സാധാരണ മറവിയല്ല ആൽസ്ഹൈമേഴ്സ്!
Friday, September 27, 2024 1:27 PM IST
ഡിമെൻഷ്യയ്ക്കു കാരണമായ അപകട ഘടകങ്ങൾ
- കുറഞ്ഞ വിദ്യാഭ്യാസം
ആദ്യകാല ജീവിതത്തിലെ താഴ്ന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസം ആൽസ് ഹൈമേഴ്സ് വരാനുള്ള ഏറ്റവും പ്രധാനപ്പെട്ട അപകട ഘടകങ്ങളിലൊന്നാണ്.
- അമിതവണ്ണം
പ്രത്യേകിച്ച് മധ്യവയസിലുള്ള പൊണ്ണത്തടി ഡിമെൻഷ്യ സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു.
- ഹൈപ്പർടെൻഷൻ
- പ്രമേഹം
- വിഷാദം
വിഷാദരോഗം നിയന്ത്രിക്കുന്നതും ചികിത്സിക്കുന്നതും പ്രധാനമാണ്. കാരണം അത് ആൽസ്ഹൈമേഴ്സ് വരാനും അതിന്റെ തീവ്രത കൂടാനും കാരണമാകുന്നു.
- ശ്രവണ വൈകല്യം
കേൾവിക്കുറവുള്ള ആളുകൾക്ക് ഡിമെൻഷ്യസാധ്യത ഗണ്യമായി വർധിക്കുന്നു. ശ്രവണസഹായികൾ ഉപയോഗിക്കുന്നത് അപകടസാധ്യത കുറയ്ക്കുന്നതായി കാണുന്നു.
ചെറുപ്പക്കാരിലും
സാധരണയായി പ്രായമേറിയവരിലാണ് മറവിരോഗം കാണുന്നതെങ്കിലും ഇപ്പോൾ ചെറുപ്പക്കാരിലും കൂടുതലായി മറവിരോഗം പറയപ്പെടുന്നു.
അമിതമായ ജോലിഭാരം, അമിതമായ മാനസിക സമ്മർദം എന്നിവയാണ് ഇത്തരക്കാരിൽ പലരുടെയും ഓർമക്കുറവിനു കാരണം.
വളരെ അപൂർവമായി പാരമ്പര്യമായ ആൽസ് ഹൈമേഴ്സ് ചെറുപ്പക്കാരിൽ കാണപ്പെടുന്നു.
അസാധാരണ മറവി
65നു മേൽ പ്രായമുള്ളവരിൽ ചെറിയ മറവികൾ സ്വാഭാവികമാണ്. പലർക്കും കുറച്ചു നേരം ആലോചിച്ചാലോ അല്ലെങ്കിൽ ചെറിയ സൂചനകൾ കൊടുത്താലോ ഒക്കെ മറന്ന കാര്യങ്ങൾ ഓർത്തെടുക്കാൻ സാധിക്കും.
എന്നാൽ ആൽസ് ഹൈമേഴ്സ് തുടക്കമാണേൽ എത്ര ശ്രമിച്ചാലും അത് ഓർത്തെടുക്കാൻ പറ്റിയെന്നു വരില്ല. പ്രായമുള്ളവരിൽ സാധനങ്ങൾ എവിടെ വച്ചെന്ന് മറന്നു പോകുന്നത് സ്വാഭാവികം.
എന്നാൽ, ആൽസ് ഹൈമേഴ്സ് ബാധിതർ ഇത്തരത്തിൽ മറന്നു പോകുന്നു എന്നു മാത്രമല്ല അത് വയ്ക്കുന്നത് നമ്മൾ സാധാരണയായി അത്തരം സാധനങ്ങൾ വയ്ക്കാത്ത സ്ഥലങ്ങളിലായിരിക്കും.
ഉദാഹരണത്തിന് താക്കോൽ എടുത്ത് ഫ്രിഡ്ജിൽ വയ്ക്കുക, പേഴ്സ് വാഷിംഗ് മെഷീന് അകത്തിടുക പോലുള്ള സംഭവങ്ങൾ. അതുപോലെ സന്ദർഭത്തിന് അനുയോജ്യമല്ലാത്ത വസ്ത്രങ്ങൾ ധരിക്കുന്നതും കാണാം.
ചൂടുള്ള സമയത്ത് സ്വറ്റർ ഉപയോഗിക്കുന്നത് ഉദാഹരണം. പ്രായമുള്ളവർ അവർ മുമ്പ് നടത്തിയ സംഭാഷണങ്ങളിൽ ചിലതൊക്കെ മറക്കുന്നതു പതിവാണ്.
എന്നാൽ ആൽസ് ഹൈമേഴ്സ് രോഗത്തിൽ അത്തരം ഒരു സംഭാഷണം നടന്നതായി തന്നെ അവർ മറന്നുപോകും.
വിവരങ്ങൾ: ഡോ. സുശാന്ത് എം.ജെ
കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ്
എസ് യു ടി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം