പ്രായാധിക്യം മൂലം ഓർമകോശങ്ങൾ നശിക്കുന്പോൾ...
Wednesday, September 25, 2024 1:45 PM IST
നമ്മുടെ ജീവിതത്തിലുടനീളം വിലമതിക്കാൻ കഴിയാത്ത ഏറ്റവും നിർണായകകാര്യങ്ങളിലൊന്നാണ് ഓർമകൾ. നമ്മുടെ സ്വന്തം അസ്തിത്വത്തിന്റെയും ജീവിതാനുഭവങ്ങളുടെയും അടയാളപ്പെടുത്തലുകൾ ആണ് ഓർമകൾ.
ഓർമകളുടെ അടിസ്ഥാനത്തിലാണ് ജീവിതത്തിന്റെ ഓരോ ഘട്ടവും മുന്നോട്ടു പോകുന്നതും. അവ നമ്മുടെ വ്യക്തിത്വം കെട്ടിപ്പടുക്കുന്നു. മുൻകാല തെറ്റുകളിൽ നിന്ന് നമുക്ക് സ്വയം തിരുത്താം. ഓർമകൾ നശിച്ചു പോവുക എന്നതാണ് ജീവിതത്തിൽ അനുഭവിക്കേണ്ടി വരുന്ന ഏറ്റവും ഭയാനകമായ പ്രതിസന്ധി.
ഡിമെൻഷ്യ
ഓർമകൾ ക്രമേണ നശിച്ചു പോകുന്ന രോഗാവസ്ഥയെ ആണ് ഡിമെൻഷ്യ (dementia) അഥവാ സ്മൃതിനാശം എന്നു പറയുന്നത്. ലോകത്തിൽ ആകമാനം 50 ദശലക്ഷം പേർക്ക് ഡിമെൻഷ്യ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇന്ത്യയിൽ ഇത് നാലു ദശലക്ഷത്തിന് അടുത്ത് വരും.
രോഗികളെ മാത്രമല്ല...
ഓർമക്കുറവ് മാത്രമല്ല അതുകാരണം ഉണ്ടാകുന്ന ആശയക്കുഴപ്പവും രോഗിയുടെ ദൈനംദിന ജീവിത പ്രവർത്തനങ്ങളെ ബാധിക്കുന്നു. വികാരങ്ങളുടെ നിയന്ത്രണത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ രോഗികളെ മാത്രമല്ല, അവരുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ബാധിക്കുന്നു.
ഓർമകളെ മാത്രമല്ല, ഒരാളുടെ മാനസിക കഴിവുകളായ പഠനം, ചിന്ത, ന്യായ-അന്യായം വേർതിരിക്കാനുള്ള കഴിവ്, പ്രശ്നങ്ങൾ പരിഹരിക്കാനുള്ള കഴിവ്, കൃത്യമായ തീരുമാനമെടുക്കൽ, ഏകാഗ്രത എന്നിവയെയും പ്രതികൂലമായി ബാധിക്കുന്നു.
ഡിമെൻഷ്യയുടെ കാരണങ്ങൾ
തലച്ചോറിൽ നമ്മുടെ ഓർമകൾ സൂക്ഷിക്കുന്ന കോശങ്ങൾ പ്രധാനമായും സ്ഥിതി ചെയ്യുന്നത് ടെന്പൊറൽ ലോബ് (temporal lobe) എന്ന ഭാഗത്താണ്. പലവിധ കാരണങ്ങളാൽ ഈ കോശങ്ങൾ നശിച്ചു പോകുമ്പോഴാണ് ഡിമെൻ ഷ്യ ഉണ്ടാകുന്നത്.
പ്രായാധിക്യം മൂലം കോശങ്ങൾ നശിച്ചു പോകുന്നത്, തൈറോയ്ഡ് ഹോർമോണിന്റെ അഭാവം, തലച്ചോറിന് ഏൽക്കുന്ന ക്ഷതങ്ങൾ, സ്ട്രോക്ക്, വിറ്റാമിൻ ബി 12, തയമിൻ തുടങ്ങിയ വിറ്റാമിനുകളുടെ അഭാവം, തലച്ചോറിനെ ബാധിക്കുന്ന പലവിധ അണുബാധകൾ, തലച്ചോറിലെ മുഴകൾ ഒക്കെ ഡിമെൻഷ്യയുടെ കാരണങ്ങളാണ്.
ഇതിൽ ഏറ്റവും പ്രധാനം പ്രായാധിക്യം മൂലം ഓർമകോശങ്ങൾ നശിച്ചു പോകുന്ന ആൽസ് ഹൈമേഴ്സ് (alzheimer's) രോഗമാണ്.
വിവരങ്ങൾ: ഡോ. സുശാന്ത് എം.ജെ.
കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ് എസ് യു റ്റി ഹോസ്പിറ്റൽ,
പട്ടം, തിരുവനന്തപുരം