ചുട്ടുനീറ്റലിന്റെ കാരണം കണ്ടെത്തി ചികിത്സ
Tuesday, October 15, 2024 12:59 PM IST
കാലുകളിൽ ചുട്ടുനീറ്റൽ അനുഭവപ്പെടുന്നു എന്ന വിഷമത്തോടെ ആശുപത്രികളിൽ എത്തുന്നവർ ധാരാളമാണ്. ചർമത്തിന് സംഭവിക്കുന്ന നാശം, രക്തക്കുഴലുകളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്നിവയാണ് ചുട്ടുനീറ്റൽ ഉണ്ടാകുന്നതിന് പ്രധാന കാരണങ്ങൾ.
പതിവായി വെയിൽ കൊള്ളുന്പോൾ
പതിവായി കൂടുതൽ വെയിൽ കൊള്ളുക, കൂടുതൽ തണുപ്പ് കൊള്ളുക, രാസപദാർഥങ്ങൾ പതിവായി കൈകാര്യം ചെയ്യുക, രക്തക്കുഴലുകളിൽ നീർക്കെട്ട് ഉണ്ടാവുക എന്നിവയുടെ ഫലമായും കാലുകളിൽ ചുട്ടുനീറ്റൽ അനുഭവപ്പെടാവുന്നതാണ്.
പ്രമേഹബാധിതരിൽ...
അമിതമായ അളവിൽ മദ്യം കഴിക്കുന്നവരിലും രക്തത്തിലെ പഞ്ചസാരയുടെ നില ശരിയായ രീതിയിൽ കൈകാര്യം ചെയ്യാതിരിക്കുന്ന പ്രമേഹ ബാധിതരിലും കാലുകളിൽ ചുട്ടുനീറ്റൽ ഉണ്ടാകാനുള്ള സാധ്യത കൂടുതലായിരിക്കും.
ശരീരത്തിലെ സ്വയം രോഗപ്രതിരോധ സംവിധാനത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളുടെ ഫലമായി ഉണ്ടാകാൻ സാധ്യതയുള്ള ചില രോഗങ്ങളുടെ ഫലമായും കാലുകളിൽ ചുട്ടുനീറ്റൽ ഉണ്ടാകുന്നതാണ്.
ചില മരുന്നുകൾ....
ചില മരുന്നുകൾ കഴിക്കുന്നവരിൽ പാർശ്വഫലമായി കാലുകളിൽ ചുട്ടുനീറ്റൽ ഉണ്ടാകാവുന്നതാണ്.
ഹൃദയനമനീരോഗങ്ങൾ, അപസ്മാരം എന്നിവയ്ക്കുള്ള ചികിത്സയിൽ ഉപയോഗിക്കുന്ന ചില മരുന്നുകൾ, കീമോതെറാപ്പി എന്നിവയാണ് അവ.
കിടക്കുന്പോൾ മാത്രം...
കിടക്കുമ്പോൾ മാത്രം കാലുകളിൽ ചുട്ടുനീറ്റൽ അനുഭവപ്പെടുന്നവർ ആ കാര്യം ഡോക്ടറോട് പറയണം. കാരണം, ഇങ്ങനെയുള്ളവരിൽ ഹൃദയത്തിനാവശ്യമായ രക്തം ലഭിക്കുന്നതിന് പ്രയാസമുണ്ടാകും.
ഒപ്പം കാലുകളിലെ പേശികളിൽ കോച്ചിവലിയും കൂടി ഉണ്ടാകുന്നു എങ്കിൽ ആ കാര്യം കൂടി ഡോക്ടറോട് പറയണം. കാലുകളിൽ അനുഭവപ്പെടുന്ന ചുട്ടുനീറ്റലിന് ചികിത്സ ആരംഭിക്കുന്നതിനുമുൻപ് ചുട്ടുനീറ്റൽ ഉണ്ടാകുന്നതിന് കാരണമാകുന്നത് എന്താണ് എന്ന് കൃത്യമായി മനസിലാക്കിയിരിക്കണം.
അങ്ങനെ കൃത്യമായി രോഗനിർണയം നടത്തുകയാണ് എങ്കിൽ കുറേയേറെ പേരിൽ ഇതിനു വളരെ ലളിതമായ ചികിത്സയിലൂടെ പരിഹാരം കാണാൻ കഴിയും.
വിവരങ്ങൾക്കു കടപ്പാട്: ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ
ഫോൺ - 9846073393.