്ങൾ കൊണ്ടാണ് ഉണ്ടാകുന്നത്. ടെൻഷനും സ്ട്രെസും മൂലമുണ്ടാകുന്ന തലവേദനയാണ് മുഖ്യസ്ഥാനത്ത് കാണുന്നത്.
പലപ്പോഴും ആദ്യകാലങ്ങളിൽ കണ്ടുപിടിക്കപ്പെടാതെപോകുന്ന കാഴ്ചത്തകരാറുകൾ മൂലമുള്ള തലവേദനയാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്താണ് മൈഗ്രേൻ അഥവാ കൊടിഞ്ഞി.
സ്ട്രെസ് അമിതമായാൽ
പഠനവും പരീക്ഷയുമുണ്ടാക്കുന്ന അമിത സ്ട്രെസിനെ അതിജീവിക്കാൻ കെൽപ്പില്ലാത്ത കുട്ടികൾക്കാണ് പ്രധാനമായി ടെൻഷൻ ഹെഡെയ്ക് ഉണ്ടാകുന്നത്.
37-51 ശതമാനം കുട്ടികൾക്കും ഇത്തരത്തിലുള്ള തലവേദനയുണ്ടാകുന്നതായി നാഷണൽ ഹെഡെയ്ക് ഫൗണ്ടേഷൻ നടത്തിയ ഗവേഷണങ്ങൾ തെളിയിക്കുന്നു.
കുട്ടികളിലെ മൈഗ്രേൻ
കുട്ടികളിൽ ഉണ്ടാകുന്ന മൈഗ്രേൻ പലവിധമാണ്. സാധാരണ (3.5-10 ശതമാനം), ബാസിലാർ മൈഗ്രേൻ 3-19 ശതമാനം, വയറുമായി ബന്ധപ്പെട്ടുണ്ടാകുന്ന അബ്ഡൊമിനൽ മൈഗ്രേൻ (20 ശതമാനം), ഛർദിയോടുകൂടിയ മൈഗ്രേൻ (0.02 ശതമാനം).
ആറുമുതൽ പതിനഞ്ചു വരെ വയസുള്ള കുട്ടികളിൽ നാലു ശതമാനം പേർക്കും ഹൈസ്കൂൾ വിദ്യാർഥികളിൽ 10-23 ശതമാനം പേർക്കും പലപ്പോഴായി മൈഗ്രേൻ ഉണ്ടാകുന്നതായി തെളിയുന്നു.
പാരന്പര്യമായതും അല്ലാത്തതും
കുട്ടികളിലുണ്ടാകുന്ന കൊടിഞ്ഞി അഥവാ ചെന്നിക്കുത്തിനെ രണ്ടായി തിരിക്കാം. പാരന്പര്യവുമായി ബന്ധപ്പെട്ട കോമണ് മൈഗ്രേനും പ്രകാശ വലയമോ വരകളോ നിറങ്ങളോ കാണുന്ന, ഭക്ഷണ അലർജിയും ഛർദിയുമുണ്ടാകുന്ന ക്ലാസിക് മൈഗ്രേനും.
സിനിമ കാണുന്പോൾ ചിലരിൽ
പ്രകാശരശ്മികൾ മസ്തിഷ്കത്തിന്റെ പുറകുവശത്തുള്ള വിഷ്വൽ കോർട്ടക്സിന്റെ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്നു. തലച്ചോറിനുള്ളിൽ വേദനയോടു സംവേദനമുള്ള സവിശേഷഭാഗങ്ങളുണ്ട്.
ക്രേനായ്ൽ നാഡിയും തലയോട്ടിയുടെ പുറംകവചവും ഡ്യൂറാമാറ്ററും ഒക്കെ വേദനയുണ്ടാക്കുന്ന ഭാഗങ്ങളാണ്. 90 ശതമാനം രോഗികളിലും വെട്ടിത്തിളങ്ങുന്ന പ്രകാശ രശ്മികൾ മൈഗ്രേൻ ട്രിഗറാകുന്നു.
സിനിമ കാണുന്പോഴും മറ്റും പെട്ടെന്നു മാറിവരുന്ന കടുത്ത നിറങ്ങൾ കാണുന്പോൾ മാംസപേശികൾ വരിഞ്ഞുമുറുകുന്നു. ഇത് രക്തക്കുഴലുകൾ വീങ്ങുന്നതിനും തലവേദനയുണ്ടാകുന്നതിനും കാരണമാകുന്നു
വിവരങ്ങൾ - ഡോ. ശുഭ ജോർജ് തയ്യിൽ
MBBS, MIHS, MNHF(USA),
ഹെഡ് എയ്ക് സ്പെഷലിസ്റ്റ്, കൊച്ചി.