പ്രമേഹനിയന്ത്രണം: പ്രമേഹ പ്രതിരോധത്തിന് എന്തെല്ലാം ചെയ്യണം?
Thursday, November 7, 2024 2:37 PM IST
പ്രമേഹരോഗികളുടെ എണ്ണം കേരളത്തിൽ ആശങ്കാജനകമായ രീതിയിൽ കൂടി വരികയാണ്. അതിന്റെ പ്രധാന കാരണം പ്രമേഹത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ ശാസ്ത്രീയ അറിവുകൾ ജനങ്ങളിൽ എത്തുന്നില്ല എന്നുള്ളതാണ്.
സത്യത്തിൽ ബോധവൽക്കരണമാണ് ഈ വിഷയത്തിൽ ആദ്യമായി ശ്രദ്ധിക്കേണ്ടത്. പ്രാദേശിക ഭരണകൂടങ്ങൾ, സന്നദ്ധ ബഹുജന സംഘടനകൾ, ശാസ്ത്ര പ്രസ്ഥാനങ്ങൾ എന്നിവർക്ക് ഈ മേഖലയിൽ ഏറെ ഫലവ ത്തായ കാര്യങ്ങൾ ചെയ്യാവുന്നതാണ്.
ഇതൊക്കെ ശ്രദ്ധിക്കണം
ആഹാരം ക്രമീകരിക്കുക, പതിവായി വ്യായാമം ശീലിക്കുക, മാനസിക സംഘർഷം ഉണ്ടാകുമ്പോൾ അത് എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത് എന്ന് മനസിലാക്കുക, അണുബാധകൾ ഉണ്ടാകാതിരിക്കാനും ഉണ്ടാവുകയാണ് എങ്കിൽ അത് ശരിയായ രീതിയിൽ കൈകാര്യം ചെയ്യുകയും ചെയ്യുക എന്നിവയാണ് പ്രമേഹത്തെ പ്രതിരോധിക്കുവാനും കൈകാര്യം ചെയ്യുവാനും ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ.
ഇവയുടെ ശേഷമാണ് മരുന്നുകളുടെ സ്ഥാനം. മരുന്നുകൾ ആവശ്യമാണ് എന്ന് ഡോക്ടർ പറയുകയാണ് എങ്കിൽ അത് ഡോക്ടർ പറയുന്നത് അനുസരിച്ച് കൃത്യമായി കഴിക്കുകയും വേണം.
വൃക്കകളുടെ ആരോഗ്യം
രോഗികളുടെ സ്വഭാവം, താൽപര്യങ്ങൾ എന്നിവയ്ക്ക് അനുസരിച്ച് ആഹാരശീലങ്ങളിൽ മാറ്റങ്ങൾ വരുത്തേണ്ടി വരും. നല്ല ആരോഗ്യത്തിനു സഹായിക്കുന്നതും സമീകൃതവും ആയ ആഹാരക്രമമാണ് ഡോക്ടർമാർ പ്രമേഹം ഉള്ളവർക്ക് നിർദേശിക്കാറുള്ളത്. വൃക്കകളുടെ ആരോഗ്യനില ഇടയ്ക്കിടെ പരിശോധിക്കണം.
പഞ്ചസാര ഒഴിവാക്കണം
* പഞ്ചസാരയുടെ ഏതു തരത്തിലുമുള്ള ഉപയോഗവും പ്രമേഹം ഉള്ളവർ ഒഴിവാക്കണം.
* വളരെയധികം എളുപ്പത്തിൽ പ്രമേഹ നിയന്ത്രണം സാധ്യമാകുന്നതിനും രക്തസമ്മർദം ഉയരാതിരിക്കാനും ഉപ്പ് കൂടി ഒഴിവാക്കുകയോ ഏറ്റവും കുറഞ്ഞ അളവിൽ ശീലമാക്കുകയോ ചെയ്യുന്നത് നല്ലതാണ്.
* ഇലക്കറികൾ, ഉലുവ, വെളുത്തുള്ളി എന്നിവ വളരെ നല്ല ഫലം ചെയ്യുന്നതാണ്.
* മദ്യപാനം ഉള്ളവർ അതു പൂർണമായും വേണ്ട എന്ന് തീരുമാനിക്കണം. പുകവലിക്കുന്ന സ്വഭാവവും നല്ലതല്ല.
* ഡോക്ടർ പറയുന്ന ക്രമത്തിൽ വ്യായാമം ചെയ്യണം. ദിവസവും അര മണിക്കൂർ രാവിലെയും വൈകുന്നേരവും നടക്കുന്നത് ഉചിതം. ജോഗിംഗ്, നീന്തൽ എന്നിവയും നല്ല വ്യായാമങ്ങളാണ്.
വ്യായാമം ചെയ്താൽ
വ്യായാമം ചെയ്യുന്നതുവഴി രക്തത്തിലെ പഞ്ചസാരനിലയുടെ നിയന്ത്രണം സാധ്യമാകുന്നതിനു പുറമെ വേറെയും നേട്ടങ്ങളുണ്ട്.
* ഹൃദയത്തിന്റെ പ്രവർത്തനം ആരോഗ്യ കരമായ നിലയിലാകും.
* രക്തസമ്മർദവും കൊളസ്ട്രോളിന്റെ നിലയും ഉയരാതിരിക്കാനും സഹായിക്കും.
* രക്തക്കുഴലുകളിൽ തടസങ്ങൾ ഉണ്ടാകുന്നതിനുള്ള സാധ്യതകളും ഇല്ലാതാകും.
വിവരങ്ങൾക്കു കടപ്പാട്: ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ
ഫോൺ - 9846073393