പൈനാപ്പിള്‍ പവര്‍; നേടാം ഈ ആരോഗ്യ ഗുണങ്ങള്‍...
Wednesday, October 23, 2024 12:54 PM IST
കൈതച്ചക്ക, കന്നാര എന്നെല്ലാം വിളിക്കപ്പെടുന്ന പൈനാപ്പിള്‍ ഉന്മേഷദായകമായ വേനല്‍ക്കാല ഫലങ്ങളില്‍ സുപ്രധാനമാണ്. പല വിഭവങ്ങളിലും പൈനാപ്പിള്‍ ചേര്‍ക്കാറുണ്ട്.
രുചിയില്‍ മാത്രമല്ല, ആരോഗ്യത്തിനും വളരെയധികം ഗുണങ്ങള്‍ നല്‍കുന്നതാണ് പൈനാപ്പിള്‍ എന്നതാണ് വാസ്തവം. പൈനാപ്പിള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യം ഗണ്യമായി മെച്ചപ്പെടുത്തുമെന്നാണ് നൂട്യൂഷന്സിന്റെ വെളിപ്പെടുത്തല്‍.
പൈനാപ്പിളിന്റെ പവര്‍ എന്തെല്ലാമെന്നു നോക്കാം...
ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ സി
പൈനാപ്പിളില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നതാണ് വിറ്റാമിന്‍ സി. വിറ്റാമിന്‍ സി ധാരാളം കഴിക്കുന്നത് ശരീരത്തെ അണുബാധകളില്‍നിന്ന് സംരക്ഷിക്കാന്‍ സഹായിക്കും.
അതുപോലെ ചര്‍മത്തിനും ഇതു ഗുണകരമാണ്. വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ പതിവായി കഴിക്കുന്നത് ശക്തമായ രോഗപ്രതിരോധ ശേഷി നിലനിര്‍ത്താനും ചര്‍മത്തെ യുവത്വമുള്ളതായി നിലനിര്‍ത്താനും സഹായിക്കും.
ആന്റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍
പൈനാപ്പിളില്‍ ബ്രോമെലൈന്‍ എന്ന എന്‍സൈം അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ വീക്കം, നീര് എന്നിവ തടയുന്നതില്‍ ബ്രോമെലൈന്‍ നിര്‍ണായകമാണ്. ബ്രോമെലൈന്‍ ശരീരത്തിലെ വീക്കം കുറയ്ക്കുക മാത്രമല്ല, ദഹനത്തിന് സഹായിക്കുകയും ചെയ്യും.
ഭക്ഷണത്തിന്റെ ദഹനപ്രക്രിയയിലും പൈനാപ്പിള്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നു. പ്രോട്ടീന്‍ ഇല്ലായ്മ ചെയ്യാനുള്ള ബ്രോമെലൈനിന്റെ കഴിവ് ദഹനം മെച്ചപ്പെടുത്താനും വീക്കം അല്ലെങ്കില്‍ ദഹനക്കേട് പോലുള്ള അവസ്ഥകള്‍ ഒഴിവാക്കാനും സഹായിക്കും.
ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നം
ഓക്സിഡേറ്റീവ് സമ്മര്‍ദ്ദത്തിനും കോശങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുന്നതിനും കാരണമാകുന്ന ഫ്രീ റാഡിക്കലുകളില്നിന്ന് ശരീരത്തെ സംരക്ഷിക്കുന്ന ആന്റിഓക്സിഡന്റുകളും പൈനാപ്പിളില്‍ ധരാളമായുണ്ട്.
വിട്ടുമാറാത്ത രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നതിനും വാര്‍ധക്യ പ്രക്രിയയെ മന്ദഗതിയിലാക്കുന്നതിനും ആന്റിഓക്സിഡന്റുകള്‍ സഹായകമാണ്.
ശരീരഭാരം കുറയ്ക്കാം
ആരോഗ്യകരമായ ഭാരം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ പൈനാപ്പിള്‍ സ്ഥിരമായി കഴിക്കുന്നത് ഫലപ്രദമാണ്. കലോറി കുറവും ഉയര്‍ന്ന ജലാംശം ഉള്ളതിനാലും പൈനാപ്പിള്‍ തൃപ്തികരമായ ലഘുഭക്ഷണമാക്കി മാറ്റാം.
പൈനാപ്പിളിലെ നാരുകള്‍ വിശപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു.