പക്ഷാഘാതം: വീഴാതിരിക്കാൻ ശ്രദ്ധിക്കാം
Friday, November 1, 2024 12:42 PM IST
ചില രോഗികളില്‍ സ്ട്രോക്കിന്റെ ലക്ഷണങ്ങള്‍ വന്ന് ഒരു മണിക്കൂറിനുള്ളില്‍ തന്നെ അത് പൂര്‍ണമായി മാറുകയും ചെയ്യും. ഇതിനെ ടി ഐഎ (TIA) അഥവാ ട്രാന്‍സിയന്റ് ഇഷിമിക് അറ്റാക്ക് (Transient Ischemic Attack) എന്ന് പറയുന്നു.
പൂര്‍ണമായി ഭേദമായതിനാല്‍ ചിലപ്പോള്‍ രോഗി ചികിസ തേടാറില്ല. എന്നാല്‍ ഇത്തരത്തില്‍ വരുന്ന ടിഐഎ ഭാവിയില്‍ സ്ട്രോക്ക് വരുന്നതിനുള്ള ഒരു അപായ സൂചനയാണ്. അതിനാല്‍ ലക്ഷണങ്ങള്‍ ഭേദമായാലും ഉടനെ തന്നെ ഒരു ന്യൂറോളജിസ്റ്റിനെ കണ്ട് ആവശ്യമായ ചികിത്സ തേടേണ്ടതാണ്.
ആഘാതത്തിൽ നിന്നു കരകയറാൻ
ശാരീരിക വിഷമതകള്‍ക്കു പുറമെ സ്ട്രോക്ക് രോഗിയിൽ മാത്രമല്ല കുടുംബത്തിലും ഉണ്ടാക്കുന്ന മാനസികവും സാമ്പത്തികവുമായ ആഘാതം വളരെ വലുതാണ്. അതിനാല്‍ സ്ട്രോക്ക് ചികിത്സയില്‍ ഏറ്റവും പ്രധാനമാണ് അവരുടെ പുനരധിവാസം (rehabilitation).
* ചലനശേഷി വീണ്ടെടുക്കാനായി മുടങ്ങാതെ ഫിസിയോതെറാപ്പി ചെയ്യണം. ഫിസിയോതെറാപ്പിയുടെ ആദ്യ ലക്ഷ്യം ദൈനംദിന കാര്യങ്ങള്‍ ചെയ്യാന്‍ രോഗിയെ പ്രാപ്തമാക്കുക എന്നതാണ്.
* അതു നേടിയാല്‍ അടുത്ത ലക്ഷ്യം ജോലി ചെയ്യാന്‍ പ്രാപ്തമാക്കാനുള്ള ഒക്കുപ്പേഷണൽ (occupational) ഫിസിയോതെറാപ്പിയാണ്. കിടപ്പിലായ രോഗികളില്‍ ബെഡ് സോര്‍ വരാതെ നോക്കാനായി ഓരോ രണ്ടു മണിക്കൂറിലും രോഗിയെ തിരിച്ചു കിടത്തേണ്ടതാണ്.
എന്തൊക്കെ ശ്രദ്ധിക്കണം?
നമ്മുടെ ചുറ്റുപാടില്‍ നമ്മുടെ ശരീരത്തിന്റെ ഏകോപനവും സ്ഥിരതയും കൂടിച്ചേരുന്നതാണ് സന്തുലിതാവസ്ഥ. ഇത് സഞ്ചാരവും സാധനങ്ങള്‍ കയ്യെത്തിപ്പിടിക്കുന്നതു പോലുള്ള ദൈനംദിന പ്രവൃത്തികളില്‍ സഹായകമാകുന്നു.
എന്നാല്‍ സ്ട്രോക്കില്‍ ഈ സന്തുലനാവസ്ഥ നഷ്ടപ്പെടുന്നു. അതിനാല്‍ വീഴ്ചകള്‍ക്കുള്ള സാധ്യത വളരെ കൂടുതലാണ്.
* രോഗികള്‍ കിടക്കുന്ന മുറിയും അവരുപയോഗിക്കുന്ന കുളിമുറിയും ഒരേ നിരപ്പില്‍ ആയിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.
* കൂടാതെ രാത്രി ആവശ്യമായ പ്രകാശവും ബാത്റൂമില്‍ വേണം.
* കാല് തട്ടി വീഴാന്‍ കാരണമാകുന്ന സാധനങ്ങള്‍ തറയില്‍ നിന്ന് മാറ്റേണ്ടതാണ്.
* തിരിയുമ്പോഴും കട്ടിലില്‍ നിന്ന് എഴുന്നേല്ക്കുമ്പോഴും ഒക്കെ ചലനങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രികരിക്കുക.പാകമായതും കനം കുറഞ്ഞ സോളോടു കൂടിയതും ഗ്രിപ്പുള്ളതുമായ പാദരക്ഷകള്‍ വേണം ഉപയോഗിക്കുവാന്‍.
ഡോ. സുശാന്ത് എം. ജെ. MD.DM,
കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ്, എസ് യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.
ഫോൺ - 9995688962
എസ്യുറ്റി, സ്ട്രോക്ക് ഹെൽപ് ലൈൻ നന്പർ
- 0471-4077888