കാലിൽ അമർത്താതെ, മൃദുവായി തടവുക
Wednesday, October 16, 2024 12:56 PM IST
കാലുകളിൽ ചുട്ടുനീറ്റൽ അനുഭവപ്പെടുന്നവരിൽ പലരുടെയും രക്തസമ്മർദം, നാഡിമിടിപ്പ് എന്നിവയുടെ നില ഉയർന്നതായി കാണാൻ കഴിയും.
തുടയിലും കാൽമുട്ടിലും വേദന, തുടിപ്പുകൾ, മരവിപ്പ്, വസ്തിപ്രദേശത്ത് വേദന, അരക്കെട്ടിൽ വേദന എന്നിവ രോഗനിർണയം നടത്തുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്.
കാലുകളിൽ ചുട്ടുനീറ്റൽ ആയി വരുന്നവരോട് ഡോക്ടർമാർ ചില ചോദ്യങ്ങൾ ചോദിക്കാറുണ്ട്. ചില പരിശോധനകൾ നടത്താൻ ആവശ്യപ്പെടുകയും ചെയ്യും.
ഡോക്ടർമാർ സാധാരണയായി ചോദിക്കാൻ കൂടുതൽ സാധ്യതയുള്ള കാര്യങ്ങൾ
• എത്ര കാലമായി കാലുകളിൽ ചുട്ടുനീറ്റൽ അനുഭവപ്പെടുന്നു?
• ഏതു പൊസിഷനിൽ ഇരിക്കുകയോ കിടക്കുകയോ ചെയ്യുമ്പോഴാണ് ചുട്ടുനീറ്റൽ അനുഭവപ്പെടുന്നത്?
• ചുട്ടുനീറ്റൽ അനുഭവപ്പെടുന്നത് ഒരു കാലിൽ മാത്രമാണോ അതോ രണ്ട് കാലുകളിലുമാണോ?
• മുൻകാലങ്ങളിൽ എപ്പോഴെങ്കിലും കാലുകളിൽ ചുട്ടുനീറ്റൽ അനുഭവപ്പെടുന്ന അനുഭവം ഉണ്ടായിട്ടുണ്ടോ?
• മറ്റ് എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ടോ?
• ഇപ്പോൾ എന്തെങ്കിലും മരുന്നുകൾ കഴിക്കുന്നുണ്ടോ?
ഡോക്ടർ ചോദിക്കുന്ന കാര്യങ്ങൾക്കുപുറമെ എന്തെങ്കിലും അസ്വസ്ഥതകൾ അനുഭവപ്പെടുന്നുണ്ട് എങ്കിൽ അതുകൂടി പറയേണ്ടതാണ്
രക്തസമ്മർദനിലയും കൂടുതൽ വിയർപ്പ് ഉണ്ടാകുന്ന സമയങ്ങളും രോഗനിർണയത്തിൽ പ്രധാനപ്പെട്ട ഘടകങ്ങളാണ്.
കാലുകളിൽ ചുട്ടുനീറ്റൽ അനുഭവപ്പെടുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
• കൂടുതൽ അയവുള്ള വസ്ത്രങ്ങൾ ധരിക്കുക.
• ചർമത്തിൽ വരൾച്ച അനുഭവപ്പെടുന്നുണ്ട് എങ്കിൽ ആ വിവരം ഡോക്ടറോട് പറയണം.
• ഡോക്ടറുടെ ഉപദേശം അനുസരിച്ചു മാത്രം വ്യായാമം ശീലിക്കണം.
• ഇരിക്കുമ്പോഴും കിടക്കുമ്പോഴും കാലുകൾ അൽപം ഉയർത്തി വെയ്ക്കുക.
• ആഹാരം ഡോക്ടർ പറയുന്നത് അനുസരിച്ച് ക്രമീകരിക്കുക.
• പൊണ്ണത്തടിയും അമിത ശരീരഭാരവും ഉള്ളവർ അത് ആരോഗ്യകരമായ നിലയിൽ എത്തിക്കാൻ ഡോക്ടർ പറയുന്ന കാര്യങ്ങൾ അനുസരിക്കുക
• കാലുകളിൽ അമർത്താതെ മൃദുവായി തടവുക.
• തുണി ചെറുതായി ചൂടാക്കി കാലുകളിൽ ചൂടുപിടിക്കുക.
• മാനസിക സംഘർഷം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക.
വിവരങ്ങൾക്കു കടപ്പാട്: ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ
ഫോൺ - 9846073393.