വെള്ളപ്പാണ്ടിനു പരിഹാരമുണ്ടോ?
Saturday, August 31, 2024 5:19 PM IST
ഞാൻ 33 വയസുള്ള ഒരു സർക്കാർ ഉദ്യോഗസ്ഥനാണ്. എന്റെ അസുഖം നിമിത്തം ഇതുവരെ വിവാഹം കഴിഞ്ഞിട്ടില്ല. കഴിഞ്ഞ നാലു വർഷമായി വെള്ളപ്പാണ്ടു മൂലം വല്ലാത്ത വിഷമവൃത്തത്തിൽപ്പെട്ടിരിക്കുകയാണു ഞാൻ. പല തരം ചികിത്സാരീതികൾ പരീക്ഷിച്ചുനോക്കി.
ഒന്നിലും ഫലം കണ്ടില്ല. കഴിഞ്ഞ 6 മാസമായി ടക്രോളിമുസ് എന്നൊരു മരുന്നാണ് പുരട്ടുന്നത്. എന്നാൽ അതിനു യാതൊരു വ്യത്യാസവും കാണുന്നില്ല. ഇതുമൂലം ഞാൻ ദുഃഖിതനാണ്. എന്റെ വിഷമത്തിന് പരിഹാരമുണ്ടോ ?
രവികുമാർ, കായംകുളം
വെള്ളപ്പാണ്ടു മൂലമുള്ള സഹോദരന്റെ വ്യസനത്തിൽ ഞാനും പങ്കു ചേരുന്നു. താങ്കൾ അയച്ച കത്തിൽ പ്രധാനപ്പെട്ട പല വിവരങ്ങളും ഉൾപ്പെടുത്തിയിട്ടില്ല. ശരീരത്തിൽ ഏതു ഭാഗത്താണ് രോഗം ബാധിച്ചിരിക്കുന്നത്, ശരീരം മുഴുവൻ ബാധിച്ചിട്ടുണ്ടോ, പ്രമേഹം, തൈറോയ്ഡ് രോഗങ്ങൾ എന്നിവ അനുഭവിക്കുന്നുണ്ടോ, പാരമ്പര്യമായി ആർക്കെങ്കിലും അസുഖമുണ്ടോ മുതലായ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കേണ്ടതുണ്ട്.
ചർമത്തിന് നിറം നൽകുന്ന മെലാനിൻ എന്ന രാസവസ്തു ഉത്പാദിപ്പിക്കുന്ന മെലാനോസൈറ്റ് കോശങ്ങളെ നമ്മുടെ ശരീരം തന്നെ നശിപ്പിക്കുന്ന ഒരു അസുഖമാണിത്. ഇതിനെ ഓട്ടോ ഇമ്മ്യൂൺ ഡിസീസ് എന്നാണു വിളിക്കുന്നത്.
രോഗം ബാധിച്ച ഭാഗത്തിന്റെ സമീപഭാഗങ്ങളിലെ കോശങ്ങളെ ഉത്തേജിപ്പിച്ചുകൊണ്ട് കൂടുതൽ മെലാനിൻ ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ചികിത്സയാണ് ഇവിടെ നൽകേണ്ടത്.
താങ്കൾ ഇപ്പോൾ ഉപയോഗിക്കുന്ന ടാക്രോലിമുസ് ഫലപ്രദമല്ലെങ്കിൽ താങ്കൾക്ക് ഗുണം ലഭിക്കാവുന്ന തരത്തിലുള്ള പുതുതലമുറ തന്മാത്രകൾ അടങ്ങിയ ലേപനങ്ങളും ഉള്ളിൽ കഴിക്കാവുന്ന മരുന്നുകളും ലഭ്യമാണ്.
ക്ഷമയോടെ ചികിത്സയ്ക്ക് വിധേയനാവുക എന്നാണ് എനിക്ക് ഈ വിഷയത്തിൽ നിർദേശിക്കാനുള്ളത്.
വിവരങ്ങൾ: ഡോ. ജയേഷ് പി
(MBBS(GMC കോഴിക്കോട്) MD(TDMC ആലപ്പുഴ), ത്വക്ക് രോഗ വിദഗ്ധന്,
പാനൂര്, കണ്ണൂര് ജില്ല
ഫോൺ: 0490 2316330