പക്ഷാഘാതം: നാലര മണിക്കൂറിനുള്ളിൽ...
Thursday, October 31, 2024 2:15 PM IST
സ്ട്രോക്കിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുമ്പോഴേ രോഗി ചികിത്സയ്ക്ക് വിധേയപ്പെടേണ്ടതാണ്. രക്തം കട്ടപിടിച്ചുണ്ടാകുന്ന സ്ട്രോക്കുകളില്‍ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങി നാലര മണിക്കൂറിനുള്ളില്‍ തന്നെ രക്തം കട്ട പിടിച്ചത് മാറ്റാനുള്ള മരുന്ന് നല്‍കേണ്ടതാണ്.
ഇതിനു ത്രോംബോളൈറ്റിക് (thrombolytic) തെറാപ്പി എന്നാണു പറയുന്നത്. ഈ ചികിത്സയിലൂടെ സ്ട്രോക്ക് മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്കു ഗണ്യമായ കുറവുണ്ടാകും. അതിനാല്‍ എത്രയും പെട്ടെന്ന് രോഗിയെ അടുത്തുള്ള സ്ട്രോക്ക് യൂണിറ്റില്‍ എത്തിക്കേണ്ടതാണ്.
24 മണിക്കൂറും ന്യൂറോളജിസ്റ്റ്, ന്യൂറോസര്ജന്, സിടി / എംആര്‍ഐ എടുക്കാനുള്ള സൗകര്യം, ഐസിയു സൗകര്യം എന്നിവയാണ് സ്ട്രോക്ക് യൂണിറ്റുകള്‍ക്ക് ഉണ്ടായിരിക്കേണ്ട കുറഞ്ഞ യോഗ്യതകള്‍.
ഏത് ആശുപത്രിയിൽ..?
സാധാരണയായി സംഭവിക്കുന്നത് രോഗിയെ ആദ്യം അടുത്തുള്ള ഒരു ക്ലിനിക്കില്‍ എത്തിക്കുകയും പിന്നെ സിടി സ്കാനിംഗിനായി വേറൊരു സ്ഥലത്തേക്ക് പറഞ്ഞു വിടുകയുമാണ്.
നമുക്ക് പെട്ടെന്ന് എത്തിപ്പെടാവുന്ന സ്ട്രോക്ക് യൂണിറ്റുകള്‍ ഉള്ള ഹോസ്പിറ്റലുകള്‍ ഏതൊക്കെ എന്നതും അവരുടെ സ്ട്രോക്ക് ഹെല്പ് ലൈൻ നമ്പറുകള്‍ ഏതാണെന്നും അറിഞ്ഞുവച്ചിരിക്കുന്നത് ആദ്യമുണ്ടാകുന്ന ഈ സമയനഷ്ടം കുറയ്ക്കാന്‍ സഹായിക്കും.
വലുപ്പമുള്ള രക്തക്കട്ട മാറ്റുന്നതിന്
ത്രോമ്പോളിസിസ് കൊണ്ട് മാറ്റാന്‍ പറ്റാത്ത വലുപ്പമുള്ള രക്തക്കട്ടകള്‍ മാറ്റുന്നതിന് രക്തധമനി വഴി കഥീറ്റര്‍ കടത്തി രക്തക്കട്ട നീക്കം ചെയ്യാനുള്ള എന്‍ഡോ വാസ്കുലര്‍ റിവാസ്ക്കുലറൈസേഷന്‍ (endovascular revascularization) തെറാപ്പിയും ഇപ്പോള്‍ ലഭ്യമാണ്. എന്നാല്‍, ഇതു ചില സ്ട്രോക്ക് യൂണിറ്റുകളില്‍ മാത്രമേ ഇപ്പോള്‍ ലഭ്യമായിട്ടുള്ളു.
* തുടക്കത്തില്‍ രോഗലക്ഷണങ്ങള്‍ വളരെ കുറവായിരിക്കും. സിടി സ്കാനില്‍ സ്ട്രോക്കിന്റെ വ്യതിയാനങ്ങള്‍ വരാന്‍ ചിലപ്പോള്‍ ആറു മുതല്‍ 24 മണിക്കൂര്‍ വരെ എടുക്കാം. സിടി സ്കാന്‍ വിശദമായി പരിശോധിക്കുകയോ അല്ലെങ്കില്‍ എംആര്‍ഐ സ്കാനിംഗിലൂടെയോ മാത്രമേ ആദ്യ മണിക്കൂറുകളില്‍ സ്ട്രോക്കിന്റെ വ്യതിയാനങ്ങൾ മനസിലാക്കുവാന്‍ സാധിക്കുകയുള്ളു.
കാര്യമായ രോഗലക്ഷങ്ങള്‍ ഇല്ലാത്തതിനാലും സിടി സ്കാന്‍ നോര്‍മല്‍ ആയതിനാലും ചിലപ്പോള്‍ ചികിത്സ വൈകാറുണ്ട്. ഇത്തരക്കാരില്‍ ചിലപ്പോള്‍ 2 - 3 മണിക്കൂര്‍ കഴിയുമ്പോള്‍ പൂര്‍ണമായി സ്ട്രോക്ക് വരികയും ത്രോമ്പോളിസിസ് ചികിത്സയ്ക്കുള്ള സമയ പരിധി കഴിഞ്ഞു പോകുകയും ചെയ്യാറുണ്ട്.
ഡോ. സുശാന്ത് എം. ജെ. MD.DM,
കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ്,
എസ്യുടി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം
ഫോൺ - 9995688962
എസ്യുടി സ്ട്രോക്ക് ഹെൽപ് ലൈൻ
- 0471-4077888