നല്ല വായ ഹൃദയാരോഗ്യത്തില്‍ നിര്‍ണായകം; അറിയേണ്ടതെല്ലാം...
Wednesday, September 11, 2024 2:53 PM IST
വായയുടെ, പ്രത്യേകിച്ച് മോണയുടെ ആരോഗ്യം ഹൃദയത്തിന്റെ ആരോഗ്യവുമായി ബന്ധമുണ്ടോ...? ആര്‍ക്കറിയാം എന്നായിരിക്കും സാധാരണക്കാരുടെ ഉത്തരം.
എന്നാല്‍, വായയുടെ ആരോഗ്യവും ഹൃദയത്തിന്റെ ആരോഗ്യവും തമ്മില്‍ ബന്ധമുണ്ടെന്നാണ് മെഡിക്കല്‍ വിഭാഗം അടിവരയിടുന്നത്. മോണ രോഗം എന്നറിയപ്പെടുന്ന പെരിഡോണ്ടറില് മോണയുടെ വീക്കം, അണുബാധ എന്നിവ ഉള്‍പ്പെടുന്നു.
ഇത് ഹൃദയത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നത്.
മോണയും ഹൃദയവും തമ്മിലുള്ള ബന്ധം
മോണരോഗം ഹൃദ്രോഗം വരാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. പെരിഡോണ്ടല്‍ രോഗവുമായി ബന്ധപ്പെട്ട വീക്കം ധമനികളുടെ ഇടുങ്ങിയ അവസ്ഥയ്ക്ക് കാരണമാകും.
ഇത് ഹൃദ്രോഗത്തിനുള്ള പ്രധാന അപകട ഘടകമായ എഥെറോസ്ക്ലിറോസിസ് എന്നറിയപ്പെടുന്നു. ഇതുകൊണ്ടുതന്നെ മികച്ച ദന്ത, മോണ, വായ ശുചിത്വം നിലനിര്‍ത്തുന്നത് നിര്‍ണായകമാണ്.
പെരിഡോണ്ടിറ്റിസിനോടുള്ള ശരീരത്തിന്റെ രോഗപ്രതിരോധ പ്രതികരണം ഹൃദയത്തിലേതുള്പ്പെടെയുള്ള രക്തക്കുഴലുകള്‍ക്ക് കേടുപാടുകള്‍ വരുത്തും. രോഗബാധിതമായ മോണകളില്‍ കാണപ്പെടുന്ന അതേ ബാക്ടീരിയകള്‍ക്ക് രക്തപ്രവാഹത്തില്‍ പ്രവേശിക്കാന്‍ കഴിയും.
ഇത് വീക്കം ഉണ്ടാക്കുകയും ഹൃദയ വാല്‍വുകള്‍ക്കും രക്തക്കുഴലുകള്‍ക്കും കേടുപാടുകള്‍ വരുത്തുകയും ചെയ്യും.
ഹൃദയാഘാത സാധ്യത
പെരിഡോണ്ടല്‍ രോഗം മൂലമുണ്ടാകുന്ന വിട്ടുമാറാത്ത വീക്കം ഹൃദയാഘാത സാധ്യത വര്‍ധിപ്പിക്കും. ഇതിനകം തന്നെ ഹൃദയ സംബന്ധമായ അസുഖങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് മോണരോഗം കൂടുതല്‍ പ്രശ്നമുണ്ടാക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നു.
പുകവലി, പ്രമേഹം, അനാരോഗ്യകരമായ ഭക്ഷണക്രമം തുടങ്ങിയ അപകടസാധ്യത ഘടകങ്ങള്‍ പെരിഡോണ്ടല്‍ രോഗത്തിനും ഹൃദ്രോഗത്തിനും കാരണമാകും. മോണരോഗത്തിന്റെ ലക്ഷണങ്ങള്‍ പലപ്പോഴും സൂക്ഷ്മമായതിനാല്‍ ശ്രദ്ധിക്കപ്പെടാതെ പോയേക്കാം.
ഇത് ഹൃദയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് മൂലകാരണമാകും.
ദന്ത പരിചരണം
വായയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് ഒപ്പം ഹൃദയത്തെ സംരക്ഷിക്കുന്നതിനും മോണരോഗം തടയുന്നത് നിര്‍ണായകമാണ്. വായ ശുചിത്വത്തിന്റെയും പതിവ് ദന്ത പരിശോധനയുടെയും ആവശ്യകതയാണ് ഇവിടെ തെളിയുന്നത്.
ശുചീകരണത്തിനും പരിശോധനയ്ക്കുമായി വര്‍ഷത്തില്‍ കുറഞ്ഞത് രണ്ടുതവണയെങ്കിലും ദന്തഡോക്ടറെ സന്ദര്‍ശിക്കുന്നത് നല്ലതാണ്. ദിവസത്തില്‍ രണ്ടുതവണ ബ്രഷ് ചെയ്യുക, മൗത്ത് വാഷ് ഉപയോഗിക്കുക എന്നിങ്ങനെ മോണ രോഗ സാധ്യത കുറയ്ക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കാം.
പുകവലി ഒഴിവാക്കുക, പ്രമേഹം ഫലപ്രദമായി നിയന്ത്രിക്കുക, ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കുക എന്നിവയും മോണ, വായ, പല്ല് എന്നിവയുടെ ആരോഗ്യത്തിനു നിര്‍ണായകമാണ്, ഒപ്പം ഹൃദയാരോഗ്യത്തിനും.