ബ്രഷിംഗിനൊപ്പം ഫ്ലോസിംഗും മറക്കരുത്
Wednesday, September 11, 2024 12:36 PM IST
പല്ല് ക്ലീൻ ചെയ്യണം എന്ന് ചിന്തിക്കുമ്പോൾ ആദ്യം മനസിൽ തെളിയുന്നത് ഒരു ദന്ത ചികിത്സകനെയാണ്. എന്നാൽ, പല്ല് ക്ലീനിംഗിന്റെ അവസാനഭാഗം മാത്രമായിരിക്കണം ദന്താശുപത്രിയിൽ ചെയ്യേണ്ടത്. ആദ്യഭാഗം ശുചീകരണം സ്വന്തമായി ദിനവും ചെയ്യേണ്ടതാണ്.
1. ഹോം ദന്തൽ ക്ലീനിംഗ്
2. പ്രൊഫഷണൽ ദന്തൽ ക്ലീനിംഗ്
ഹോം ദന്തൽ ക്ലീനിംഗ്
ഇത് ദിവസവും നാം ചെയ്യുന്ന ബ്രഷിംഗിൽ മാത്രം ഒതുങ്ങി നിൽക്കേണ്ടതല്ല. വിവിധതരത്തിലുള്ള ബ്രഷുകൾ ഇന്ന് നമുക്ക് ലഭ്യമാണ്.
സൂപ്പർമാർക്കറ്റിൽ നിന്നു ലഭിക്കുന്ന ബ്രഷുകൾ മാത്രമല്ല ദന്ത ചികിത്സകൻ നിർദേശിക്കുന്ന ബ്രഷുകൾ(ഉദാ: ഇന്റർ ഡെന്റർ ബ്രഷ്, ഇന്റർ പ്രോക്സിമൽ ബ്രഷ്, ഫ്ലോസ്...ഇത്തരത്തിലുള്ള ശുചീകരണ ഉപാധികൾ) ദന്ത ചികിത്സകർ നിർദേശിക്കുന്നുവെങ്കിൽ ആവശ്യാനുസരണം വാങ്ങി ഉപയോഗിക്കേണ്ടതാണ്.
ആദ്യമായി ഒരു സ്വയം അവലോകനം
ആവശ്യമാണ്. നമ്മൾ ശരിയായ രീതിയിലാണോ ടൂത്ത് ബ്രഷ് ഉപയോഗിക്കുന്നത് എന്നതാണ് അവലോകനം ചെയ്യേണ്ടത്. ഒരു ഡോക്ടറുടെ സഹായം ആവശ്യമെങ്കിൽ തേടാം.
1. ഏതുതരത്തിലാണ് പല്ലു തേക്കേണ്ടത് എന്ന് മാതാപിതാക്കൾ നമ്മെ പഠിപ്പിച്ചിട്ടുണ്ടോ?
2. പഠിപ്പിച്ചിട്ടുണ്ടെങ്കിൽ ആ രീതികൾ ശരിയാണോ എന്ന് ഉറപ്പു വരുത്തണം.
ഡെന്റൽ ഫ്ലോസ്
പല്ലു തേക്കുന്നതിനൊപ്പം തന്നെ പ്രാധാന്യം നൽകേണ്ട കാര്യമാണ് ഫ്ലോസിംഗ്. ഫ്ലോസ് ഒരു നൂലാണ്. ഇത് പല്ലുകൾക്കിടയിലുള്ള സ്ഥലത്ത് കടത്തി ക്ലീൻ ചെയ്യേണ്ടതാണ്. പലതരത്തിലുള്ള ഫ്ലോസുകൾ പല രീതിയിൽ ലഭ്യമാണ്.
ഇത് ഡെന്റൽ പ്ലാക്കിനെയും ഭക്ഷണ അവശിഷ്ടങ്ങളെയും പൂർണമായും നീക്കം ചെയ്യുന്നു. പ്രത്യേകിച്ച് നാരുകൾ, മാംസ അവശിഷ്ടങ്ങൾ... ഇവ എടുത്തു മാറ്റാൻ ഏറ്റവും ഫലപ്രദമായ മാർഗമാണ് ഫ്ലോസിംഗ്.
പല്ലുകളുടെ 30% ത്തോളം ഭാഗം അടുത്ത പല്ലുകളോടു ചേർന്നാണ് ഇരിക്കുന്നത്. ഈ ഭാഗത്തു
ബ്രഷുകൾ എത്തുന്നില്ല, ഫ്ലോസിംഗും ബ്രഷിംഗും കൂടെ ചേരുമ്പോൾ സമ്പൂർണ ഹോം ക്ലീനിംഗ് ആകുന്നു.
ഫ്ലോസ് പിക്
ഡെന്റൽ ഫ്ലോസിനോടൊപ്പം ടൂത്ത്പിക്ക് ഉള്ള ഡിസ്പോസിബിൾ ഫ്ലോസുകൾ ലഭ്യമാണ്. ഇത്തരത്തിലുള്ള ഫ്ലോസുകൾ ഒരു പ്രാവശ്യം ഉപയോഗത്തിനുശേഷം കളയേണ്ടതാണ്.
പല്ലിന്റെ ഇട കുത്തുന്ന രീതി ശരിയല്ല എങ്കിൽ പല്ലുകൾക്കിടയിലെ എല്ല് നഷ്ടപ്പെടുത്താനും അവിടെ സ്ഥിരമായി സ്പെയ്സ് ഉണ്ടാകാനും കാരണമാകും.
വിവരങ്ങൾ - ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
(അസിസ്റ്റന്റ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ
സയൻസസ്, തിരുവല്ല) 9447219903.